ADVERTISEMENT

ജീവിതത്തെ വളരെ പ്രാക്റ്റിക്കൽ ആയി കാണുന്നവളാണ് അൽഫോൻസ.  പ്രണയിച്ച പുരുഷനെ ഇഷ്ടമാണെങ്കിൽ കൂടി ജീവിതം ഭദ്രമാക്കാൻ നല്ല ജോലിയും ശമ്പളവും വേണമെന്ന് കരുതുന്ന ഇന്നത്തെ പെൺകുട്ടികളുടെ നേർചിത്രമാണ് അവൾ. പ്ലസ് ടു വിദ്യാർഥിയായ മമിത ബൈജുവാണ് അൽഫോൻസയെ സ്ക്രീനിൽ മനോഹരമാക്കിയത്.  യാദൃച്ഛികമായി സിനിമയിൽ എത്തപ്പെട്ടതാണെകിലും സിനിമയെ ഇപ്പോൾ താൻ ഗാഢമായി പ്രണയിക്കുന്നുവെന്ന് മമിതാ ബൈജു പറയുന്നു..  അൽഫോൻസയെപ്പോലെ അല്ലെങ്കിലും ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളവളാണ് മമിത. തിയറ്റർ റിലീസിന് ശേഷം ഒടിടി ഹിറ്റായ ഓപ്പറേഷൻ ജാവയെക്കുറിച്ച് പറഞ്ഞിട്ടും മതിവരാതെ മമിതാ ബൈജു...   

 

എങ്ങനെയാണു ആദ്യമായി ക്യാമറയ്ക്കുമുന്നിൽ എത്തിയത്.

 

ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ സർവോപരി പാലാക്കാരൻ എന്ന സിനിമയിൽ ചാലി പാലാ ചേട്ടന്റെ മകളായി അഭിനയിച്ചിരുന്നു.  ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ആ എൻട്രി. സ്കൂളിൽ പഠിക്കുമ്പോൾ കലോത്സവങ്ങളിൽ നൃത്തമത്സരത്തിനൊക്കെ പങ്കെടുത്തിട്ടുണ്ട്.  ഒരിക്കൽ എന്റെ പടം പത്രത്തിൽ കണ്ട പപ്പയുടെ സുഹൃത്ത് വഴിയാണ് സർവോപരി പാലക്കാരനിൽ വിളിക്കുന്നത്.  അന്നെനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു.  പിന്നെ ഷൂട്ടിങ് ഒക്കെ എങ്ങനെയാണെന്ന് കാണാം എന്ന് കരുതി പോയതാണ്.  

 

babitha-balu

സിനിമ കുഞ്ഞിലേ കാണാൻ ഇഷ്ടമായിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കും എന്ന് ഒരിക്കലും കരുതിയില്ല.  സർവോപരി പാലക്കാരന്റെ കാമറമാൻ ആണ് ഹണി ബീ ടുവിന്റെ കാമറ ചെയ്തത്.  അദ്ദേഹം വിളിച്ചിട്ടാണ് ആ സിനിമയിൽ പോയത്. ഹണി ബീ ടുവിൽ ആസിഫ് ഇക്കയുടെ അനിയത്തി, വികൃതിയിൽ സൗബിൻ ചേട്ടന്റെ അനിയത്തി എന്നീ റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.  ഓപ്പറേഷൻ ജാവയിൽ ആണ് പ്രാധാന്യമുള്ള ഒരു കഥാപാത്രം  കിട്ടിയത്.  രജീഷ് വിജയൻ ചേച്ചിയോടൊപ്പം കൊ ക്കോയിൽ അഭിനയിച്ചു.  അത്  കഴിഞ്ഞപ്പോൾ ഇതിനു മുൻപ് വേറെ സിനിമ ചെയ്തിട്ടുണ്ടോ എന്നൊരാൾ ചോദിച്ചു, ഞാൻ  ഓപ്പറേഷൻ ജാവയിൽ അൽഫോൻസാ എന്ന കഥാപാത്രത്തിന്റെ കാര്യം പറഞ്ഞപ്പോൾ അവർക്ക് അതിശയമായി.  അത് ഞാൻ ആണെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല എന്ന് പറഞ്ഞു.  കുറച്ചുകൂടി പ്രായം തോന്നുന്ന കഥാപാത്രമാണ് ജാവയിലേത്.  

 

mamitha

ഇപ്പോൾ സിനിമയിൽ തന്നെ തുടരണം എന്ന് തോന്നുന്നുണ്ടോ?

 

mamitha-rajisha

ഓരോ സിനിമ കഴിയുമ്പോഴും സിനിമയെപ്പറ്റി കൂടുതൽ മനസ്സിലാകുന്നു, അതോടൊപ്പം സിനിമയോടുള്ള താല്പര്യവും കൂടുന്നുണ്ട്.  പ്ലസ് ടു കഴിഞ്ഞു. അടുത്തത് എന്താണ് എന്ന് തീരുമാനിക്കുന്ന സമയം ആണ്.  എന്റെ പപ്പാ ഡോക്ടർ ആണ്. ഞാനും ഡോക്ടർ ആകണം എന്ന് വീട്ടുകാർക്ക് താല്പര്യം ഉണ്ടായിരുന്നു.  പക്ഷേ എനിക്ക് അങ്ങനെ താല്പര്യം ഇല്ല.  സിനിമ എല്ലാവർക്കും കിട്ടുന്ന ഒരു കാര്യം അല്ലല്ലോ.  എനിക്ക് ചാൻസ് കിട്ടിയത് ഭാഗ്യമായി കാണുകയാണ്.  ഇനിയും കിട്ടുന്ന റോളുകൾ കൂടുതൽ നന്നാക്കണം എന്നാണ് ആഗ്രഹം.  പഠനത്തോടൊപ്പം സിനിമ കൂടെ കൊണ്ട് പോകണം എന്നുണ്ട്, അപ്പൊ അതിനു കഴിയുന്ന ഒരു സബ്ജക്ട് എടുത്തു പഠിക്കണം എന്നാണ് ആഗ്രഹം.  

 

കുടുംബം 

 

mamitha-balu

അച്ഛൻ ഡോക്ടർ കെ. ബൈജു, അമൃത ഹോസ്പിറ്റലിൽ ഡയബറ്റോളജിസ്റ് ആയിരുന്നു. ഇപ്പൊ വീടിനടുത്തു ഒരു ക്ലിനിക് ഇട്ടിരിക്കുകയാണ്.  അമ്മ മിനി ബൈജു, ചേട്ടൻ മിഥുൻ.  ചേട്ടൻ കാനഡയിൽ നിന്നും ഗ്രാജുവേഷൻ ചെയ്തു വന്നു.  വീട്ടുകാർ എല്ലാവരും നല്ല സപ്പോർട്ട് ആണ്.  ചേട്ടൻ ആണ് എന്റെ മെയിൻ ക്രിട്ടിക്ക്.  ഞാൻ ചെയ്യുന്നതിലെ നല്ലതും ചീത്തയും പറഞ്ഞു തരും.  നന്നാക്കാനുള്ള ടിപ്സ് പറഞ്ഞു തരും.  കലയെ പ്രോത്സാഹിപ്പിക്കുന്ന കുടുംബം ആണ്.

 

സിനിമ അഭിനയിച്ചു  തുടങ്ങിയതിനു ശേഷം സിനിമ കാണുന്നതിൽ വന്ന വ്യത്യാസം?

 

പണ്ട് സിനിമ കാണുമ്പോൾ സിനിമയെപ്പറ്റി കൂടുതൽ ഒന്നും അറിയില്ലല്ലോ.  ഇരുന്നു കുറ്റം പറയും അല്ലെങ്കിൽ ആസ്വദിക്കും.  ഒരു സിനിമയ്ക്ക് പുറകിൽ നടക്കുന്ന അധ്വാനം ഒന്നും അറിയില്ല.  പക്ഷെ ഇപ്പോൾ അങ്ങനെ അല്ല, ഷൂട്ടിങ്ങിനു പോയി തുടങ്ങിയപ്പോൾ ഓരോ ഷോട്ടും എടുക്കുന്നതിനുള്ള ബുദ്ധിമുട്ടു മനസ്സിലായി.  സ്ക്രിപ്റ്റ് എഴുതുന്നത് മുതൽ തീയറ്ററിൽ വരുന്നതുവരെ എന്തുമാത്രം പണികൾ ആണ്.  അതൊക്കെ ഓർക്കുമ്പോൾ സിനിമയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരോടും ബഹുമാനം തോന്നുന്നു.  എന്നെ തന്നെ ബിഗ്‌സ്‌ക്രീനിൽ കാണുന്നത് മറ്റൊരു അനുഭവം ആണ്.  നമ്മുടെ കഥാപാത്രത്തെപ്പറ്റി ചർച്ച ചെയ്യുന്നതൊക്കെ കേൾക്കുമ്പോൾ സന്തോഷം തോന്നും.  ഇപ്പൊ സിനിമയോട് ആരാധനയും  ബഹുമാനവുമാണ്.

 

മറ്റൊരാൾ ചെയ്ത ഒരു  കഥാപാത്രം ഞാൻ ചെയ്താൽ എങ്ങനെയുണ്ടാകും എന്ന് തോന്നിയിട്ടുണ്ടോ?

 

ഇല്ല അങ്ങനെ തോന്നിയിട്ടില്ല.  എനിക്ക് ഏതെങ്കിലും ഒരു കഥാപാത്രം തന്നെ വേണമെന്നില്ല .  എന്ത് കിട്ടിയാലും ചെയ്യാൻ റെഡി ആണ്.  എന്ത് കിട്ടിയാലും എനിക്ക് കഴിയുന്നതിന്റെ മാക്സിമം നന്നായി ചെയ്യും.  ഇനി ഏതെങ്കിലും ഒരു കഥാപാത്രം കണ്ടിട്ട് എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയാൽ അത് ആ ആക്ടർ അത്രയും നന്നായി ചെയ്തതുകൊണ്ടാകുമല്ലോ, അതിൽ പിന്നെ എനിക്ക് ചെയ്യാൻ ഒന്നും ഉണ്ടാകില്ല.  മറ്റുള്ളവർ ചെയ്യുന്നത് കണ്ടു പഠിക്കുകയാണ് ചെയ്യുക.  ഇൻഡസ്ട്രിയിൽ ഒരുപാടു താരങ്ങളെ ഇഷ്ടമാണ്.  പുതിയ താരങ്ങൾ ഒരുപാടുപേർ വരുന്നുണ്ട്.  എല്ലവരും നല്ല കഴിവുള്ളവരാണ്.  ഇപ്പോൾ റിയാലിസ്റ്റിക്ക് സിനിമകൾ കൂടുതൽ ആണല്ലോ.  എല്ലാ സിനിമകളും കണ്ടു പഠിക്കാൻ ശ്രമിക്കും.   എല്ലാവരോടും സ്നേഹവും ബഹുമാനവും ആണ് തോന്നുക. 

 

തേപ്പുകാരി എന്ന ഇമേജ്?  ജീവിതത്തിൽ തേപ്പ് കൊടുക്കുകയോ കിട്ടുകയോ ചെയ്തിട്ടുണ്ടോ? 

 

ഇപ്പോൾ കോളജ് ഒന്നും തുറക്കാത്തതുകൊണ്ട് കൂട്ടുകാരിൽ നിന്നും കളിയാക്കൽ കേൾക്കാറില്ല. എന്നാലും ചിലരൊക്കെ അങ്ങനെ  മെസേജ് അയക്കും.  ഞാൻ വലിയ തേപ്പുകൾ ഒന്നും കണ്ടിട്ടില്ല.  ചെറിയ ചെറിയ പ്രണയങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും കണ്ടിട്ടുണ്ട്.   എന്റെ കാര്യമാണെങ്കിൽ സ്കൂളിൽ പഠിക്കുമ്പോൾ ചെറിയ ക്രഷ് ഒക്കെ തോന്നിയിട്ടുണ്ട്. പിന്നെ സ്കൂൾ കഴിഞ്ഞു അതൊക്കെ അങ്ങ് പോയി.  ഇനി അതിനൊക്കെ സമയമുണ്ടല്ലോ അപ്പോൾ വീട്ടുകാർ തീരുമാനിക്കുന്നതുപോലെ ചെയ്യും.   ശരിക്കും അൽഫോൻസ തേപ്പുകാരി അല്ല, അവളുടെ ജീവിത സാഹചര്യങ്ങൾ അവളെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ്.  ആന്റണി എന്ന കഥാപാത്രവും അത് പറയുന്നുണ്ട് "അത് തേപ്പ് അല്ല സാർ അവളുടെ സാഹചര്യം അതാണ്" എന്ന്.  അവർ തമ്മിൽ ഒരു അൻഡർസ്റ്റാന്‍ഡിങ് ഉണ്ട്.  പ്രേക്ഷകരിലെ ആ ചർച്ചകൾ ആ കഥാപാത്രത്തിന്റെ വിജയമാണ്.  

 

ഓപ്പറേഷൻ ജാവയിലേക്ക് എത്തിയത്?

 

ഓഡിഷൻ വഴിയാണ് ഓപ്പറേഷൻ ജാവയിൽ എത്തിയത്.  ജാവയുടെ അസോസിയേറ്റ് ഡയറക്ടർ മാത്യൂസ് സർ ആണ് ഇങ്ങനെ ഒരു ഓഡിഷനെക്കുറിച്ച് പറഞ്ഞത്. അങ്ങനെ ചെന്നു, തരുൺ ചേട്ടന് ഇഷ്ടപ്പെട്ടു. നല്ല അനുഭവങ്ങളാണ് ഓപ്പറേഷൻ ജാവയുടെ സെറ്റ് തന്നത്.  ഓരോ സിനിമയും ഓരോ പാഠശാലയാണ്.  ഓരോ സെറ്റും വ്യത്യസ്തമാണ്.  തരുൺ ചേട്ടൻ വളരെ നല്ല വ്യക്തിയാണ്.  അദ്ദേഹം നമ്മളെ പ്രഷർ ചെയ്യില്ല.  ചേട്ടാ ഇങ്ങനെ ചെയ്താലോ എന്ന് ചോദിച്ചാൽ എന്നാൽ അങ്ങനെ ചെയ്തു നോക്കൂ എന്ന് പറയും.  നമ്മളെ കംഫർട്ടബിൾ ആക്കി ചേട്ടന് വേണ്ടത് ചെയ്തു എടുക്കും.  അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്നതാണെന്ന് തോന്നില്ല.  ചേട്ടന് സിനിമ എങ്ങനെ വേണം എന്ന് നല്ല ധാരണ ഉണ്ടായിരുന്നു.  അദ്ദേഹത്തിന് എന്താണ് വേണ്ടത് അത് കിട്ടുന്നതുവരെ ക്ഷമയോടെ ചെയ്യിക്കും.  എന്നാൽ ഒട്ടും ബുദ്ധിമുട്ടിക്കില്ല.  സമയം എടുത്തു പറഞ്ഞു തരും.  സെറ്റിൽ എല്ലാവരും നല്ല ഫ്രണ്ട്‌ലി ആയിരുന്നു.  ബാലു ചേട്ടനെ ഹണി ബി മുതൽ അറിയാം സുഹൃത്തുക്കൾ ആണ്.  അതുകൊണ്ടു തന്നെ വളരെ നന്നായി സഹകരിച്ചു ചെയ്യാൻ പറ്റി.

 

ഓപ്പറേഷൻ ജാവ കഴിഞ്ഞു കിട്ടിയ പ്രതികരണങ്ങൾ?

 

ഓപ്പറേഷൻ ജാവ തിയറ്ററിൽ എത്തിയപ്പോൾ തന്നെ നല്ല വിജയമായിരുന്നു. അന്നുമുതൽ നല്ല റെസ്പോൺസ് കിട്ടുന്നുണ്ട്.  ഇപ്പോൾ ഒടിടിയിൽ വന്നതിനു ശേഷം കൂടുതൽ പ്രതികരണങ്ങൾ വരുന്നുണ്ട്.  ഒരുപാടു തവണ കണ്ടു എന്ന് സുഹൃത്തുക്കൾ ഒക്കെ വിളിച്ചു പറയുന്നുണ്ട്.  അത് കേൾക്കുമ്പോൾ സന്തോഷം തോന്നും.  ഞാൻ ചെയ്ത സിനിമ ഒരു വിജയമായിരുന്നല്ലോ, ഞാൻ ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടല്ലോ എന്നൊക്കെ തോന്നും.   അൽഫോൻസയെ പ്രേക്ഷകർ ഏറ്റെടുത്തത്തിൽ സന്തോഷമുണ്ട്.  

 

പുതിയ ചിത്രങ്ങൾ?

 

കൊറോണ കാരണം റിലീസ് താമസിക്കുന്ന രണ്ടു ചിത്രങ്ങൾ ഉണ്ട്.  രണ്ട് , ഫോർ എന്നീ സിനിമകൾ.  ഫോർ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ കഥയാണ് പറയുന്നത്.  പറവയിൽ അഭിനയിച്ച കുട്ടികൾ, സിദ്ധിക്ക് ഇക്ക ഒക്കെ ഉണ്ട് അതിൽ.  സിദ്ധിക്ക് ഇക്കയുടെ മകൾ ആയി അഭിനയിക്കുന്നു.  ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന സൂപ്പർ ശരണ്യ എന്ന ചിത്രം ചെയ്യുന്നുണ്ട്.  അതിൽ പ്രാധാന്യമുള്ള കഥാപാത്രമാണ്.  കോവിഡ് കാരണം പലതും മുടങ്ങിക്കിടക്കുകയാണല്ലോ.  ലോക്ഡൗൺ കഴിയുമ്പോൾ പഠനം തുടങ്ങണം അതോടൊപ്പം സിനിമ കൊണ്ടുപോകാൻ ആണ് പ്ലാൻ.   നല്ല ചിത്രങ്ങളും നല്ല കഥാപാത്രങ്ങളും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com