ADVERTISEMENT

കൊച്ചെറുക്കനും യക്ഷിപ്പെണ്ണും (കഥ)

ആവാഹനം 

മന്ത്രക്കളത്തിനു മുന്നില്‍ ചമ്രംപടിഞ്ഞിരുന്നു രാമഭദ്രന്‍തമ്പി മന്ത്രം ഉരുവിടാന്‍ തുടങ്ങി. തമ്പിയുടെ അധരങ്ങള്‍ മന്ത്രങ്ങളുടെ ഉരുക്കഴിക്കുമ്പോള്‍ പുറത്തെ തൊടിയില്‍ ഉരുവംകൊണ്ട ചുഴലിക്കാറ്റില്‍ വൃക്ഷങ്ങള്‍ ആടിയുലഞ്ഞു. രാത്രി ഒന്നുകൂടെ കനത്തു. ആകാശം കരിമഷിപോലെ കനത്ത ഇരുളിലാണ്ടു. സമീപത്തെ കുറ്റികാടുകളില്‍ നിന്നു കുറുനരികള്‍ ഭയപ്പാടോടെ ഓരിയിട്ടു. വൃക്ഷശിഖരങ്ങളില്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വവ്വാലുകളുടെ പറ്റം വലിയ ശബ്ദത്തില്‍ കരഞ്ഞുകൊണ്ട്‌ പറന്നകന്നു.  തെക്കിനിയുടെ പിന്നില്‍ ആകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന ആലിന്‍ തുഞ്ചത്തൊരു വെള്ളിടിവെട്ടി. ചിന്നിച്ചിതറിയ മിന്നല്‍പിണര്‍വേരുകള്‍ വെള്ളിനാഗത്താന്മാരായി രൂപം പൂണ്ട് മണ്ണിലൂടെ ഇഴഞ്ഞുചെന്നു. അറയുടെ അടച്ചിട്ട വാതിലിനിടയിലൂടെ  നാഗങ്ങള്‍ മന്ത്രക്കളത്തിലേക്ക്‌ നൂണ്ടു കടന്നു. അറയുടെ ചുവരില്‍ തൂക്കിയിട്ടിരുന്ന കുത്തുവിളക്കിലെ തിരിനാളം തനിയെ പ്രകാശിച്ചു. അറയിലെങ്ങും പാലപ്പൂവിന്റെ വശ്യഗന്ധം തിങ്ങി നിറഞ്ഞപ്പോള്‍ രാമഭദ്രന്‍തമ്പി കണ്ണുകള്‍ തുറന്നു. പൂര്‍ണ്ണ നഗ്നയായ സുന്ദരിരൂപത്തില്‍ മന്ത്രക്കളത്തില്‍ വന്നിരിക്കുന്ന യക്ഷിയുടെമേല്‍ അയാളുടെ ആജ്ഞാശക്തിയുള്ള നയനങ്ങള്‍ പതിഞ്ഞു.  രാമഭദ്രന്‍തമ്പി കളത്തിലിരിക്കുന്ന യക്ഷിയെ നോക്കി അധികാരത്തോടെ പറഞ്ഞു.  

“ ഇനി അങ്ങട് എഴുന്നേൽക്കുക ”  

അറയിലെ ഇരുളും മങ്ങിയ വെളിച്ചവും ചേര്‍ന്നു വിന്യസിച്ച നിഴലിന്‍റെ ഉടയാടയുമായി കൃഷണശിലയില്‍ കൊത്തിയെടുത്ത മനോഹര ശില്പംപോലെ എണ്ണക്കറുമ്പിയായ യക്ഷി കളത്തിനു നടുവില്‍ എഴുന്നേറ്റുനിന്നു. കുത്തുവിളക്കുമായി തമ്പി അവളുടെ  അടുത്തേക്കു ചെന്നു. വിളക്കിന്റെ  തിരിനാളം അവളുടെ നേരേ പിടിച്ചുകൊണ്ട് നിഴല്‍ ഒളിച്ചുപിടിച്ച അവളുടെ ബാക്കി നഗ്നതകൂടി   അയാള്‍ കൊതിയോടെ നോക്കിക്കണ്ടു.   

“ന്‍റെ പിന്നാലെ വരിക. ”  

രാമഭദ്രന്‍തമ്പി യക്ഷിയോട് ആജ്ഞാപിച്ചു കൊണ്ടു മുന്‍പേ നടന്നു. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ യക്ഷി അയാളുടെ പിന്നാലെ കിടക്കറയിലേക്ക് നടന്നു...

വായന നിര്‍ത്തി പുസ്തകം നെഞ്ചിലേക്ക് കമിഴ്ത്തി കൊച്ചെറുക്കന്‍ കണ്ണുകളടച്ചു കിടന്നു. യക്ഷിയുടെ സുന്ദരമായ നഗ്നമേനിയും  ആ നഗ്നതയില്‍ രാമഭദ്രന്‍തമ്പി നടത്തിയ ദീര്‍ഘമായ വേഴ്ചകളും കൊച്ചെറുക്കന്‍ അവന്‍റെ മനോമുകുരത്തില്‍ ഒരിക്കല്‍ക്കൂടി കണ്ടു. ഹേഷാരവം മുഴക്കികൊണ്ട് കാട്ടുകുതിരകള്‍ കൊച്ചെറുക്കന്റെ തുടകള്‍ക്കിടയിലൂടെ കുതിച്ചുപാഞ്ഞു. കൊച്ചെറുക്കന്‍   ഉറക്കത്തിലേക്കു നടന്നിറങ്ങി.

ഉറക്കത്തില്‍ കൊച്ചെറുക്കനൊരു സ്വപ്നം കണ്ടു. പാടത്തിനക്കരെ ഇരുളില്‍ കറുത്ത ഭൂതങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനമേട്ടിലെ കരിമ്പനകളില്‍ ഒരു കരിമ്പനയുടെ ഓലകള്‍മാത്രം കൊടുങ്കാറ്റടിച്ചെന്നപോലെ വല്ലാതെ ഇളകിയാടുന്നു. ദ്രുതതാളത്തില്‍ മുടിയഴിച്ചു നൃത്തം ചെയ്യുന്ന യക്ഷിപോല്‍ കരിമ്പനയോലകള്‍ ഇളകിയാടി. കരിമ്പനമുകളില്‍നിന്നും യക്ഷിയുടെ   ഉറക്കെയുള്ള പൊട്ടിച്ചിരി കൊച്ചെറുക്കന്‍ കേട്ടു. കരിമ്പനകള്‍ കൈമാടിക്കൊണ്ട് അവനെ കരിമ്പനമേട്ടിലേക്ക് വിളിച്ചു.

കരിമ്പന മുകളിലെ മാളിക

യക്ഷിപ്പെണ്ണ് കരിമ്പനമുകളിലെ മായാമാളികയില്‍ പകലുറക്കം കഴിഞ്ഞെഴുന്നേറ്റു. എണീറ്റപാടെ പതിവുപോലെ കണ്ണാടിയുടെ മുന്‍പില്‍ ചെന്നവള്‍നിന്നു. ഒരിക്കല്‍ അതിമനോഹരമായിരുന്ന അവളുടെ കണ്ണുകളിപ്പോള്‍ കുഴിയിലാണ്ടു തുടങ്ങി. ആ വലിയ കണ്ണുകള്‍ക്കു ചുറ്റുംപടരുന്ന കറുപ്പുരാശിയില്‍ നോക്കിയവള്‍ നെടുവീര്‍പ്പിട്ടു. അവളുടെ കവിളിന്റെ അരുണിമ നഷ്ടപ്പെട്ടു വല്ലാതെ വിളറിയിരിക്കുന്നതില്‍ അവള്‍ അതിയായി ദുഖിച്ചു. കവിളൊട്ടി എല്ലുകള്‍ തെളിഞ്ഞു തുടങ്ങി. ഇങ്ങനെപോയാല്‍ തന്‍റെ കുലം അധികം താമസിയാതെ ഇല്ലാതാകുമെന്നവള്‍ അങ്കലാപ്പോടെ ചിന്തിച്ചു. തേജസും ഓജസുമൊക്കെ തിരികെ കിട്ടാനായി ഒരല്പം ചുടുചോര കുടിക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു. 

കലികാലമായതിനാല്‍ അല്ലെങ്കില്‍തന്നെ അവള്‍ക്കിപ്പോള്‍ കണ്ടകശനിയുടെ അപഹാരമാണ്. പാലമരങ്ങള്‍ ഇല്ലാതായതും കരിമ്പനകളുടെ എണ്ണം കുറഞ്ഞു വരുന്നതുമെല്ലാം അവളുടെ ആവാസവ്യവസ്ഥയെതന്നെ താറുമാറാക്കി. അവശേഷിച്ചിരുന്ന   യക്ഷികാവുകളും കുറ്റിക്കാടുകളും തൊഴിലുറപ്പ് പെണ്ണുങ്ങള്‍ചേര്‍ന്നു വെട്ടിവെളുപ്പിച്ച് അവിടെയെല്ലാം മഴക്കുഴിതോണ്ടി കഴിഞ്ഞു.   ഇടവഴികളെല്ലാം പഞ്ചായത്തുകാര്‍ ഏറ്റെടുത്തു താറിട്ടതിനാല്‍ ആളുകള്‍ വഴിനടപ്പും നിര്‍ത്തി. ബൈക്കിലും ഓട്ടോറിക്ഷയിലുമായി എല്ലാവരുടെയും സഞ്ചാരം. അതുകൊണ്ടുതന്നെ മോഹിപ്പിച്ചു മയക്കിയെടുക്കാന്‍ പറ്റിയ ഏകാന്ത പഥികരെ കിട്ടാനും വളരെ പ്രയാസമായി.  

മാറുന്ന നാടും പരിസ്ഥിതിയും എന്നാല്‍ അതിനൊപ്പം മാറാത്ത മാമൂല്‍ ആചാരങ്ങളുമാണ് അവള്‍ക്കിപ്പോള്‍ വിനയായത്.  ചെറുപ്പക്കാരായ ആളുകള്‍ വെറ്റിലമുറുക്ക് എന്ന ശീലം തന്നെ ഉപേക്ഷിച്ചിരിക്കുന്നു. വയസന്മാര്‍പോലും ഇപ്പോള്‍ മുറുക്കാന്‍പൊതിയോ ചുണ്ണാമ്പോ കൊണ്ടുനടക്കാറുമില്ല. പലപ്രാവശ്യം അവളും കൂട്ടുകാരികളും പാതാളലോകത്തു ചെന്ന് ഈ മുടിഞ്ഞ ദുരാചാരമായ ‘ചുണ്ണാമ്പു ചോദ്യവും, ചുണ്ണാമ്പു വാങ്ങലും’ നിര്‍ത്തലാക്കണമെന്ന് അപേക്ഷ നല്‍കിയതാണ് പക്ഷേ അപ്പോഴൊക്കെ “ ഇതൊക്കെ പണ്ടേയുള്ള ആചാരമാണ് അതൊന്നും ഒഴിവാക്കാന്‍ പറ്റില്ല. ആചാരങ്ങള്‍ പാലിക്കാനുള്ളതാണ്‌ അതു ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ ദേവന്മാര്‍ പിണങ്ങും, കുലം മുടിയും പിന്നെ പാതാളവും നശിക്കും.” 

  

സന്ധ്യയായി. കരിമ്പനമേട്ടില്‍ ഇരുളുവീഴാന്‍ തുടങ്ങി. പുളിയിലക്കരമുണ്ടും ഒന്നരയും ചുറ്റിയ യക്ഷിപ്പെണ്ണ് തലയില്‍ നിറയെ പാലപ്പൂവും ചൂടി മോഹിനി വേഷത്തില്‍ ഏകാന്തരായ വഴിപോക്കരെയും പ്രതീക്ഷിച്ചുകൊണ്ട്‌ പാലമരത്തിനു പിന്നില്‍ പതിവുപോലെ മറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറെയധികം നേരമായി. അക്കരെക്കുന്നിലുള്ള  ആദിവാസി കുടിലിലെ  റേഡിയോയില്‍ നിന്നു  “ വരുവാനില്ലാരുമേ വിജനമാം  ഈ വഴി........” എന്ന ചലച്ചിത്രഗാനം അപ്പോള്‍ ഉറക്കെ ഒഴുകിയെത്തിയത്  തികച്ചും യാദൃശ്ചികമെങ്കിലും  ആ ഗാനം സന്ദര്‍ഭത്തിനനുയോജ്യവും സാധാരണയായി യക്ഷിപ്പെണ്ണുങ്ങള്‍ പാടുന്ന തരത്തിലുള്ള ഒരു വിഷാദഗാനവും ആയതിനാല്‍ ഇവിടെ എടുത്തു പറയുന്നു എന്നു മാത്രം.

അകലെ നിന്നും ഒരു ബൈക്ക് ചീറിപ്പാഞ്ഞു വരുന്നുണ്ട്. പാലമരം കടന്നുപോയ ബൈക്ക് അല്‍പ്പം മാറിയുള്ള കലുങ്കിനു മുകളില്‍  എത്തിയപ്പോള്‍ പെട്ടന്നു നിന്നു. ബൈക്ക് തിരിച്ചോടിച്ചു പാലമരച്ചുവട്ടില്‍ കൊണ്ടുവന്നു നിര്‍ത്തി. നിര്‍ത്തിയ ബൈക്കില്‍ നിന്നും  രണ്ടു ‘ഫ്രീക്കന്‍ ചെക്കന്മാര്‍’ ഇറങ്ങിവന്നു. ഒരുമുഴം കനകാംബരവും മുടിയില്‍തിരുകി കിഴക്കേകോട്ട ബസ്‌സ്റ്റാന്‍ഡിലെ നിഴല്‍പാടുകളില്‍ അന്തിക്കു ഇടപാടുകാരെ കാത്തുനില്‍ക്കുന്ന ഉടല്‍കറുത്ത പെണ്ണുങ്ങളോടെന്നപോലെ കാഴ്ചയില്‍ കറുമ്പിയായ യക്ഷിപ്പെണ്ണിനോടും കൂസലന്യേനെ അവര്‍ ചോദിച്ചു.

“ചാച്ചി വരുന്നോ റൂമുണ്ട്‌” 

യക്ഷിപ്പെണ്ണ് ഫ്രീക്കന്മാരെ ആപാദചൂഡം നോക്കി. ധാരാളം ചോരയും നീരും ഉണ്ണിക്കുടവയറുമായി കൊഴുകൊഴുത്തു  കൊഴക്കട്ടപോലുള്ള മിനുമിനുത്ത ദേഹങ്ങള്‍ ആവോളം കിട്ടിയിരുന്ന നാളുകള്‍ അവളുടെ ഓർമയില്‍ ഒരു നഷ്ട്ടവസന്തത്തിന്‍റെ വേദനകള്‍ തീര്‍ത്തുകൊണ്ട് ഫ്ലാഷ്ബാക്കായി അപ്പോള്‍ കടന്നുവന്നു.  

ദാണ്ടെ ഇപ്പോള്‍ അവളുടെ മുന്നില്‍ നില്‍ക്കുന്നു, പേനും ഈരും മേഞ്ഞുനടക്കുന്ന വലിയ പടപ്പതലയും അതിലെയും ഇതിലെയുമായി നീണ്ടുവളര്‍ന്ന ആട്ടുകൊറ്റന്‍ താടിയുമുള്ള രണ്ടെണ്ണം. അവള്‍ അവജ്ഞയോടെ അവരെ നോക്കി. മുഷിഞ്ഞു നാറിയ വേഷം, മെലിഞ്ഞു തൊലിഞ്ഞു ചോരയും നീരുമില്ലാത്ത അവരുടെ വായില്‍ നിന്നു വരുന്നതോ താംബൂലത്തിന്റെ സുഗന്ധത്തിനു പകരം ബണ്ട് കോളനിയില്‍ അട്ടയും ബാറ്ററിയും ഇട്ടുവാറ്റുന്ന കൂതറ നാടന്‍ സോമരസത്തിന്റെ വൃത്തികെട്ട നാറ്റവും. യക്ഷിപ്പെണ്ണിനു വല്ലാതെ മനംപുരട്ടി ഓക്കാനം വന്നു. അവള്‍  അവിടെനിന്നു പെട്ടന്നു മറഞ്ഞു കളഞ്ഞു. 

ഫ്രീക്കന്മാരുടെ ബൈക്ക് അകന്നുപോകുന്ന ശബ്ദം കേട്ടപ്പോള്‍ യക്ഷിപ്പെണ്ണ് വീണ്ടും പാലചുവട്ടില്‍ ചെന്നു വഴിയിലേക്കും കണ്ണുംനട്ടു നില്‍പ്പായി. വഴിയില്‍ അപ്പോള്‍ നല്ല ഇരുട്ടു വീണു കഴിഞ്ഞു. അകലെ നിന്നാരോ ഒറ്റയ്ക്കു നടന്നുവരുന്നതവള്‍  ആഹ്ളാദത്തോടെ നോക്കിക്കണ്ടു. ഏകാന്തനായ ആ പഥികന്‍  പാലമരത്തിനു അടുത്തെത്തിയപ്പോള്‍ യക്ഷിപ്പെണ്ണ് ചോദിച്ചു.  

“അതേ ഒന്നവിടെ നിക്കോ? ”

ഒരു ഏക്‌താരയില്‍ മീട്ടിയപോലുള്ള മധുരമായ സ്വരം കേട്ടപ്പോള്‍ നടന്നു വന്നയാള്‍ ശബ്ദം കേട്ടിടത്തേക്ക് നോക്കി. അപ്പോള്‍ യക്ഷിപ്പെണ്ണ് വശ്യമായി ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഇച്ചിരെ ചുണ്ണാമ്പുണ്ടോ ആവോ, ഒന്നു വെറ്റില മുറുക്കാന്‍ ? ”

വഴി യാത്രക്കാരന്‍ യക്ഷിപ്പെണ്ണിന്‍റെ മുഖത്തേക്ക് നോക്കി. വായില്‍ നിറഞ്ഞ മുറുക്കാന്‍ റോഡിലേക്ക് തുപ്പി. പിന്നെ യക്ഷിപ്പെണ്ണിന്‍റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു

“ ദീദി, ആപ് ക്യാ പൂച്നാ ? മേരേ കോ സമച്നാ നഹി  ” 

‘ന്‍റെ ഭഗോതീ സംഗതി കൊഴഞ്ഞല്ലോ. ഇയാളോടിപ്പ എങ്ങനാ ചുണ്ണാമ്പ് ചോദിക്ക’. യക്ഷിപ്പെണ്ണ്  ഇച്ചിരെ ഉറക്കെ തന്നെ ആത്മഗതം ചെയ്തുപോയി. യക്ഷിയാണെങ്കിലും അവള്‍ ആസമയം അറിയാതെ ഭഗവതിയെ വിളിച്ചുപോയി. വള്ളുവനാടന്‍  മലയാളം മാത്രം പറയുകയും അതുമാത്രം അറിയുകയും ചെയ്യുന്ന കുലത്തില്‍ പിറന്ന യക്ഷിപ്പെണ്ണ് എങ്ങനെ മറ്റു  ഭാഷകള്‍  കൈകാര്യം ചെയ്യും.? 

“അതേ ചുണ്ണാമ്പ്... ചുണ്ണാമ്പ്. മനസ്സിലായില്ല്യാന്നുണ്ടോ ഇയാള്‍ക്ക്? ” 

എന്താണ് ചോദിക്കുന്നതെന്ന് പഥികനു പിടികിട്ടിയില്ലെന്നു മുറുക്കാന്‍കറ പിടിച്ച പല്ലും കാണിച്ചു വായും തുറന്നുള്ള അവന്‍റെ   നില്‍പ്പു കണ്ടപ്പോള്‍ യക്ഷിപ്പെണ്ണിനു മനസ്സിലായി. യക്ഷിപ്പെണ്ണ് കൈത്തലം വിടര്‍ത്തി വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കുന്നപോലെ ആംഗ്യം കാണിച്ചു. എന്നിട്ടതു മടക്കി വായിലിടുന്നപോലെ അഭിനയിച്ചും കാണിച്ചു. ഇപ്പോള്‍ ഏകാന്തപഥികനു കാര്യം മനസ്സിലായി. അയാളുടെ മുഖംവിടര്‍ന്നു. അതുകണ്ടപ്പോള്‍  യക്ഷിപ്പെണ്ണിനും  സന്തോഷമായി.  

യാത്രികന്‍ പറഞ്ഞു–

“അഭി സമച്ച് ഗയീ, ചൂര്‍ണാ? ലേകിന്‍ ദീദി, മേരെ പാസ്‌ ചൂര്‍ണാ നഹി. ആപ്കോ പാന്‍- പരാഗ് ചാഹിയെ?”   

പോക്കറ്റില്‍ നിന്ന് പാന്‍-പരാഗിന്റെ തിളങ്ങുന്ന ഒരു പായ്ക്കറ്റെടുത്ത് യക്ഷിപ്പെണ്ണിനു നേരെ നീട്ടിക്കൊണ്ടയാള്‍ ചോദിച്ചു.

നിരാശാഭരിതയെങ്കിലും മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ യക്ഷിപ്പെണ്ണ് പാലമരച്ചുവട്ടില്‍ തന്നെ നിന്നു. അപ്പോഴാണ്  കൊച്ചെറുക്കന്‍ ആ വഴിക്കു ചെല്ലുന്നത്. അങ്ങാടീന്നു തിരിച്ചു വരുമ്പോള്‍ ഇച്ചിരി ചുണ്ണാമ്പ് വാങ്ങി വരണമെന്ന് അപ്പച്ചി കൊച്ചെറുക്കനോട് വാട്ട്സാപ്പു ചെയ്തതു കൊണ്ട്.  ചുണ്ണാമ്പു സഹിതമാണ് കൊച്ചെറുക്കന്റെ വരവ്‌. 

പാലപ്പൂവിന്‍റെ  മണം മൂക്കിലടിച്ചപ്പോള്‍ കൊച്ചെറുക്കന്‍  സ്വപ്നകാമുകിയായ യക്ഷിയെ ചുമ്മാതോര്‍ത്തു. ഏതോ ആലോചനയില്‍ നിമഗ്നയായിരുന്നതിനാല്‍  യക്ഷിപ്പെണ്ണാകട്ടെ കൊച്ചെറുക്കന്‍ വരുന്നതൊന്നും  അറിഞ്ഞതുമില്ല. പാലമരച്ചുവട്ടില്‍  വെളുത്ത വസ്ത്രത്തിന്റെ അനക്കം  കണ്ട കൊച്ചെറുക്കന്‍ വല്ല  നേരമ്പോക്കും തരാവുമോ എന്നറിയാനായി  അവിടേക്ക് നടന്നു ചെന്നു.  കൊച്ചെറുക്കന്റെയും  യക്ഷിപ്പെണ്ണിന്‍റെയും  കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞു. അവള്‍ വായ തുറക്കാന്‍ തുടങ്ങിയപ്പഴേ  കൊച്ചെറുക്കന്‍ അങ്ങോട്ട്‌  ചോദിച്ചു.  

“ചുണ്ണാമ്പ് വേണമായിരിക്കും അല്ലെ ? ”

കൊച്ചെറുക്കന്‍റെ ചോദ്യം കേട്ടവളതിശയിച്ചു. പിന്നെ അതെയെന്നു തലയാട്ടി. കൊച്ചെറുക്കന്‍ കയ്യിലിരുന്ന ചുണ്ണാമ്പു മുഴുവനും  അവള്‍ക്കു നല്‍കി. അവളുടെ അനുമതി കാത്തു നില്‍ക്കാതെ കൊച്ചെറുക്കന്‍ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ വലിയ മുലകള്‍ക്കിടയില്‍ അവന്റെ മുഖം പൂഴ്ത്തി. പാലപ്പൂവിന്റെ സുഗന്ധമുള്ള അവളുടെ വിയര്‍പ്പിന്‍റെ കണികകള്‍ കൊച്ചെറുക്കന്റെ രസമുകുളങ്ങളില്‍ ഉപ്പുനിറച്ചു. ഉന്മത്തനായ കൊച്ചെറുക്കന്‍റെ സിരകളിലൂടെ രക്തം കുത്തിയൊഴുകി. അമാനുഷിക കരുത്തുമായി മാന്ത്രികനായ രാമഭദ്രന്‍തമ്പിയുടെ ആത്മാവപ്പോള്‍ അവനില്‍ ആവേശിച്ചു. 

ഒരു പൂച്ചക്കുഞ്ഞിനെ കഴുത്തില്‍തൂക്കിയെടുക്കുന്ന ലാഘവത്തോടവള്‍ കൊച്ചെറുക്കനെയും ചേര്‍ത്തുപിടിച്ചുകൊണ്ട് ആകാശത്തിലേക്കു പറന്നുയര്‍ന്നു. ആകാശത്തിലൂടെ സഞ്ചരിച്ചുകൊണ്ട് നിമിഷങ്ങള്‍ക്കകം അവള്‍ കരിമ്പന മുകളിലെ   മാളികയിലെത്തി.

നേരം വെളുത്തപ്പോള്‍ കൊച്ചെറുക്കന്‍ കണ്ണുതിരിച്ചു ചുറ്റും പരതി നോക്കി. താന്‍ കിടക്കുന്നത് രാത്രിയില്‍ കിടന്ന മൃദുവായ തൂവല്‍കിടക്കയിലല്ല കരിമ്പനമേട്ടിലെ പാറക്കെട്ടിനിടയിലാണെന്നു അവനു മനസ്സിലായി. അവന്‍റെ കണ്ണുകള്‍ അവിടെ മുഴുവന്‍ തിരഞ്ഞെങ്കിലും അവളെ അവിടെയെങ്ങും കണ്ടില്ല. 

തലേന്ന് നടന്നതൊക്കെ കൊച്ചെറുക്കന്‍ ഓര്‍മ്മിച്ചെടുക്കാന്‍ നോക്കി. കരിമ്പനമുകളിലെ മാളികയില്‍ എത്തിയപാടെ ഭ്രാന്തമായ ആവേശത്തോടെ അവളിലേക്കു പടരുകയായിരുന്നു കൊച്ചെറുക്കന്‍. ഇച്ചിരെ നേരം കഴിഞ്ഞപ്പോഴേക്കും കൊച്ചെറുക്കന്റെ അരക്കൂട്  വല്ലാതെ തളരാന്‍ തുടങ്ങി. കിതപ്പില്‍ നെഞ്ചിന്‍കൂടു തകര്‍ന്നു ഹൃദയം പുറത്തേക്ക് ചാടുമെന്നു തോന്നിയപ്പോള്‍ കാമത്തിന്റെ പരകോടിയില്‍ ത്രസിച്ചു നില്‍ക്കുന്ന അവളുടെ പാലപ്പൂമണക്കുന്ന മുലകളില്‍ മുഖംപൂഴ്ത്തി കൊച്ചെറുക്കന്‍ തളര്‍ന്നുവീണു.  തളര്‍ന്നു പോയ കൊച്ചെറുക്കനെ അവള്‍ അവളുടെ നെഞ്ചില്‍ നിന്നിടംകയ്യാലെടുത്തു മാറ്റി. പിന്നെ അവന്റെമേല്‍ ഒരു നാഗകന്യകയെപ്പോല്‍ സീല്‍ക്കാരത്തോടെ  ഇഴഞ്ഞുകയറി കൊച്ചെറുക്കന്റെ കഴുത്തിലേക്ക് അവളുടെ ചുണ്ടുകള്‍ ചേര്‍ത്തു.  അവളുടെ കോമ്പല്ലുകള്‍ കൊച്ചെറുക്കന്റെ  കഴുത്തില്‍ മുറിപ്പാടിന്റെ നീറ്റല്‍ ഏല്‍പ്പിച്ചപ്പോള്‍ കൊച്ചെറുക്കന്‍ വല്ലാത്തൊരു   നിര്‍വൃതിയില്‍ പുളഞ്ഞു. പിന്നെ പ്രാണന്‍ അല്‍പ്പാല്‍പ്പമായി അവളിലേക്ക്‌ ഒഴുകി ചെല്ലുന്നതിന്‍റെ താളം അവന്‍ തിരിച്ചറിഞ്ഞു.

കൊച്ചെറുക്കന്‍ മുകളിലേക്കു നോക്കി തലേന്നു കണ്ട മാളിക അവിടെയെങ്ങും കണ്ടില്ല. ചുറ്റും നോക്കിയ കൊച്ചെറുക്കന്‍ കരിമ്പന ചുവട്ടില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന അവന്‍റെ എല്ലിന്‍ കഷണങ്ങളും മുടിയും നഖവും കണ്ടു. കൊച്ചെറുക്കനെ  അന്വേഷിച്ചുനടന്ന നാട്ടുകാര്‍ക്ക്‌ പാലമരത്തിന്‍റെ ചുവട്ടില്‍ നിന്നും ഒരുപൊതി ചുണ്ണാമ്പുകിട്ടി. അവര്‍ അതും കയ്യിലെടുത്തുകൊണ്ട്‌  കരിമ്പനമേട്ടിലേക്ക് നടന്നു വരുന്നത് അകലെ നിന്നുതന്നെ കൊച്ചെറുക്കന്‍ കണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com