നിരന്തരമായ വേദന, ചെറിയ വീഴ്‌ച പോലും എല്ല് ഒടിക്കാം; പ്രമേഹം എങ്ങനെ എല്ലുകളെ ബാധിക്കുന്നു?
Mail This Article
നാഡീവ്യൂഹത്തിനും ഹൃദയാരോഗ്യത്തിനും കാഴ്‌ചയ്‌ക്കുമൊക്കെ പ്രമേഹം സൃഷ്ടിക്കുന്ന വിനാശം പൊതുവേ എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ ഓസ്‌റ്റിയോപോറോസിസ് പോലുള്ള എല്ലുകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കും പ്രമേഹം കാരണമാകുന്നുണ്ട്.
ഇനി പറയുന്ന രീതികളിലാണ് പ്രമേഹം എല്ലുകളുടെ ആരോഗ്യത്തെ കവര്‍ന്നെടുക്കുന്നത്.
1. എല്ലുകളെ ദുര്‍ബലമാക്കാം
രക്തത്തിലെ പഞ്ചസാരയുടെ തോത് നിരന്തരം ഉയര്‍ന്ന് നില്‍ക്കുന്നത് എല്ലുകള്‍ക്കുള്ളില്‍ അഡ്വാന്‍സ്‌ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രോഡക്ടുകള്‍ വര്‍ധിക്കാന്‍ കാരണമാകും. ഇവ കൊളാജനുകളുടെ നിലവാരത്തെ ബാധിച്ച് എല്ലുകളെ ദുര്‍ബലമാക്കുകയും പെട്ടെന്ന് ഒടിവ് വരാന്‍ കാരണമാകുകയും ചെയ്യാം.
2. എല്ലുകളുടെ നിര്‍മ്മാണ പ്രക്രിയയെ ബാധിക്കും
പുതിയ എല്ലുകളുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്ന കോശങ്ങളാണ് ഓസ്‌റ്റിയോബ്ലാസ്റ്റുകള്‍. പ്രമേഹം മൂലമുള്ള ഉയര്‍ന്ന ഗ്ലൂക്കോസ് പരിതസ്ഥിതി ഓസ്‌റ്റിയോബ്ലാസ്‌റ്റുകള്‍ക്ക് മാറ്റം വരുത്തുകയും അവയുടെ വളര്‍ച്ച സാധ്യതകള്‍ മുരടിപ്പിക്കുകയും ചെയ്യുന്നു. ഇത് എല്ലുകളുടെ നിര്‍മ്മാണത്തില്‍ അസന്തുലനം സൃഷ്ടിക്കും.
എല്ലുകളുടെ വളര്‍ച്ചയ്‌ക്ക് സഹായകമായ അനബോളിക് ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. ടൈപ്പ് 1 പ്രമേഹ രോഗികളില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ നിര്‍മ്മാണം നടക്കാത്തത് ഇവരില്‍ സ്വാഭാവികമായും എല്ലുകളുടെ വികസനത്തെയും സാന്ദ്രതയെയും ബാധിക്കും. ടൈപ്പ് 2 രോഗികളിലെ ഇന്‍സുലിന്‍ പ്രതിരോധവും എല്ലുകളുടെ നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിക്കാം.
3. നീര്‍ക്കെട്ട്
പ്രമേഹ രോഗികളില്‍ നിരന്തരമായ നീര്‍ക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയും അധികമാണ്. ഈ നീര്‍ക്കെട്ട് ഓക്‌സിഡേറ്റീവ് സമ്മര്‍ദം വര്‍ധിപ്പിക്കുകയും എല്ലുകളുടെ നവീകരണ പ്രക്രിയയ്‌ക്ക് വിഘാതമാകുകയും ചെയ്യും.
4. ന്യൂറോപതിയും അനുബന്ധ പ്രശ്‌നങ്ങളും
പ്രമേഹ രോഗികളില്‍ 50 ശതമാനത്തിനും നാഡീവ്യൂഹത്തെ ബാധിക്കുന്ന ഡയബറ്റിക് ന്യൂറോപതി ഉണ്ടാകാറുണ്ട്. ഇത് കാലുകളിലേക്കും കൈകളിലേക്കുമൊക്കെയുള്ള സംവേദനത്വം കുറയ്‌ക്കുകയും വീഴ്‌ചകളുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. പ്രമേഹം മൂലം കണ്ണുകളുടെ കാഴ്‌ച മങ്ങുന്നതും വീഴ്‌ചയിലേക്ക് നയിക്കാം.
നിരന്തരമുള്ള സന്ധിവേദന, പ്രത്യേകിച്ചും ഇടുപ്പിനും മുട്ടിനും വരുന്നത് ഓസ്‌റ്റിയോപോറോസിസ് ലക്ഷണമാണ്. പ്രമേഹ രോഗികളില്‍ ഇത് വരാനുള്ള സാധ്യത അധികമാണ്. പ്രമേഹക്കാരില്‍ ചെറിയ വീഴ്‌ച പോലും എല്ലൊടിയാന്‍ കാരണമാകാം. എല്ലുകളിലേക്കുള്ള പോഷണങ്ങള്‍ ശരിയായി ലഭ്യമാകാത്തതിനാല്‍ പ്രമേഹ രോഗികളില്‍ എല്ലുകളുമായി ബന്ധപ്പെട്ട പരുക്ക് ഭേദമാകാനും കാലതാമസം വരാം.