സോപ്പുകൊണ്ട് വീട്ടിൽ വേറെയുമുണ്ട് ഉപയോഗം
Mail This Article
ഷവര്‍ ജെല്ലും ബോഡി വാഷുമൊക്കെ രംഗത്തുണ്ടെങ്കിലും കുളിക്കണമെങ്കിൽ ഇപ്പോഴും സോപ്പാണ് മിക്കവരുടെയും ചോയ്‌സ്. സോപ്പുപയോഗിച്ച് ചിലപ്പോള്‍ നമ്മള്‍ തുണിയും കഴുകാറുണ്ട്. എന്നാല്‍ ഇതിനുപുറമെ സോപ്പുകൊണ്ട് മറ്റുചില ഉപയോഗങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
കണ്ണാടികള്‍ ക്ലീന്‍ ചെയ്യാന്‍ ബെസ്റ്റാണ് സോപ്പ്. സോപ്പെടുത്ത് ബാത്‌റൂമിന്റെ കണ്ണാടിയില്‍ മൃദുവായി തടവിയ ശേഷം പഞ്ഞിയോ തുണിയോ വച്ച് തുടച്ചാൽ കണ്ണാടി വൃത്തിയായി കിട്ടും
ക്ലോസറ്റിലെ ദുര്‍ഗന്ധം
ക്ലോസറ്റിലെ ദുര്‍ഗന്ധമകറ്റാന്‍ സോപ്പ് ഉപയോഗിക്കാവുന്നതാണ്. ക്ലോസറ്റില്‍ ഉപയോഗിച്ച് തീരാറായ ഒരു ബാര്‍സോപ്പ് ഇട്ടാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. അലമാരയിലെ തുണിക്കിടയിൽ സോപ്പ് പൊതിഞ്ഞ് വയ്ക്കുന്നത് വസ്ത്രങ്ങളിലും നല്ല സുഗന്ധമുണ്ടാക്കും. ടിഷ്യൂ പേപ്പറില്‍ സോപ്പ് പൊതിഞ്ഞ് വയ്ക്കുന്നതാണ് ഉത്തമം.
തറയിലെ പൊട്ടിയ ഗ്ലാസ്സ്
പൊട്ടിയ ഗ്ലാസ്സ് കഷണങ്ങള്‍ തറയില്‍ നിന്ന് പൂര്‍ണമായും നീക്കുന്നത് വലിയ പണിയാണ്. കുഞ്ഞുചില്ലുകൾ എത്ര തിരഞ്ഞാലും കണ്ണില്‍ പെടുകയുമില്ല കൃത്യമായി ചിലപ്പോള്‍ കാലില്‍ തറഞ്ഞുകയറുകയും ചെയ്യും. ഇതിന് സോപ്പ് ഉപയോഗിച്ച് പരിഹാരമുണ്ട്. തറയില്‍ സോപ്പ് കഷണം അമര്‍ത്തി നോക്കിയാല്‍ കണ്ണില്‍ പെടാത്ത ചെറിയ ചില്ലുകള്‍ ഈ സോപ്പില്‍ തറഞ്ഞ് കയറിക്കൊള്ളും.
വാതിലിന്റെ ശബ്ദം
വാതില്‍ തുറക്കുമ്പോഴുള്ള ശബ്ദം കുറയ്ക്കാന്‍ ഒരു കഷ്ണം സോപ്പുകൊണ്ട് സാധിക്കും. വാതിലിന്റെ വിജാഗിരിയില്‍ സോപ്പ് ഉപയോഗിച്ച് തടവിയാല്‍ ഈ ശബ്ദം കുറയ്ക്കാം.
ചെടികൾക്ക് സംരക്ഷണം
വീട്ടില്‍ വളര്‍ത്തുന്ന ചെടികളെ കീടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സോപ്പ് മികച്ച ഒരു പരിഹാരമാണ്. ചേരുവകളും ജൈവ എണ്ണകളും ഉപയോഗിച്ച് നിര്‍മിച്ച സോപ്പാണ് ഇതിനുവേണ്ടത്. സസ്യങ്ങളെ ദോഷമായി ബാധിക്കാതിരിക്കാനാണിത്. ലിക്വിഡ് സോപ്പോ ബാര്‍ സോപ്പ് വെള്ളത്തില്‍ ലയിപ്പിച്ചോ ഉപയോഗിക്കാം. വെള്ളത്തില്‍ 1 ടീസ്പൂണ്‍ ലിക്വിഡ് സോപ്പ്, ഒരു ടീസ്പൂണ്‍ സസ്യ എണ്ണ എന്നിവയാണ് മിശ്രിതം ഉണ്ടാക്കാന്‍ ആവശ്യം. എല്ലാ ചേര്‍ത്ത് സോപ്പ് വെള്ളം തയ്യാറാക്കി ചെടികളില്‍ തളിക്കുന്നത് കീടങ്ങളകറ്റും.