ADVERTISEMENT

അഭിനയമോഹം കൊണ്ട് സിനിമയെ തേടിപ്പിടിച്ചെത്തുകയായിരുന്നു സുനിൽ സുഖദ. കുറഞ്ഞ കാലം കൊണ്ടുതന്നെ വില്ലനായും സഹനടനായും നിരവധി സിനിമകളിൽ ഈ നടൻ വേഷമിട്ടു. ചെയ്യുന്ന വേഷങ്ങൾ എല്ലാം വേറിട്ടതാക്കുന്നതിൽ മിടുക്കനാണ് ഇദ്ദേഹം. ഇപ്പോഴും ക്രോണിക് ബാച്ചിലറായ സുനിൽ തന്റെ വീട് ഓർമകളും വിശേഷങ്ങളും പങ്കുവയ്ക്കുന്നു.

ഓർമവീട്..

തൃശൂർ ജില്ലയിലെ പുന്നയൂർക്കുളമാണ് സ്വദേശം. എഴുത്തുകാരി മാധവിക്കുട്ടിയുടെ തറവാടിനടുത്തായിരുന്നു ഞങ്ങളുടെ വീട്. പഴയകാല ശൈലിയിലുള്ള ഓടിട്ട ഒരുനില വീടായിരുന്നു. അച്ഛൻ സുധാകര പണിക്കർ അധ്യാപകനായിരുന്നു. അമ്മ സരസ്വതി വീട്ടമ്മയും. ഞങ്ങൾ അഞ്ചു മക്കളും. കൂട്ടുകുടുംബമായിരുന്നു അച്ഛന്റേത്. എപ്പോഴും വീട്ടിൽ ആളുകൾ ഉണ്ടാകും.

എനിക്ക് പത്തു വയസുള്ളപ്പോൾ ചേട്ടന്റെ കോളജ് പഠനസൗകര്യാർഥം ഞങ്ങൾ തൃശൂർ പൂത്തോളിലേക്ക് മാറി. പഴയ വീടു വാങ്ങി പുതുക്കിയെടുത്തു. പിന്നീട് സഹോദരങ്ങൾ ഓരോരുത്തരായി മാറി താമസിച്ചു. കഴിഞ്ഞ 30 വർഷമായി ഞാൻ ഇവിടെയാണ് താമസിക്കുന്നത്. ഘട്ടം ഘട്ടമായി സൗകര്യങ്ങൾ കൂട്ടിച്ചേർത്തു. പത്തു വർഷം മുൻപാണ് അവസാനമായി പുതുക്കിയത്. ഇപ്പോൾ ആറു കിടപ്പുമുറികളുള്ള ഇരുനില വീടാണ്. ഞാൻ അവിവാഹിതനാണ്. വീട്ടിൽ ഇപ്പോൾ ഞാനും അമ്മയുമാണ് താമസം. 

ആഗ്രഹിച്ചു നടനായി... 

അഭിനയമോഹം പണ്ടേയുണ്ടായിരുന്നു. കോളജ് പഠനകാലത്ത് ചെറിയ നാടകങ്ങളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. അതിനുശേഷം കുറെ വർഷങ്ങൾ പ്രവാസിയായി. മടങ്ങിയെത്തിയ ശേഷം സിനിമാമോഹം പൊടി തട്ടിയെടുക്കാൻ നിരവധി ഓഡിഷനുകൾക്ക് പോയി. അവസരം കിട്ടാതെ നിരാശനായി മടങ്ങി. ഒടുവിൽ ബെസ്റ്റ് ആക്ടർ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യാൻ അവസരം ലഭിച്ചു. ചാപ്പ കുരിശിലെ വേഷം വഴിത്തിരിവായി. 

സിനിമാവീടുകൾ ..

kurians-home-exterior
കുര്യൻസ് വീട്

സ്വന്തമെന്നു പറയാൻ ഒരു വീടാണുള്ളത്. എങ്കിലും നിരവധി വീടുകളിൽ വിവിധ വേഷങ്ങളിൽ താമസിച്ചഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ ഏറ്റവും ഓർത്തിരിക്കുന്നത് വൈക്കത്തുള്ള 'അച്ചായൻ' വീടാണ്. നിരവധി സിനിമകൾ ഇപ്പോൾ അവിടെ ചിത്രീകരിച്ചിട്ടുണ്ട്. ആ വീട് കൂടുതൽ പ്രശസ്തമായത് മോഹൻലാൽ ചിത്രം റൺ ബേബി റണ്ണിലെ 'ആറ്റുമണൽ പായയിൽ' എന്ന ഗാനത്തിലൂടെയാണ്. വീടിന്റെ മേൽക്കൂരയിൽ നിരവധി ഗ്ലാസ് പാനലുകളുണ്ട്. അതുകൊണ്ട് ഉള്ളിൽ എപ്പോഴും നല്ല ലൈറ്റുണ്ടാകും. ലൈറ്റപ്പ് ചെയ്യാൻ എളുപ്പമാണ്. സിനിമാക്കാർ ആ വീട് തിരഞ്ഞെടുക്കുന്നതിൽ അങ്ങനെയും ഒരു ഘടകമുണ്ട്.

അടുത്തത് വാഴക്കാലയുള്ള കുര്യൻസ് വീടാണ്. ഒരേ വീട്ടിൽതന്നെ പരമ്പരാഗത തറവാടും യൂറോപ്യൻ ബംഗ്ലാവും ക്രമീകരിച്ചിരിക്കുന്നു. ആ വീട്ടുകാർക്ക് അകത്തള ചമയങ്ങളുടെ ശേഖരമുണ്ട്. അതുകൊണ്ട് സിനിമാക്കാർക്ക് സെറ്റിടാൻ എളുപ്പമാണ്. വാഴക്കാലയുള്ള പാറമട വീട്ടിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. ആ വീട് പ്രശസ്തമായത് ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ്. മറ്റൊന്നാണ് മങ്കര വീട്. മീശമാധവനിൽ ജഗതിച്ചേട്ടന്റെ വീടായി കാണിച്ച വീട്. നാലുകെട്ടും നടുമുറ്റവുമൊക്കെയുണ്ട്. ഉത്സാഹക്കമ്മിറ്റി, ബഷീറിന്റെ പ്രേമലേഖനം എന്നീ സിനിമകളിൽ ഞാൻ ആ വീട്ടിൽ അഭിനയിച്ചിട്ടുണ്ട്. 

sunil-sukhada-home

സുഖദയിൽ സസുഖം.. 

സുഖദ എന്നാണ് വീടിന്റെ പേര്. വളരെ സൗകര്യപ്രദമായ ലൊക്കേഷനിലാണ് വീടിരിക്കുന്നത്. ഷൂട്ടിങ് മിക്കതും കൊച്ചിയിലായിരിക്കും. അവിടേക്ക് എത്താൻ എളുപ്പം. ഇനി കോഴിക്കോടാണെങ്കിൽ അങ്ങോട്ടും എളുപ്പം. അതുകൊണ്ട് ഇവിടം വിട്ടു മറ്റൊരിടത്തേക്ക് മാറുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ട് കൂടിയില്ല. പണ്ട് വീടു വച്ച സമയത്ത് നട്ട തൈകൾ ഇപ്പോൾ മരമായി വീടിന്റെ മേൽക്കൂരയിലേക്ക് പടർന്നിരിക്കുന്നു. മുകൾനിലയിൽ ട്രസ് ഇട്ട് റൂഫിങ് ഷീറ്റ് വിരിച്ചിട്ടുണ്ട്.

ഒറ്റാന്തടി ആയതുകൊണ്ട് വീടു നോക്കിനടത്തുന്നതിലും അടുക്കിപെറുക്കി വയ്ക്കുന്നതിലും ഞാനൊരു മടിയനാണ്. എങ്കിലും 30 വർഷമായി താമസിക്കുന്നത് കൊണ്ട് വീടിനോട് ഒരാത്മബന്ധവുമുണ്ട്. അതുകൊണ്ടാണ് വീടിനെ പേരിനൊപ്പം ചേർത്തത്. എത്ര ദൂരെ പോയാലും വീടു തിരിച്ചു വിളിക്കുന്നത് എനിക്ക് തിരിച്ചറിയാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com