വെള്ളപ്പൊക്കവും ഭൂമികുലുക്കവും ഏശില്ല; അതാണ് ഈ വീടുകളുടെ പ്രത്യേകത
Mail This Article
വെള്ളപൊക്കത്തിലും ഭൂമികുലുക്കത്തിലും വലിയ വീടുകള്‍ വരെ നിലംപൊത്തുമ്പോള്‍ രാജസ്ഥാനിലെ ബാർമർ ഗ്രാമവാസികൾക്ക് ഇതിനെ ഒന്നും ഭയമില്ല. ചെലവ് കുറഞ്ഞതും എന്നാല്‍ യാതൊരുവിധ പ്രകൃതിദുരന്തങ്ങളും ഏല്‍ക്കാത്ത വീടുകളാണ് ഇവിടെ തലയുയർത്തി നിൽക്കുന്നത്.
2006 ഓഗസ്റ്റ് മാസത്തിലെ പേമാരി ഈ ഗ്രാമത്തെ ആകെ വെള്ളത്തിലാക്കിയിരുന്നു. 104 ആളുകളാണ് ഈ വെള്ളപൊക്കത്തില്‍ മരിച്ചത്. 75,000 കാലികള്‍ക്കും ജീവന്‍ നഷ്ടമായി. 1,300 കോടിയുടെ നഷ്ടം കണക്കാക്കിയ ഈ ദുരന്തത്തിനു ശേഷം ആളുകളെ പുനരധിവസിപ്പിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഈ സമയത്താണ് ഡല്‍ഹി ആസ്ഥാനമായുള്ള Sustainable Environment and Ecological Development Society (SEEDS) എന്ന സംഘടന ബാര്‍മരിലെ ഗ്രാമവാസികള്‍ക്ക് സഹായവുമായി എത്തുന്നത്. പതിനഞ്ചോളം ഗ്രാമങ്ങളാണ് ബാര്‍മറില്‍ വെള്ളത്തിനടിയിലായത്. സീഡ് ഇവിടെ അവര്‍ക്കായി മുന്നോറോളം വീടുകള്‍ പണിതുനല്‍കി.
ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഏറ്റവും ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ചാണ് തങ്ങള്‍ വീടുകള്‍ നിര്‍മ്മിക്കുന്നതെന്ന് സീഡ് കോ ഫൌണ്ടര്‍ ഡോക്ടര്‍ അനുഷു ശര്‍മ്മ പറയുന്നു. നാലടി താഴ്ചയിലാണ് ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ അടിത്തറ തന്നെ. ബാര്‍മര്‍ ആശ്രയ യോജന പ്രകാരമായിരുന്നു ഇവിടെ വീടുകള്‍ നിര്‍മ്മിച്ചത്.
വിദ്യാഭ്യാസം കുറവുള്ള ഇവിടുത്തെ ഗ്രാമീണരെ പരിസ്ഥിതിസൗഹൃദ വീടുകളുടെ പ്രാധാന്യം പറഞ്ഞു ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അധികാരികള്‍ , ഗ്രാമത്തലവന്മാർ, അധ്യാപകര്‍ എന്നിവരുടെ സഹായം വേണ്ടിവന്നു. ഗ്രാമത്തിലെ തന്നെ യുവാക്കളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും പിന്നീട് ഇത്തരം വീടുകള്‍ നിര്‍മ്മിക്കാനും പ്ലാസ്റ്റര്‍ വര്‍ക്ക് ചെയ്യിക്കാനും പഠിപ്പിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു എന്ന് ഡോക്ടര്‍ അനുഷു പറയുന്നു.
സിലണ്ടര്‍ ഷേപ്പിലാണ് വീടുകള്‍ എല്ലാം തന്നെ നിര്‍മ്മിച്ചിരിക്കുന്നത്. മുള, ചോളത്തിന്റെ ഇല , ചിലയിനം പുല്ലുകള്‍ എന്നിവ കൊണ്ടാണ് മേല്‍ക്കൂരയുടെ നിര്‍മ്മാണം. 50 ഡിഗ്രി ചൂട് കൂടുന്ന സമയത്തും തണുപ്പ് കാലത്തും വീട്ടിനുള്ളില്‍ ഇതൊന്നും ബാധിക്കാത്ത വിധമാണ് നിര്‍മ്മാണം. 40,000 രൂപയാണ് ഒരുവീടിന്റെ നിര്‍മ്മാണചെലവ്. ഗ്രാമത്തില്‍ നിന്നുള്ള വസ്തുക്കള്‍ കൊണ്ട് തന്നെയാണ് എല്ലാം നിര്‍മ്മാണപ്രവര്‍ത്തനവും. പുറത്തുനിന്നു ഒന്നും കൊണ്ട് വരേണ്ടി വന്നില്ല.
ജലക്ഷാമം കുറയ്ക്കാന്‍ 32,000 ലിറ്റര്‍ സംഭരണശേഷിയുള്ള ഏഴു മഴവെള്ളസംഭരണികള്‍ കൂടി സീഡ് നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഒപ്പം വൈദ്യുതി ലഭിക്കാന്‍ സോളാര്‍ പ്ലാന്റുകളും ഗ്രാമത്തിലുണ്ട്. പതിമൂന്നു വർഷം കഴിഞ്ഞിട്ടും ബാര്‍മറിലെ ഈ വീടുകള്‍ക്ക് ഇന്നും യാതൊരു പ്രശ്നങ്ങളും സംഭവിച്ചിട്ടില്ല. ഏതു കാറ്റത്തും മഴയത്തും ഈ വീടുകള്‍ ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.