കഥാപാത്രം എഴുത്തുകാരനെക്കാൾ പ്രശസ്തനാകുന്ന ആ സാഹചര്യത്തെ എങ്ങനെ തടയും?
Mail This Article
ഓൺലൈൻ മാധ്യമങ്ങളിലാണ് രഞ്ജു കിളിമാനൂർ എഴുതിത്തുടങ്ങുന്നത്. ഷെർലക് ഹോംസ് എന്ന അതിഭീകര ബുദ്ധിമാനോടുള്ള ബഹുമാനവും ഇഷ്ടവും കാരണം മലയാളത്തിലേക്ക് അതുപോലെയൊരു ബുദ്ധിരാക്ഷസനെ കൊണ്ടു വരാൻ രഞ്ജു ആഗ്രഹിച്ചിരുന്നു. അതിനു ഫലമുണ്ടായി. അതിനു ശേഷം എഴുത്തുകാരൻ അലക്സി കഥകളുടെ പുസ്തകം പ്രസിദ്ധീകരിച്ചു. നിരന്തരമായ ഗവേഷണത്തിന്റെയും ബുദ്ധികൂർമതയുടെയും ഉത്തരമാണ് അലക്സി എന്നു നിസ്സംശയം പറയാം. അങ്ങനെ മലയാളത്തിലൊരു ഷെർലക് ഹോംസ് ജനിക്കുകയായിരുന്നു. ആദ്യത്തെ പുസ്തകം സ്വന്തം മുഖമുള്ള കവർ ചിത്രവുമായി രഞ്ജു പുറത്തിറക്കിയത് ഒരുപാട് ചർച്ച ചെയ്യപ്പെട്ടു. പക്ഷേ അതോടെ എഴുത്തുകാരന്റെ വായനക്കാരുടെ തലം മാറപ്പെട്ടു. മലയാളത്തിലെ പ്രസിദ്ധരായ പ്രസാധകർ രഞ്ജുവിനെ അന്വേഷിച്ചു ചെന്നു, പുതിയ അലക്സി കഥകൾ അന്വേഷിച്ചു. ഒടുവിലിറങ്ങിയ അലക്സി പുസ്തകമാണ് ‘ഷെർലക്ഹോംസും മുറിഞ്ഞ വിരലുകളും.’. മലയാളത്തിന് അന്വേഷണ പാടവമുള്ള, ബുദ്ധിമാനായ, നിരീക്ഷണ ശേഷിയുള്ള ഒരു മികച്ച ഡിറ്റക്ടീവിനെ സമ്മാനിച്ച എഴുത്തുകാരൻ രഞ്ജു കിളിമാനൂർ സംസാരിക്കുന്നു.
സമൂഹ മാധ്യമത്തിൽ തുടക്കം
ഇപ്പോഴത്തെ തലമുറയിൽ വായന മടുപ്പായി കാണുന്നവർ ഒത്തിരിപ്പേരുണ്ട്. മൊബൈൽ ഫോണിന്റെ കടന്നു കയറ്റവും സിനിമയടക്കമുള്ളവ ആസ്വദിക്കാൻ ടിവിയിൽ നോക്കിയിരുന്നാൽ മതിയെന്നതും പുതിയ തലമുറയെ പുസ്തക വായനയിൽനിന്ന് ഒരു പരിധി വരെ അകറ്റുന്നുണ്ട്. അത്തരമൊരു കാലഘട്ടത്തിൽ എന്റെ കഥ വായിക്കാമോയെന്നു ചോദിച്ച് സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ അപ്രോച്ച് ചെയ്യുക മാത്രമായിരുന്നു ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്കു ചെയ്യാൻ പറ്റുക. ‘വായിക്കാനാണോ...? എനിക്കു വായിക്കാൻ വലിയ താല്പര്യമില്ലടാ. വല്ല വിഡിയോയുമാണെങ്കിൽ ലിങ്ക് താ. കണ്ടിട്ട് പറയാം...’ – ഇതായിരിക്കും നമ്മൾ അപ്രോച്ച് ചെയ്യുന്ന മിക്കവാറും പേരുടെയും മറുപടി. എന്നാൽ വായന ഇഷ്ടപ്പെടുന്നവർ കഥ വായിച്ചിട്ട് മികച്ച അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങിയതോടെ എനിക്കു നല്ലൊരു തുടക്കം കിട്ടി. വായനക്കാരും കൂടാൻ തുടങ്ങി. അലക്സിയുടെ അന്വേഷണ കഥകളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ദിവസം തോറും അലക്സിക്ക് ആരാധകരും വർധിക്കാൻ തുടങ്ങിയതോടെ പുതിയ കഥകൾ പെട്ടെന്ന് എഴുതിത്തീർത്ത് ഇടുമോയെന്നു ചോദിക്കാൻ പോലും തുടങ്ങി.
അങ്ങനെ ഡിറ്റക്ടീവ് അലക്സി ആളാവണ്ട !
ആരാധകർ കൂടിക്കൊണ്ടിരുന്നത് അലക്സിയ്ക്കാണ്, രഞ്ജുവിനല്ല. അലക്സിയുടെ നിരീക്ഷണപാടവം, അലക്സിയുടെ നിഗമനങ്ങൾ ഇവയൊക്കെയാണ് ആൾക്കാർക്ക് ഇഷ്ടപ്പെടുന്നത്. ഞാൻ ഒരു കെഎസ്ആർടിസി കണ്ടക്ടറാണ്. ഡ്യൂട്ടിക്ക് പോകുമ്പോൾ ആൾക്കാർ ബാലൻസ് കൊടുക്കാൻ ചില്ലറയില്ലെങ്കിൽ തെറി വിളിക്കും, സ്റ്റോപ്പിൽ നിർത്തിയില്ലെങ്കിൽ തെറി വിളിക്കും, ഡ്രൈവർ സ്പീഡിലല്ല ഓടിക്കുന്നതെങ്കിൽപ്പോലും തെറി കേൾക്കേണ്ടി വരിക കണ്ടക്ടർമാർക്കാണ്. അപ്പോൾ രഞ്ജു ജോലിക്കു കയറി ആൾക്കാരുടെ നിർത്താതെയുള്ള തെറിവിളികൾ കേൾക്കണം മറുവശത്ത് അലക്സിക്കാണെങ്കിൽ ആരാധകരുടെ അഭിനന്ദനപ്രവാഹങ്ങളും. അങ്ങനെ നോക്കുമ്പോൾ ഇവിടെ തല്ലു കൊള്ളാനുള്ള ചെണ്ട ഞാനും മാരാർ അലക്സിയുമാണ്.
ആർക്കായാലും ചെറിയൊരസൂയ തോന്നില്ലേ...?
എനിക്കും തോന്നി. അങ്ങനെ ഒരു കഥാപാത്രം എനിക്കു കിട്ടേണ്ട കയ്യടി മൊത്തം മേടിച്ചു കൊണ്ടു പോകേണ്ട കാര്യമൊന്നുമില്ലല്ലോ. അങ്ങനെയാണ് പുസ്തകത്തിന്റെ കവറിൽ ഞാനെന്റെ പടം വയ്ക്കുന്നത്. അലക്സിയാണെന്ന് ആരെങ്കിലുമൊക്കെ ധരിച്ചോട്ടെന്നു കരുതി. ഭീമൻ രഘുവിന്റെ കഥാപാത്രം നരനിൽ പറയുന്നത് പോലെ ‘മൊതലാളിയുടെ വാഴക്കുല വേണ്ടെങ്കിൽ എന്റെ ഒരു മൂട് മരച്ചീനിയെങ്കിലും’ എന്നതായിരുന്നു ആ ലൈൻ. എന്തായാലും കവർ വിവാദമായതോടെ വില്പന നന്നായി കൂടുകയും ആദ്യത്തെ എഡിഷനിലെ ആയിരം കോപ്പികളും 70 ദിവസം കൊണ്ടു തന്നെ വിറ്റു തീരുകയും ചെയ്തു. വിവാദങ്ങളെപ്പറ്റി ഞാനൊരക്ഷരം പോലും സംസാരിക്കാൻ നിന്നില്ല. ഞാനെന്റെ പുസ്തകം രണ്ടാമത്തെ എഡിഷൻ പ്രിന്റ് ചെയ്തിറക്കുന്ന തിരക്കിലായിരുന്നു. എന്റെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടിയവർ പുസ്തകം വായിച്ചവരുടെ റിവ്യൂസ് കണ്ട് ഞെട്ടിയിട്ടുണ്ടാവുമെന്ന് നൂറു ശതമാനവും ഉറപ്പാണ്. കാരണം പുസ്തകത്തിന്റെ കണ്ടന്റ് നല്ല ഫസ്റ്റ് ക്വാളിറ്റി സാധനമാണെന്ന ആത്മവിശ്വാസം നല്ലതു പോലെ എനിക്കുണ്ടായിരുന്നു. കവറിലെ എന്റെ പടം കണ്ട് ആദ്യം വിമർശിച്ചവരോടെല്ലാം സത്യം പറഞ്ഞാൽ ഇപ്പോൾ ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. ഒരുപക്ഷേ കാള പെറ്റെന്ന് കേട്ട് അവരന്നു കയറെടുത്തില്ലായിരുന്നുവെങ്കിൽ ഇന്ന് എനിക്കു സംസാരിക്കാൻ ഒരവസരം പോലും കിട്ടുമായിരുന്നില്ല. ആ ഒരു മാർക്കറ്റിങ് സ്ട്രാറ്റജി മനസ്സിലാക്കിയതു കൊണ്ടാകണം, രണ്ടാമത്തെ പുസ്തകത്തിന്റെ പേരിലെ ഷെർലക് ഹോംസിനെ ആരും വിവാദമാക്കാനൊന്നും നിന്നില്ല. അവർ ചിന്തിച്ചിട്ടുണ്ടാകും വിമർശിക്കാൻ പോയാൽ സംഭവം കൂടുതൽ കയറി ഹിറ്റായാലോയെന്ന്. അവരായിട്ട് എനിക്കൊരു ഹിറ്റ് കൂടി തരേണ്ടെന്ന് ചിന്തിച്ചു കാണും. എന്റെ അഭിപ്രായത്തിൽ, നിങ്ങൾ ഒരു പുസ്തകത്തിന്റെ കവർ കണ്ടിട്ട് അതിന്റെ കണ്ടന്റ് മോശമാണെന്നൊന്നും ഊഹിക്കാൻ നിൽക്കരുത്.
മലയാളികളുടെ സ്വന്തം ഹോംസ്
ഷെർലക് ഹോംസ് എന്ന കോനൻ ഡോയൽ കഥാപാത്രം എന്താണോ അവശേഷിപ്പിച്ചിട്ടു പോയത് അതിന്റെയൊരു മലയാളീകരിച്ച തുടർച്ചയാണ് അലക്സിയെന്ന് ഒറ്റവാക്കിൽ പറയാം. കുറച്ചു കൂടി വ്യക്തമാക്കിയാൽ ഒരു കച്ചിത്തുരുമ്പിൽനിന്നു പോലും തെളിവുകളുണ്ടാക്കുന്ന അതിബുദ്ധിമാനായൊരു കഥാപാത്രം മലയാളത്തിനും വേണ്ടേ എന്നൊരു ചിന്തയിൽ നിന്നാണ് അലക്സിയെന്ന കഥാപാത്രം ഉടലെടുക്കുന്നത്. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കഥകളും ബുദ്ധിയെ മാക്സിമം വെല്ലുവിളിക്കുന്ന നിഗൂഢത നിറഞ്ഞ കേസുകളുമാണ് അലക്സിക്കു അന്വേഷിക്കാൻ വേണ്ടി ഞാൻ തയാറാക്കി നൽകിയിരിക്കുന്നത്. ഓരോ കേസും വായിച്ചു തുടങ്ങുമ്പോൾ എങ്ങനെയാണിതു സംഭവിച്ചതെന്ന് വായനക്കാരൻ അന്തംവിട്ടിരിക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ അലക്സിയുടെ ഓരോ നിഗമനത്തിന്റെ കൂടെയും അവരെ കൃത്യമായെനിക്കു സഞ്ചരിപ്പിക്കാൻ സാധിക്കൂ. അലക്സി പറയുന്ന ട്രാക്കിൽക്കൂടിയല്ലാതെ വായനക്കാരന് സഞ്ചരിക്കാൻ ഇവിടെ യാതൊരോപ്‌ഷനും ഞാൻ നൽകുന്നില്ല. കുറ്റകൃത്യം എങ്ങനെയാണ് നടന്നതെന്നോ ആരാണത് ചെയ്തതെന്നോ അലക്സി കണ്ടുപിടിക്കുന്നത് വരെയും ഒരൂഹം പോലും നടത്താൻ പറ്റാതെ എന്നോടും അലക്സിയോടും പിണങ്ങിയിരിക്കുന്ന വായനക്കാരെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതങ്ങനെയല്ലാതെ വരികയുമില്ലെന്നിടത്താണ് അലക്സിയെന്ന കഥാപാത്രം സ്‌കോർ ചെയ്തു മുന്നേറുന്നത്. വായനക്കാരന് അവന്റെ ഊഹം ശരിയാക്കാനുള്ള അവസരം നൽകിയാൽ പിന്നെ എഴുത്തുകാരനവിടെ പ്രസക്തിയില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
അലക്സിയെപ്പറ്റി കൂടുതൽ പറയുകയാണെങ്കിൽ സോഷ്യൽ മീഡിയകളൊന്നും ഉപയോഗിക്കുന്ന ഒരാളേയല്ല. ഇപ്പോഴത്തെ പെയ്ഡ് ന്യൂസുകൾ വായിക്കുന്നത് തലച്ചോറിലെ അറിവുകളെ ഇല്ലാതാക്കുമെന്നാണ് പുള്ളി വിശ്വസിക്കുന്നത്. പിന്നെ സിഗരറ്റ് വലിക്കും, മദ്യപിക്കും അങ്ങനെയങ്ങനെ...
കൃത്യമായ അന്വേഷണം വേണം
ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന് വളരെ വലിയൊരു പ്രത്യേകതയുണ്ട്. അദ്ദേഹത്തിന്റെ ഒരു കേസ് വായിക്കുന്ന വായനക്കാരൻ പോലും ആ കഥാപാത്രത്തിന് അഡിക്ട് ആയിപ്പോകും. ആ കഥ വായിച്ചു കഴിയുമ്പോൾ അദ്ദേഹത്തിന്റെ നിരീക്ഷണപാടവം മനസ്സിലാക്കുന്ന വായനക്കാരൻ അന്വേഷിക്കുന്നത് അയാളുടെ അടുത്ത കഥയേതാണ് എന്നതാണ്. അത് വായിച്ചു കഴിയുമ്പോൾ അടുത്ത കഥ. അങ്ങനെയങ്ങനെ ആ തടിയൻ പുസ്തകം മുഴുവനും വായിച്ചു തീരും. അപ്പോഴേക്കും ഒരു വിഷമമുണ്ടാകും. ഇനി വായിക്കാൻ ഇതേ നിലവാരമുള്ള ഒരു കഥയുമില്ലല്ലോ എന്നതാകും ആ നിരാശ. ആ വലിയ നിരാശയ്ക്കുള്ള ഉത്തരമായാണ് അലക്സിയെ ഞാൻ നിർമിച്ചിരിക്കുന്നത്. അലക്സിയുടെ ആദ്യ പുസ്തകം 70 ദിവസം കൊണ്ടാണ് ആദ്യത്തെ 1000 കോപ്പികൾ വിറ്റു തീർന്നതെങ്കിൽ രണ്ടാമത്തെ പുസ്തകം വിറ്റു തീർന്നത് ആദ്യത്തെ 20 -25 ദിവസങ്ങൾ കൊണ്ടാണ്. മാതൃഭൂമി പോലൊരു ടോപ് ക്വാളിറ്റി പ്രസാധകരുടെ എംബ്ലത്തിനോടൊപ്പം തന്നെ ഞാൻ മേൽപറഞ്ഞ ഫോർമുലയും തീർച്ചയായും വർക്ക് ചെയ്യുന്നുണ്ട്. ആദ്യത്തെ പുസ്തകം വായിച്ച ആൾക്കാരിൽ 80 മുതൽ 90 ശതമാനം വരെ പേരെക്കൊണ്ടും രണ്ടാമത്തെ പുസ്തകം വാങ്ങിപ്പിക്കാൻ എനിക്കു സാധിച്ചുവെന്നു തന്നെ പറയാം. ഇവരെല്ലാം ഉറപ്പായും എന്റെ മൂന്നാമത്തെ പുസ്തകവും വാങ്ങുമെന്ന് എനിക്കുറപ്പുണ്ട്. അവിടെയാണ് ഷെർലക് ഹോംസിനെപ്പോലെയുള്ള ബുദ്ധിരാക്ഷസനായൊരു കഥാപാത്രത്തിനു മാത്രം കാണിക്കാൻ കഴിയുന്നൊരു മാജിക് ഇരിക്കുന്നത്.
അതിവിടെ അലക്സിയിലൂടെയും ഞാൻ ആവർത്തിക്കുന്നുവെന്ന് മാത്രം. ആൾക്കാർക്ക് ടെൻഷൻ ആയി ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കഥകൾ വേണമെന്നാണ്. ഗംഭീര കുറ്റാന്വേഷണം വേണമെന്നാണ്. ഇപ്പോഴത്തെ ഏതു ത്രില്ലർ സിനിമ എടുത്തു കീറി മുറിച്ചു നോക്കിയാലും നമുക്ക് മനസ്സിലാകുന്ന കാര്യം കുറ്റാന്വേഷണമെന്ന ഭാഗം വരുമ്പോൾ അവിടെ വലിയ കുഴപ്പമില്ലാതെ എങ്ങനെയെങ്കിലും കൊലയാളിയെ കണ്ടെത്തി അഡ്ജസ്റ്റ് ചെയ്തു പോകുകയാണ് പതിവ്. ഇവിടെയാണ് നഖത്തിൽനിന്നു പോലും തെളിവുകൾ കിട്ടുന്ന അതിബുദ്ധിമാനായ ഷെർലക്ക് ഹോംസിനെ പോലുള്ള ഒരു നായകന്റെ പ്രസക്തി. അതു വെറുതേ പറഞ്ഞാൽ പോരാ, നമ്മൾ അന്വേഷണമെന്താണെന്ന് കൃത്യമായി വരച്ചിട്ട് അതിന്റെ സയന്റിഫിക് സൈഡുകൾ ഇഴകീറിമുറിച്ചു കാണിച്ചു കൊടുക്കണം. ഈയൊരു കാരണം കൊണ്ടാണ് ഷെർലക് ഹോംസ് കഥകൾക്ക് ഇപ്പോഴും വൻ ഡിമാൻഡ് ഉണ്ടാകുന്നത്. അലക്സിയെയും ആൾക്കാർ തിരിച്ചറിഞ്ഞു തുടങ്ങുമ്പോൾ ഒരുപാട് എഡിഷനുകൾ തീർച്ചയായും വിൽക്കപ്പെടുമെന്ന് എന്നിലെ എഴുത്തുകാരനറിയാം. തീർച്ചയായും അതിനുള്ള നിലവാരം അലക്സി കഥകൾക്കുമുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും
യഥാർഥ ഷെർലക് ഹോംസ് ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആ രംഗമെഴുതി തീർന്നിട്ട് ഒന്നുകൂടി വായിച്ചു നോക്കിയപ്പോൾ സത്യത്തിലെനിക്ക് രോമാഞ്ചം തോന്നിയിരുന്നു. അദ്ദേഹം ആ കുതിരവണ്ടിക്കുള്ളിൽനിന്ന് പൈപ്പും കടിച്ചു പിടിച്ചു കൊണ്ടിറങ്ങി വരുന്ന രംഗമാണ് ഞാനുദ്ദേശിച്ചത്.
ഒത്തിരി സന്തോഷം തോന്നി ആ രംഗം എഴുതി തീർന്നപ്പോൾ. അതു വായിച്ചിട്ട് മാതൃഭൂമി ബുക്ക്സിന്റെ മാനേജർ നൗഷാദ് സാർ വളരെ നല്ല അഭിപ്രായം കൂടി പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നി. കാരണം നമ്മളേറ്റവും കൂടുതൽ ബഹുമാനിക്കുന്നൊരു കഥാപാത്രത്തെ നമ്മുടെ നോവലിൽ കൊണ്ടു വരാൻ സാധിക്കുകയെന്ന് പറയുന്നത് തന്നെ വലിയൊരു ഭാഗ്യമല്ലേ? വായിച്ചവർ എന്റെ ശ്രമത്തെ നെഞ്ചിലേറ്റുകയും കൂടി ചെയ്യുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷമുണ്ട്. ഒരു കാര്യം പറയാം അലക്സിയെ ഒരു നിമിഷം നിഷ്പ്രഭനാക്കി മാറ്റിക്കൊണ്ട് സാക്ഷാൽ ഷെർലക് ഹോംസ് ആണ് ഈ കേസിലെ പ്രതിയെ കണ്ടെത്തുന്നത്. അതുകൊണ്ടാണ് ഈ നോവലിന്റെ പേര് ഷെർലക് ഹോംസും മുറിഞ്ഞ വിരലുകളും എന്നായിരിക്കുന്നത്.
ബിഗ് ബജറ്റ് പടം ചെയ്യാൻ മലയാളിക്കു പേടിയാണ്
അടുത്ത നോവൽ ഞാനും ലിജിൻ ജോണും ചേർന്നാണ് ചെയ്യുന്നത്. ആദ്യം ഒരു സിനിമയ്ക്കു വേണ്ടി തിരക്കഥയായിട്ടാണ് ഞങ്ങൾ ഈ നോവൽ എഴുതിയത്. തിരക്കഥ എഴുതുമ്പോഴേ ഞങ്ങൾക്കൊരു ലക്ഷ്യമുണ്ടായിരുന്നു. ഡാവിഞ്ചി കോഡ് പോലെയൊക്കെയുള്ള ഒരു വലിയ സബ്ജക്ട് ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ചെയ്യണമെന്നതായിരുന്നു ആ ലക്ഷ്യം. ഞങ്ങൾക്കു വേണ്ട ചരിത്രവും മിത്തുമെല്ലാം ലിജിന്റെ കയ്യിൽ സ്റ്റോക്ക് ഉണ്ടായിരുന്നു. ത്രില്ല് നിറയ്ക്കാൻ കുറ്റാന്വേഷണം ഞാനും കൂടി സംഭാവന ചെയ്തതോടെ ഞങ്ങളുടെ പ്രതീക്ഷയെക്കാളും മികച്ച തിരക്കഥ തന്നെ ജനിച്ചുവെന്നു പറയാം.
പല സംവിധായകർക്കും 261 BC എന്ന് പേരിട്ട ആ തിരക്കഥ കോപ്പിറൈറ്റ് റജിസ്റ്റർ ചെയ്തതിനു ശേഷം വായിക്കാൻ അയച്ചു കൊടുത്തിരുന്നു. പഴയ കാലവും വലിയൊരു യുദ്ധവുമൊക്കെ വരുന്ന പ്ലോട്ട് ആയതു കൊണ്ടുതന്നെ പടത്തിന്റെ ബജറ്റ് 70 കോടിയെങ്കിലും വേണ്ടി വരുമെന്ന് തിരക്കഥ വായിച്ച എല്ലാ സംവിധായകരും ഒരേ ശബ്ദത്തിൽ പറഞ്ഞു. കോവിഡ് പ്രതിസന്ധി തീർന്നിട്ടില്ലാത്ത ഈ കാലഘട്ടത്തിൽ ഇതുപോലൊരു പടമിറക്കാൻ അത്രയും ബജറ്റ് അനുവദിക്കാൻ ഒരു പ്രൊഡ്യൂസറും തയ്യാറാവില്ലെന്നായി അഭിപ്രായങ്ങൾ.
അതിനേക്കാളുപരി അവർക്കൊക്കെ ഭയമായിരുന്നു ഇത്രയും ശക്തമായ പ്ലോട്ടിലുള്ളൊരു സബ്ജക്ട് എടുത്തു തലയിൽ വയ്ക്കാൻ. മലയാളത്തിൽ ബാഹുബലി പോലെയുള്ള വലിയ പടങ്ങൾ ചെയ്യാൻ ശ്രമിച്ചു നോക്കിയാൽ മാത്രമല്ലേ നമുക്കാ പേടിയൊക്കെ മാറിക്കിട്ടൂ. പുലിയെ പിടിക്കാനോടിക്കുന്നതും മറ്റുമൊക്കെയാണ് നമ്മുടെ പാൻ ഇന്ത്യ ലെവലും ഇൻഡസ്ട്രി ഹിറ്റുമൊക്കെ. നമുക്ക് പാൻ ഇന്ത്യ ലെവൽ ചിത്രങ്ങളില്ലെന്ന് പരാതിയും പറയും അത്തരമൊരു സ്ക്രിപ്റ്റ് കൊണ്ടു കൊടുത്താൽ ചെയ്യാനൊട്ടാളില്ല താനും. ഈ ഒരവസ്ഥയിൽ ആ ചിത്രം നോവലാക്കുക മാത്രമായിരുന്നു ഞങ്ങൾക്ക് മുന്നിലുള്ള ഒരേയൊരോപ്ഷൻ. അങ്ങനെയാണ് ഞങ്ങൾ എഴുതി വച്ചിരുന്ന തിരക്കഥയെ നോവലാക്കി മാറ്റുന്നത്. അതു വായിക്കുമ്പോൾ സാധാരണക്കാർക്കു വരെ മനസ്സിലാകുമല്ലോ എന്തുകൊണ്ടാണ് മലയാളത്തിൽ ഇതുപോലെയുള്ള വലിയ സബ്ജക്റ്റുകൾ നടക്കാത്തതെന്ന്. പക്ഷേ അവിടെയാണ് രാജമൗലിയെപ്പോലുള്ള സംവിധായകരുടെ പ്രസക്തിയെക്കുറിച്ചു നമ്മൾ ചിന്തിക്കേണ്ടത്. ഭയങ്കര ലോജിക്ക് ഇല്ലാത്ത കഥകളാണെങ്കിൽക്കൂടി ആ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള മേയ്ക്കിങ് തന്നെ നൽകി അർഹിച്ചൊരു നീതി ആ സിനിമയ്ക്കു നൽകാൻ അദ്ദേഹം എപ്പോഴും തയ്യാറാണ്. സത്യം പറഞ്ഞാൽ എറിയാൻ നന്നായി അറിയുന്നതും വടി കയ്യിലുള്ളതുമായ സംവിധായകർ മലയാളം ഇൻഡസ്ട്രിയിൽ കുറവാണെന്ന് പറയേണ്ടി വരും. അതുകൊണ്ടാണ് ഈ കാലഘട്ടത്തിലും പുലിയെ പിടിക്കാനോടുന്ന പാൻ ഇന്ത്യ ലെവലൊക്കെ സെറ്റ് ചെയ്ത് ഇൻഡസ്ട്രി ഹിറ്റ് അടിക്കേണ്ട ഗതികേടൊക്കെ വരുന്നത്. കൈയ്യൊട്ടു നനയാനും പാടില്ല മീനൊട്ടു കിട്ടുകയും വേണമെന്നതാണ് ഇവരുടെയൊക്കെ ലൈൻ..
കഷ്ടപ്പെട്ടു തപ്പിയെടുത്ത റഫറൻസുകൾ
അലക്സി സീരീസിലെ ‘മൂന്നു ചിത്രങ്ങളുടെ രഹസ്യ’ത്തിൽ ഒരു ഫോട്ടോ കണ്ടിട്ട് അതെടുത്ത ആളും ആ ഫോട്ടോയെടുത്ത പൊസിഷനും വരെ അലക്സി കൃത്യമായി കണ്ടെത്തുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വായനക്കാരനിൽ ഒരു വൗ ഫാക്ടർ ഉണ്ടാക്കണമെങ്കിൽ ഞാൻ ആ ക്യാമറയെക്കുറിച്ചും അതിന്റെ ഫോക്കസിനെക്കുറിച്ചുമെല്ലാം വളരെ വ്യക്തമായി പറഞ്ഞു കൊടുത്തേ പറ്റൂ. ഞാനൊരു ക്യാമറാമാൻ കൂടിയാണ് എന്നിരുന്നാലും അത്തരമൊരു സാഹചര്യത്തിൽ കൂടുതൽ പഠിച്ചു മാത്രമേ നമുക്ക് സംസാരിക്കാൻ പറ്റൂ. ഓരോ ഡിഎസ്എൽആർ ക്യാമറയെക്കുറിച്ചും ഞാനപ്പോൾ കൃത്യമായ ധാരണയുള്ള ആൾ തന്നെ ആയിരിക്കണം. ഇല്ലെങ്കിൽ ഈ കഥ വായിക്കുന്നവരിൽ ക്യാമറയെക്കുറിച്ച് മിനിമം അറിവെങ്കിലുമുള്ളൊരാൾ എന്നെ എതിർക്കും. അതുണ്ടാക്കാതിരിക്കാൻ വേണ്ടി എത്ര കഷ്ടപ്പെടാനും ഞാൻ തയാറാണ്. ഇങ്ങനെ നിരവധി സാധനങ്ങൾ ഈ പുസ്തകങ്ങളിൽ വരുന്നുണ്ട്.
മറ്റൊരുദാഹരണം പറഞ്ഞാൽ, പാമ്പിന്റെ വിഷം ഒരു ക്യാപ്‌സ്യൂളിനുള്ളിൽ വച്ച് അത് ശരീരത്തിനുള്ളിൽ തുന്നിക്കെട്ടി കൊലപാതകങ്ങൾ നടത്തുന്ന ഒരു കൊലയാളിയെപ്പറ്റി പറയേണ്ടി വരുമ്പോൾ ഞാൻ കൃത്യമായും അതിന്റെ സാധ്യതകളെക്കുറിച്ച് പഠിച്ചല്ലേ പറ്റൂ..? ക്യാപ്സ്യൂൾ ബ്ലഡിൽ ഡിസോൾവാകുമോ എന്നൊക്കെ പഠിക്കേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ ഡിസോൾവ് ആയില്ലെങ്കിൽ എഴുതി പൂർത്തിയാക്കി വച്ചിരിക്കുന്ന 90 പേജ് വരുന്ന ഒരു നോവല്ല വലിച്ചു കീറി ചവറ്റുകുട്ടയിൽ ഇടേണ്ടി വരുമെന്ന് പറയുമ്പോൾ അതിന് വേണ്ടി ഗവേഷണം നടത്തുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്. സെയിം സിറ്റുവേഷൻ മറ്റൊരു കഥയിലുമുണ്ടായിരുന്നു. ഒരാൾ കോപ്പറിന്റെ അറ്റോമിക ഘടനയിൽ മാറ്റങ്ങൾ വരുത്തി സ്വർണമുണ്ടാക്കുന്നതിൽ ശ്രമിച്ചു വിജയിച്ചുവെന്ന് ഞാൻ പറയുമ്പോൾ ഭൂരിപക്ഷം ആൾക്കാരും എന്നെ എതിർക്കാൻ ശ്രമിക്കും. ബേസിക്കലി ഈ രണ്ടു മൂലകങ്ങളുടെയും അറ്റോമിക് ഘടനയിൽ വളരെ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. എന്നാൽ ഇതിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഒരാൾക്ക് എന്നെ മുഖമടച്ചു വിമർശിക്കാൻ സാധിച്ചെന്നു വരില്ല. കാരണം ലോകം മുഴുവനും ഈയൊരു പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ വിജയിച്ച ഒരാളെപ്പറ്റിയും നമ്മൾ കേട്ടിട്ടില്ല. വിജയിച്ച ഒരാൾ ഉണ്ടെങ്കിലോ എന്ന് ഞാനൊരു ചോദ്യം തിരിച്ചു ചോദിച്ചാൽ ഒരു സാധ്യതയുമില്ല എന്ന് നിങ്ങൾക്ക് 100% ഉറപ്പിച്ചു മറുപടി പറയാൻ സാധിക്കില്ല. ചിലപ്പോൾ ഒരു 99% വരെയൊക്കെ പറയാൻ സാധിക്കും. ബാക്കിയുള്ള ആ 1% മാത്രം മതി എനിക്കു കഥയും കൊണ്ട് നുഴഞ്ഞു കയറുവാൻ.
പിന്നെ വായിച്ചിട്ട് അഭിപ്രായങ്ങൾ പറഞ്ഞ പലരും ഗൂഗിളിൽ റെഫർ ചെയ്തിരുന്നു, റിസൾട്ട് കിട്ടിയപ്പോൾ അലക്സിയുടെ കണ്ടെത്തലുകളെല്ലാം ശരിയായിരുന്നുവെന്ന് മനസ്സിലായി എന്നൊക്കെ പറയാറുണ്ട്. അതൊക്കെ കേൾക്കുമ്പോഴാണ് കുറച്ചെങ്കിലും ഒരാശ്വാസം കിട്ടുക. കഷ്ടപ്പെട്ട് എഴുതിയതിനൊക്കെ കയ്യടി കിട്ടുന്നത് വീണ്ടും കഷ്ടപ്പെടാൻ നമ്മെ പ്രാപ്തമാക്കുക തന്നെ ചെയ്യുമല്ലോ.
അത്രയെളുപ്പമല്ല ഈ കണ്ടക്ടർ ജോലി
പുറമേനിന്നു നോക്കുമ്പോൾ വളരെ എളുപ്പമുള്ളതാണ് കണ്ടക്ടർ ജോലി. ഒരു മെഷീനിൽ കുത്തുമ്പോൾ ടിക്കറ്റ് ഇറങ്ങി വരുന്നു, പൈസ വാങ്ങി ബാലൻസ് കൊടുക്കുന്നു. പരിപാടി കഴിഞ്ഞു. എന്നാൽ സത്യത്തിൽ അങ്ങനെയൊന്നുമല്ല. വളരെ കോംപ്ലിക്കേഷനുള്ള ജോലിയാണ്. യാത്രക്കാർക്ക് അവരുടെ കാര്യം മാത്രം ക്ലിയറായാൽ മതി. എന്നാൽ കണ്ടക്ടർക്ക് ആ ബസിലുള്ള എല്ലാവരുടെയും കാര്യങ്ങൾ നോക്കേണ്ടി വരും. കാശിന്റെ കാര്യം തന്നെ നോക്കാം. ഒരു ഫാസ്റ്റ് പാസ്സഞ്ചർ ബസിൽ കയറി ടിക്കറ്റ് എടുക്കുന്ന ആൾക്കാരെ നിങ്ങളൊന്നു ശ്രദ്ധിക്കുക. യാത്ര തുടങ്ങുന്ന സമയത്ത് അവർ നൽകുന്ന നോട്ടുകൾ ശ്രദ്ധിക്കുക. ഒരു ബസിൽ 50 പേര് കയറിയിട്ട് അതിൽ മുപ്പതു പേരും അഞ്ഞൂറിന്റെ നോട്ട് എടുത്ത് തന്ന് ടിക്കറ്റ് എടുത്തിട്ട് ബാലൻസ് പിന്നെ തന്നാൽ മതിയെന്ന് പുഞ്ചിരിയോടെ പറയുന്നുവെന്ന് സങ്കൽപിക്കുക. ആ മുപ്പത് പേർക്കും നാനൂറു രൂപ വെച്ച് കണ്ടക്ടർ ബാലൻസ് കൊടുക്കേണ്ടി വരും. അതായത് 30 X 400 = 12000 രൂപയാണ് ബാലൻസ് കൊടുക്കേണ്ടത്. നൂറിന്റെ നോട്ട് ആയിട്ടാണെങ്കിൽ 120 നൂറിന്റെ നോട്ട് വേണം ആ ബസിലുള്ള എല്ലാവർക്കും ബാലൻസ് കൊടുത്തു തീർക്കാൻ. ആ ബസിൽ ബാക്കിയുള്ള ആൾക്കാരുടെ എണ്ണം 20 ആണെന്ന് നമ്മളോർക്കണം. ആ ഇരുപത് പേർ നൂറിന്റെ നോട്ട് തന്നാൽപ്പോലും വീണ്ടും വേണം നൂറിന്റെ 100 നോട്ടുകൾ. പിന്നെ വഴിയിൽനിന്ന് കയറുന്ന ഓരോരോരോടും 500 തരല്ലേ നൂറിന്റെ നോട്ട് തന്നെ തരണേ എന്ന് ദയനീയമായി പറഞ്ഞ് നൂറിന്റെ 100 നോട്ടുകൾ എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കണം. അതിന് പറ്റിയില്ലെങ്കിലോ എന്നുള്ള ടെൻഷൻ എപ്പോഴും നമ്മുടെ കൂടെക്കാണും. അത്തരമൊരു സാഹചര്യത്തിൽ വീണ്ടും വഴിയിൽനിന്ന് കയറുന്നവരും അഞ്ഞൂറ് തന്നിട്ട് എന്റെ കയ്യിൽ വേറെ നോട്ട് ഒന്നുമില്ല, ബാലൻസ് ഞാൻ ഇറങ്ങുമ്പോൾ തന്നാ മതിയെന്ന് പുഞ്ചിരിയോടെ പറയുമ്പോൾ സത്യത്തിൽ തല കറങ്ങും. ഓടിക്കൊണ്ടിരിക്കുന്ന ആ ബസ്സിൽനിന്ന് വെളിയിൽ എടുത്തു ചാടാൻ തോന്നും.
തിരിച്ചിറങ്ങുന്ന സമയത്തു ബാലൻസ് കൊടുത്തില്ലെങ്കിൽ പുഞ്ചിരിച്ചു കൊണ്ട് ബാലൻസ് പിന്നെ മതിയെന്ന് പറഞ്ഞവരുടെയെല്ലാം മുഖഭാവം മാറും.
‘‘എന്റെ ബാലൻസ് ഇങ്ങോട്ട് എടുക്ക്’’
എന്നാക്രോശിച്ചു കൊണ്ട് അമരീഷ് പുരിയെപ്പോലെ വാതിൽപ്പടിയിലവർ നിൽക്കുന്നുണ്ടാകും. അന്നേരം ബാഗിൽ നൂറിന്റെ ഒരു നോട്ട് പോലുമില്ലാത്ത അവസ്ഥയാണെങ്കിൽ ഒന്നാലോചിച്ചു നോക്കൂ..
‘‘ഇത്രയും പേര് കേറിയിട്ടും ചില്ലറയുണ്ടാക്കാൻ നിങ്ങൾക്ക് പറ്റിയില്ലേ?’’
അമരീഷ് പുരിയുടെ ചോദ്യം കുറച്ചു കൂടി ക്രുദ്ധമായി മാറും. അയാളുടെ മുഖത്ത് നോക്കി ഹരിഹർ നഗറിലെ അപ്പുക്കുട്ടനെപ്പോലെ വിക്കി വിക്കി നിൽക്കാനേ അന്നേരം നമുക്ക് സാധിക്കൂ. കണ്ടക്ടർ വായുവിൽനിന്നു നൂറിന്റെ നോട്ട് ആവാഹിച്ചു കൊടുക്കുകയാണെന്നാണ് യാത്രക്കാരിൽ ചിലരുടെയെല്ലാം വിചാരം. ഇത്തരം ടെൻഷൻ എപ്പോഴും നന്നായി നിറഞ്ഞു നിൽക്കുന്നൊരു ജോലിയാണ് കണ്ടക്ടർ ജോലി. അതുകൊണ്ട് തന്നെ എത്ര ബുദ്ധിമുട്ട് ആണെങ്കിലും 16-17 മണിക്കൂർ നീണ്ടു നിൽക്കുന്ന ഡബിൾ ഡ്യൂട്ടികൾ ചെയ്യാനേ കണ്ടക്ടർമാർ എല്ലാവരും ശ്രമിക്കൂ. ഞാനും അങ്ങനെ തന്നെയാണ്. മൂന്നു ഡബിൾ ഡ്യൂട്ടി ചെയ്യുമ്പോൾ ആറു സിംഗിൾ ഡ്യൂട്ടി ചെയ്യുന്നതിന് സമമാണ്. അങ്ങനെ വരുമ്പോൾ ആഴ്ചയിൽ മൂന്നു ദിവസം പോയാൽ മതിയെന്നൊരു ഗുണമുണ്ട് ഈ ജോലിക്ക്. പക്ഷെ ട്രാൻസ്ഫർ ചെയ്തു വിദൂര ഡിപ്പോകളിൽ ജോലി ചെയ്യേണ്ടി വരുമ്പോൾ ഈ മൂന്ന് എന്നുള്ളത് അഞ്ചായി മാറും. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്കു തന്നെ രണ്ടു ദിവസം പോകും. അങ്ങനെ മിച്ചം കിട്ടുന്ന ഈ രണ്ടു ദിവസങ്ങളിൽ ഒക്കെയാണ് എഴുത്ത്.
കെഎസ്ആർടിസി കണ്ടക്ടർമാർക്കും ജീവിക്കണം
ജോലി വിഷയത്തിൽ ഏറ്റവും കൂടുതൽ പ്രതികരിക്കേണ്ടി വരുന്നത് ശമ്പളത്തിന്റെ കാര്യത്തിനാണ്. മുകളിൽ സൂചിപ്പിച്ച ടെൻഷനൊക്കെ നന്നായി അനുഭവിച്ചാണ് ജീവനക്കാർ കഷ്ടപ്പെട്ടു ജോലി ചെയ്യുന്നത്. പ്രൈവറ്റ് റൂട്ട് ആണെങ്കിൽ അവരുടെ കൂടെ മത്സരിക്കേണ്ടി വരും. അവരുടെ വായിലെ മുട്ടൻ തെറിയൊക്കെ കേൾക്കേണ്ടി വരും. അങ്ങനെയൊക്കെ കഷ്ടപ്പെട്ടാണ് കണ്ടക്ടറും ഡ്രൈവറും ചേർന്ന് കലക്ഷൻ ഉണ്ടാക്കിയെടുക്കുന്നത്. കഴിഞ്ഞ മാസം തന്നെ 193 കോടിയാണ് ഇത്തരത്തിൽ ജീവനക്കാർ കഷ്ടപ്പെട്ട് ഉണ്ടാക്കിക്കൊണ്ടു കൊടുത്തത്. എന്നിട്ട് ഒന്നാം തീയതി ശമ്പളം ചോദിക്കുമ്പോൾ ഇല്ലെന്ന് പറയുന്നത് എന്തു തരം മുതലാളിത്ത മനോഭാവമാണെന്ന് നമ്മൾ ചിന്തിക്കണം. ഇവിടെ 193 കോടി രൂപ പ്രതിമാസം വരുമാനമുള്ള എത്ര ഡിപ്പാർട്ട്മെന്റുകളുണ്ട്? കൂടിപ്പോയാൽ ഒരു ബെവ്കൊ കാണും. അപ്പോൾ ഇത്രയും വരുമാനമുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാർക്ക് ജോലി ചെയ്തിട്ട്, അതും ഇരുനൂറ് കോടി രൂപയോളം കൊണ്ടു കൊടുത്തിട്ട് ശമ്പളം കൊടുക്കാനില്ലെന്ന് പറയുന്നത് ധാർഷ്ട്യമല്ലാതെ മറ്റെന്താണ്? തീർത്തും ഉത്തരവാദിത്തമില്ലാത്ത ഇത്തരം രീതികൾ എതിർക്കപ്പെടുക തന്നെ വേണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. ഇതേ അളവുകോൽ ഉപയോഗിച്ച് ലാഭം നോക്കിയാണ് എല്ലാവർക്കും ശമ്പളം കൊടുക്കുന്നതെങ്കിൽ വിദ്യാഭ്യാസ മേഖലയിലൊക്കെ എങ്ങനെ ശമ്പളം കൊടുക്കും? അപ്പോൾ പറയുന്ന ഡയലോഗ് വിദ്യാഭ്യാസം പോലെയാണോ പൊതുഗതാഗതം? മറ്റേത് സമൂഹത്തിന് അവശ്യമായ കാര്യമല്ലേയെന്നാണ്. അവിടെ അളവുകോലുകൾ മാറുകയാണ്. അങ്ങനെ വരുമ്പോൾ കെഎസ്ആർടിസി അവശ്യ ഘടകമല്ലേ സമൂഹത്തിന് എന്നതാണ് എന്റെ മറുചോദ്യം. ഒരു ദിവസം ഈ ജീവനക്കാരൊന്നു പണിമുടക്കിയാൽ കാണാം ജനങ്ങൾ എന്തുമാത്രം ബുദ്ധിമുട്ടുമെന്ന്. അത്തരം പണിമുടക്കിലേക്ക് ജീവനക്കാരൻ പോകാത്തത് അടുത്ത ഒരാഴ്ചക്കുള്ളിലെങ്കിലും ശമ്പളം കൊടുക്കുമെന്ന പ്രതീക്ഷയൊന്നു കൊണ്ട് മാത്രമാണ്. അതുവരെ ആരുടെയെങ്കിലും കയ്യിൽനിന്ന് കടം വാങ്ങാമെന്ന പ്രതീക്ഷയിലാണ്..
എല്ലായിടത്തും സമത്വം വേണമെന്ന് വാദിക്കുന്നവരൊക്കെ അപ്പോൾ പറയുക കണ്ടക്ടർ പണിയൊക്കെ കുറഞ്ഞതാണ്, അങ്ങോട്ട് മാറി നിന്ന് കരഞ്ഞോയെന്നാകും. ടോയ്‌ലെറ്റിൽ പോകുമ്പോൾ വരെ പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കുന്നവരാണ് ഈ അനീതിക്കെതിരെ ഒരക്ഷരം പോലും മിണ്ടാതെ മാറി നിൽക്കുന്നതെന്നോർക്കണം. അപ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് ഉച്ചത്തിൽ നിലവിളിക്കേണ്ടി വരാറുണ്ട്. അത് ചെയ്ത ജോലിക്കുള്ള ശമ്പളം കിട്ടാൻ വേണ്ടിയാണ് അല്ലാതെ ലാലേട്ടൻ കഥാപാത്രം ഏതോ സിനിമയിൽ പറഞ്ഞത് പോലെ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ചെന്നു നിന്നിട്ട് ഒരൻപതു രൂപ കടം തരുമോയെന്നു ചോദിക്കാനല്ലല്ലോ. ഇത്തരം ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളിൽനിന്നു വേണം ഇത്തരം കഥകളെഴുതി പൂർത്തിയാക്കാൻ. തീർച്ചയായും വലിയ വെല്ലുവിളി തന്നെയാണ്. മക്കളുടെ സ്കൂൾ ഫീസ് കൃത്യമായടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ പൊളിറ്റിക്കൽ കറക്റ്റ്നസ് തിന്നു വെള്ളം കുടിച്ചാൽ പോരല്ലോ. ജോലി ചെയ്യുന്ന ജീവനക്കാരന് ശമ്പളം നിഷേധിക്കുന്നത് വലിയ അനീതിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിൽ തരം തിരിവ് കാണിച്ച് മാറ്റി നിർത്തുന്നതും ജാതി പറഞ്ഞ് അതിക്ഷേപിക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസം...? അതിനെതിരെ സംസാരിക്കാൻ കൂടി എല്ലാവരും തയാറാകണമെന്ന് ഒരപേക്ഷയുണ്ട്. അപ്പോൾ മാത്രമല്ലേ ഈ ഉയർത്തിപ്പിടിക്കുന്ന സമത്വമൊക്കെ പ്രാവർത്തികമാകുകയുള്ളൂ...?
ഈ അവസ്ഥകളൊക്കെ മാറി വരുമെന്നു വിശ്വസിച്ച് മുന്നോട്ടു നീങ്ങുക മാത്രമാണ് തൽക്കാലത്തെ ഓപ്ഷൻ. ഈ ബുദ്ധിമുട്ടുകൾക്കുള്ളിലും എഴുത്ത് മുന്നോട്ടു കൊണ്ടു പോകുക തന്നെ ചെയ്യണമെന്നാണ് ആഗ്രഹം. അതിന് പബ്ലിഷർമാരുടെ പിന്തുണ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ വീണ്ടും പുസ്തകങ്ങളെല്ലാം പ്രിന്റ് ചെയ്തു സ്വന്തമായി വീണ്ടും വിൽക്കാനിറങ്ങും. കണ്ടന്റ് ക്വാളിറ്റിയിൽ ഒരു കോംപ്രമൈസും ചെയ്യാത്തതിനാൽ ഇനിയെനിക്ക് യാതൊരു പേടിയുമില്ല.
പ്രതിഫലമില്ലെങ്കിൽ കഥയില്ല, കട്ടായം
ഈ അലക്സി കഥകളിലെ രണ്ടു മൂന്നു സബ്ജക്റ്റുകൾ സിനിമയ്ക്ക് വേണ്ടി ചിലർ ചോദിച്ചിരുന്നു. അതിലൊരു പ്രൊഡ്യൂസറും ഉണ്ട്. അയാൾ നേരത്തേ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. ആ സിനിമ റിലീസ് ആകാനിരിക്കുന്നതേയുള്ളൂ. അയാൾക്ക് അലക്സി കഥകളിലെ ‘മൂന്നാമത്തെ തുന്നിക്കെട്ടും’ വേണം ഞാൻ സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ മറ്റൊരു കഥയും വേണം. രണ്ടും നന്നായി ഇഷ്ടപ്പെട്ടിരുന്നു. അടുത്ത പ്രോജക്ട് അതിലൊരെണ്ണം മലയാളത്തിലെ രണ്ടു പ്രമുഖ നടന്മാരെ വച്ചു ചെയ്യാനാണ് താല്പര്യമെന്ന് എന്നെ അറിയിച്ചിരുന്നു. സംവിധായകനെയും കണക്ട് ചെയ്ത് കോൺഫറൻസ് കോൾ ഇട്ട് സംസാരിക്കുകയും ചെയ്തു. സിനിമ നടക്കുമെന്നു തോന്നിയപ്പോൾ ഞാൻ അയാളോട് പ്രതിഫലത്തിന്റെ കാര്യം സംസാരിച്ചു. അപ്പോൾ അയാളുടെ മറുപടി,
ഇത് നിങ്ങളുടെ ആദ്യത്തെ പടമല്ലേ, ആദ്യത്തെ പടത്തിന് മലയാളത്തിൽ പ്രതിഫലം നൽകാറില്ല എന്നായിരുന്നു.
ഞാൻ വെറും 50000 രൂപയാണ് കഥയ്ക്കു ചോദിച്ചത്. അതു പോലും തരാൻ അയാൾ തയാറല്ല. 6 കോടി രൂപയുടെ പ്രോജക്ട് ആണ് പുള്ളി ഉദ്ദേശിക്കുന്നത്. അതിൽ കഥയെഴുതിയ ആൾക്ക് മാത്രം പ്രതിഫലം കൊടുക്കാൻ പറ്റില്ലത്രേ. നിങ്ങളെഴുതിയത് കഥയല്ലേ തിരക്കഥയല്ലല്ലോ, കഥയ്ക്ക് മലയാള സിനിമയിൽ പേയ്‌മെന്റ് കൊടുക്കാറില്ല എന്നൊക്കെയാണ് വാദം. കഥ പിന്നെ അന്തരീക്ഷത്തിൽനിന്ന് പൊട്ടിമുളച്ചുണ്ടാകുന്നതാണോ എന്ന് ഞാനയാളോട് വെട്ടിത്തുറന്നു ചോദിച്ചു. അങ്ങനെയിപ്പോ താൻ പടം ചെയ്യണ്ടാന്ന് ഞാനങ്ങു കട്ടായം പറഞ്ഞു. ഇനി അയാൾ ആ കഥയെടുത്ത് മാറ്റങ്ങളൊക്കെ വരുത്തി സിനിമയാക്കുമോയെന്നൊന്നും എനിക്കറിയില്ല. എന്തായാലും കഥ ഞാൻ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
എന്ത് വൃത്തികെട്ട ചിന്താഗതിയാണ് ഇവരെപ്പോലുള്ളവർ വെച്ചു പുലർത്തുന്നത്. സിനിമ ചെയ്തില്ലെങ്കിലും ശരി എഴുത്തുകാരന് കാശ് കൊടുക്കില്ലെന്നൊരു വാശി. ഇതൊക്കെ എങ്ങനെയാണ് അംഗീകരിച്ചു കൊടുക്കുക? എങ്ങനെയെങ്കിലും എഴുത്തുകാരന് കാശ് കൊടുക്കാതെ ലാഭിക്കണമെന്നാണ് ഇത്തരക്കാരുടെയൊക്കെ ചിന്ത. തീർച്ചയായും മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഇന്നും നിലനിന്നു പോരുന്ന, എതിർക്കപ്പെടേണ്ടൊരു വലിയ സംഗതിയാണിത്. ഒരു കഥയും ഒരെഴുത്തുകാരനും അന്തരീക്ഷത്തിൽനിന്ന് ആവാഹിച്ച് വലിച്ചെടുക്കുന്നതൊന്നുമല്ല. നന്നായി ആലോചിച്ചു തല പുണ്ണാക്കി കഷ്ടപ്പെട്ട് ഇരുന്നു തയാറാക്കുന്നത് തന്നെയാണ്. ആ കഥയുണ്ടെങ്കിൽ മാത്രമേ അതിൽ നിന്നൊരു തിരക്കഥ തയ്യാറാക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ കഥയെഴുതുന്നവന് കാശ് കൊടുക്കില്ലെന്നാണ് ഇവരുടെയൊക്കെ നിലപാടെങ്കിൽ എന്റെ കഥ സിനിമ ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നാണ് എന്റെ നിലപാട്. ഓരോ കഥാകൃത്തും നന്നായിട്ടു ജോലി ചെയ്തിട്ടാണ് ഓരോ കഥയും ജനിപ്പിക്കുന്നത്. തീർച്ചയായും അവർക്കെല്ലാം പ്രതിഫലം കിട്ടാൻ അർഹതയുണ്ട്. അങ്ങനെ പ്രതിഫലം തരാൻ താല്പര്യമുള്ളൊരാൾ വരുന്നതു വരെ കാത്തിരിക്കാൻ ഞങ്ങളെപ്പോലുള്ളവർ തയാറാണ്.
Content Summary: Talk with writer Ranju Kilimanoor