പച്ചത്തേങ്ങ ക്ഷാമം തുടരും; ഇന്ത്യൻ മാർക്കറ്റിൽ റബറിന് ഉണർവ്: ഇന്നത്തെ (7/2/25) അന്തിമ വില

Mail This Article
തേക്കടിയിൽ നടന്ന ഏലക്ക ലേലത്തിൽ ആഭ്യന്തര വ്യാപാരികളും കയറ്റുമതി സമൂഹവും മത്സരിച്ച് ചരക്ക് സംഭരിച്ചു. കാലാവസ്ഥ മാറ്റം കണക്കിലെടുത്താൽ പുതിയ ചരക്ക് ലഭ്യത ചുരുങ്ങുമെന്ന് വ്യക്തമായ വാങ്ങലുകാർ പരമാവധി ചരക്ക് ശേഖരിക്കുന്നുണ്ടെങ്കിലും ഉൽപന്ന വിലയെ അമിതമായി ഉയർത്തി സ്റ്റോക് വർധിപ്പിക്കാൻ അവർ തയാറായില്ല. വരും മാസങ്ങളിൽ ആകർഷകമായ വില ഏലത്തിന് ഉറപ്പ് വരുത്താനാവുമെന്ന നിലപാടിലാണ് ഉത്തരേന്ത്യയിലെ വൻകിട സുഗന്ധവ്യഞ്‌ജന സ്റ്റോക്കിസ്റ്റുകൾ. രാവിലെ നടന്ന ലേലത്തിൽ മൊത്തം 46,485 കിലോ ഏലക്ക വിൽപ്പനയ്‌ക്ക് വന്നതിൽ 45,277 കിലോയും ലേലം കൊണ്ടു. മികച്ചയിനങ്ങൾ കിലോഗ്രാമിന് 3254 രൂപയിലും ശരാശരി ഇനങ്ങൾ കിലോ 2984 രൂപയിലും കൈമാറി.
ടയർ മേഖല റബർ ശേഖരിക്കാൻ ഉത്സാഹിച്ചത് വ്യാപാര രംഗത്ത് ഉണർവ് ഉളവാക്കി. പല ഭാഗങ്ങളിലും റബർ ടാപ്പിങ് മന്ദഗതിയിൽ നീങ്ങുന്നത് ഉൽപന്നം നേട്ടമാക്കുമെന്ന പ്രതീക്ഷയിലാണ് ഉൽപാദകർ. വ്യവസായിക ഡിമാൻഡിൽ നാലാം ഗ്രേഡ് ഷീറ്റ് വില കിലോ 191 രൂപയായി ഉയർന്ന് വിപണനം നടന്നു. ഉത്തരേന്ത്യൻ ചെറുകിട വ്യവസായികൾ അഞ്ചാം ഗ്രേഡ് 188 രൂപയ്‌ക്ക് ശേഖരിച്ചു. ഇതിനിടെ വിദേശ വിപണികളെ ബാധിച്ച തളർച്ച തുടരുകയാണ്. പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളിൽ റബറിന് നേരിട്ട മാന്ദ്യം മൂലം കയറ്റുമതി രാജ്യമായ തായ്‌ലൻഡിൽ ഷീറ്റ് വില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ചൈനീസ് ഓട്ടോമൊബൈൽ മേഖല സജീവമായാൽ മാത്രമേ ബാങ്കോക്കിലും മുന്നേറ്റത്തിന് സാധ്യത തെളിയൂ.

നാളികേരോൽപന്നങ്ങളുടെ ലഭ്യത ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളിൽ ഇനിയും ഉയർന്നില്ല. ഒട്ടുമിക്ക ഭാഗങ്ങളിലും വിളവെടുപ്പ് പുരോഗമിച്ചെങ്കിലും കൊപ്രയാട്ട് വ്യവസായികളുടെ ആവശ്യാനുസരണം ചരക്ക് ശേഖരിക്കാൻ അവർ ക്ലേശിക്കുകയാണ്. തമിഴ്‌നാട്ടിൽ നാളികേര സീസണിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നതിനാൽ ദക്ഷിണേന്ത്യൻ വിപണികളിൽ പച്ചത്തേങ്ങയ്‌ക്ക് നേരിടുന്ന ക്ഷാമം തുടരാം. കൊച്ചിയിൽ കൊപ്ര 15,100 ലും കാങ്കയത്ത് 14,900 രൂപയിലും വിപണനം നടന്നു.