ഇന്ത്യ എന്ന ആശയം
Mail This Article
സുധാ മേനോൻ
ഡി സി ബുക്സ്
വില: 280 രൂപ
‘ഇന്ത്യ എന്ന ആശയ’ത്തിന്റെ അതിജീവനകഥ ലളിതസുന്ദരമായ ഭാഷയിൽ അവതരിപ്പിക്കുന്ന പുസ്തകമാണിത്. അനേകം ഞൊറികളും ചുളിവുകളും ഉള്ള ഒരു ദോത്തിയെപ്പോലെ മനോഹരമാണ് ഇന്ത്യ എന്ന ആശയം. ആ ദോത്തിയുടെ മടക്കുകളിലും ഞൊറികളിലും ചുളിവുകളിലും തെളിഞ്ഞുനിൽക്കുന്ന വൈവിധ്യങ്ങളാണ് ഒരു ദേശരാഷ്ട്രമെന്ന നിലയിൽ നമ്മുടെ കരുത്തും സൗന്ദര്യവും. ആ ഞൊറികളിലും മടക്കുകളിലും നിരവധി കലാപങ്ങളും സമരങ്ങളും വിപ്ലവങ്ങളും ഉണ്ട്. അനേകം മനുഷ്യരുടെ വിയർപ്പും ചോരയും ആത്മബലിയും ഉണ്ട്. ഈ പുസ്തകത്തിലെ കുറിപ്പുകൾ, അപൂർവസുന്ദരമായ ആ ദോത്തിയിലെ– ഇന്ത്യ എന്ന ആശയത്തിലെ ഏതാനും ചില മടക്കുകളിലേക്കും ഞൊറികളിലേക്കും ഉള്ള ഗൃഹാതുരമായ തിരിഞ്ഞുനോട്ടമാണ്. ഇന്ത്യയുടെ ഏകതയ്ക്കും വിഭജനത്തിനും ഒരുപോലെ സാക്ഷിയായ റെയിൽവേയുടെ വിസ്മയകഥയും റെയിൽപാതകൾ തകർത്ത സന്താളുകളുടെ വിപ്ലവകഥയും ഇതിലുണ്ട്. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ആദ്യപ്രസംഗങ്ങളും ഭരണഘടനയുടെ അമ്മമാരും അലഹബാദിലെ ഒറ്റനക്ഷത്രമായ ഒരു വീടും പട്ടേൽ–നെഹ്റു–നേതാജി തർക്കങ്ങളും ഒക്കെ ഈ പുസ്തകം പരിചയപ്പെടുത്തുന്നു. ചരിത്രം ഒരു ചെറുകഥപോലെ നിങ്ങൾക്ക് ഇതില്‍ വായിക്കാം.