അമ്മയ്ക്കു തീരെ സുഖമില്ല; 'കാണാൻ വരണമെന്നു ഞാൻ ആവശ്യപ്പെടില്ല, അതെല്ലാം നിന്റെ ഇഷ്ടം...'

Mail This Article
നിങ്ങൾ എന്നെ പ്രണയിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയില്ല. നമുക്കിടയിൽ അതെന്നേ തകർന്നു തരിപ്പണമായിക്കഴിഞ്ഞു. എന്നെ വെറുക്കാതിരിക്കാൻ ശ്രമിച്ചുകൂടേ? എല്ലാവരെയും ഉപേക്ഷിച്ചു നിങ്ങളുടെ കൂടെ ഇറങ്ങി വരുമ്പോൾ, നിങ്ങൾ എനിക്ക് എല്ലാം ആകുമെന്ന് കരുതി. ആദ്യനാളുകളിൽ അത് നിങ്ങളിൽ പ്രകടമായിരുന്നു. നിങ്ങൾ എന്ത് നേടണമോ അത് നേടിക്കഴിഞ്ഞതായാണ് പിന്നെയുള്ള പ്രവർത്തികൾ എന്നെ പഠിപ്പിച്ചത്. അതിനിടയിലും നിങ്ങൾ നിങ്ങളുടെ സന്തോഷങ്ങൾ നിലനിർത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഞാൻ ശൂന്യതകളുടെ വലിയ യുദ്ധമുഖത്തേക്ക് ഇറങ്ങുകയായിരുന്നെന്ന് എനിക്ക് മനസ്സിലായതേ ഇല്ല.
നിങ്ങളാണ് എന്റെ ലോകം, നിങ്ങൾ മാത്രം. നിങ്ങളില്ലാത്തപ്പോൾ എനിക്ക് കൂട്ട് ശ്യൂനത മാത്രമാണ്. ഞാൻ എല്ലാവരെയും എന്നിൽനിന്ന് തള്ളിപ്പുറത്താക്കി, നിങ്ങളുടെ ഗുഹയിലേക്ക് കയറിവരികയായിരുന്നു. നിങ്ങളുടെ ഗുഹയിൽ നിങ്ങൾ നാം ഒന്നിച്ചു ചേരുന്നതിനു മുമ്പ് വാഗ്ദാനം ചെയ്ത സ്വപ്‍നസുന്ദരലോകം ഉണ്ടാകും എന്ന് ഞാൻ കരുതി. സ്വപ്നങ്ങളും യാഥാർഥ്യങ്ങളും രണ്ടും രണ്ടാണെന്ന് ഞാൻ ഇപ്പോൾ ഗണിച്ചറിഞ്ഞിരിക്കുന്നു. ഒരിക്കൽ നിങ്ങൾ ഇല്ലാത്തപ്പോൾ ഞാൻ അമ്മയെക്കാണാൻ പോയിരുന്നു. അമ്മ ജോലിക്കാരിയെ വിട്ടു, എന്നെ തള്ളിമാറ്റി ഗേറ്റ് അടച്ചു. ഞാൻ എന്റെ മകളെ വിശ്വസിച്ചു എല്ലാം നൽകി, അവളെന്നെ ചതിച്ചു, മറ്റാര് ചതിച്ചാലും ഞാൻ സഹിക്കുമായിരുന്നു. ചതിക്ക് എന്റെ ജീവിതത്തിൽ വിട്ടുവീഴ്ചയില്ല. എന്നുറക്കെ ജോലിക്കാരിയോട് പറഞ്ഞു, അതെന്നോടാണെന്ന് എനിക്കറിയാമായിരുന്നു.
നിങ്ങളാണ് പറഞ്ഞത് ആരെയും അറിയിക്കരുതെന്ന്. എന്റെ അമ്മ എല്ലാം എന്നോട് തുറന്നു പറയുമായിരുന്നു. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഇല്ലായിരുന്നു. നിങ്ങളുടെ വാക്കുകൾ കേട്ട് ഞാൻ എന്റെ അമ്മയെ ചതിച്ചു. അമ്മയെ ചതിച്ച എനിക്ക് ജീവിതം ഇപ്പോൾ അതിനേക്കാൾ വലിയ വേദനകളും വേവലാതികളും നൽകി അനുഗ്രഹിച്ചിരിക്കുന്നു. കുട്ടികൾ ഇല്ലാത്തത് ഭാഗ്യം. എപ്പോഴാണ് നിങ്ങൾ എന്നെ കടത്തിണ്ണയിൽ തള്ളുക എന്നറിയില്ലല്ലോ! പ്രണയം ചിലപ്പോൾ കെട്ടുകാഴ്ച മാത്രമാണ്. മറ്റൊരാളെ സ്വന്തമാക്കാനുള്ള കെട്ടുകാഴ്ച. അത് നേടിക്കഴിഞ്ഞാൽ പിന്നെ അവിടെ പ്രണയം അപ്രത്യക്ഷമാകുന്നു. പിന്നെ പരസ്പരം പഴിചാരലുകൾ മാത്രം അവശേഷിക്കുന്നു. ശൂന്യതയും ജീർണതയും നമ്മുടെ രണ്ടുപേരുടെയും ജീവിതം തിന്നുതീർക്കുകയാണ്. എവിടെയാണ് എനിക്കൊരു അഭയം എന്നെനിക്കറിയില്ല. അല്ലെങ്കിൽ ഇനി അഭയം എന്നൊരു വാക്ക് ജീവിതത്തിൽ പ്രതീക്ഷിക്കാമോ എന്നും അറിയില്ല.
തലകുനിച്ചിരുന്നാൽ ജീവിതത്തിൽ ഒന്നിനും ഉത്തരമാകില്ല. നീ പറഞ്ഞ സ്വപ്‌നങ്ങൾ ഒന്നും വേണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. എന്നെ വെറുക്കാതിരിക്കാൻ ശ്രമിക്കുക, കാരണം ഞാനും അതിനാണ് ശ്രമിക്കുന്നത്. നന്മകൾ ഉണ്ടായില്ലെങ്കിലും, തിന്മകൾ നമുക്ക് ചുറ്റും വളർത്താതിരിക്കാൻ ശ്രമിക്കാം. എന്റെ വാക്കുകൾ അസഹ്യമാകുമ്പോൾ നിനക്ക് പുറത്തേക്കിറങ്ങിപ്പോകാം. ഞാൻ എങ്ങോട്ടാണ് പോകേണ്ടത്? രാത്രിയോ പകലോ ഇല്ലാത്ത, ഒരു വ്യക്തി എന്ന പരിഗണനകൂടിയില്ലാതെ എനിക്കെത്രദൂരം പിടിച്ചുനിൽക്കാൻ ആകും?
പെട്ടെന്ന് ഫോണടിച്ചു. അവർ ഫോണിലേക്ക് നോക്കി. ചേട്ടനാണ്. അമ്മയ്ക്ക് തീരെ സുഖമില്ല, വരണമെന്നോ, കാണണമെന്നോ ഞാൻ ആവശ്യപ്പെടില്ല. അതെല്ലാം നിന്റെ ഇഷ്ടം. അവൾ വേഗം വീട്ടിലേക്ക് ഓടി. വീട്ടുമുറ്റത്ത് ആളുകൾ ഉണ്ടായിരുന്നു. അത്രയധികം ആളുകളെ കണ്ടപ്പോൾ അവൾക്ക് ആധിയായി. ചേട്ടൻ വാതിലിൽത്തന്നെയുണ്ടായിരുന്നു. ഇനി നിന്നെ വീട്ടിലേക്ക് വരാൻ ആരും തടയില്ല, തടയേണ്ട ആൾ പോയിക്കഴിഞ്ഞിരുന്നു. ചേട്ടനെ കെട്ടിപ്പിടിച്ചു അവൾ ഉറക്കെ കരഞ്ഞു. അമ്മയോടെനിക്ക് മാപ്പു ചോദിക്കണം. അമ്മയോട് നിനക്ക് ഇനി മാപ്പു ചോദിക്കാനാവില്ല. അമ്മയെന്ന് നീ നെഞ്ചുപൊട്ടി വിളിച്ചു കരഞ്ഞാലും, ഒന്നും കേൾക്കുകയും പറയുകയും ചെയ്യാനാവാത്ത ഒരു ജഡം മാത്രമാണ് അവിടെ കിടക്കുന്നത്. മേൽവിലാസമില്ലാത്ത ഒരു ലോകത്ത് അമ്മയെ തിരയാനേ നിനക്കിനി കഴിയൂ.