ധോണിക്കൊപ്പം റെയ്നയും...ഇനി താരത്തിന്റെ വിശ്രമജീവിതം ഇവിടെ..

Mail This Article
മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു തൊട്ടുപിന്നാലെ മറ്റൊരു വിരമിക്കൽ പ്രഖ്യാപനവും വന്നു. സുരേഷ് റെയ്നയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
‘മഹേന്ദ്രസിങ് ധോണി, നിങ്ങളോടൊപ്പം കളിക്കാൻ സാധിച്ചത് സമ്മോഹനമായ അനുഭവമായിരുന്നു. അഭിമാനം തുടിക്കുന്ന മനസ്സോടെ ഈ യാത്രയിൽ ഞാനും നിങ്ങൾക്കൊപ്പം ചേരുന്നു. ഇന്ത്യയ്ക്ക് നന്ദി. ജയ് ഹിന്ദ്’ – റെയ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു..
ക്രിക്കറ്റ് ലോകത്തെ ഫാമിലിമാൻമാരിൽ പ്രമുഖനാണ് കക്ഷി. മത്സരം കഴിഞ്ഞാൽ എത്രയും പെട്ടെന്ന് വീട്ടിലേക്കുള്ള വിമാനം പിടിക്കാൻ ഓടുന്ന താരങ്ങളിൽ ഒരാളാണ് റെയ്‌ന എന്നതുതന്നെ കാരണം. ഗാസിയാബാദിലുള്ള വീട്ടിൽ രണ്ടുപേർ കാത്തിരിപ്പുണ്ട്. ഭാര്യ പ്രിയങ്കയും മകൾ ഗ്രാസിയയും. വീട്ടിൽ സ്വസ്ഥമായി ചെലവഴിക്കുന്ന, കുട്ടിയുമായി കളിക്കുന്ന നിമിഷങ്ങളൊക്കെ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.
ധാരാളം പ്രകാശം വിരുന്നെത്തുന്ന അകത്തളങ്ങൾ. എക്പോസ്ഡ് ബ്രിക് വോളും ഭിത്തി മുഴുവൻ നിറയുന്ന ടിവിയുമാണ് ലിവിങ് അടയാളപ്പെടുത്തുന്നത്. കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ഗ്രാനൈറ്റാണ് നിലത്ത് വിരിച്ചിരിക്കുന്നത്.
മകൾ ഗ്രാസിയയ്ക്ക് വേണ്ടി നിരവധി മാറ്റങ്ങളാണ് വീടിനുള്ളിൽ റെയ്നയും ഭാര്യയും വരുത്തിയത്. മുറി പിങ്ക് തീമിലേക്ക് മാറ്റി. ഭിത്തികളിൽ കാർട്ടൂണുകളും വോൾ പേപ്പറുകൾക്കും ഒട്ടിച്ചു...കളർഫുൾ കാർപ്പറ്റുകളും ഫർണിച്ചറുകളും വാങ്ങി. സ്വീകരണമുറിയിലെ ഒരു ഭിത്തി ഫോട്ടോ വോൾ ആക്കി മാറ്റി. ഇവിടെ ഗ്രാസിയ ജനിച്ച മുതലുള്ള സുന്ദരനിമിഷങ്ങൾ ചില്ലിട്ടു സൂക്ഷിച്ചിരിക്കുന്നു. അടുത്തിടെ ഇവർക്ക് ഒരു മകനും ജനിച്ചു.
സാക്ഷാൽ സച്ചിൻ തെണ്ടുൽക്കർ അടക്കം നിരവധി പ്രമുഖരും റെയ്‌നയുടെ ആതിഥേയത്വം സ്വീകരിച്ച് ഇവിടെ എത്തിയിട്ടുണ്ട്. ആ ഓർമകളും ഭിത്തികളിൽ കാണാം. എന്തുകൊണ്ടും സൂപ്പർ ഹോം തന്നെ.

English Summary- Suresh Raina House