'മനുഷ്യർക്ക് വേദന ഉണ്ടാകുന്ന കാര്യങ്ങൾ വേഗം ചെയ്തു തീർക്കണം' ഒരു നഴ്സിന്റെ ഓർമ കുറിപ്പ്
Mail This Article
ഒരു ഉറുമ്പ് കടിക്കുന്ന വേദന (ഓർമകുറിപ്പ്)
ജീവിതത്തിൽ ഏറ്റവും കൂടുതൽ കള്ളം പറഞ്ഞിരിക്കുന്നത് നഴ്സ് ആയതിൽ പിന്നെ ആണോ എന്ന് സംശയം ഉണ്ട്. പലപ്പോഴായി പല സാഹചര്യങ്ങളിലായി നല്ല മിനുസമുള്ളതും, മധുരമുള്ളതും, വറുത്തതും പൊരിച്ചതും ആയ കള്ളങ്ങൾ.
പഠനകാലയളവിൽ പറഞ്ഞു ശീലിച്ച് ഇന്നും പറയുന്ന കള്ളം ആണ്. ‘‘ഏയ് ഇല്ല ഉറുമ്പ് കടിക്കുന്ന വേദനയെ ഉള്ളൂ.’’ ആദ്യമായി ഇൻജെക്ഷൻ ട്രേ ടെസ്റ്റ് ചെയ്തു ഇൻട്രാ മാസ്ക്കുലാർ ഇൻജെക്ഷൻ എടുക്കുന്നത് ഫസ്റ്റ് ഇയറിൽ ആണ്. നിതംബത്തിൽ മസിൽ ഉണ്ട് എന്നും അതാണ് വലിയ മസിൽ എന്നും ആദ്യമായി മനസ്സിലാക്കിയ കാലഘട്ടം. തിയറിയിൽ, ഇൻജെക്ഷൻ വയ്ക്കുന്ന സ്ഥലങ്ങളും, എങ്ങനെ എവിടെ കുത്തണം, സൂചി എങ്ങനെ പിടിക്കണം എന്നും ഒക്കെ പഠിച്ചു.
ക്ലിനിക്കൽ ലാബിലെ ഡമ്മിയെ ചറപറാ കുത്തി പഠിച്ചു. മാഡത്തിന്റെ മുന്നിൽ ഡെമോൺസ്ട്രേഷനും കഴിഞ്ഞു. ഇനിയുള്ള കടമ്പ യഥാർഥ ഒരു മനുഷ്യനെ കുത്തി വയ്ക്കുക. ദൈവമേ തലേന്ന് രാത്രി ഇതിനെക്കുറിച്ച് ഒരു ക്ലൂ കിട്ടിയിരുന്നെങ്കിൽ ഞാൻ ഓടി രക്ഷപെട്ടേനെ. എവിടേക്ക് ഓടാൻ എന്ന് ആലോചിക്കുന്നവർക്ക് ക്ലാരിഫിക്കേഷൻ തരാം.
വൈകുന്നേരം ഞങ്ങൾക്ക് തിയറി ക്ലാസ്. രാവിലെ ക്ലിനിക്കിൽ, തുണി മുക്കി തുടയ്ക്കൽ ബെഡ് വിരിക്കൽ ഒക്കെ ആദ്യം കുറച്ചു നാൾ. പിന്നെ പിന്നെ ബിപി നോക്കൽ, ബെഡ് ബാത്ത് കൊടുക്കൽ, ഡ്രസിങ് ഇതൊക്കെ ചെയ്യും. 50 പേരുള്ള ബാച്ചിൽ, ഒരു വാർഡില്‍ 7–10 പേർ ഉണ്ടായിരുന്നു. അപ്പോൾ ടീച്ചർമാർ ഇടയ്ക്കിടയ്ക്ക് വന്നു നമ്മളെ നോക്കും. രാവിലെ മുതൽ ചുമ്മാ വല്ല ട്രേയും പിടിച്ചു നിൽക്കുന്നവർ ടീച്ചർ വരുന്നു എന്ന് കണ്ടാൽ രോഗിയുടെ മെക്കിട്ടു കയറി ജോലി ചെയ്യും.
എന്റെ ഒരു അടുത്ത കൂട്ടുകാരി ഉണ്ടായിരുന്നു പേര് പറയില്ല. ടീച്ചർ വരുമ്പോൾ എവിടെനിന്നേലും ഒരു ബിപി മെഷീൻ എടുത്ത് ബിപി നോക്കും. അങ്ങനെ ഓൾ രക്ഷപെടും. നമ്മൾ രാവിലെ തൊട്ടു നടുവ് ഒടിഞ്ഞു പണി എടുത്ത് ഒന്ന് നിവരുമ്പോൾ ഇവർ വന്നു ചോദിക്കും. ‘‘ഓഹോ ചുമ്മാ നിൽപ്പാണല്ലേ എന്നാൽ വാ ഇൻജെക്ഷൻ ഒക്കെ പഠിച്ചതല്ലേ ട്രേ സെറ്റ് ചെയ്തോ നമുക്ക് പേഷ്യന്റിനു കൊടുക്കാം എന്ന്’’.
കണ്ണ് തള്ളി എന്നു മാത്രം അല്ല, ഭൂമി രണ്ടായി പിളർന്നു പോയാൽ മതി എന്നു തോന്നിയ സമയം ആയിരുന്നു അത്. ഒടുവിൽ എങ്ങനെയോ, തട്ടി കൂട്ടി ഒരു ട്രേ സെറ്റ് ആക്കി. ഞെട്ടിപ്പിക്കുന്ന ഒരു സത്യം ഞാൻ അന്ന് അറിഞ്ഞു. ഇന്ന് അന്യം നിന്നു പോയ ചില്ലു സിറിഞ്ച് ആണ് ഞങ്ങളുടെ ഗവൺമെന്റ് ആശുപത്രിയിൽ അന്ന് ഉപയോഗിച്ചത്. ഞാൻ ചെയ്തു പഠിച്ചതൊക്കെ പ്ലാസ്റ്റിക് സിറിഞ്ചിലും.
സംഭവം തിയറി ഒക്കെ സെയിം ആണ്. പക്ഷേ പ്ലാസ്റ്റിക് സിറിഞ്ചിൽ മരുന്ന് നിറച്ചാൽ പിന്നെ എയർ ഉണ്ടോ എന്നു നോക്കി, ഇല്ല എന്ന് ഉറപ്പു വരുത്തിയിട്ട് സ്ഥലം കണ്ടു പിടിച്ചു കുത്തിയാൽ മതി. പക്ഷേ ഈ ചില്ലു സിറിഞ്ചിൽ പണി പാളും. ഇത് ഞെക്കുന്ന പിസ്റ്റൺ അല്ലേ അത് ചെറു വിരൽ കൊണ്ട് എപ്പോഴും താങ്ങണം കൈവിട്ടാൽ സാധനം നിലത്തു വീണു പോകും. ഗ്ലാസു പൊട്ടും മരുന്നും പോകും.
പേടിച്ചരണ്ട മാൻ പേടയെ പോലെ ഞാൻ മരുന്ന് വലിച്ചു. ചെറുവിരൽ പിസ്റ്റണിൽ, ചൂണ്ടു വിരലും തള്ള വിരലും കൊണ്ട് സിറിഞ്ചിൽ സൂക്ഷിച്ചു നോക്കിയാൽ ഭരതനാട്യം പോലെ തന്നെ. എന്റെ കാട്ടായം കണ്ടു മാഡം പറഞ്ഞു. ‘‘വെയിറ്റ് മാ, വി കാൻ ഗിവ് ഇൻ ഡിസ്പോസബിൾ സിറിഞ്ച്.’’
വരാനിരുന്ന ഹാർട്ട് അറ്റാക്ക് പകുതിക്ക് നിന്ന പോലത്തെ സുഖം ഞാൻ അനുഭവിച്ചു. പ്ലാസ്റ്റിക് സിറിഞ്ചിൽ സംഭവം ഫുൾ സെറ്റ് ആക്കി. അതും ചുമന്ന് അഭിമാനത്തോടെ ഞാൻ ടീച്ചറിനൊപ്പം പേഷ്യന്റിന്റെ അടുത്തേക്കു പോയി.
ടീച്ചർ പേഷ്യന്റിനോട് പറഞ്ഞു, ‘‘സ്റ്റുഡന്റ് ആണ്, ഇൻജെക്ഷൻ എടുക്കുകയാണ് ഓക്കേ അല്ലേ എന്ന്’’ ആ അമ്മച്ചി എന്നെ ഒന്ന് നോക്കി. നിനക്ക് ഒക്കെ വല്ല കോപ്പും അറിയാമോ എന്ന നോട്ടം. അന്ന് ആദ്യമായി കണ്ടു. പിന്നീട് പലപ്പോഴായി നേഴ്സ് ആയി ജോലി ചെയ്തപ്പോഴും കണ്ടിട്ടുണ്ട്. അമ്മച്ചി ഓക്കേ പറഞ്ഞപ്പോൾ ഞാൻ സൈറ്റ് ലൊക്കേറ്റ് ചെയ്യാൻ തുടങ്ങി. കിണറു കുത്താൻ സ്ഥാനം നോക്കുന്ന പോലെ ഞാൻ സ്ഥാനം നോക്കി.
ഇടുപ്പ് എല്ലിൽ കൈപ്പത്തി കുത്തി ചൂണ്ടു വിരൽ നീക്കി മനസ്സിൽ ത്രികോണം കണ്ടു. അതിന്റെ ഇമാജിനറി സെന്റ്‍ പോയിന്റിൽ കുത്താൻ തുനിഞ്ഞപ്പോൾ അമ്മച്ചി ഒന്ന് നിരങ്ങി. ദൈവമേ ഇടുപ്പെല്ല് മിസ്സായി മൊത്തം കാൽക്കുലേഷൻ തെറ്റി, വീണ്ടും സ്ഥാനം പിടിച്ചപ്പോൾ അവരുടെ ചോദ്യം ‘‘ഒത്തിരി വേദനിക്കുമോ’’. പിന്നെ സൂചി കുത്തിക്കേറ്റി ഇറക്കിയാൽ വേദനിക്കില്ലേ പെണ്ണുമ്പിള്ളേ എന്ന് ഞാൻ മനസ്സിൽ ഓർത്തു. ഞാൻ മിണ്ടുന്നതിനു മുൻപ് ടീച്ചർ പറഞ്ഞു. ‘‘ഇല്ല അമ്മ, ഒരു ഉറുമ്പ് കടിക്കുന്ന വേദനയേ ഉള്ളൂ.’’ എന്നിട്ടു വേഗം എന്ന് എന്നെ കണ്ണ് കാണിച്ചു.
ഞാൻ ടപ്പേ എന്ന് കുത്തി ബാക്ക് ഫ്ലോ ബ്ലഡ് ഉണ്ടോ എന്നു നോക്കി. (മസിലിൽ ഇൻജെക്ഷൻ എടുക്കുമ്പോൾ സിറിഞ്ച് പിസ്റ്റൺ വലിച്ചു നോക്കും ബ്ലഡ് കിട്ടിയാൽ സ്ഥാനം തെറ്റി എന്നാണ് ശാസ്ത്രം) ഒന്നും ഇല്ല അപ്പോൾ സ്ഥാനം ഓക്കേ, മരുന്ന് കുത്തി ഇറക്കി സിറിഞ്ച് വലിച്ചു. അമ്മച്ചിക്ക് കാര്യം മനസ്സിലാകുന്നതിനു മുൻപ് ഇൻജെക്ഷൻ തീർന്നു. അന്ന് ഞാൻ മനസ്സിലാക്കിയ സത്യം ആണ് മനുഷ്യർക്ക് വേദന ഉണ്ടാകുന്ന കാര്യങ്ങൾ വേഗം ചെയ്തു തീർക്കുക, വേദന എടുക്കില്ല എന്നൊരിക്കലും പറയരുത് എന്നാൽ നന്നായി വേദന എടുക്കും എന്നും പറയരുത്. ഉറുമ്പ് കടിക്കുന്ന വേദന അതാണ് ഡയലോഗ്.
കാലങ്ങൾക്കു ശേഷം പിന്നീട് ഒരിക്കൽ ഒരു നീർ കടിച്ചപ്പോൾ തോന്നി ഇതിലും ഭേദം എന്റെ ഇൻജെക്ഷൻ ആകും എന്ന്