എല്ലിനു ബലമേകുന്ന ഭക്ഷണം: ഓസ്റ്റിയോപൊറോസിസ് അതിജീവിക്കാൻ നല്ല ഭക്ഷണശൈലി
Mail This Article
എല്ലുകളുടെ ബലക്ഷയം. അതാണ് ഓസ്റ്റിയോപൊറോസിസ്. 50 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. വീഴ്ചയോ ഒടിവോ ഉണ്ടാകുമ്പോഴാണ് ഓസ്റ്റിയോ പൊറോസിസ് ഉണ്ടെന്നു തിരിച്ചറിയുന്നതുതന്നെ. പ്രായം, ഹോർമോൺ വ്യതിയാനങ്ങൾ, വൈറ്റമിന്‍ ഡിയുടെ കുറവ്, വൈകാരിക സമ്മര്‍ദം, അധ്വാനമില്ലായ്മ, മറ്റു പോഷകങ്ങളുടെ കുറവ്, ചില മരുന്നുകളുടെ ഉപയോഗം. ഇവയെല്ലാം ഓസ്റ്റിയോപൊറോസിസിനു കാരണമാകാം.
കാത്സ്യവും വൈറ്റമിൻ ഡിയും നിറഞ്ഞ ഭക്ഷണം കഴിക്കുന്നതാണ് ഓസ്റ്റിയോപൊറോസിസ് അകറ്റി നിർത്താൻ ഏറ്റവും നല്ല മാർഗം. പാൽ, തൈര്, ചീസ്, പനീർ, പച്ചിലക്കറികൾ എന്നിവ കഴിക്കുന്നത് എല്ലുകൾക്കു ബലം കൂട്ടും. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ചാൽ ശരീരത്തിൽ ക്ഷാരരസം കൂടും. ക്ഷാരസ്വഭാവമുള്ള ഭക്ഷണം കാത്സ്യം വലിച്ചെടുക്കാൻ എല്ലുകളെ സഹായിക്കും. അതേസമയം അമ്ല സ്വഭാവമുള്ള ഇറച്ചിയും മധുരവും മറ്റും എല്ലുകളിൽനിന്നു കാത്സ്യം വലിച്ചെടുക്കും. സൂര്യപ്രകാശത്തിലും പാൽ, മുട്ടമഞ്ഞ, കടൽമീനുകൾ, കരൾ എന്നിവയിലും ധാരാളം വൈറ്റമിൻ ഡി ഉണ്ട്.
ഇവ ഒഴിവാക്കാം
ഉപ്പ്: അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് എല്ലിൽനിന്നു കാത്സ്യം നഷ്ടപ്പെടാൻ ഇടയാക്കും. കടയിൽനിന്നു വാങ്ങുന്ന സംസ്കരിച്ച ഭക്ഷ്യവസ്തുക്കളില്‍ ഉപ്പ് അമിതമായി ഉണ്ടാകും. അച്ചാർ, പപ്പടം, സംരക്ഷകം തുടങ്ങി നാം സ്ഥിരം ഉപയോഗിക്കുന്ന പലതിലും അമിതമായി ഉപ്പുള്ളതിനാൽ ശ്രദ്ധയോടെയും മിതമായും വേണം ഇവ ഉപയോഗിക്കാൻ.
കാര്‍ബണേറ്റഡ് പാനീയങ്ങള്‍: ഇത്തരം പാനീയങ്ങളിലുള്ള ഫോസ്ഫോറിക് ആസിഡ് ശരീരത്തിലെ കാത്സ്യം മൂത്രത്തിലൂടെ പുറന്തള്ളും.
കഫേയ്ൻ : കാപ്പിയിലുള്ള കഫേയ്ൻ എല്ലുകളിൽനിന്ന് കാത്സ്യം വലിച്ചെടുക്കും. അതുകൊണ്ടുതന്നെ ദിവസം 2 കപ്പിൽ അധികം കാപ്പി കുടിക്കരുത്. മദ്യം, ഇറച്ചി, പഞ്ചസാര എന്നിവയും കാത്സ്യം കുറയ്ക്കുന്ന വിഭവങ്ങളാണ്.
ആഴ്ചയിൽ 3 തവണ 20 മിനിറ്റ് വെയിൽകൊള്ളുന്നതും ദിവസേന നടക്കുന്നതും എല്ലുകൾക്കു ബലമുണ്ടാകാൻ സഹായിക്കും.
പാലക് പനീർ കോഫ്ത
- കാൽ കിലോ ചീര ചൂടുവെള്ളത്തിലിട്ട് ഊറ്റിയെടുത്തു പൊടിയായി അരിഞ്ഞുവയ്ക്കുക. ഇതിൽ 100 ഗ്രാം പനീർ ഗ്രേറ്റ് ചെയ്തത്, 3 വലിയ സ്പൂൺ ഗോതമ്പുപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്തു കുഴച്ച് 12 ഉരുളകളാക്കണം. ഈ ഉരുളകൾ ആവിയിൽ വേവിച്ചോ എണ്ണയിൽ വറുത്തോ വയ്ക്കുക.
- 200 ഗ്രാം തക്കാളി, ഒരു സവാള, രണ്ട് അല്ലി വെളുത്തുള്ളി, ഒരു കഷണം ഇഞ്ചി, 100 ഗ്രാം മത്തങ്ങ എ ന്നിവ കഷണങ്ങളാക്കിയതും 2 ഗ്രാമ്പൂ, ഒരിഞ്ച് കഷണം കറുവാപ്പട്ട എന്നിവയും അര കപ്പ് വെള്ളം ചേർ ത്തു പ്രഷർകുക്കറിൽ വേവിക്കണം. ചൂടാറിയ ശേഷം മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക.
- ഒരു പാനിൽ എണ്ണ ചൂടാക്കി ഒരു ചെറിയ സ്പൂൺ ജീരകം മൂപ്പിച്ച്, ഒരു ചെറിയ സ്പൂൺ വീതം കസൂരിമേത്തിയും മുളകുപൊടിയും ചേർത്തു ചെറുതീയിൽ മൂപ്പിക്കുക. ഇതിലേക്ക് തക്കാളി മിശ്രിതം ചേർത്തു 2 മിനിറ്റ് വഴറ്റണം.
- വേവിച്ച കോഫ്തയും ചേർത്തിളക്കി ചൂടാകുമ്പോൾ മൂന്നു വലിയ സ്പൂണ്‍ ക്രീം ചേർത്തിളക്കി മല്ലിയി ലകൊണ്ട് അലങ്കരിച്ചു വിളമ്പാം.
English summary: Foods to Avoid When You Have Osteoporosis