മഴയത്തും വെയിലത്തും നശിക്കില്ല, ഏഴു വർഷം ഉപയോഗിക്കാം; കുറഞ്ഞ വിലയിൽ ഗ്രോബാഗ്
Mail This Article
വീട്ടുമുറ്റത്ത് ഗ്രോബാഗിൽ പച്ചക്കറി കൃഷി ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് പലപ്പോഴും വെല്ലുവിളിയാകുന്നത് ഹ്രസ്വകാലം മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക് ഗ്രോബാഗുകളാണ്. വെയിലും മഴയും കൊണ്ട് ഏതാനും നാളുകൾക്കുള്ളിൽ പൊടിഞ്ഞു നശിക്കുന്ന പ്ലാസ്റ്റിക് ഗ്രോബാഗുകൾ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന വെല്ലുവിളിയും ചെറുതല്ല. വീട്ടുമുറ്റത്തെ പച്ചക്കറിക്കൃഷിക്കെതിരേ പരിസ്ഥിതിപ്രേമികൾ ചൂണ്ടിക്കാണിക്കുന്ന പ്രധാന കുറ്റവും ഇതുതന്നെ. പ്ലാസ്റ്റിക് മാലിന്യം കൃഷിക്കാരന് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വലുതാണ്. എന്നാൽ, ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി ഏഴു വർഷംവരെ ഒരു കുഴപ്പവുംകൂടാതെ ഉപയോഗിക്കാൻ സാധിക്കുന്ന ഗ്രോബാഗ് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ചാലക്കുടി സ്വദേശിയായ ബിനോജ് ഫിലിപ്. മഴയത്തും വെയിലത്തും നശിക്കാത്ത വിധത്തിൽ യുവി ട്രീറ്റഡ് എച്ച്ഡിപിഇ (High-density polyethylene) ഷീറ്റ് ഉപയോഗിച്ചുള്ള ഗ്രോബാഗാണ് ബിനോജിന്റെ ഫിലിപ് ആൻഡ് ഫിലിപ് ടാർപോളിൻ ഫാക്ടറി പുറത്തിറക്കുന്നത്.
ഒന്നര വർഷത്തെ അന്വേഷണം
ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മത്സ്യക്കുളങ്ങളും ജലസംഭരണികളും നിർമിച്ചു നൽകുന്ന ബിനോജ് ഗ്രോബാഗിന്റെ സാധ്യത തിരിച്ചറിഞ്ഞാണ് ഈ മേഖലയിലേക്കുകൂടി തിരിഞ്ഞത്. കോയമ്പത്തൂരിൽ ഇത്തരത്തിൽ ഗ്രോബാഗുകൾ നിർമിക്കുന്ന കമ്പനികളുണ്ടെങ്കിലും കേരളത്തിൽ ഇത്തരത്തിലൊരു സംരംഭം ആദ്യമാണ്. അതുകൊണ്ടുതന്നെ വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ഗ്രോബാഗ് നിർമാണത്തെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മാത്രമല്ല, കട്ടിയുള്ള പ്ലാസ്റ്റിക് തുന്നിച്ചേർക്കാൻ കഴിയുന്ന തരത്തിലുള്ള തയ്യൽ മെഷീനും ലഭ്യമായിരുന്നില്ല. പല മെഷീനിലും തയ്ച്ചു നോക്കിയാണ് ഉചിതമായത് തിരഞ്ഞെടുത്തത്. ചുരുക്കത്തിൽ ഒന്നര വർഷത്തെ പരീക്ഷണനിരീക്ഷണങ്ങൾക്കൊടുവിലാണ് കേരളത്തിലെ ഗ്രോബാഗ് സംരംഭം താൻ തുടങ്ങിയതെന്ന് ബിനോജ്.
കീറില്ല, നശിക്കില്ല, മരം വരെ വളർത്താം
6x6 ഇഞ്ച് മുതൽ 24x24 ഇഞ്ച് വരെ വലുപ്പമുള്ള വൃത്താകൃതിയിലുള്ള ഗ്രോബാഗുകളാണ് പ്രധാനമായും ബിനോജ് വിപണിയിലെത്തിക്കുന്നത്. 220 ജിഎസ്എം കനമുള്ള ഷീറ്റ് ഇതിനായി ഉപയോഗിക്കുന്നു. ടേബിൾടോപ് ചെടികൾക്കുള്ളതു മുതൽ ഫലവൃക്ഷങ്ങൾ വരെ നടാൻ സാധിക്കുന്ന ഗ്രോബാഗുകളാണിവ. ബലത്തിനായി 4 മി.മീ. വലുപ്പമുള്ള നൈലോൺ കയർ ഉരുക്കി ചേർത്തിരിക്കുന്നതുകൊണ്ടുതന്നെ കീറിപ്പോകില്ല. ഓയിൽ ട്രീറ്റഡ് നൂൽ ഉപയോഗിച്ച് തുന്നലിട്ടിരിക്കുന്നതിനാൽ പൊട്ടിപ്പോകില്ലെന്നും ബിനോജ് പറയുന്നു.
6x6, 9x9, 12x9, 15x9, 9x12, 12x12, 12x15, 24x12, 18x24, 24x24 തുടങ്ങിയവയാണ് വൃത്താകൃതിയിലുള്ള ഗ്രോബാഗിന്റെ അളവുകൾ. ഇതുകൂടാതെ ചീര, പുതിന പോലെയുള്ള ഇലച്ചെടികൾ കൃഷി ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള ദീർഘചതുരാകൃതിയിലുള്ള ഗ്രോബാഗുകളും ഇവിടെ തയാറാക്കുന്നുണ്ട്. നിലത്ത് കുറ്റി നാട്ടി അതിലേക്കു ഗ്രോബാഗിന്റെ വശങ്ങളിലെ പോക്കറ്റുകൾ ഇറക്കിവച്ചാൽ ഉറപ്പോടെ ഇരിക്കുമെന്നതാണ് പ്രത്യേകത. ഇവ കൂടാതെ ആവശ്യപ്പെടുന്ന വലുപ്പത്തിൽ നിർമിച്ചു നൽകാനും തയാറെന്ന് ബിനോജ്.
പോർട്ടബിൾ വെർമി കംപോസ്റ്റ് ടാങ്ക്
വെർമി കംപോസ്റ്റ് തയാറാക്കാൻ സഹായിക്കുന്ന പോർട്ടബിൾ വെർമി ബെഡും ഇവിടെ നിർമിക്കുന്നുണ്ട്. എട്ട് അടി നീളവും നാല് അടി വീതിയും രണ്ട് അടി ഉയരവുമുള്ളതാണ് സ്റ്റാൻഡാർഡ് സൈസ് വെർമി ബെഡ് ടാങ്ക്. നാലു വശങ്ങളിലായുള്ള 12 പോക്കറ്റുകൾ കുറ്റിയിലേക്ക് ഇറക്കിയാണ് ഇത് ഉറപ്പിച്ചുനിർത്തുന്നത്. ബെഡ് തയാറാക്കുമ്പോൾ വായു സഞ്ചാരത്തിനായി വശങ്ങളിൽ പ്രത്യേകം നെറ്റ് തയ്ച്ചു ചേർത്തിട്ടുണ്ട്. കൂടാതെ വെർമി വാഷ് ശേഖരിക്കാനുള്ള സംവിധാനവും അടിഭാഗത്ത് ഒരുക്കിയിരിക്കുന്നു. ഇതിലേക്ക് പിവിസി പൈപ്പ് കയറ്റിവച്ച് വെർമിവാഷ് ശേഖരിക്കാൻ കഴിയും. ഇതും ആവശ്യമനുസരിച്ചുള്ള വലുപ്പത്തിൽ നിർമിച്ചുകൊടുക്കും.
അന്നും ഇന്നും മത്സ്യത്തിനു പ്രാധാന്യം
മത്സ്യക്കർഷകനായ ബിനോജ് ആ കൃഷിയുടെ ചുവടുപിടിച്ചാണ് പുതിയ സംരംഭത്തിലേക്ക് തിരിഞ്ഞത്. വീടിനോടു ചേർന്നുള്ള 15 സെന്റ് വലുപ്പമുള്ള വലിയ ടാർപോളിൻ കുളത്തിൽ 3000 വരാൽ മത്സ്യങ്ങൾ വളരുന്നു. വരാൽ മത്സ്യങ്ങളുടെ ശരിയായ വളർച്ചയ്ക്ക് ഒരു സെന്റിൽ 200 മത്സ്യം എന്ന കണക്കാണ് അനുയോജ്യമെന്നു ബിനോജ്. ഈ രീതിയിൽ ഇടുമ്പോൾ ആറു മാസംകൊണ്ട് 600–700 ഗ്രാം തൂക്കമെത്തും. അതുകൊണ്ടുതന്നെ സർവ ചെലവുകളും കഴിഞ്ഞ് ഒരു കിലോയ്ക്ക് 100–120 രൂപ ലാഭം ഉറപ്പ്. എന്നാൽ, മത്സ്യങ്ങളുടെ എണ്ണം കൂടിയാൽ ഈ വളർച്ച ലഭിക്കില്ലെന്നു മാത്രമല്ല കൃഷി നഷ്ടത്തിൽ കലാശിക്കുകയും ചെയ്യും. കുളത്തിൽനിന്നുള്ള വെള്ളം റംബുട്ടാൻ പോലുള്ള ഫലവൃക്ഷങ്ങൾ നനയ്ക്കാൻ ഉപയോഗിക്കുന്നു.
ഫോൺ: 7510852000, 7510762000