കാരവൻ സംസ്കാരം വന്നതോടെ സിനിമയിലെ സൗഹൃദ കൂട്ടായ്മ ഇല്ലാതായി: ഹരികുമാർ അഭിമുഖം
Mail This Article
മലയാള സിനിമയിലെ പഴയ തലമുറയിൽ പെട്ട സംവിധായകൻ ആണ് ഹരികുമാർ.‘ആമ്പൽപൂവ്’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകൻ ആയിട്ടു നാലു പതിറ്റാണ്ടു പിന്നിട്ടു.സംവിധാനം ചെയ്ത 18 കഥാ ചിത്രങ്ങൾ ഇതിനോടകം ഇറങ്ങി.ഇപ്പോഴും അദ്ദേഹം തുടർച്ചയായി ചിത്രങ്ങൾ എടുത്തു കൊണ്ടിരിക്കുന്നു.പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദൻ രചന നിർവഹിച്ച ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ’ആണ് പുതിയ ചിത്രം.എൺപതാം വയസ്സിൽ മുകുന്ദൻ എഴുതുന്ന ആദ്യ തിരക്കഥയാണ് ഇത്.സുരാജ് വെഞ്ഞാറമൂട് നായകൻ ആകുമ്പോൾ ശക്തമായ നായിക വേഷത്തിലൂടെ ആൻ ആഗസ്റ്റിൻ അഭിനയത്തിലേക്കു മടങ്ങി എത്തുന്നു.
ഹരികുമാർ സംസാരിക്കുന്നു....
സിനിമയിലെ മാറ്റം നിങ്ങളെ പോലുള്ള പഴയ തലമുറക്കാർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ടോ?
‘‘ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള പുതിയ സിനിമ കാണുന്ന ആൾ ആണ് ഞാൻ.നല്ല സിനിമ കാണുക എന്ന ലക്ഷ്യത്തോടെ ആണ് പല ജൂറികളിലും അംഗമാകുന്നത്.ഇപ്പോഴും ഞാൻ സിനിമയെക്കുറിച്ചു പഠിച്ചു കൊണ്ടിരിക്കുകയാണ്.ഞങ്ങൾ സംവിധാന രംഗത്തു വന്ന കാലത്തെ സിനിമ അല്ല ഇന്ന് ഉള്ളത്.നിർമാണ രീതിയും സാങ്കേതിക വിദ്യയും മാറി.കഥ പറയുന്ന രീതിയും അഭിനയ ശൈലിയും മാറി.ഞാൻ ‘ആമ്പൽപൂവ്’,‘ഒരു സ്വകാര്യം’ ഒക്കെ എടുക്കുന്ന കാലത്തെക്കാൾ കാര്യമായ മാറ്റം ‘സുകൃതം’ എടുക്കുമ്പോൾ ഉണ്ടായിരുന്നു.‘സുകൃത’ത്തിന്റെ കാലത്തു നിന്ന് ഇപ്പോൾ വലിയ മാറ്റങ്ങൾ വന്നു.സംവിധായകൻ ജോഷിയെ പോലുള്ളവർ കാലാനുസൃതമായി മാറി.അദ്ദേഹം പുതിയ അവതരണ ശൈലിയിലാണ് പടം ചെയ്യുന്നത്.’’
സാങ്കേതിക മാറ്റം പഠിക്കാൻ പഴയ ആളുകൾക്ക് എല്ലാവർക്കും സാധിക്കുന്നില്ലല്ലോ?
‘‘സിനിമയിൽ ഫിലിം ഇല്ലാതായി.ഡിജിറ്റൽ ക്യാമറ വന്നതോടെ ക്യാമറയുടെ ഭാരം കുറഞ്ഞു.കൈകാര്യം ചെയ്യാൻ എളുപ്പമാണ്.ഛായാഗ്രഹണത്തിൽ വലിയ പരീക്ഷണങ്ങൾ നടക്കുന്നു.മൊബൈൽ ഫോണിൽ പോലും പടം ചിത്രീകരിക്കാം.പണ്ട് ഞങ്ങൾ മൂവിയോള എന്ന യന്ത്രം ഉപയോഗിച്ചാണ് ഫിലിം എഡിറ്റ് ചെയ്തിരുന്നത്.ഫിലിം വെട്ടി ഒട്ടിച്ച ശേഷം മൂവിയോള വഴി കാണും.എവിടെയെങ്കിലും നിർത്താൻ പറയുമ്പോൾ എഡിറ്റർ ചവിട്ടിയാണ് അത് നിർത്തുന്നത്.നമ്മൾ പറയുന്ന ഭാഗം കത്രിക ഉപയോഗിച്ചു വെട്ടും.തുടർന്ന് ചുരണ്ടി പശ ഉപയോഗിച്ച് ഒട്ടിക്കും.പിൽക്കാലത്ത് പശയ്ക്കു പകരം ടേപ്പ് വന്നു.ഇങ്ങനെ വെട്ടി ഒട്ടിച്ച ശേഷം അതിന് അനുസരിച്ചാണ് നെഗറ്റീവ് കട്ട് ചെയ്യുന്നത്.അതിനു വിദഗ്ധർ ഉണ്ട്.ഇന്നിപ്പോൾ ലാപ് ടോപ്പിലോ മൊബൈലിലോ എഡിറ്റ് ചെയ്യാം.ലാപ്ടോപ് ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നും എഡിറ്റ് ചെയ്യാം.
പണ്ട് വലിയ ഇരുമ്പു പെട്ടികളിലെ കാനുകളിലാണ് ഫിലിം കൊണ്ടു പോയിരുന്നത്. ഇന്ന് സിനിമ മുഴുവൻ പെൻഡ്രൈവിൽ ആക്കി സൂക്ഷിക്കാം.പണ്ട് ഓരോ കഷണമായി എടുത്താണ് സംഭാഷണങ്ങൾ ഡബ് ചെയ്തിരുന്നത്.ഇപ്പോൾ സ്പോട് ഡബ്ബിങ് ആണ്.മമ്മൂട്ടിയുടെ സിനിമകളിൽ ഏറെയും ഇങ്ങനെയാണ് ചെയ്യുന്നത്. ഓരോ രംഗവും എടുക്കുമ്പോൾ തന്നെ സംവിധായകനു മോണിറ്ററിൽ കാണുകയും മാറ്റം വരുത്തുകയും ചെയ്യാം.സംഭാഷണങ്ങൾ സ്പോട് ഡബ് ചെയ്യുമ്പോൾ വളരെ സ്വാഭാവികമായി തോന്നും.എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഷൂട്ടിങ്ങിനു കൂടുതൽ സമയം എടുക്കും.ഈ രീതിയിൽ ഷൂട്ടിങ് പൂർത്തിയാക്കാൻ 70–90 ദിവസം വരെ എടുക്കാം.എന്റെ പുതിയ സിനിമയിൽ പഴയ രീതിയിലുള്ള ഡബ്ബിങ് ആണ് ചെയ്തിരിക്കുന്നത്.40 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി.’’
സിനിമാ രംഗത്ത് ലഹരി ഉപയോഗം വർധിക്കുക ആണല്ലോ?
‘‘പുതിയ തലമുറയിൽ എല്ലാവരും ലഹരി ഉപയോഗിക്കുന്നവർ ആണെന്നു കരുതുന്നില്ല. ലഹരിയുടെ ലഭ്യത വളരെ വർധിച്ചിട്ടുണ്ട്. പണ്ട് ചാരായം അടിച്ചു സെറ്റിൽ വരുന്നവർ ഉണ്ടായിരുന്നു. ചാരായ നിരോധനത്തോടെ അതു നിന്നു. മദ്യപിച്ച് അങ്ങനെ ആരും സെറ്റിൽ വരാറില്ല. ഓരോ കാലത്തും ഓരോ രീതി ആണ്. കാരവൻ വന്നതോടെ പലർക്കും രഹസ്യമായി ലഹരി ഉപയോഗിക്കാം. കാരവൻ സംസ്കാരം വന്നപ്പോൾ ചിത്രീകരണ സമയത്തെ രസകരമായ സൗഹൃദ കൂട്ടായ്മ ഇല്ലാതായി. എന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി,നെടുമുടി,ജഗതി എന്നിവർ മാറിയിരുന്നു തമാശ പറയുകയും ലോകത്തുള്ള സകല കാര്യങ്ങളും സംസാരിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോൾ ഓരോരുത്തർക്കും പ്രത്യേകം കാരവൻ ആണ്. ചിത്രീകരണം കഴിഞ്ഞാൽ ഉടൻ എല്ലാവരും കാരവനിലെക്ക് പോകുന്നു.’’
പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ?
‘‘രസകരമായ കഥ തമാശയിലൂടെ പറയുന്നതാണ് ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ’.എം.മുകുന്ദന്റെ നാടായ മാഹിയിൽ അദ്ദേഹത്തിന്റെ വീടിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ ആയിരുന്നു ഷൂട്ടിങ്. അദ്ദേഹം മുഴുവൻ സമയവും ഒപ്പം ഉണ്ടായിരുന്നു.മാഹിയിലെ ഭാഷയാണ് തിരുവനന്തപുരംകാരനായ സുരാജിനെ കൊണ്ടു പറയിക്കുന്നത്.അത് അദ്ദേഹം പഠിച്ചെടുക്കാൻ രണ്ടു മൂന്നു ദിവസം എടുത്തു. പിന്നീട് ഷൂട്ടിങ് കാണാൻ എത്തുന്നവരോട് സുരാജ് ഇതേ ഭാഷയിലാണ് സംസാരിച്ചത്.മടിയനായ ഓട്ടോക്കാരനായി സുരാജ് അഭിനയിക്കുന്നു.ഓട്ടം പോകുന്നതിനിടെ ഗാനമേള നടക്കുന്നതു കണ്ടാൽ പുള്ളി വണ്ടി ഉപേക്ഷിച്ച് അവിടേക്ക് പോകും. യാത്രക്കാരോട് കണക്ക് പറഞ്ഞ് പൈസ വാങ്ങാനും അയാൾക്ക് അറയില്ല.ഓട്ടോറിക്ഷ ഓടിക്കുന്നത് ഒഴികെ എല്ലാ കാര്യങ്ങളിലും അയാൾക്ക് താൽപര്യമുണ്ട്.മികച്ച നടനാണ് സുരാജ്.
ഓട്ടോ റിക്ഷക്കാരന്റെ ജീവിതത്തിലേക്ക് അയാളുട സ്വഭാവത്തെക്കുറിച്ച് അറിയാതെ കടന്നു വരുന്ന ഭാര്യയായി ആൻ അഗസ്റ്റിൻ അഭിനയിക്കുന്നു.പ്രത്യേക സാഹചര്യത്തിൽ അവൾക്ക് ഓട്ടോ ഡ്രൈവർ ആയി മാറേണ്ടി വരുന്നു. വിവാഹ ശേഷം അഭിനയം നിർത്തിയ ആൻ 4 വർഷത്തിനു ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങി വരുകയാണ്.ആൻ ഇതുവരെ ചെയ്ത ഏറ്റവും മികച്ച വേഷം ആയിരിക്കും ഇത്.കോഴിക്കോട്ട് ജനിച്ചു വളർന്നതിനാൽ മാഹി ഭാഷ കൈകാര്യം ചെയ്യാൻ ആനിനു വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. ഇത് അവാർഡ് ലക്ഷ്യമാക്കി ചെയ്യുന്ന ചിത്രം അല്ല.അവാർഡ് ലഭിച്ചാൽ സന്തോഷം.ഇല്ലെങ്കിലും പരിഭവം ഇല്ല.സിനിമ ജനങ്ങൾ കാണുക എന്നതാണ് പ്രധാന ലക്ഷ്യം.ഔസേപ്പച്ചൻ ഒരുക്കിയ പാട്ടുകൾ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.