മെഡിസെപ്പില്‍ പരാതിയുണ്ടെങ്കില്‍ എന്തുചെയ്യണം? പരിഹാരമുണ്ട്!
Mail This Article
Q എന്റെ അമ്മ മെഡിസെപ് ഇന്‍ഷുറന്‍സ് ഉള്ളയാളാണ്. കഴിഞ്ഞ ജൂലൈയില്‍ പെട്ടെന്ന് കുഴഞ്ഞുവീണ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുകയും അവിടെവച്ച് തലയില്‍ ട്യൂമര്‍ കണ്ടെത്തുകയും ചെയ്തു. ട്യൂമര്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയും തുടര്‍ന്ന് കീമോ ചെയ്യുകയും ചെയ്തു. ആശുപത്രിയില്‍ കാഷ്‌ലെസ് സൗകര്യം ഇല്ലാത്തതിനാല്‍ ബില്ല് ക്ലെയിം ചെയ്തു. എന്നാല്‍ സ്‌ട്രോക്ക്, റോഡ് അപകടം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു മാത്രമേ റീ ഇംബേഴ്‌സ്‌മെന്റ് സാധിക്കൂ എന്നാണ് അവര്‍ അറിയിച്ചത്. മെഡിസെപ്പില്‍ ചേരുമ്പോള്‍ ഐഡി കാര്‍ഡ് അല്ലാതെ റീ ഇംബേഴ്‌സ്‌മെന്റ് സംബന്ധിച്ച മറ്റൊരു വിവരങ്ങളും കമ്പനി നല്‍കിയിരുന്നില്ല. ഇതു സംബന്ധിച്ച് ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കാന്‍ കഴിയുമോ? അതോ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാനെയാണോ സമീപിക്കേണ്ടത്?
A മെഡിസെപ് സംബന്ധിച്ച് പരാതികള്‍ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന് നല്‍കാന്‍ കഴിയില്ല. ഇതിനായി ത്രിതല പരാതിപരിഹാര സംവിധാനം നിലവിലുണ്ട്.
ഓരോ ജില്ലയിലും ജില്ലാതല പരാതി പരിഹാരസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കലക്ടറോ അദ്ദേഹം നിയോഗിക്കുന്ന പ്രതിനിധിയോ ആണ് കണ്‍വീനര്‍. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധി, കലക്ടറേറ്റിലെ ഫിനാന്‍സ് ഓഫിസര്‍ എന്നിവര്‍ അംഗങ്ങളാണ്. ഇവിടെ ലഭിക്കുന്ന പരാതികള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കണം.
സമിതിയുടെ തീരുമാനം വന്ന് 30 ദിവസത്തിനകം ഇന്‍ഷുറന്‍സ് കമ്പനി അത് നടപ്പാക്കിയിരിക്കണം. ഉത്തരവ് നടപ്പാക്കാതിരുന്നാല്‍ ആദ്യ മാസം 25,000 രൂപയും അതിനുശേഷമുള്ള ഓരോ മാസവും 50,000 രൂപ വീതവും തീരുമാനം നടപ്പാക്കുന്നതുവരെ പിഴയായി നല്‍കണം. നോട്ടിസ് ലഭിച്ച് 45 ദിവസത്തിനകം കമ്പനി പിഴയടയ്ക്കണം.
ജില്ലാതല സമിതിയുടെ തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ സംസ്ഥാനതല സമിതിക്ക് അപ്പീല്‍ നല്‍കാം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വകുപ്പിന്റെ അഡീഷനല്‍ സെക്രട്ടറി കണ്‍വീനറും ഹെല്‍ത്ത് അഡീഷനല്‍ ഡിഎച്ച്എസ്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍, ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധി എന്നിവര്‍ അംഗങ്ങളുമായ നാലംഗ സമിതിയാണിത്. ഇവിടെ ലഭിക്കുന്ന പരാതികളും 30 ദിവസത്തിനകം തീര്‍പ്പാക്കിയിരിക്കണം. തീരുമാനം മെഡിസെപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
തീരുമാനത്തില്‍ പരാതിക്കാരന്‍ തൃപ്തനല്ലെങ്കില്‍ അപ്പലേറ്റ് അതോറിറ്റി മുന്‍പാകെ അപ്പീല്‍ നല്‍കാം. സംസ്ഥാന സമിതിയുടെ തീര്‍പ്പ് വന്ന് 30 ദിവസത്തിനകം അപ്പീല്‍ നല്‍കണം. ധനകാര്യവകുപ്പിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് കണ്‍വീനര്‍. ഹെല്‍ത്ത് ഫാമിലി വെല്‍ഫെയര്‍ വകുപ്പിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ അതോറിറ്റിയില്‍ അംഗങ്ങളാണ്. പരാതിക്കാരുടെ റജിസ്റ്റേഡ് മൊബൈല്‍ നമ്പറില്‍ തീരുമാനം അറിയിക്കും.
അടിയന്തര പ്രാധാന്യമുള്ള പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സമിതികള്‍ക്ക് അധികാരമുണ്ട്. കേരളത്തിന് പുറത്തുള്ള ആശുപത്രികളുമായി ബന്ധപ്പെട്ട പരാതികള്‍ തിരുവനന്തപുരത്തുള്ള ജില്ലാ സമിതിയിലാണ് ആദ്യം പരിഗണിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: medisep.kerala.gov.in
ഫോണ്‍: 1800-425-0237
ഇതു കൂടാതെ, ഇന്‍ഷുറന്‍സ് കമ്പനിയുടെ സേവനത്തില്‍ അപര്യാപ്തയോ അധാര്‍മികമായ വ്യാപാര തന്ത്രമോ ഉണ്ടായാല്‍ പരാതിക്കാരന് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 100-ാം വകുപ്പുപ്രകാരം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെയും സമീപിക്കാം.
വിവരങ്ങള്‍ക്ക് കടപ്പാട്:ഡി.ബി.ബിനു,(പ്രസിഡന്റ്, ജില്ലാ ഉപഭോക്തൃ ,തര്‍ക്കപരിഹാര കമ്മിഷന്‍, എറണാകുളം)