60 വയസ്സിനുമേൽ പ്രായമുള്ളവരിൽ അഞ്ച് ശതമാനത്തിനു മറവിരോഗം, കരുതാം വയോജനങ്ങളെ

Mail This Article
പാശ്ചാത്യ രാജ്യങ്ങളോട് കിടപിടിക്കുന്ന ആയുർ ദൈർഘ്യമുള്ള സംസ്ഥാനമായ കേരളത്തിൽ സ്വാഭാവികമായും വാർധക്യത്തിൽ കൂടുതലായി കണ്ടുവരുന്ന മസ്തിഷ്ക ജന്യ രോഗങ്ങളുടെ തോതും കൂടുതലാണ്. വയോജനങ്ങളിൽ സർവസാധാരണമായി കണ്ടുവരുന്ന മസ്തിഷ്ക ജീർണത രോഗാവസ്ഥയാണ് മറവിരോഗം അഥവാ ഡിമെൻഷ്യ (dementia). 60 വയസ്സിനുമേൽ പ്രായമുള്ള ആളുകളിൽ അഞ്ച് ശതമാനം പേർക്കു മറവിരോഗം ഉണ്ടാക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 85 വയസ്സിനു മേൽ പ്രായമുള്ളവരിൽ പകുതിയോളം പേർക്ക് മറവിരോഗം ഉണ്ടാകാമെന്നും വിവിധ ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു.
മസ്തിഷ്ക കോശങ്ങൾ ജീർണിച്ചു പോകുന്നതു മൂലം ഉണ്ടാകുന്ന മറവി രോഗങ്ങൾ ചികിത്സയിലൂടെ പൂർണമായി ഭേദപ്പെടുത്താൻ സാധ്യമല്ല. എന്നാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ ചികിത്സയും ശാസ്ത്രീയമായ പരിചരണവും വഴി മറവി രോഗികളുടെ ജീവിത ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കും. ഇക്കാര്യത്തിൽ ശാസ്ത്രീയവും ചിട്ടയായ രീതിയിൽ ഉള്ളതുമായ പരിചരണത്തിനു വളരെയധികം പ്രസക്തിയാണുള്ളത്. മറവി രോഗികൾ പ്രദർശിപ്പിക്കുന്ന പെരുമാറ്റ പ്രശ്നങ്ങളാണ് പലപ്പോഴും പരിചാരക ബുദ്ധിമുട്ടായി മാറാറുള്ളത്. മറവി രോഗികളുടെ ശാസ്ത്രീയമായ പരിചരണ രീതികളെക്കുറിച്ചുള്ള അവബോധം ഇല്ലായ്മയും പൊതുസമൂഹത്തിൽ പ്രശ്നം ആകുന്നുണ്ട്.

പാശ്ചാത്യ രാജ്യങ്ങളിൽ പലതിലും മറവി രോഗികളുടെ പരിചരണത്തിനും താമസത്തിനും എല്ലാ സൗകര്യങ്ങളോടും കൂടിയ പരിചരണ കേന്ദ്രങ്ങൾ നിലവിലുണ്ട്. അവയിൽ ശാസ്ത്രീയമായ പരിശീലനം ലഭിച്ച ജീവനക്കാർ സേവനമനുഷ്ഠിക്കുന്നുമുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ഇത്തരം പരിചരണ കേന്ദ്രങ്ങളുടെ ദൗർലഭ്യം പലപ്പോഴും പ്രശ്നമായി മാറാറുണ്ട്. ആധുനിക അണു കുടുംബ ജീവിതത്തിന്റെ തിരക്കിനിടയിൽ മറവി രോഗബാധിതരായ വയോജനങ്ങളെ പരിചരിക്കാനുള്ള സമയം ഇല്ലായ്മയും പല കുടുംബങ്ങളിലും പ്രശ്നമാകുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ് മറവി രോഗികളുടെ പരിചരണത്തിന് ആവശ്യമായ പരിശീലനവും പരിചാരകരുടെ കൂട്ടായ്മയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘അൽസ്ഹൈമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ’ ( ARDSI) എന്ന പ്രസ്ഥാനത്തിന്റെ സേവനം പ്രസക്തമാകുന്നത്. അൽസ്ഹൈമേഴ്സ് രോഗം അടക്കമുള്ള മറവി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളെ പരിചരിക്കുക എന്ന ലക്ഷ്യത്തോടെ ഇആർഡിഎസ്ഐ തിരുവനന്തപുരം ഘടകം ആരംഭിച്ച സ്ഥാപനമാണ് ‘സ്നേഹ സദനം’.
പകൽ സമയത്ത് മറവി രോഗബാധിതരെ പരിചരിക്കുന്ന കേന്ദ്രമായിട്ടായിരുന്നു സ്നേഹ സദനത്തിലെ ആരംഭം. എന്നാൽ ക്രമേണ മറവി രോഗികളെ മുഴുവൻ സമയം പരിചരിക്കുന്ന കേന്ദ്രമായി വളർന്നു. തിരുവനന്തപുരത്ത് തിരുവല്ലം ‘ലയൺസ് ഭവൻ’ എന്ന കെട്ടിടത്തിലാണ് ഇപ്പോൾ സ്നേഹ സദനം പ്രവർത്തിച്ചുവരുന്നത്. മറവി രോഗികളുടെ പരിചരണത്തിൽ വിദഗ്ധ പരിശീലനം സിദ്ധിച്ച ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു. അതോടൊപ്പം ഈ രോഗികളുടെ വൈദ്യ സഹായത്തിന് ആവശ്യമായ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്. എആർഡിഎസ്‌യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മസ്തിഷ്ക രോഗ വിദഗ്ധർ, മാനസികാരോഗ്യ വിദഗ്ധർ എന്നീ ഡോക്ടർമാരുടെയും സേവനം രോഗികൾക്ക് ലഭിക്കും.

രോഗികളുടെ ശാരീരിക അവസ്ഥയും മാനസിക ആരോഗ്യവും പരിഗണിച്ചുള്ള സമഗ്രമായ ചികിത്സാ പദ്ധതിയും പരിചരണവുമാണ് ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്. രോഗികളുടെ ഭക്ഷണം വ്യായാമം മറ്റ് ഉല്ലാസത്തിനുള്ള മാർഗങ്ങൾ എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിചരണ രീതിയാണ് നടപ്പിലാക്കി വരുന്നത്. പലപ്പോഴും നമ്മുടെ നാട്ടിൽ മറവി രോഗബാധിതരായ വയോജനങ്ങൾ അവഗണിക്കപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. മറവിരോഗത്തിന് ആദ്യഘട്ടത്തിൽ പഴയ കാര്യങ്ങൾ എല്ലാം ഓർമയുള്ളപ്പോൾ തന്നെ അടുത്ത സമയത്തു ചെയ്ത കാര്യങ്ങൾ മറന്നു പോകുന്നതാണ് പതിവ്. എന്നാൽ പലപ്പോഴും ഇതു മറവി രോഗ ലക്ഷണമാണെന്ന സത്യം ബന്ധുക്കൾ തിരിച്ചറിയാറില്ല. അതേപോലെ തന്നെ മറവിരോഗം മൂർച്ഛിക്കുന്നതിന് അനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള പെരുമാറ്റ പ്രശ്നങ്ങളും ഇവർ പ്രദർശിപ്പിക്കാറുണ്ട്. തീർത്തും നിർജീവമായ അവസ്ഥ മുതൽ അക്രമ സ്വഭാവവും അശ്ലീല ചേഷ്ടകൾ പ്രദർശിപ്പിക്കുന്ന സ്ഥിതിവിശേഷവും വരെ ഇവരിൽ ചിലർ കാണിച്ചേക്കാം. എന്നാൽ പലപ്പോഴും എങ്ങനെ വേണം ഇത്തരം പെരുമാറ്റങ്ങളെ കൈകാര്യം ചെയ്യേണ്ടത് എന്നതിനെപ്പറ്റി ബന്ധുക്കൾക്ക് യാതൊരു ധാരണയും ഉണ്ടാകാറില്ല. സ്വാഭാവികമായും ഇതു വീട്ടിൽ വലിയ തോതിലുള്ള വഴക്കുകൾക്ക് കാരണമാകാറുണ്ട്.
എന്നാൽ ശാസ്ത്രീയ പരിചരണം ലഭിക്കുന്ന സ്നേഹ സദനം പോലുള്ള കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാൽ മറവി രോഗികൾക്കും ബന്ധുക്കൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വലിയൊരളവു വരെ ഒഴിവാക്കാൻ സാധിക്കും. കൃത്യമായ പരിചരണവും പോഷകാഹാരവും ശാരീരിക അണുബാധകൾ തടയുന്നതിനു വേണ്ട സമീപനങ്ങളും സ്നേഹത്തോടെയുള്ള സമീപനവും നൽകി മറവി രോഗികളുടെ ജീവിതം സന്തോഷകരമാക്കാം.
English Summary: Nallaprayam - What is Dementia? Symptoms, Causes & Treatment