പ്രവാസം തന്ന പണവും 35 പശുക്കളും; മാസം 2.4 ലക്ഷത്തിന്റെ ലാഭം; ഇതാ റിനിയുടെ സഫ ഫാം
Mail This Article
25 വർഷം മണലാരണ്യത്തിൽ അധ്വാനിച്ചുണ്ടാക്കിയ തുക മുഴുവൻ നിക്ഷേപിച്ചാണ് കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻപുരയ്ക്കൽ വി.എം.ഇബ്രാഹിം റാവുത്തർ ഡെയറി ഫാം ആരംഭിച്ചത്. 2018ൽ അഞ്ചു പശുക്കളിൽ തുടങ്ങിയ ഫാം ഇന്ന് 35 പശുക്കളും ദിവസം 400 ലീറ്റർ പാലുമുള്ള സഫ ഫാം ഫ്രഷ് മിൽക്ക് എന്ന ക്ഷീരസംരംഭമായി വളർന്നിരിക്കുന്നു. പാൽ വിൽപനയിലൂടെ ദിവസം 18,000 രൂപയോളം നേടുന്നതിൽനിന്ന് 8,000 രൂപയോളം ലാഭയിനമായി മാറ്റപ്പെടുന്നു. ഇപ്പോൾ ഫാം പൂർണമായും ഏറ്റെടുത്തു നടത്തുന്നത് ഇബ്രാഹിമിന്റെ മകൾ റിനി നിഷാദാണ്. അഞ്ചു പശുക്കളിൽനിന്ന് 35ലേക്ക് എത്തിച്ചതും പാൽവിൽപനയുമെല്ലാം റിനിയുടെ പരിശ്രമത്തിന്റെ ഫലമാണ്. അതുകൊണ്ടുതന്നെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ മികച്ച കർഷകയ്ക്കുള്ള പുരസ്കാരം റിനിയെ തേടിയെത്തിയത്. കൂടാതെ കോട്ടയം ജില്ലയിലെ മികച്ച യുവകർഷകയ്ക്കുള്ള പുരസ്കാരവും റിനിക്ക് ലഭിച്ചു. ബെംഗളൂരുവിൽനിന്ന് കൊണ്ടുവന്ന പശുക്കളാണ് റിനിയുടെ സഫ ഫാമിലുള്ളത്. മികച്ച പാലുൽപാദനമുള്ള എച്ച്എഫ് പശുക്കളാണ് ഏറിയ പങ്കും. 25 മുതൽ 30 ലീറ്റർ വരെ പാൽ തരുന്നവയാണിവ. കൂടാതെ ശരാശരി 15 ലീറ്റർ പാൽ തരുന്ന ജേഴ്സിപ്പശുക്കളുമുണ്ട്. അതുകൊണ്ടുതന്നെ പാലിന്റെ കൊഴുപ്പ് ക്രമീകരിക്കാൻ കഴിയുന്നുണ്ട്. നിലവിൽ 5 പശുക്കൾ വറ്റുകാലത്താണ്. 30ൽ താഴെ പശുക്കളിൽനിന്നാണ് 400 ലീറ്റർ പാൽ ഉൽപാദിപ്പിക്കപ്പെടുന്നത്.