സാമ്പത്തികമായി പിന്നാക്കമാണോ? വീട് നിർമാണത്തിലെ ഈ ഇളവുകൾ പലർക്കുമറിയില്ല

Mail This Article
എല്ലാ കെട്ടിടനിർമാണ പെർമിറ്റ് അപേക്ഷകളും എൻജിനീയർ തയ്യാറാക്കണമെന്നുണ്ടോ ? അങ്ങനെയില്ല എന്നാണ് ഉത്തരം. പക്ഷേ ഇങ്ങനെയൊരു ആനുകൂല്യത്തെ പറ്റി ജനങ്ങൾ ബോധവാൻമാരല്ല എന്നതും ഈ മേഖലയിലെ രജിസ്ട്രേഡ് എൻജിനീയർമാരും സൂപ്പർവൈസർമാരും ഇതിനെപ്പറ്റി വീട് നിർമിക്കുന്നവരോട് പറയുന്നില്ല എന്നതും പല തദ്ദേശ സ്ഥാപനങ്ങളിലും ചെറുതല്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ കിഴക്കൻ മേഖലയിലെ ഒരു പഞ്ചായത്തിൽ ഇത് സംബന്ധിച്ച് സംസ്ഥാന വിജിലൻസ് മിന്നൽ പരിശോധന നടത്തിയതായും വാർത്ത വന്നിട്ടുണ്ട്.
ലൈഫ് , PMAY അടക്കമുള്ള സർക്കാർ ധനസഹായത്തോടെയുള്ള വീടുനിർമാണങ്ങൾക്കു വരെ എൻജിനീയർമാർ തയാറാക്കിയ പ്ലാനും അപേക്ഷയും വേണമെന്ന് നിർബന്ധം പിടിക്കുന്നു എന്നും അങ്ങനെ അപേക്ഷയും പ്ലാനും തയ്യാറാക്കാൻ ഗുണഭോക്താക്കൾക്ക് വലിയ തുക ചെലവാകുന്നു എന്നായിരുന്നു പരാതി.
എന്താണ് വസ്തുത എന്ന് പരിശോധിക്കാം. പഞ്ചായത്ത് ചട്ടങ്ങളിലും മുനിസിപ്പൽ ചട്ടങ്ങളിലും ( KPBR & KMBR ) അധ്യായം 8-ലാണ് ഇത്തരം നിർമാണം സംബന്ധിച്ച് പരാമർശമുള്ളത്. സർക്കാരിന്റെയോ ഫിഷറീസ് , പട്ടിക വിഭാഗ - ജാതി , സാമൂഹ്യ ക്ഷേമം, ഭവന നിർമാണം തുടങ്ങിയ വകുപ്പുകളോ പ്രസ്തുത വകുപ്പുമായി ബന്ധപ്പെട്ട കോർപ്പറേഷനുകളോ ഏജൻസികളോ മുഖാന്തിരമോ അവയുടെ ധനസഹായത്തോടെയോ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (EWS) ആളുകൾക്കായുള്ള ഭവന നിർമാണങ്ങളാണ് ഈ ഇളവുകൾക്ക് അർഹമായത്.

ഇത്തരം കെട്ടിടങ്ങളുടെ വിസ്തീർണം 66 ച.മീ (708 ചതുരശ്ര അടി) യിലും നിലകളുടെ എണ്ണം രണ്ടിൽ കൂടാനും പാടില്ല ( എന്നാൽ കോണിപ്പടി മുറി മാത്രമായി മുകളിൽ നിർമിക്കാം). ഹൈവേകൾ, ജില്ലാ റോഡുകൾ , 6 മീ കൂടുതൽ വീതിയുള്ളതും അല്ലാത്ത റോഡിൽ നിന്നും 1.5 മീ അകലം പാലിച്ചു നിർമിക്കാം (അല്ലെങ്കിൽ 3 മീ വേണം).
മുൻവശ മുറ്റം 1 മീ മതിയാകും , മറ്റ് മുറ്റങ്ങൾ 60 സെ.മീ മതിയാകുമെങ്കിലും വാതിൽ സ്ഥാപിക്കണമെങ്കിൽ ആ വശത്ത് 1 മീ നിർബന്ധമാണ്. സാധാരണ കെട്ടിടങ്ങൾക്ക് ചട്ട പ്രകാരം വേണ്ടതായ മറ്റ് പല വ്യവസ്ഥകളും ഇത്തരം കെട്ടിടങ്ങൾക്ക് ബാധകമല്ല.
വെള്ളക്കടലാസിൽ എഴുതിയോ ടൈപ്പ് ചെയ്തോ തയ്യാറാക്കിയ അപേക്ഷയും കെട്ടിടത്തിൻ്റെ സ്ഥാനം രേഖപ്പെടുത്തിയ ഒരു സൈറ്റ് പ്ലാനും ഉടമസ്ഥത തെളിയിക്കാനാവശ്യമായ രേഖകൾ സഹിതം സമർപ്പിക്കണം , അപേക്ഷയിൽ വിസ്തീർണവും നിലകളുടെ എണ്ണവും രേഖപ്പെടുത്താൻ മറക്കരുത്. അപേക്ഷാ ഫീസ് ആവശ്യമില്ല. പഞ്ചായത്ത് , മുനിസിപ്പാലിറ്റി , കോർപ്പറേഷൻ ഭേദമില്ലാതെ തന്നെ ഇത്തരം അപേക്ഷകളിൽ പെർമിറ്റ് അപേക്ഷകന് ലഭ്യമാകും.
കാറ്റഗറി 2 പഞ്ചായത്തുകളിൽ മാത്രം 100 ച.മി ( 1074 ചതുരശ്ര അടി ) വിസ്തീർണമുള്ള വീടുകൾക്ക് പെർമിറ്റ് പോലും ആവശ്യമില്ല, എന്നാൽ ബാങ്കിലോ മറ്റ് ഓഫിസുകളിലോ പെർമിറ്റ് സമർപ്പിക്കേണ്ടതുണ്ടെങ്കിൽ മുകളിൽ പറഞ്ഞ വിഭാഗങ്ങൾ ഈ പറഞ്ഞ രീതിയിലും അല്ലാത്ത അപേക്ഷകർക്ക് സാധാരണ രീതിയിലും പെർമിറ്റിന് അപേക്ഷ നൽകാം.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം : കെട്ടിട നിർമാണചട്ടത്തിലെങ്ങും കെട്ടിട നിർമാണ പെർമിറ്റിന് പകരമായി തദ്ദേശസ്ഥാപനങ്ങൾക്ക് നിരാക്ഷേപപത്രം (NOC) അനുവദിക്കാൻ വ്യവസ്ഥയില്ല. സർക്കാർ പൊതുജനങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഇളവുകൾ നൽകാതിരിക്കാനോ മറച്ചു വയ്ക്കാനോ ആർക്കും അധികാരമില്ല.
**
ലേഖകൻ തദ്ദേശ സ്വയം ഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗത്തിൽ ഓവർസിയറാണ്.
jubeeshmv@gmail.com