പഠിച്ചുപോയ പാഠങ്ങൾ ഓർക്കാൻ നിർബന്ധിക്കുന്നത് ഒരു മീനാണ്
Mail This Article
പഠിച്ചുപോയ പാഠങ്ങൾ, അത് പഠിപ്പിച്ച മാഷുമാർ, ഒക്കെ ഓർക്കാൻ എന്നെ നിർബന്ധിക്കുന്നത് ഒരു മീനാണ്. മേലഡൂർ ഗവൺമെന്റ് എൽപി സ്കൂളിൽ മൂന്നാം ക്ലാസിൽ ഒരു പഠിപ്പിക്കപ്പെട്ട പാഠമുണ്ട്. ഇപ്പോൾ അന്നമനട ട്രഷറിയിൽനിന്നും പെൻഷൻ വാങ്ങിവരുന്ന വിശ്വംഭരൻ മാഷ് ആർക്കും അനുകരിക്കാൻ അത്ര എളുപ്പമല്ലാത്ത ശബ്ദത്തിൽ ഒരു പ്രത്യക താളക്രമത്തോടെ പഠിപ്പിച്ച ഒരു പാഠം. കർഷകനായ വേലപ്പൻ തൊട്ടടുത്ത കൃഷിക്കാരനായ സുഹൃത്തിനെ കൃഷിയിൽ തോൽപ്പിച്ച കഥ. വേലപ്പൻ മിടുക്കനായിരുന്നു, അയാൾ കന്നിന് പകരം ട്രാക്ടർ കൊണ്ട് നിലം ഉഴുതു, നാടൻ വിത്തുകൾക്ക് പകരം പുതിയ വിത്തുകൾ ഉപയോഗിച്ചു. നല്ല വളപ്രയോഗവും നടത്തി, കീടനാശിനികൾ ഉപയോഗിച്ച് കീടങ്ങളെ നിയന്ത്രിച്ചു. ഇതൊന്നും ചെയ്യാത്ത വേലപ്പന്റെ സുഹൃത്തിനേക്കാൾ കൂടുതൽ വിളവ് കിട്ടി വിജയിച്ചതാണ് കഥ.
ഞാനിത് പഠിക്കുന്ന കാലത്ത് ഞങ്ങളുടെ പാടത്ത് ഉഴുതിരുന്നത് മൂരികളും പോത്തുകളും വിത്തിനങ്ങൾ ചിറ്റേനിയും കൈമയും, അതിയനും ഒക്കെയായിരുന്നു. അന്ന് മുണ്ടകൻ പാടത്ത് അപ്പൻ ഉഴുന്ന കരിപ്പാടിന്റെ പിറകെ ഞാൻ നടക്കും, ബ്രാലും പരലും പോലുള്ള മീനിനെ പെറുക്കാൻ. അന്നത്തെ പ്രധാന ഇനങ്ങൾ മുതുക്കി, ആരൽ, കല്ലട, മാഗ്‌ളാഞ്ചി കോലാൻ എന്നിവരായിരുന്നു, ഇവരോടൊപ്പം പെറുക്കി മടുത്തിട്ടു ഉപേക്ഷിക്കുന്ന രണ്ടു മീനുകളാണ് ഒന്ന് പള്ളത്തിയും രണ്ടാമത്തേത് വയമ്പും.
മുണ്ടകൻ കൃഷി ഇറക്കുന്നതിനു മുമ്പേ തന്നെ തിരുവാതിര ഞാറ്റുവേലയ്ക്കു വന്ന് തിരുവോണവും ഉണ്ട വെള്ളം പതിയെ വരമ്പ് മുറിക്കും (വെള്ളം ഇറങ്ങി വരമ്പുകൾ തെളിഞ്ഞു കാണുന്നതിനെ വരമ്പ് മുറിഞ്ഞു എന്ന് പറയുന്നത് കാർഷിക ഭാഷയാണ്). വരമ്പ് മുറിഞ്ഞാൽ വെള്ളം പതിയെ വേനക്ക് അപ്പൻ തുറന്നുവച്ച മുറിയിലൂടെ കണ്ടത്തിൽനിന്ന് തോട്ടിലേക്ക് തിരികെ ഒഴുകും. ഈ കണ്ടത്തിൽ ഇപ്പോൾ നിറച്ച് മീനായിരിക്കും. “നിറച്ച്” എന്ന ആ വാക്ക് നിങ്ങൾ വായനക്കാർ സകല ശക്തിയോടെ തന്നെ ഉൾക്കൊള്ളണം. രാത്രി ഈ മുറി തുറന്നു കൂടുവയ്ക്കും. രാവിലെ ആ കൂടു എടുക്കുമ്പോൾ പള്ളത്തിയും ആരലും, വൈമ്പരലും, മുതുക്കിയും, കല്ലടയും കാരിയും വെള്ളം ചോർന്ന കൂട്ടിൽ കിടന്നു പിടയ്ക്കും. കൂട്ടിൽ അധികം കിട്ടുന്ന പള്ളത്തിയെ അമ്മ നന്നാക്കി നന്നായി ഉണക്കും. പിന്നെ അടുപ്പിന്റെ മുകളിൽ കുടംപുളി പുകയേൽപ്പിക്കുന്ന തട്ടിൽ വിരിച്ചിടും. ദിവസങ്ങൾക്കു ശേഷം നന്നായി ഉണങ്ങിയ പള്ളത്തികളെ ഭരണിയിലിട്ടു സൂക്ഷിച്ചുവയ്ക്കും. ചോറിന് നല്ല കറിയില്ലാതെ വന്നാൽ അക്രമാസക്തനാകുന്ന അപ്പനിൽനിന്ന് വെണ്ണിപ്പാടത്തെ പള്ളത്തികൾ പാവം എന്റെ അമ്മയെ രക്ഷിച്ചു. ഞങ്ങൾക്ക് തരാതെ അടുത്ത മീൻകാലം വരെ അമ്മ പ്രാണരക്ഷാർഥം സൂക്ഷിക്കുകയും ചെയ്തു പോന്നു. മുണ്ടകൻ പാടം കഴിഞ്ഞാൽ പിന്നെ വെള്ളമിറങ്ങുന്ന ചിറയം ചാലിൽ കൃഷ്ണൻകുട്ടി ആശാരിയുടെ കണ്ടതിന്റെ വാതുക്കലോ, അല്ലെങ്കിൽ സമീപത്തുള്ള കണ്ടത്തിലോ കൂടുവയ്ക്കും. അവിടെയും പിടിക്കപെടുന്നവരിൽ ഭൂരിഭാഗവും പള്ളത്തി തന്നെ.
പള്ളത്തിക്കു ശാസ്ത്രനാമം നൽകപ്പെട്ടത് 1795ൽ മാർക്യുസ് എലിസിർ ബ്ലോച്ച് എന്ന ജർമ്മൻ ശാസ്ത്രജ്ഞാനാലാണ്. ഈ ശാസ്ത്രനാമം സ്വീകരിക്കുന്നതിന് മുമ്പേ തന്നെ പള്ളത്തി എന്ന് തൃശൂർ ഭാഗത്തും ചൂട്ടാച്ചി എന്ന് കണ്ണൂർ ഭാഗത്തും അറിയപ്പെട്ടിരുന്നു. ഒരു പേജിൽ പരിമിതപെട്ടുപോയ ഇതിന്റെ പ്രഥമ വിവരണത്തിൽ Chaetodon maculatus എന്ന ശാസ്ത്രനാമമാണ് നൽകപ്പെട്ടത്. Chaetodon എന്ന ശാസ്ത്രനാമമാവട്ടെ പള്ളത്തിയുടെ നാരുപോലത്തെ പല്ലിനെയും maculatus എന്ന വംശനാമം അതിന്റെ മനോഹരമായ നിറത്തെയും കുറിച്ച് പറയാൻ പര്യാപ്തമാണ്.
പള്ളത്തി ആദരിക്കപ്പെടുന്നത് നമ്മുടെ സംസ്ഥാന മത്സ്യമായ കരിമീൻ ഉൾപ്പെടുന്ന സിക്ലിഡെ എന്ന തറവാട്ടിൽ വരുന്നു എന്നുള്ളതുകൊണ്ടുകൂടിയാണ്. ഒരു നീണ്ട ഒരു കാലയളവ് വരെ ETROPLUS എന്ന ജനുസിൽ നിർത്തിയാണ് ശാസ്ത്രജ്ഞർ അവരുടെ വ്യവഹാരങ്ങൾ മുഴുവനും നടത്തിയതും പ്രബന്ധങ്ങൾ രചിച്ചതും. ഈയടുത്ത കാലത്ത് പള്ളത്തിയടക്കമുള്ളവർക്കുവേണ്ടി സിക്ലിഫോംസ് എന്ന പ്രത്യക കുലത്തിനു (Order) രൂപം നൽകി സിക്ലിഡെ കുടുംബത്തെ (Family) ഇതിന് കീഴിൽ കൊണ്ടുവരികയും ഇവരുടെ ജനിതകനാമം Pseudetroplus എന്നാക്കി മാറ്റുകയും ചെയ്‌തു.
നമ്മുടെ നെൽപ്പാടങ്ങളിലെ തോടുകൾ, കോൾനിലങ്ങൾ പുഴകൾ അങ്ങിനെ ഒരു സർവ വ്യാപിയായിരുന്നു പള്ളത്തി. അൽപ്പം ഉപ്പുകലർന്ന വെള്ളമായാലും പള്ളത്തിക്കൊരു പരാതിയുമില്ല. അങ്ങിനെ വേമ്പനാട് കായലും അവർക്കു സ്വന്തം വീടുപോലെ തന്നെ. കേരളത്തിലെ പടിഞ്ഞാറോട്ട് ഒഴുകുന്ന മിക്ക നദികളുടെ താഴ്ന്ന ഭാഗങ്ങളിൽ ഞാൻ ഇവരെ 1997 വരെ സുലഭമായി കണ്ടിട്ടുണ്ട്. വറുത്താൽ രുചി ഏറെയുള്ള പള്ളത്തി അക്വേറിയം ടാങ്കിൽ നിൽക്കുന്ന കാഴ്ച കണ്ണിന് ഒരു കുളിർമ തന്നെ നൽകും.
ഇവർ പുഴയുടെയോ തോടിന്റെയോ അരികു ചേർന്ന് ചെളി ഊതിമാറ്റി ചെറിയ കുഴിപോലെ വകഞ്ഞുവച്ച് അതിലാണ് മുട്ടയിടുന്നത്. അച്ഛനും അമ്മയും കൂടി മക്കളെ നോക്കി വളർത്തും.
ഡിസംബർ മാസത്തിൽ വെട്ടിടാൻ ഒരു ജീവനുള്ള ഇരയായി പള്ളത്തിയെയാണ് ഉപയോഗിക്കുക. വെട്ടിന്റെ കൊളുത്തിൽ ഇവ ജീവനോടെ അധികനേരം നിൽക്കുകയും ഒപ്പം അനങ്ങുകയും ചെയ്യുന്നതിനാൽ ബ്രാൽ, മലിഞ്ഞീൻ പോലുള്ളവ പെട്ടന്നു വന്നു തിന്നാൻ നോക്കുകയും വെട്ടിൽ പെടുകയും ചെയ്യും. വെട്ടിന്റെ ഇരയ്ക്കായി ഇവയെ ചെറുകൊളുത്തുള്ള ചൂണ്ടയിൽ വൈകുന്നേരത്തിനു മുമ്പേ ചൂണ്ടിപിടിച്ച് ചെറിയ കുടത്തിൽ സൂക്ഷിക്കും.
ഡിസംബറിന്റെ സായാഹ്നങ്ങളിൽ പരിപ്പത്തോട്, നാന്തോണി തോട്, വാരിജൻ ചെട്ടന്റെ കുളക്കര, തുടങ്ങിയ ഇടങ്ങളിൽ, പാറായി തോമസ്, ആമ ബെന്നി, ബേബി, ബിജു, ഓമനക്കുട്ടൻ, ജോബി, ഉണ്ടപ്പൻ ഷാജു പിന്നെ ഞാനും നിരന്നുനിന്ന് ചൂണ്ടയിടുന്നത് നാട്ടുകാഴ്ചകളിൽ പതിവായിരുന്നു. അതിയായ ദുഃഖത്തോടെ പറയട്ടെ, എന്റെ മക്കൾക്ക് ആ ഭാഗ്യം ഇല്ല. എന്റെ ബാല്യം അവർക്ക് സമ്മാനിക്കാവുന്നില്ല എന്നതാണിപ്പോൾ എന്റെ ദുഃഖം. വെണ്ണിപ്പാടത്തെ വെള്ളത്തിൽനിന്നു പള്ളത്തി പടിയിറങ്ങിയിട്ടു നാളുകളൊത്തിരിയായി.
മൂന്നാം ക്ലാസിലെ വിളവ് വർധിപ്പിച്ച വേലപ്പന്റെ പാഠം പരീക്ഷിക്കപെട്ട പാടങ്ങളിൽനിന്നു പടിയിറങ്ങിയ അസംഖ്യം ജീവികളുണ്ട്. ഈ പാഠത്തിന്റെ പാഠഭേദങ്ങൾ നമ്മളിനിയും പഠിപ്പിച്ചുതുടങ്ങിയിട്ടില്ല എന്നതാണ് ഖേദകരമായ മറ്റൊരു സത്യം.