ADVERTISEMENT

ഇന്ത്യയുടെ നഴ്സറി ഹബ് ആണ് ആന്ധപ്രദേശിലെ കടിയം. വിളകളുടെയും അലങ്കാരച്ചെടികളുടെയും തൈകൾ വൻതോതിൽ ഉൽപാദിക്കുകയും വിദേശങ്ങളിൽവരെ വിപണനം നടത്തുകയുമാണ് കടിയത്തെയും സമീപ ഗ്രാമങ്ങളിലെയും നഴ്സറികള്‍. നഴ്സറിമേഖലയിലെ ഏറ്റവും പുതിയ വിശേഷങ്ങള്‍ അറിയാം.  

പതിനായിരം അകത്തളച്ചെടികൾ കുറഞ്ഞ വിലയ്ക്കു വാങ്ങി ചില്ലറവിൽപന നടത്തിയാലോ? 500 അലങ്കാരപ്പനകൾ വേണോ? അതോ ആയിരം  ഒട്ടുമാവുകളോ? ഇറക്കുമതി ചെയ്ത ടോപിയറി ട്രീകൾ എത്ര വേണം? എന്തിനാണെങ്കിലും കടിയത്തേക്കു പോന്നോളൂ. ആയിരക്കണക്കിന്,  പതിനായിരക്കണക്കിനു തൈകൾ വാങ്ങാനാഗ്രഹിക്കുന്നവർക്ക് മിതമായ നിരക്കിൽ നൽകുന്ന നൂറുകണക്കിനു സംരംഭകരാണ് ആന്ധ്രപ്രദേശിലെ രാജമുന്ദ്രിക്കു സമീപമുള്ള ഈ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലുമുള്ളത്. എണ്ണത്തിൽ മാത്രമല്ല, ഇനവൈവിധ്യത്തിലും ഇവർ മുൻനിരയില്‍. സൈക്കസും ഫൈക്കസും അലങ്കാര വാഴയും ലില്ലിയും ക്രോട്ടണും ഡ്രസീനയും മണിപ്ലാന്റും മാവും പ്ലാവും പേരയും നാരകവും മാതളവും പപ്പായയും മഴമരവും  ക്രിസ്മസ് ട്രീകളും മുതൽ  ഒലിവ് ഉൾപ്പെടെയുള്ള വിദേശമരങ്ങളും ഇവിടെ സുലഭം.

kadiyam-3

ആന്ധ്രപ്രദേശിന്റെ മണ്ണുത്തിയാണ് കടിയം – സസ്യനഴ്സറികളുടെ ഗ്രാമം. കശ്മീർ മുതൽ കന്യാകുമാരിവരെ കൃഷിയിടങ്ങളിലേക്കും ഉദ്യാനങ്ങളിലേക്കും ഇവിടെനിന്ന് തൈകള്‍ പോകുന്നു. മ‌ണ്ണുത്തിയിൽ നൂറിലേറെയാണ് നഴ്സറികളെങ്കിൽ കടിയത്ത് 2500ൽ ഏറെയാണ്! 11 ഗ്രാമങ്ങളിലായി 5000 ഏക്കറില്‍ പരന്നുകിടക്കുന്ന നഴ്സറികൾ പതിനായിരത്തോളം കുടുംബങ്ങൾക്ക് വരുമാനസ്രോതസ്സുകള്‍. കൊൽക്കത്ത–ചെന്നൈ ദേശീയപാതയിലൂടെ കടന്നുപോകുന്ന ആറു കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഈ ഹരിത ഇടനാഴി കാണാതെപോവില്ല.

നെൽപാടങ്ങൾക്കു നടുവിലെ  ദേശീയപാതയുടെയും സമീപപാതകളുടെയും ഇരുവശത്തും നിറയെ പൂച്ചെടികളും മരങ്ങളുമുള്ള നഴ്സറികളുടെ ബോർഡുകൾ കണ്ടുതുടങ്ങിയാൽ കടിയമെത്തിയെന്നു മനസ്സി ലാക്കാം. ഇനി ഏതാനും കിലോമീറ്റർ വാഹനത്തിലിരുന്നു ഫ്ലവർഷോ ആസ്വദിക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള തൈകൾ ലോഡ് ചെയ്യുന്ന ലോറികളുടെ നിര ഇവിടെ പതിവു ദൃശ്യം. കോടിക്കണക്കിനു രൂപയുടെ വരുമാനം നേടുന്നതിനൊപ്പം നടീൽവസ്തുക്കളിലൂടെ വിദേശനാണ്യം കണ്ടെത്താനും എല്ലാ കുടുംബങ്ങളും തന്നെ നഴ്സറിമേഖലയിൽനിന്നു വരുമാനം നേടുന്നു. തൈ ഉൽപാദനം നടത്താത്തവര്‍ നഴ്സറികളുമായി ബന്ധപ്പെട്ട മറ്റു വരുമാനമാര്‍ഗങ്ങള്‍ കണ്ടത്തുന്നു.

kadiyam-4

കേരളത്തിലെ പല നഴ്സറികളും തൈകൾ വാങ്ങുന്നത് ഇവിടെനിന്നാണ്. ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരുന്ന എല്ലാത്തരം അലങ്കാരച്ചെടികളും ഫലവൃക്ഷങ്ങളും മറ്റു മരങ്ങളും ഈ നഴ്സറികളിൽ ലഭ്യമാണ്. ഒടിച്ചുകുത്തിയും ഒട്ടിച്ചും ഗ്രാഫ്റ്റ് ചെയ്തും പാകിമുളപ്പിച്ചും ഈ ഗ്രാമങ്ങൾ നേടുന്നത് കോടികള്‍. സീസണായാൽ വൻകിട നഴ്സറികളിൽനിന്ന് നൂറുകണക്കിനു ട്രക്കുകളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കു പോകുന്നത്.  ഓഫ് സീസണിൽ പോലും 10–15 ലോറികൾ ഓരോ നഴ്സറിയുടെയും മുന്നിലുണ്ടാകും.

kadiyam-5
ശ്രീ സത്യദേവാ നഴ്സറിയിലെ സൈക്കസ് തൈകൾ. ഇൻസെറ്റിൽ ഉടമ സത്യനാരായണ ജൂനിയർ

നൂറ്റാണ്ടിന്റെ ചരിത്രം

നൂറു വർഷം മുൻപുതന്നെ കടിയത്ത് നഴ്സറി സംരംഭകരുണ്ടായിരുന്നത്രെ. എന്നാൽ, ഏറ്റവും വലിയ നഴ്സറികളിലൊന്നായ സത്യദേവ നഴ്സറിയാണ് 1950ൽ ഈ മേഖലയില്‍ വിപ്ലവത്തിനു വഴിമരുന്നിട്ടത്. സത്യദേവ നഴ്സറിയുടെ സ്ഥാപകനായ വെങ്കിട്ട റാവുവിനുശേഷം അദ്ദഹത്തിന്റെ മക്കളും കൊച്ചുമക്കളുമൊക്കെ ഇതേ  ബിസിനസിൽ തുടർന്നതോടെ ഒട്ടേറെ നഴസ്റികൾ ഉദയം ചെയ്തു. അവർക്കെല്ലാം വേണ്ടുവോളം ബിസിനസ് കിട്ടിയതുകൊണ്ടാവാം ആദ്യകാല നഴ്സറികളെല്ലാം വൻകിടക്കാരായി വളർന്നു. മിതമായ വിലയ്ക്ക് നിലവാരമുള്ള തൈകൾ കിട്ടിയതു കണ്ടാവണം കൂടുതലാളുകൾ അവ തേടി ഇവിടേക്ക് എത്തിത്തുടങ്ങി.

ഗോദാവരി നദിയിലെ ജലസമൃദ്ധിയും മണ്ണിന്റെ ഫലപുഷ്ടിയും പ്രയോജനപ്പെടുത്തി കടിയത്തെ നഴ്സറികൾ വളരുകയും പെരുകകയും ചെയ്തു. എന്നാൽ, രണ്ടായിരാമാണ്ടിനു ശേഷം വളർച്ച അതിവേഗത്തിലായി. മെച്ചപ്പെട്ട ഗതാഗത–വിനിമയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഇന്ത്യയെമ്പാടും വിപണി കണ്ടെത്താൻ അവർക്കു കഴിഞ്ഞു. എന്തിനേറെ, വിദേശരാജ്യങ്ങളിലേക്കു ചെടികൾ കയറ്റുമതി  ചെയ്യുന്നതിനുപോലും കടിയത്തെ നഴ്സറികൾക്ക് കഴിയുന്നു. ദുബായ്, ദോഹ, ഖത്തർ, കുവൈറ്റ്, അബുദാബി എന്നിവടങ്ങളിലൊക്കെ കടിയത്തു പിറന്ന ചെടികൾ വളരുന്നുണ്ട്.

ഐകമത്യം മഹാബലം

പരസ്പര സഹകരണമാണ് കടിയത്തെ നഴ്സറികളുടെ വിജയരഹസ്യം. തമ്മിൽ മത്സരിച്ചു നശിക്കുന്നതിനു പകരം പരസ്പരം കൈകോർത്തു വളരുന്നതാണ്  ഇവരുടെ സംസ്കാരം. ഓരോ നഴ്സറിയും ഓരോ ജീവനക്കാരനും പുതിയ ഇനങ്ങൾ വികസിപ്പിക്കുന്നതടക്കം സ്വന്തമായി എന്തിലെങ്കിലും സ്പെഷലൈസ് ചെയ്യുന്നു. ഇപ്രകാരം വേറിട്ട ഇനങ്ങൾ രൂപീകരിക്കാന്‍ സഹായവും സൗകര്യവും തൊഴിലാളികൾക്കു നൽകാൻ നഴ്സറിയുടമകളും ഉത്സാഹിക്കാറുണ്ട്. മറ്റൊരാൾക്ക് നൽകാനാവാത്ത സേവനം അഥവാ ഉൽപന്നം ലഭ്യമാക്കി ഉപഭോക്താക്കളെ ആകർഷിക്കുകയാണു ലക്ഷ്യം. അതുകൊണ്ടുതന്നെ ഇവിടെ തൈകൾ വാങ്ങാനെത്തുന്നവർക്ക് വീണ്ടും കടിയത്തേക്കു വരാൻ ഉത്സാഹമേറും. അലങ്കാരസസ്യമോ ഫലവൃക്ഷമോ അകത്തളച്ചെടിയോ കുള്ളൻ മരമോ എന്തുതന്നെയായായലും കടിയത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്കു കിട്ടുമെന്നുറപ്പ്. നിങ്ങൾ ആഗ്രഹിക്കുന്ന ഇനം ഒരു നഴ്സറിയിൽ ഇല്ലെങ്കിൽ അവ ലഭ്യമായ സ്ഥലം കണ്ടെത്താനും തൈ വാങ്ങാനുമൊക്കെ ആരും സഹായിക്കും. 

കടിയത്തെ നഴ്സറികളിൽ വൻകിട, ഇടത്തരം, ചെറുകിട സംരംഭകരുണ്ട്. 15 ഏക്കറിലേറെ സ്ഥലമുള്ള  വൻകിട നഴ്സറികൾ 50 എണ്ണം മാത്രം. എന്നാൽ, രണ്ടോ മൂന്നോ ഏക്കറിലുള്ള അഞ്ഞൂറോളം നഴ്സറികളുണ്ട്. ഏതാനും സെന്റ് സ്ഥലമുള്ള ചെറുകിട നഴ്സറികള്‍ തൈ ഉൽപാദനം മാത്രം നടത്തുന്നു. പാട്ടത്തിനെടുത്ത ഭൂമിയിലാണ് ചെറു നഴ്സറികളിൽ ഏറിയ പങ്കും. നഴ്സറി കർഷകർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഇവർ വലിയ നഴ്സറികൾക്ക് തൈകൾ വിൽക്കുന്നു. വൻകിടക്കാരുമായുള്ള ഈ സഹവർത്തിത്തമാണ് ഇവരുടെ കരുത്ത്. വമ്പൻ ഓർഡറുകൾ നിറവേറ്റാൻ വൻകിട നഴസ്റികൾക്ക് ഇവരുടെ പിന്തുണ കൂടിയേ തീരൂ.   

കടിയം നഴ്സറി ഹബ് ദേശീയ ശ്രദ്ധ നേടിയതോടെ ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളും വർധിച്ചു. നഴ്സറികളുമായി സഹകരിച്ചുള്ള ടൂറിസം സംരംഭങ്ങൾക്ക് സർക്കാർ തലത്തിൽ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ മേഖലാ ഫ്ലോറികൾചർ ഗവേഷണകേന്ദ്രം നഴ്സറി സംരംഭകർക്കായി പരിശീലന പരിപാടികൾ നടത്തുന്നുണ്ട്. ലക്ഷക്കണക്കിനു കൂടകളിൽ തൈ നടാനായി മണ്ണു നിറയ്ക്കുന്നത് പാരിസ്ഥിതികപ്രശ്നമാകുമെന്നതിനാല്‍ ചകിരിച്ചോർ കംപോസ്റ്റിലേക്കു മാറാൻ അവർ നഴ്സറി സംരംഭകരെ പ്രേരിപ്പിക്കുന്നു. 

kadiyam-arthur-cotton
അസോസിയേഷൻ ആസ്ഥാനമന്ദിരത്തിനു മുൻപിലെ സർ ആർതർ കോട്ടൺ പ്രതിമ

ആർതർ കോട്ടൺ നഴ്സറി ഫാർമേഴ്സ് അസോസിയേഷൻ

കടിയത്തെ നഴ്സറി സംരംഭകരുടെ പൊതുവേദിയാണ് സർ ആർതർ കോട്ടൺ നഴ്സറി ഫാർമേഴ്സ് അസോസിയേഷൻ. തൈ ഉൽപാദകർക്ക് പൊതു സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുകയും അവരുടെ ക്ഷേമത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കുകയുമാണ് അസോസിയേഷന്റെ ലക്ഷ്യം. തെലുങ്കുനാട്ടിലെ ഗ്രാമീണസംരംഭകരുടെ സംഘടനയ്ക്ക് 19–ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രിട്ടിഷുകാരനായ സർ ആർതർ തോമസ് കോട്ടന്റെ പേരിട്ടതിനു പിന്നിൽ തീർത്താൽ തീരാത്ത കടപ്പാടിന്റെ കഥയുണ്ട്. ഇറിഗേഷൻ എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രവിശ്യയിലാണ് ജോലി ചെയ്തിരുന്നത്. ആന്ധ്രയിലുടനീളം ജലസേചനത്തിനായി കനാലുകളും തടയണകളുമൊക്കെ തീർക്കാൻ അദ്ദേഹം മുൻകയ്യെടുത്തു. കടിയം ഉൾപ്പെടെ കിഴക്കൻ ഗോദാവരിമേഖലയിലെ തരിശായിക്കിടന്ന പതിനായിരക്കണക്കിനു ഹെക്ടറുകളിൽ കൃഷി സാധ്യമാക്കിയത് അദ്ദേഹമാണ്. തങ്ങളുടെ നില നിൽപിനും വളർച്ചയ്ക്കും വേണ്ടി ആത്മാർപ്പണം ചെയ്ത ആർതർ കോട്ടൺ തലമുറകൾ പിന്നിട്ട ശേഷവും ഗോദാവരിമേഖലയിലെ കർഷകർക്കു ദൈവതുല്യനാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് കടിയത്തെ നഴ്സറി സംരംഭകർ സ്വന്തം സംഘടനയ്ക്ക് ആർതർ കോട്ടന്റെ പേരു നൽകിയത്.

English Summary:

Kadiyam, Andhra Pradesh is India's largest nursery hub, supplying millions of seedlings globally. This vibrant village boasts over 2500 nurseries, generating substantial income and contributing to India's agricultural economy.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com