അവരെ കാത്തിരിക്കുകയാണ് ഉയർത്തെഴുന്നേറ്റ വീട്; ഈസ്റ്റർ സ്പെഷൽ

Mail This Article

ലെസ്‌ലി പ്രവാസിയാണ്. കായംകുളം സ്വദേശി. ഏറെക്കാലത്തെ സ്വപ്നമായ വീടിന്റെ അടിത്തറ കെട്ടിക്കഴിഞ്ഞിരുന്നു. അതിനുശേഷം നിർമ്മാണത്തെക്കുറിച്ച് ഒരു തീരുമാനം എടുക്കാനാകാതെ ആശയക്കുഴപ്പത്തിലായി. മനോരമ ഹോംസ്‌റ്റൈൽ ചാനലിൽ ആ സമയത്ത് പ്രസിദ്ധീകരിച്ച ഒരു വീടിന്റെ വിശേഷങ്ങൾ കണ്ടതാണ് വഴിത്തിരിവായത്. അങ്ങനെ ഡിസൈനർ ഷിന്റോ പദ്ധതി ഏറ്റെടുത്തു. പഴയ പ്ലാൻ പൂർണമായും മാറ്റി ഷിന്റോ വീടിന്റെ ജാതകം മാറ്റിവരച്ചു.

നാട്ടിൽ മാതാപിതാക്കൾ മാത്രമേയുളളൂ. അതിനാൽ പരിപാലനം ഉറപ്പുവരുത്തുന്ന വീട് എന്നതായിരുന്നു ആശയം. ഉള്ള വിസ്തൃതിയിൽ പരമാവധി സ്ഥലഉപയുക്തത നൽകുക എന്നതായിരുന്നു വെല്ലുവിളി. വീതി കുറഞ്ഞ പ്ലോട്ടിൽ പരമാവധി സ്ഥലം ലഭിക്കുംവിധം ചതുരാകൃതിയിൽ പുറംകാഴ്ച ഒരുക്കി. പുറംകാഴ്ചയിൽ ഒരുനില എന്നുതോന്നുമെങ്കിലും രണ്ടുനില വീടാണ്. മാർബിൾ ഫിനിഷുള്ള ക്ലാഡിങ് കൊണ്ടാണ് സിറ്റൗട്ടിന്റെ ഭാഗത്തെ പുറംഭിത്തി അലങ്കരിച്ചിരിക്കുന്നത്. വശത്തായി കാർ പോർച്ച് നൽകി.

2200 ചതുരശ്രയടിയിൽ മൂന്ന് കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, കിച്ചൻ, ബാൽക്കണി എന്നിവ ഒരുക്കിയിരിക്കുന്നു. ഇടച്ചുമരുകൾ ഇല്ലാതെ തുറസ്സായി, മിനിമൽ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്.
പ്ലൈവുഡ്, വെനീർ എന്നിവ കൊണ്ട് സ്വീകരണമുറിയിലെ ഒരു ഭിത്തി മുഴുവൻ പാനലിങ് ചെയ്തിരിക്കുന്നു. വീടിനുള്ളിൽ പോസിറ്റീവ് അന്തരീക്ഷം നിറയ്ക്കുന്നതിൽ ഈ ഇടം വലിയ പങ്കുവഹിക്കുന്നുണ്ട്. ഫർണിച്ചറുകൾ അകത്തളവുമായി യോജിക്കുന്ന വിധം രൂപപ്പെടുത്തിയതാണ്. ഇളം നിറത്തിലുള്ള റോമൻ ബ്ലൈൻഡുകൾ അകത്തളങ്ങൾക്ക് മാറ്റുകൂട്ടുന്നു. വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്. ഇളംനിറങ്ങൾ കൂടുതൽ വിശാലത തോന്നിക്കുന്നതിനൊപ്പം ഹൃദ്യമായ അന്തരീക്ഷവും നിലനിർത്തുന്നു.

ഡൈനിങ്ങിന്റെ ഒരുവശത്തെ ഭിത്തി പാനലിങ് നൽകി വേർതിരിച്ചു ടിവി ഏരിയയാക്കി മാറ്റി.

മൾട്ടിവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് അടുക്കള. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്.

ലെസ്‌ലിയും കുടുംബവും നാട്ടിലെത്തുമ്പോൾ താമസിക്കാൻ മുകൾനിലയിൽ ഒരു കിടപ്പുമുറി ഒരുക്കി. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിടപ്പുമുറിയിലെ വാഡ്രോബുകൾ ഒരുക്കിയത്.

മുറ്റം നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു അലങ്കരിച്ചു. വീടിന്റെ തുടർച്ച അനുസ്മരിപ്പിക്കുംവിധം ചുറ്റുമതിൽ ഒരുക്കി. ജിഐ ഷീറ്റ് കൊണ്ടാണ് ഗെയ്റ്റും മതിൽ നൽകിയ ഡിസൈനുകളും. അടുത്ത വരവിനു ഉടമസ്ഥർ വരാൻ കാത്തിരിക്കുകയാണ് സ്വന്തം ജാതകം തിരുത്തിയെഴുതിയ ഈ വീട്.
Project Facts
Location- Kayamkulam
Area- 2200 SFT
Plot- 12 cent
Owner- Lesly
Designer- Shinto Varghese
Concept Design Studio, Ernakulam
Mob- 9895821633