പ്രമോഷനു കണ്ടില്ല, പുതുപ്പള്ളി തിരഞ്ഞെടുപ്പിലും; കുഞ്ചാക്കോ ബോബൻ പറയുന്നു
Mail This Article
ന്നാ താൻ കേസ് കൊട്’ ഹിറ്റായി തിയറ്ററുകളിലോടുന്ന സമയം. എയർപോർട്ടിലെത്തിയ കുഞ്ചാക്കോ ബോബനെ ഒരു കുടുംബം അടുത്തു വന്നു പരിചയപ്പെട്ടു. ‘സാറിന്റെ അതേ നാട്ടുകാരനാണു ഞാൻ’ എന്നു കുടുംബനാഥൻ. ആലപ്പുഴയിൽ എവിടെയാണെന്ന മറുചോദ്യത്തിന് ‘ഏയ്, ഞാങ്കാസറോട്ടാരൻ’ എന്നു മറുപടി. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ‘കൊഴുമ്മൽ രാജീവൻ’ എന്ന കഥാപാത്രത്തിന്റെ സംസാരം കേട്ട് യഥാർഥത്തിൽ താൻ കാസർകോട്ടുകാരൻ തന്നെയെന്ന് ഉറപ്പിച്ചായിരുന്നു ആ സംഭാഷണമെന്നു ചാക്കോച്ചൻ പറയുന്നു. ‘ചാവേർ’ എന്ന ടിനു പാപ്പച്ചൻ ചിത്രത്തിൽ റഫ് ആൻഡ് ടഫ് ആയ അശോകനായി എത്തുന്ന ചാക്കോച്ചൻ സംസാരിക്കുന്നു.
‘സുന്ദരരും സുമുഖരുമായ കുറെയേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചയാളാണു ഞാൻ. അത്തരം വേഷങ്ങൾ മാത്രം ചെയ്ത് അവിടെത്തന്നെ നിൽക്കാൻ ആഗ്രഹിക്കുന്നില്ല. ചെയ്യാത്തതു ചെയ്യാനുള്ള അന്വേഷണത്തിലും യാത്രയിലുമാണ്. പരിചിതമല്ലാത്ത കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച് അറിവും അനുഭവങ്ങളും നേടുക എന്നതാണു പ്രധാനം. ആ യാത്രയിൽ വലിയ കഷ്ടപ്പാടുണ്ട്. പക്ഷേ അതും ഞാൻ ആസ്വദിക്കുന്നു.’
ചാവേർ?
ആക്‌ഷനും വയലൻസുമെല്ലാമുണ്ടെങ്കിലും പൊളിറ്റിക്കൽ ത്രില്ലർ എന്ന ഒരൊറ്റ ടാഗ് ലൈനിൽ ഒതുക്കാനാകുന്ന ചിത്രമല്ല ‘ചാവേർ’. സൗഹൃദങ്ങളും കുടുംബബന്ധങ്ങളുമെല്ലാം നന്നായി പറഞ്ഞു പോകുന്നുണ്ട്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണെങ്കിലും ടിനു പാപ്പച്ചൻ ചിത്രങ്ങളിലെ സിനിമാറ്റിക് വിഷ്വൽ ട്രീറ്റ് ഇതിലുമുണ്ട്.
ജോയ് മാത്യുവിന്റെ തിരക്കഥ?
ജോയിയേട്ടനുമായി സിനിമയ്ക്ക് ഉള്ളിലും പുറത്തും നല്ല ബന്ധമുണ്ട്. സംഭവബഹുലമാണു അദ്ദേഹത്തിന്റെ ജീവിതം. എപ്പോൾ കാണുമ്പോഴും ഒട്ടേറെ അനുഭവങ്ങളും യാത്രകളിലുണ്ടായ സംഭവങ്ങളുമെല്ലാം വളരെ രസകരമായി അദ്ദേഹം പറയും. അതിൽ പ്രണയം, നർമം, ഉദ്വേഗം തുടങ്ങി സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാമുണ്ടാകും. ഈ കഥകളൊക്കെ ഞാൻ വിസ്മയത്തോടെയാണു കേട്ടിരിക്കുക. വേരുറപ്പുള്ളൊരു കഥയും തിരക്കഥയും അതുകൊണ്ടു തന്നെ ചാവേറിനുണ്ട്. ഞാനും പെപ്പെയും അർജുൻ അശോകനും ആദ്യമായി ഒരുമിക്കുന്നു എന്ന ഫ്രഷ്നെസും ഫീൽ ചെയ്യും. ജോയിയേട്ടനും വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചാക്കോച്ചനെ ഒരു ചിത്രത്തിന്റെ പ്രമോഷനു കണ്ടില്ലെന്ന വിവാദത്തെപ്പറ്റി?
എന്റെ പടം വിജയിക്കേണ്ടത് മറ്റാരെക്കാളും എന്റെ ആവശ്യമാണ്. പ്രമോഷൻ നൽകാത്തതിനാൽ അതു പരാജയപ്പെട്ടോട്ടെ എന്നു ചിന്തിക്കാൻ മാത്രം സെൻസില്ലാത്ത ആളല്ല ഞാൻ. എന്റേതല്ലാത്ത സിനിമകൾക്കു പോലും പ്രമോഷൻ നൽകാൻ മടി കാണിക്കാറില്ല. കാരണം, സിനിമ കാണാൻ തിയറ്ററിൽ ആളെത്തിയാൽ എല്ലാവർക്കും മെച്ചമാണ്. പക്ഷേ ഈ മേഖലയിൽ എല്ലാ കാര്യങ്ങളും മുൻകൂട്ടി തീരുമാനിച്ചതു പോലെയല്ല നടക്കുക. പ്രമോഷൻ ഷൂട്ട് പെട്ടെന്നു തീരുമാനിക്കപ്പെടുന്നതാണു പലപ്പോഴും. ആ സമയത്തു ചിലപ്പോൾ നാം സ്ഥലത്തുണ്ടാവാതിരിക്കുകയോ മറ്റു ലൊക്കേഷനിൽ ആയിരിക്കയോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയോ ഒക്കെ സംഭവിക്കാം. ഈ മൂന്നു കാര്യങ്ങളും വിവാദമുണ്ടായ ചിത്രത്തിന്റെ കാര്യത്തിൽ സംഭവിച്ചു എന്നതാണു സത്യം. ഞാൻ വിദേശത്തായിരുന്നു. ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി ഒരു പാട്ടു പാടുന്നതു പോലും ആ സിനിമയിലാണ്. ആ പാട്ടും വ്യത്യസ്തമായ ഒരു പ്രമോഷൻ തന്നെയാണ്. അത്തരത്തിലൊരു ഫീൽഗുഡ് സിനിമ വിവാദത്തിന്റെ പശ്ചാത്തലത്തിലോ നെഗറ്റീവ് പബ്ലിസിറ്റി മൂലമോ അല്ല ശ്രദ്ധിക്കപ്പെടേണ്ടത് എന്ന പൂർണ ബോധ്യം ഉള്ളതു കൊണ്ടാണ് അന്ന് ഇതെപ്പറ്റി മിണ്ടാതിരുന്നത്.
ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കണ്ടില്ലല്ലോ?
ഞാൻ ചെന്നാലും ഇല്ലെങ്കിലും അവിടെ മറിച്ചൊരു തിരഞ്ഞെടുപ്പു ഫലം ഉണ്ടാകുമായിരുന്നു എന്നു തോന്നുന്നില്ല. പിന്നെ, ഉമ്മൻചാണ്ടി സാർ പോയപ്പോൾ ആ കുടുംബത്തിന് ഒരു ഇമോഷനൽ സപ്പോർട്ട് ആയിരുന്നു ആവശ്യം. വേണ്ട സമയത്ത് അതു നൽകാൻ കഴിയുക എന്നതാണു പ്രധാനം. എനിക്കും കുടുംബത്തിനും അതിനു കഴിഞ്ഞു എന്നതാണു സന്തോഷം.