ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം തിയറ്ററിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ചിത്രമാണ് ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത "എന്നാലും ന്റെളിയാ".  സുരാജ് വെഞ്ഞാറമൂടും സിദ്ദീഖും ലെനയും ഗായത്രി അരുണും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം പ്രേക്ഷകരെ വേനലിൽ കിട്ടിയ മഴപോലെ കുളിർപ്പിച്ചു. കലർപ്പില്ലാത്ത നർമ രസങ്ങളും ഫാമിലി ഇമോഷനും കൊണ്ട് സമ്പന്നമായ ചിത്രം 2023 ൽ ഗംഭീര തുടക്കമാണ് തിയറ്ററുകൾക്ക് സമ്മാനിക്കുന്നത്. നിരവധി പുരസ്‌കാരങ്ങൾ നേടിയ ലുക്കാചുപ്പി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബാഷ് മുഹമ്മദ്‌. ദുബായിൽ സ്ഥിരതാമസമാക്കിയ ബാഷ് മുഹമ്മദ് അറബ് രാജ്യത്ത് തനിക്കു ചുറ്റുമുള്ളവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് "എന്നാലും ന്റെളിയാ"യിൽ പകർത്തിയത്. തന്റെ സിനിമ പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ബാഷ് മുഹമ്മദ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.   

 

കോമഡി സിനിമ ചെയ്യാൻ ആഗ്രഹിച്ചു 

ennalum-entaliya

 

ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലുക്കാചുപ്പി ആണ്. അത് ഒരു ഫാമിലി ഡ്രാമ ആണ്. പതിനാലു വർഷത്തിന് ശേഷം കണ്ടുമുട്ടുന്ന കുറെ കൂട്ടുകാരുടെ ഗൃഹാതുരത്വം ചർച്ച ചെയ്യുന്ന ചിത്രമായിരുന്നു അത്. കുറേനാളായി മലയാളത്തിൽ വരുന്ന സിനിമകളെല്ലാം സീരിയസ് അല്ലെങ്കിൽ ത്രില്ലർ ചിത്രങ്ങളാണ്.  ഇനിയൊരു ചിത്രം ചെയ്യുമ്പോൾ ഒരു മാറ്റത്തിന് വേണ്ടി കോമഡി ഫാമിലി ഡ്രാമ ചെയ്‌താൽ നന്നായിരിക്കും എന്ന് തോന്നി അങ്ങനെയാണ് "എന്നാലും ന്റെളിയാ" എന്ന സിനിമ ഉണ്ടാകുന്നത്.  

 

അനുയോജ്യമായ കാസ്റ്റിങ് 

ennalum-entaliya02

 

കഥ എഴുതുമ്പോൾ തന്നെ എന്റെ മനസ്സിൽ കഥാപാത്രങ്ങളായി എത്തിയത് സിദ്ദീഖ്, ലെന, സുരാജ് എന്നിവരൊക്കെ തന്നെ ആയിരുന്നു. ഈ കഥാപാത്രങ്ങൾ ചെയ്യാൻ മറ്റാരെയും സങ്കലിപ്പിക്കാൻ പോലും കഴിഞ്ഞില്ല. ഷൂട്ടിങ് തുടങ്ങിയപ്പോൾ ഞങ്ങളുടെ തീരുമാനം വളരെ ശരിയാണെന്ന് മനസ്സിലായി. സിദ്ദീഖ്, ലെന, സുരാജ് ഗായത്രി എല്ലാവരും എന്റെ പ്രതീക്ഷകൾക്ക് അപ്പുറമായി അഭിനയിച്ചു. അവർ ഒരുപാട് ഇമ്പ്രൊവൈസ് ചെയ്തു, അധികമൊന്നും പറഞ്ഞുകൊടുക്കേണ്ടി വന്നില്ല.  

 

എന്തുകൊണ്ട് ദുബായ് 

 

ചിത്രം മുഴുവൻ ഷൂട്ട് ചെയ്തത് ദുബായിൽ ആയിരുന്നു. കോവിഡിന്റെ സമയത്ത് ഷൂട്ട് ചെയ്ത സിനിമയാണ്. അന്ന് കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൂടുതലായിരുന്നു ദുബായിൽ കുറച്ചുകൂടി ഇളവുകൾ ഉണ്ടായിരുന്നു. ഞാൻ ദുബായിൽ ആണ് താമസിക്കുന്നത് അതുകൊണ്ട് എനിക്ക് ലൊക്കേഷൻ ഒക്കെ അറേഞ്ച് ചെയ്യാൻ എളുപ്പമായിരുന്നു.  പിന്നെ ദുബായിലെ ആളുകളുടെ മൈൻഡ് സെറ്റ് വളരെ വ്യത്യസ്തമാണ്. അവർ നാടിനെ കൂടുതലായി സ്നേഹിക്കുന്ന ഗൃഹാതുരതയുള്ള ആൾക്കാരാണ്. കഥയിൽ പറയുന്ന എല്ലാ സംഭവങ്ങളും എനിക്ക് ചുറ്റുമുള്ളവരുടെ ജീവിതവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അനുഭവങ്ങളുമൊക്കെയാണ്.   

 

സിനിമയുടെ നാൾവഴികൾ 

 

ഞാൻ പഠിച്ചത് തൃശൂർ കോളജ് ഓഫ് ഫൈൻ ആര്ടിസ് ആണ്. അതിനു ശേഷം നാട്ടിലും ഡൽഹിയിലും ദുബായിലും കുറെ കമ്പനികളിൽ ജോലി ചെയ്തു. സിനിമ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ആ ആഗ്രഹമാണ് ലുക്കാചുപ്പിയിൽ എത്തിയത്. ലുക്കാചുപ്പിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് ദേശീയ അവാർഡ് മെൻഷനും ജോജു ജോർജിനും ജയസൂര്യയ്ക്കും സ്റ്റേറ്റ് അവാർഡും കിട്ടിയിരുന്നു. ഇന്ത്യൻ പനോരമയിലും ചിത്രം തിരഞ്ഞെടുത്തിരുന്നു. അതിനു ശേഷം പ്രകാശൻ എന്നൊരു ചിത്രം ചെയ്തു.  അത് ഫെസ്റ്റിവലിന് വേണ്ടി മാത്രം ചെയ്ത ചിത്രമാണ്. ദിനേശ് പ്രഭാകർ ആയിരുന്നു അതിൽ പ്രധാന താരം. ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, ലോസ് ആഞ്ചലസ്‌ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ തുടങ്ങി നാലഞ്ച് ഫെസ്റ്റിവലിൽ അത് പ്രദർശിപ്പിച്ചിരുന്നു. അതിനു ശേഷമാണ് എന്നാലും ന്റെളിയാ എന്ന ചിത്രത്തിന്റെ ത്രെഡ് മനസ്സിലേക്ക് വന്നത്.  അങ്ങനെ എനിക്ക് തിരക്കഥ എഴുതാൻ പറ്റിയ ഒരു പാർട്ണറായ ശ്രീകുമാർ അറക്കൽ ഒപ്പം വന്നു ചേരുകയും ലിസ്റ്റിൻ ഈ സിനിമ ചെയ്യാം എന്ന് സമ്മതിക്കുകയുമായിരുന്നു.

 

കുടുംബം 

 

ദുബായിൽ ഡിസൈൻ സ്റ്റുഡിയോ നടത്തുകയാണ് ഞാൻ. ഭാര്യയും രണ്ടു കുട്ടികളും എന്നോടൊപ്പം ദുബായിലാണ്. ഭാര്യയ്ക്കും അവിടെ ബിസിനസ്സ് ആണ്. നെഫ്, ഹെസ്‌ല എന്നിവരാണ് മക്കൾ. മകൻ നെഫ് ഈ സിനിമയിൽ ഒരു ഇംഗ്ലിഷ് പാട്ട് എഴുതി ട്യൂൺ ചെയ്തു പാടിയിട്ടുണ്ട്.

 

പ്രതികരണങ്ങൾ

 

ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് ഒരു ടെസ്റ്റ് റൺ ഷോ നടത്തിയിരുന്നു. ഒരു അൻപതോളം വരുന്ന തിരഞ്ഞെടുത്ത ആളുകൾക്കായി സിനിമ കാണിച്ചു. അവർക്കെല്ലാം ഒരേ അഭിപ്രായം ആയിരുന്നു. എല്ലാവരും ആസ്വദിക്കുന്നതായിട്ടാണ് മനസ്സിലായത്. സിനിമ കണ്ടിട്ട് വിളിക്കുന്നവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. ചിലർ ലുക്കാചുപ്പിയുമായി താരതമ്യം ചെയ്യുന്നുണ്ട്. പക്ഷേ രണ്ടും രണ്ടു ജോണർ ആണ്. പിന്നെ പലരുടെയും അഭിരുചി പലതാണല്ലോ. ഒരുപാട് വിജയ സിനിമകൾ നിർമ്മിച്ച ആളാണ് ലിസ്റ്റിൻ. റിലീസ് ചെയ്യുന്നതിന് മുൻപ് ലിസ്റ്റിൻ സിനിമ കണ്ടിരുന്നു. ലിസ്റ്റിന്റെ ആത്മവിശ്വാസം കണ്ടപ്പോൾ അതൊരു പ്രചോദനം ആയി. ലിസ്റ്റിൻ ഒരു സിനിമ കണ്ടു പറയുന്ന അഭിപ്രായം ജെനുവിൻ  ആയി തോന്നാറുണ്ട്.     

 

പുതിയ പ്രോജക്ടുകൾ 

 

സിനിമ എന്റെ പാഷനാണ്. ഒന്നുരണ്ടു സ്ക്രിപ്റ്റ് മനസ്സിലുണ്ട്. രണ്ടെണ്ണം രണ്ടുപേർ എഴുതിക്കൊണ്ടിരിക്കുകയാണ്. ഉടനെ തന്നെ അടുത്ത പടം ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com