ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

എത്ര നാളായി ഒരു ചെറുകഥാ സമാഹാരം വായിക്കാനെടുത്തിട്ട് എന്ന കുറ്റബോധത്തോടെയാണ് ജിത്തു കൊടുവള്ളിയുടെ ‘സുഹാസിനിയുടെ പ്രേതം’ വായിക്കാനെടുത്തത്. അത് കൂടിയതല്ലാതെ കുറഞ്ഞില്ല. എന്തുകൊണ്ടാവും ഫിക്‌ഷനുള്ള സാധ്യതകൾ മലയാളത്തിൽ ഇപ്പോൾ കൂടിയിരിക്കുന്നത്? ചെറുകഥയുടെ ഇടമെവിടെയാണ്? നിധീഷ് ജി., സുനു വി., അജിജേഷ്‌ പച്ചാട്ട്, തുടങ്ങിയ എത്രയോ പുതിയ കഥയെഴുത്തുകാർ കടന്നു വരുന്നുണ്ട്, അതൊക്കെ ചർച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു. തെറ്റിദ്ധരിച്ചതാണ്, ചെറുകഥയ്ക്ക് ഒരു ഇടിവും സംഭവിച്ചിട്ടേയില്ല. ഇവരുടെയൊക്കെ കൈകളിലും ബുദ്ധിയിലും ചെറുകഥ സുരക്ഷിതമാണ്. അവർക്കിടയിലേക്കാണ് ജിത്തു കൊടുവള്ളി എന്ന യുവ എഴുത്തുകാരനും നടന്നു കയറുന്നത്.

 

എട്ടു കഥകളാണ് ‘സുഹാസിനിയുടെ പ്രേതം’ എന്ന സമാഹാരത്തിലുള്ളത്. തീർത്തും മനുഷ്യരെക്കുറിച്ചുള്ള അനുഭവങ്ങൾ മറ്റൊരു മനുഷ്യൻ പറയുന്ന സുഖം കഥകൾക്കുണ്ട്. ഓരോന്നും വായിക്കുമ്പോൾ ആ കഥാപാത്രങ്ങളിൽ ഒന്നായിത്തീരുന്നത് ജിത്തുവിന്റെ എഴുത്തിന്റെ പ്രത്യേകത കൊണ്ടാണ്. തിരക്കഥ രചനയിൽ കൈ വയ്ക്കുക കൂടി ചെയ്ത ആളെന്ന നിലയിൽ, സിനിമ കാഴ്ചയുടെ സുഖം ചെറുകഥയുടെ വായനയ്ക്കും നൽകാൻ പറ്റുന്നുണ്ട്.

 

അണ്ണാക്കൊട്ടൻ എന്ന കഥ ഒരുപറ്റം കുട്ടികളുടേതാണ്. ഒരുപക്ഷേ തൊണ്ണൂറുകളിൽ കുട്ടിയായിരുന്ന ഒരാൾക്ക് അനുഭവിക്കാൻ കഴിയുന്ന പരിസരങ്ങൾ ഇതിലുണ്ട്. രണ്ട് ടീമായി തിരിയുന്ന കൂട്ടുകാരും അവരുടെ രസകരമായ മത്സരങ്ങളും ഇത്തിരി നോവും ഒക്കെയായി ഒരു ഗൃഹാതുരമായ സിനിമ കണ്ട പ്രതീതിയുണ്ട്. പണ്ട് പറമ്പിൽ മുറിവേറ്റു കിടക്കുന്ന അപ്പനെയും കുരുവിയെയും അനാനിയുമൊക്കെ കയ്യിൽ സൂക്ഷിച്ച് എടുത്തുകൊണ്ട് പോയി മരുന്നു വച്ചു കെട്ടുന്നതും അതിനു തീറ്റ കൊടുക്കുന്നതും ഓർത്തു പോയി. പക്ഷേ എത്ര ദാരുണമായാണ് ചില ട്വിസ്റ്റുകളുണ്ടാകുന്നത്! അണ്ണാക്കൊട്ടൻ എന്ന പേര് പോലും അക്ഷരാർഥത്തിൽ ഒരു പുതുക്കപ്പെടലാണ്. ഓരോ നാട്ടിൽ അണ്ണാൻ കുഞ്ഞിന് ഓരോ പേരുകൾ. ആദ്യമായി അത് കേൾക്കുന്നതിന്റെ കൗതുകത്തിൽ കൂടിയാണ് ആ കഥ ആദ്യംതന്നെ വായിക്കാനെടുത്തതും. 

 

കഥകൾക്കെല്ലാം എവിടെയൊക്കെയോ ത്രില്ലിങ് ആയ നിമിഷങ്ങൾ എഴുത്തുകാരൻ ഒരു മാജിക് പോലെ മറച്ചു പിടിച്ചിട്ടുണ്ട്. സുഹാസിനിയുടെ പ്രേതം എന്നു പറയുമ്പോൾ പുസ്തകത്തിന്റെ ഒരു ആകെത്തുക അതിലുണ്ടെന്നും പറയാം, എന്നാൽ നമ്മൾ കാണുന്ന ഭീതി കഥകളുടെയോ ത്രില്ലർ കഥകളുടെയോ ഒരു ആമ്പിയൻസല്ല ഇതിനുള്ളത്, പതുക്കെ പതുക്കെ അതിലേക്കു കൊണ്ടുവരുന്ന ഒരു നിമിഷമുണ്ട്, അവിടം മുതൽ ഒരു കഥാർസിസിനായുള്ള കാത്തിരിപ്പാണ്. ‘സുഹാസിനിയുടെ പ്രേതം’ എന്ന ടൈറ്റിൽ കഥയും അങ്ങനെ തന്നെയുള്ളതാണ്. എന്തെങ്കിലും എഴുതണം എന്ന തോന്നലിന്റെയും നിയന്ത്രിക്കാനാകാത്ത ചിന്തയുടെയും പുറത്താണ് കഥാനായകൻ കഥയെഴുതുന്നത്. പലതും എഴുതി, ഒന്നും ശരിയാവുന്നില്ല, എന്നാൽ ഒടുവിൽ അവൻ യാദൃച്ഛികമായി സുഹാസിനിയുടെ ജീവിതത്തിലേക്കു പേന തിരിച്ചു വയ്ക്കുന്നു. അത് കാണരുതെന്ന് കരുതിയ അച്ഛൻ കണ്ടെത്തി വായിക്കുകയും ചെയ്യുന്നു. ചെറിയൊരു സംശയം, ഇനിയെങ്ങാനും സുഹാസിനി എന്നൊരു സ്ത്രീ ജീവിച്ചിരുന്നുവോ?

അവളുടെ മരണം ഒരു നിഗൂഢതയായിരുന്നുവോ?

അവളുടെ ആത്മാവ് തന്നെ വേട്ടയാടുന്നത് പോലെ പരീക്ഷയ്ക്ക് പഠിക്കാനിരിക്കുമ്പോഴും അവനറിയുന്നുണ്ട്. എഴുതിയ കഥയിൽനിന്നു കഥാപാത്രമിറങ്ങി വന്നു എഴുത്തുകാരനെ വളഞ്ഞിട്ടു പിടിക്കുന്ന ആ ശൈലി സത്യത്തിൽ അത്രയെളുപ്പമല്ല ആവിഷ്കരിക്കാൻ. എന്നാൽ രസകരമായി ജിത്തു അത് ചെയ്തിട്ടുണ്ട്. 

 

‘പണിയില്ലാത്ത ഡോക്ടർ’ എന്ന കഥ ഒരു ഹോമിയോ ഡോക്ടറുടെ കഥയാണ്. ആമുഖത്തിൽ പി. സുരേന്ദ്രൻ കുറിച്ചത് പോലെ കോവിഡ് കാലത്ത് അലോപ്പതിയും ഹോമിയോയും തമ്മിലുണ്ടായ ഉരസലുകളെ കഥ ഓർമിപ്പിച്ചു. എല്ലായ്പ്പോഴും അലോപ്പതിയിൽ തന്നെയാണ് രോഗികളുടെ രക്ഷ എന്നൊരു സംസാരം സമൂഹം ഉണ്ടാക്കിവച്ചിട്ടുണ്ട്, അതിന്റെ ബഹളങ്ങളിൽ ജോലി നഷ്ടപ്പെടുന്ന ഒരു ഹോമിയോ ഡോക്ടറുടെ ജീവിതം വരച്ചിടുന്നുണ്ട് ഇവിടെ. ജീവിതത്തിൽനിന്നു തന്നെ ഇറങ്ങി നടക്കാൻ തയാറായിരിക്കുന്ന ഒരാളാണ് അയാൾ. ജോലിയുടെ ഭാര്യയുടെ കാരുണ്യത്തിൽ മാത്രമാണ് താൻ മുന്നോട്ട് പോകുന്നതെന്ന് വരുമ്പോഴും ചിലപ്പോഴൊക്കെ തന്നിലെ ആണ് എന്ന അഹങ്കാരം അഴിഞ്ഞു വീഴുന്നത് അയാളറിയുന്നുണ്ട്. എന്നാൽ അയാളെ അങ്ങനെ തന്നെ നിലനിർത്തുമ്പോഴും ഒന്നുമില്ലാത്തവന്റെ ശൂന്യതയെ നോക്കി നിശബ്ദമായിരിക്കാൻ അയാളുടെ ഭാര്യ പഠിച്ചിരിക്കുന്നു. ഒടുവിൽ അവർ എത്തിപ്പെടുന്നത് ചാത്തന്റെ മുന്നിലാണ്. തന്റെ മുൻപിലുള്ള ശാസ്ത്രത്തെ മാറ്റി വച്ച് വിശ്വാസത്തിന്റെ ഏലസ്സുമണിഞ്ഞ് അയാൾ പുതിയൊരു മരുന്ന് കണ്ടെത്തുന്നുണ്ട്. അതോടു കൂടി ഡോക്ടറുടെ ജീവിതം മാറി മറിയുമോ? വായനയിൽ മാത്രമറിയുന്ന ട്വിസ്റ്റാണത്.

 

ഏതൊരു മനുഷ്യന്റെ ഉള്ളിലുമുള്ള നന്മയുടെയും തിന്മയുടെയും രൂപത്തെ കാണിച്ചു തരുകയാണ് ‘വസന്തേട്ടൻ’ എന്ന കഥ. അയാൾ ഗുണ്ടയാണ്‌, ഒരു മടിയുമില്ലാതെ ചന്തയിൽ ചെന്ന് ഇരുകാലികളെ മുറുകെ കെട്ടിയിട്ട് അറുത്ത് മാറ്റുന്നവനാണ്. രക്തം കണ്ട് അറപ്പില്ലാത്തവൻ. പക്ഷേ അയാളുടെ മനുഷ്യൻ വെളിപ്പെടുന്നത് ഭാര്യയുടെ മുന്നിൽ മാത്രവും. എന്തൊക്കെ ദേഷ്യപ്പെട്ടു പറഞ്ഞാലും മറുത്തൊന്നും പറയാതെ അവളെ ചേർത്ത് പിടിക്കാനാണ് അയാൾക്കിഷ്ടം. സത്യത്തിൽ അവൾക്ക് അയാളൊരു ഗുണ്ടയേ അല്ല. പറഞ്ഞതെല്ലാം അനുസരിക്കാൻ തയാറാവുന്ന ഒരു ഭർത്താവ്, ഉശിരുള്ള അവളുടെ വാക്കുകൾക്ക് മുന്നിൽ തല കുനിക്കുന്നവൻ. കോളിങ് ബെൽ എന്ന കഥ സത്യത്തിൽ ഒരു പ്രേത അനുഭവമാണോ എന്ന് സംശയിക്കാവുന്ന ഒന്നാണ്. പക്ഷേ അപ്പോഴും പൂർണമായും ആ ഒരു വിചാരത്തിലേക്കെത്താൻ കഥാകൃത്തിന്റെയുള്ളിലെ ഒരു ഇടം അനുവദിക്കാത്തത് പോലെ ചേതനയുടെയും അചേതനയുടെയും ഇടയിൽ ആ കഥ അപൂർണമാകുന്നുണ്ട്. ഒസ്യത്ത് കുഞ്ഞമ്പുവേട്ടൻ , കറുത്ത കാമുകൻ, കോഴി സാബു തുടങ്ങിയവയാണ് പുസ്തകത്തിലെ മറ്റു കഥകൾ. എല്ലാം വളരെ ലളിതമായ ഭാഷയിൽ എന്നാൽ വായന തുടങ്ങിയാൽ താഴെ വയ്ക്കാൻ തോന്നാത്തത്ര ശൈലിയിൽ ജിത്തു എഴുതിയിട്ടുണ്ട്. ഇതുകൊണ്ടൊക്കെത്തന്നെയാണ് ഏതു കാലം കഴിഞ്ഞാലും ചെറുകഥയുടെ ആത്മാവ് മലയാള സാഹിത്യത്തിൽനിന്നു വിട്ടൊഴിഞ്ഞു പോകാത്തത്!

 

English Summary: Suhasiniyude Pretham book by Jithu Koduvally

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com