പ്രിയയെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നു: അഡാറ് ലൗവിലെ ‘ടീച്ചർ’
![roshna-ann-roy roshna-ann-roy](https://img-mm.manoramaonline.com/content/dam/mm/mo/movies/interview/images/2019/2/19/roshna-ann-roy.jpg?w=1120&h=583)
Mail This Article
ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് പ്രദർശനം തുടരുകയാണ്. സിനിമയിലെ ഒരു ഗാനരംഗത്തിലെ പ്രിയ പി. വാരിയരുടെ കണ്ണിറുക്കലാണ് ചിത്രത്തെ ദേശീയതലത്തിൽ ശ്രദ്ധാകേന്ദ്രമാക്കിയത്. ഒന്നര വർഷത്തോളം നീണ്ട ഷൂട്ടിങ്, പോസ്റ്റ് പ്രൊഡക്‌ഷന്‍ വർക്കുകൾക്കു ശേഷമെത്തിയ സിനിമയ്ക്കായി ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരുന്നത്.
സിനിമയിലെ പ്രകടനത്തിനു അഭിനന്ദനങ്ങൾ തേടിയെത്തുന്നതിന്റെ സന്തോഷത്തിലാണു നടി റോഷ്ന ആൻ റോയ്. സിനിമയിൽ അധ്യാപിക സ്നേഹയുടെ വേഷത്തിലാണ് റോഷ്ന തിളങ്ങിയത്. സിനിമാ സ്വപ്നങ്ങളും തേടിയെത്തിയ വിവാദങ്ങളെയും കുറിച്ചു റോഷ്ന മനസ്സ് തുറക്കുന്നു...
![roshna-ann-roy-5 roshna-ann-roy-5](https://img-mm.manoramaonline.com/content/dam/mm/mo/movies/interview/images/2019/2/19/roshna-ann-roy-5.jpg)
ഇതെന്റെ പത്താമത്തെ സിനിമ
![roshna-ann-roy-4 roshna-ann-roy-4](https://img-mm.manoramaonline.com/content/dam/mm/mo/movies/interview/images/2019/2/19/roshna-ann-roy-4.jpg)
അഡാർ ലവ് എന്റെ പത്താമത്തെ സിനിമയാണ്. ഇതിനു മുൻപുള്ള സിനിമയിലൊന്നും എന്നെ കണ്ടാൽ അങ്ങനെ പെട്ടന്ന് തിരിച്ചറിയില്ല. കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞാൽ ചിലപ്പോൾ മനസ്സിലാകും. അല്ലാതെ തിരിച്ചറിയില്ല. അഡാർ ലവ്വിലാണ് ആദ്യമായി ഒരു മുഴുനീള കഥാപാത്രം ലഭിക്കുന്നത്. ഒരുപാട് നാളായി സിനിമയിൽ അവസരം തേടുന്നു. കാസ്റ്റിങ് കോൾ കാണുമ്പോളെല്ലാം ബന്ധപ്പെടും. വിശ്വസിച്ചു കഥാപാത്രം തരാൻ ആരും തയാറായിരുന്നില്ല. അങ്ങനെ കാത്തിരുന്നു കിട്ടിയ ഒരു നല്ല അവസരമാണ് അഡാർ ലവ്
![roshna-ann-roy-6 roshna-ann-roy-6](https://img-mm.manoramaonline.com/content/dam/mm/mo/movies/interview/images/2019/2/19/roshna-ann-roy-6.jpg)
അഡാർ ലൗവിലേക്ക്
![roshna-ann-roy-2 roshna-ann-roy-2](https://img-mm.manoramaonline.com/content/dam/mm/mo/movies/interview/images/2019/2/19/roshna-ann-roy-2.jpg)
ഹാപ്പി വെഡ്ഡിങ്ങിന്റെ സമയത്താണു ഒമർ ലുലുവിനെ പരിചയപ്പെടുന്നത്. അങ്ങനെ ഇക്കേടെ നമ്പർ എനിക്കു കിട്ടി. വിളിച്ച് സംസാരിച്ചു. എന്റെ ചിത്രങ്ങൾ അയച്ചു കൊടുക്കാൻ പറഞ്ഞു. രണ്ടാമത്തെ സിനിമ ചങ്ക്സിന്റെ സമയത്ത് ‘ഞാൻ നോക്കാം’ എന്ന് ഇക്ക പറഞ്ഞിരുന്നു. എന്നാൽ പിന്നീട് പ്രതികരണമൊന്നുമുണ്ടായില്ല. അതിനുശേഷം ഞാൻ വീണ്ടും വിളിച്ച് അടുത്ത സിനിമയിൽ ഒരു വേഷം ചോദിച്ചു.
![roshna-ann-roy-7 roshna-ann-roy-7](https://img-mm.manoramaonline.com/content/dam/mm/mo/movies/interview/images/2019/2/19/roshna-ann-roy-7.jpg)
അദ്ദേഹത്തിന്റെ സിനിമയിൽ ഒരു വേഷം കിട്ടിയാൽ ശ്രദ്ധിക്കപ്പെടും എന്ന് ഉറപ്പായിരുന്നു. കാരണം അദ്ദേഹത്തിന്റെ പടങ്ങളെല്ലാം ഹിറ്റാവുന്നുണ്ട്. നല്ല ബോക്സ്ഓഫീസ് കലക്‌ഷനും നേടുന്നുണ്ട്. ചെറിയ വേഷം അഭിനയിക്കുന്നവരെയും പ്രേക്ഷകർ തിരിച്ചറിയുന്നു.
ഒരുദിവസം തൃശൂരിൽ വരാൻ അദ്ദേഹം പറഞ്ഞു. കൂടെ കാസ്റ്റിങ് ഡയറക്ടർ വിശാഖും ഉണ്ടായിരുന്നു. ഒരു ചായകുടിക്കാം എന്നു പറഞ്ഞു. കുറച്ചു കഴിയുമ്പോൾ ഒരു സുഹൃത്ത് വരുമെന്നും ചങ്ക്സിന്റെ സെറ്റിൽവച്ച് പരിചയപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് അയാളെ വിശ്വസിപ്പിക്കാനും ആവശ്യപ്പെട്ടു. ഞാൻ കുറേ സംസാരിച്ച് അവിടെ വന്നയാളെ വിശ്വസിപ്പിച്ചു. സത്യത്തിൽ അത് എന്റെ ഒഡീഷനായിരുന്നു.
![roshna-ann-roy-1 roshna-ann-roy-1](https://img-mm.manoramaonline.com/content/dam/mm/mo/movies/interview/images/2019/2/19/roshna-ann-roy-1.jpg)
അതുകഴിഞ്ഞു എനിക്കൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പെട്ടൊരു ദിവസം ഇക്ക വിളിച്ചു. ‘പടം തുടങ്ങാറായി, ഇപ്പൊ താൽപര്യമൊന്നുമില്ലേ’ എന്നു ചോദിച്ചു. അങ്ങനെ സിനിമയുടെ ഭാഗമായി. പിന്നീട് പാട്ടും കണ്ണിറുക്കലുമൊക്കെ വൈറലാകുന്നത്.
പ്രിയയും ട്രോളുകളും
ഒരു സാധാരണ തൃശൂർക്കാരി പെൺകുട്ടിയാണ് പ്രിയ വാരിയർ. ഒരു ജൂനിയർ ആർടിസ്റ്റ് ആയിട്ട് വന്നതാണ് പ്രിയ. സെറ്റിൽ അമ്മയോടൊപ്പം വരും. എല്ലാവരോടും അടുത്ത് ഇടപെടും, സംസാരിക്കും. ഇപ്പോഴും അങ്ങനെ തന്നെയാണ് ആൾ. അതിനുശേഷം ആ ചെറിയ സീൻ ഹിറ്റായി. ഒരിക്കലും അത് താഴ്ത്തി കാണേണ്ട ആവശ്യമില്ല. ആ പാട്ട് ലോകം മുഴുവൻ കാണാനുള്ള കാരണം പ്രിയയാണ്. നമുക്ക് അതിൽ സന്തോഷമേ ഉള്ളൂ. അത് ആഘോഷമാക്കിയ മലയാളികൾ തന്നെ പിന്നീട് ആക്രമിക്കാൻ തുടങ്ങി.
അതൊരു പക്ഷേ പ്രിയയുടെ അറിവില്ലായ്മ കൊണ്ടോ, സംസാരശൈലി കൊണ്ടോ ആകാം. 19 വയസ്സുള്ള ഒരു കുട്ടിയാണ് പ്രിയ എന്നു മനസ്സിലാക്കണം. അഭിമുഖങ്ങൾ നേരിട്ട അനുഭവങ്ങളില്ല. അതൊന്നും മനസ്സിലാക്കാതെയാണ് ട്രോളുന്നത്. ആദ്യമൊക്കെ ട്രോളുകൾ ആസ്വദിക്കും. പക്ഷേ യാതൊരു തെറ്റും ചെയ്യാത്ത, സിനിമയിൽ ഒരു രംഗം ഹിറ്റായതിനുശേഷം പ്രിയയെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുകയാണ്. അവർക്കും കുടുംബം ഉണ്ട്. എന്ത് തോന്നിയതും വിളിച്ചു പറയുക എന്നത് വളരെ മോശം കാര്യമാണ്. അവർ എങ്ങനെയായിരിക്കണമെന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്.
അഡാർ ലൗവിനെക്കുറിച്ച്
മികച്ചൊരു എന്റർടെയിനർ ആണു ചിത്രം. നല്ല പാട്ടുകളുണ്ട്. നല്ലൊരു സന്ദേശം തരുന്ന സിനിമ. എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ്.
പക്ഷേ ശക്തമായ ഡീഗ്രേഡിങ് നടക്കുന്നുണ്ട്. സിനിമ ഇറങ്ങി 10 മിനിറ്റിനുള്ളിൽ റിവ്യൂ വരുമ്പോൾ മനസ്സിലാക്കാം ആരൊക്കെയോ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നുണ്ട് എന്ന്.
ഇതാണ് സ്വപ്നം
ഒരു സാധാരണ കുടുംബത്തിൽ നിന്നു വരുന്ന ആളാണ് ഞാന്‍. ട്രൂപ്പിൽ ഡാൻസ് ചെയ്തും കോമഡി ഷോകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.അധ്യാപികയായും ജോലി ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമയിൽ മുഖം കാണിക്കുക എന്നത് വലിയൊരു സ്വപ്നമായിരുന്നു. അതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യമായാണ് മറ്റുള്ളവർ തിരിച്ചറിയുന്ന കഥാപാത്രം ലഭിക്കുന്നത്. മറ്റുള്ളവർ വില തരുന്ന ഒരു ആർടിസ്റ്റാകണം. നല്ല കഥാപാത്രങ്ങൾ ചെയ്യണം. അതാണ് സ്വപ്നം, അത്രയേ ഉള്ളൂ സ്വപ്നം.