പിണ്ണാക്കിൽനിന്നുള്ള വെളിച്ചെണ്ണയും വിപണിയിൽ സജീവം; പച്ചത്തേങ്ങ കിട്ടാനില്ല: ഇന്നത്തെ (31/1/25) അന്തിമ വില

Mail This Article
തമിഴ്‌നാട്ടിൽ പച്ചത്തേങ്ങയുടെ ലഭ്യത ഇനിയും ഉയർന്നില്ല. മില്ലുകാർ കൊപ്രക്ഷാമം മുൻനിർത്തി കരുതലോടെയാണ് നീക്കങ്ങൾ നടത്തുന്നത്. ഒരു വിഭാഗം എക്‌സ്‌ട്രാക്ഷൻ യൂണിറ്റുകൾ വിദേശ പിണ്ണാക്ക് എത്തിച്ച് വെളിച്ചെണ്ണ ഉൽപാദനത്തിനു മത്സരിക്കുന്നു. വിപണിയുടെ അനന്ത സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അമിത ലാഭത്തിൽ എണ്ണ വിറ്റഴിക്കുകയാണവർ. ഒരിക്കൽ കൊപ്ര സംസ്‌കരിച്ച് എണ്ണയെടുത്തു ബാക്കിയായ പിണ്ണാക്കിൽനിന്നു വീണ്ടും എണ്ണ ഉൽപാദിപ്പിക്കാമെങ്കിലും ആ വെളിച്ചെണ്ണ ഭക്ഷ്യയോഗമല്ല. എന്നാൽ ഇത്തരം എണ്ണയും വിൽപ്പനയ്‌ക്ക് ഇറങ്ങുന്ന വിവരം അങ്ങാടിയിൽ പരസ്യമാണ്. വെളിച്ചെണ്ണ ചൂടു പിടിച്ച് നിൽക്കുന്നതിനാൽ അൽപം താഴ്‌ന്ന വിലയ്‌ക്ക് ലഭിക്കുന്ന ഇത്തരം എണ്ണ ശേഖരിക്കാൻ വ്യാപാരികൾ പലപ്പോഴും മത്സരിച്ചു. കാങ്കയത്ത് വെളിച്ചെണ്ണ വില 21,300 രൂപയെങ്കിലും ഇതിലും വളരെ താഴ്‌ന്ന വിലയ്‌ക്ക് വിദേശ പിണ്ണാക്കിൽനിന്നുള്ള എണ്ണയുടെ കൈമാറ്റം. കേരളത്തിൽ വെളിച്ചെണ്ണ 22,500 രൂപയാണ്. ഗുണനിലവാരം കുറഞ്ഞ എണ്ണയുടെ വരവിന് തടയിടാൻ ഭക്ഷ്യവകുപ്പ് മുന്നോട്ടു വരാത്ത അത്രയും കാലം നാടൻ വെളിച്ചെണ്ണ ഉൽപാദകർക്കു പിടിച്ചു നിൽക്കാനാവില്ല.
ഉൽപാദക മേഖലയിൽ ഇന്നു രണ്ട് ലേലങ്ങളിലായി 51,048 കിലോഗ്രാം ഏലക്ക വിൽപ്പനയ്‌ക്ക് ഇറങ്ങി. രാത്രി അതിശൈത്യമെങ്കിലും പകൽ ഉയർന്ന അന്തരീക്ഷ താപനിലയുമായി പൊരുത്തപ്പെടാൻ ഏലച്ചെടികൾ ക്ലേശിക്കുന്നു. ഈ നില തുടർന്നാൽ ഫെബ്രുവരി മധ്യത്തിനു മുന്നേ രംഗത്തുനിന്നും വിട്ടുനിൽക്കാൻ ഉൽപാദകർ നിർബന്ധിതരാവും. ഇതരസംസ്ഥാന ഇടപാടുകാരും കയറ്റുമതി സമൂഹവും ഏലക്കയിൽ കാണിക്കുന്ന താൽപര്യം കണക്കിലെടുത്താൽ അടുത്ത മാസവും മികവു നിലനിർത്തുമെന്നാണ് കർഷകരുടെ വിലയിരുത്തൽ.

കാർഷിക മേഖല റബർ നീക്കം നിയന്ത്രിച്ചതുകണ്ട് ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ വിപണിയിൽ താൽപര്യം കാണിച്ചു. അഞ്ചാം ഗ്രേഡ് റബർ അവർ കിലോ 189 രൂപയ്‌ക്കും ഒട്ടുപാൽ 135 രൂപയ്‌ക്കും ശേഖരിച്ചു. വൻകിട വ്യവസായികൾ നാലാം ഗ്രേഡ് ഷീറ്റ് 193 രൂപയ്‌ക്കു വാങ്ങി. അതേസമയം ലാറ്റക്‌സ് കിലോ 130 രൂപയിൽ സ്റ്റെഡിയാണ്. താപനില ഉയർന്നതോടെ റബർ ടാപ്പിങ് രംഗം മന്ദഗതിയിലാണ്.