ADVERTISEMENT

ജീവിതത്തിൽ ആദ്യമായി മുഴുനീള വേഷത്തിലെത്തിയ സിനിമയെക്കുറിച്ച് റിലീസിനു മുൻപു വരെ ആരോടും പറയാൻ കഴിയാതെ പോവുകയെന്ന വലിയ സങ്കടമായിരുന്നു കുറച്ചു കാലം മുൻപു വരെ കൊച്ചിക്കാരായ ജിനിലിനും ജിവിനും. നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യത്തിലെ വലിയൊരു സർപ്രൈസ് ആയിരുന്നു ജിനിലിന്റെയും ജിവിന്റെയും കഥാപാത്രങ്ങൾ. തിയറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഒടിടിയിൽ സിനിമ സൂപ്പർഹിറ്റായി! ഒപ്പം ചിത്രത്തിലെ ഇവരുടെ കഥാപാത്രങ്ങളും ആഘോഷിക്കപ്പെട്ടു. സിനിമ കണ്ട ചിലർ ആദ്യം കരുതിയത് അരുൺഘോഷ്, അജയ്ഘോഷ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഒരു നടനാണെന്നാണ്. എന്നാൽ, യഥാർഥ ജീവിതത്തിലും ഇരട്ടകളായ ജിനിലും ജിവിനും ആണ് ആ രസികൻ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. ഭരതനാട്യത്തിന്റെ വിജയവിശേഷങ്ങളുമായി ഇരുവരും മനോരമ ഓൺലൈനൊപ്പം ചേരുന്നു.  

സുഹൃത്ത് വഴി വന്ന അവസരം

ഞങ്ങൾ ആദ്യം അഭിനയിച്ചത് ‘ശലമോൻ’ എന്ന ചിത്രത്തിലായിരുന്നു. ആ സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. അതിന്റെ തിരക്കഥാകൃത്തായ നിസാമേട്ടനും സുഹൃത്ത് ബിനോയി ചേട്ടനും വഴിയാണ് ഈ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ബിനോയി ചേട്ടനും ശലമോനിൽ വർക്ക് ചെയ്തിട്ടുണ്ട്. ഭരതനാട്യത്തിനു വേണ്ടി ഇരട്ടകളെ അതിന്റെ പ്രൊഡക്ഷൻ ടീം തിരയുന്നുണ്ടായിരുന്നു. സിനിമയിലെ സർപ്രൈസ് വേഷം ആയതിനാൽ കാസ്റ്റിങ് കോൾ ഒന്നും വിളിച്ചിരുന്നില്ല. സംവിധായകൻ കൃഷ്ണദാസ് മുരളിയുടെ സുഹൃത്താണ് നിസാമേട്ടൻ. അദ്ദേഹം മുൻപ് ഈ കഥ കേട്ടിട്ടുണ്ട്. നല്ല വേഷമാണ്, ട്രൈ ചെയ്തു നോക്കൂ എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ ഓഡിഷനു പോകുന്നത്. സിനിമയിലെ ഒരു സീൻ തന്ന് ചെയ്യാൻ പറഞ്ഞു. വിറകുപുരയിലെ സീൻ ആണ് ഞങ്ങൾ ചെയ്തത്. അതിൽ നിറയെ ഡയലോഗുകളും ഉണ്ടല്ലോ. ആ രണ്ടു കഥാപാത്രങ്ങളും ഞങ്ങളെക്കൊണ്ട് മാറ്റി ചെയ്യിപ്പിച്ചു നോക്കി. എന്നിട്ടാണ് ആരാണ് അരുൺഘോഷ്, ആരാണ് അജയ്ഘോഷ് എന്നുറപ്പിച്ചത്. ജിനിൽ അരുൺഘോഷിന്റെയും ജിവിൻ അജയ്ഘോഷിന്റെയും വേഷങ്ങൾ ചെയ്തു.

jinil-juvin-bharathanatyam-twin
അഭിനയ പരിശീലകൻ രാകേഷ് പള്ളിശ്ശേരിക്കൊപ്പം ജിനിലും ജിവിനും (Photo: Special Arrangement)

സെറ്റിലെ ആക്ടിങ് ആശാൻ

ശരിക്കും 40 ദിവസത്തെ ഷൂട്ട് ആയിരുന്നു. പക്ഷേ, 34 ദിവസത്തിൽ പടം തീർന്നു. തൃശൂരിലെ അന്നമനട, മേലടൂർ എന്നിവിടങ്ങളിലായിരുന്നു ഷൂട്ട്. മുൻപും പല സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലെ മുഴുനീള വേഷം ലഭിക്കുന്നത് ആദ്യമായിട്ടാണ്. അതും ഇത്രയും പ്രമുഖതാരങ്ങളിലുള്ള ഒരു സിനിമയിൽ! ഞങ്ങൾ തുടക്കക്കാർ ആയതിനാൽ എല്ലാവരും ഞങ്ങൾക്ക് കട്ട സപ്പോർട്ട് ആയിരുന്നു. അതുകൊണ്ട്, അഭിനയം പ്രശ്നങ്ങളില്ലാതെ പോയി. അഭിനയം മികച്ചതാക്കാൻ ഞങ്ങൾക്ക് സെറ്റിൽ ഒരു ആശാൻ ഉണ്ടായിരുന്നു. സംവിധായകൻ ഏർപ്പാടാക്കിയ രാകേഷ് പള്ളിശ്ശേരി! അദ്ദേഹം ഒരു അഭിനയ പരിശീലകനാണ്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ഞങ്ങൾ എല്ലാം ചെയ്തത്. ഓരോ സീനും അദ്ദേഹം ഞങ്ങൾക്കു വിശദീകരിച്ചു തരും. ആവശ്യമായി പരിശീലനവും നൽകും. അതിനുശേഷമായിരുന്നു ഷോട്ട് എടുക്കുക. 

jinil-jivin-2

കരയാൻ മ്യൂസിക് തെറാപ്പി

ശ്രീജാമ്മയ്ക്കൊൊപ്പം (ശ്രീജ രവി) ഒരു ഇമോഷനൽ സീനുണ്ട് സിനിമയിൽ. ജിവിൻ ആണ് ആ കഥാപാത്രം ചെയ്യുന്നത്. കരച്ചിൽ അൽപം പേടിയുള്ള പരിപാടിയായിരുന്നു. ആശാൻ നല്ലോണം സഹായിച്ചു. സീൻ എടുക്കുന്നതിന് മുൻപ് മ്യൂസിക് തെറാപ്പി തന്ന് ആ മൂഡിലേക്ക് കൊണ്ടു വന്നു. പിന്നെ, ശ്രീജാമ്മ കറക്ട് ക്യാരക്ടർ ആയി നിൽക്കുകയാണ്. അവർ കരയുന്നതു കാണുമ്പോൾ ആ സങ്കടം നമുക്കും തോന്നും. സത്യത്തിൽ ആശാനും ശ്രീജാമ്മയും ഉള്ളതുകൊണ്ട് ആ രംഗം അത്രയും ഭംഗിയായി ചെയ്യാൻ കഴിഞ്ഞത്. ഷൂട്ട് തീർന്നപ്പോഴേക്കും എല്ലാവരും തമ്മിൽ നല്ല വൈബ് ആയി. ഇപ്പോൾ എല്ലാവരെയും ശരിക്ക് മിസ് ചെയ്യുന്നുണ്ട്. ആദ്യമൊക്കെ സെറ്റിൽ എല്ലാവരെയും പറ്റിച്ചു നടക്കുക എന്നത് ഞങ്ങളുടെ വിനോദമായിരുന്നു. പിന്നെ ഞങ്ങളെ രണ്ടു പേരെയും തിരച്ചറിഞ്ഞു തുടങ്ങി. രണ്ടു ദിവസം അടുപ്പിച്ചു കണ്ടാൽ ഞങ്ങൾ തമ്മിലുള്ള വ്യത്യാസം പെട്ടെന്നു പിടിക്കാൻ പറ്റും. 

ഒടിടി റിലീസിനു ശേഷം സൂപ്പർ ഹാപ്പി

ഷൂട്ടിങ്ങിന്റെ തുടക്കം മുതൽ ഞങ്ങളെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. ആ സമയത്തൊക്കെ പുറത്തുവിട്ട പടങ്ങളിലൊന്നും ഞങ്ങളുണ്ടായിരുന്നില്ല. സിനിമ ഇറങ്ങിയപ്പോൾ കുറച്ചു പേരൊക്കെ വിളിച്ചു. ഞങ്ങൾ ആദ്യം അഭിനയിച്ച ശലമോന്റെ സംവിധായകൻ ജിതിൻ ചേട്ടൻ‌ വിളിച്ചിരുന്നു. വലിയ സന്തോഷമായിരുന്നു അദ്ദേഹത്തിന്. ചിലർ ഞങ്ങളുണ്ടെന്ന് അറിയാതെ സിനിമ കണ്ട് വലിയ സന്തോഷത്തോടെ വിളിച്ചിരുന്നു. ‘വാഴ’ സിനിമ കാണാൻ പോയി ടിക്കറ്റ് കിട്ടാതെ ഈ സിനിമയ്ക്ക് കേറിയവരുമുണ്ട്. എല്ലാവർക്കും സിനിമ വലിയ ഇഷ്ടമായി. ഒടിടിയിൽ വന്നപ്പോഴാണ് കൂടുതൽ നല്ല പ്രതികരണങ്ങൾ ലഭിക്കുന്നത്.

അടപടലം മുതൽ ഭരതനാട്യം വരെ

സിനിമ ചെറുപ്പം മുതൽ ഇഷ്ടമായിരുന്നെങ്കിലും അഭിനയമൊന്നും ഞങ്ങളുടെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. അടപടലം എന്ന വെബ്സീരീസാണ് ആദ്യം സംഭവിച്ചത്. നിസാം ചേട്ടനായിരുന്നു അതിന്റെയും സ്ക്രിപ്റ്റ്. എല്ലാവരെയും പറ്റിച്ചു നടക്കുന്ന ഇരട്ടകളായിട്ടാണ് അതിൽ അഭിനയിച്ചത്. നല്ല കാഴ്ചക്കാർ ഉണ്ടായിരുന്ന പ്രൊഡക്ഷനായിരുന്നു അത്. ഈയടുത്തിറങ്ങിയ ‘വിശേഷം’ എന്ന സിനിമയിലും അതുപോലൊരു പറ്റിക്കൽ സീൻ ഞങ്ങൾക്ക് അഭിനയിക്കാൻ പറ്റി. സാധാരണ ഒരു കുടുംബത്തിൽ നിന്നാണ് ഞങ്ങൾ വരുന്നത്. അഭിനയിച്ചു കളിച്ചു നടന്നതു മതി, ഇനി ജോലിയൊക്കെ നോക്കണമെന്ന് ഇടയ്ക്ക് വീട്ടുകാർ പറയും. ഇപ്പോൾ രണ്ടു പേർക്ക് ഒരുമിച്ച് സിനിമയിൽ എത്താൻ പറ്റിയതിൽ വലിയ സന്തോഷം. വീട്ടുകാരും വൻ സപ്പോർട്ടാണ്. 

jinil-jivin-222

28 വയസ്സുണ്ട് ഞങ്ങൾക്ക്. പക്ഷേ, ഉയരവും തടിയും ഇല്ലാത്തതുകൊണ്ട് സ്കൂൾ കുട്ടികളുടെ വേഷവും ചെയ്യാൻ പറ്റും. സ്കൂളിലൊക്കെ പഠിക്കുമ്പോൾ ഇങ്ങനെ ഉയരം കുറഞ്ഞിരിക്കുന്നതു കൊണ്ട് പലരും കളിയാക്കിയിട്ടുണ്ട്. തുടക്കത്തിൽ സങ്കടം തോന്നിയിരുന്നെങ്കിലും പിന്നീട് അത് ശീലമായി. പക്ഷേ, ഈ രൂപമാണ് ഞങ്ങൾക്ക് വലിയ അവസരം തുറന്നു തന്നത്. ഞങ്ങൾ നാലു മക്കളാണ്. അച്ഛൻ ജോൺ ആന്റണി സിവിൽ എൻജിനീയറാണ്. അമ്മ സലോമി ജോളി. ഒരു ചേട്ടനും ചേച്ചിയുമുണ്ട്. നല്ല വേഷങ്ങൾ വന്നാൽ ഇനിയും സിനിമയിൽ തുടരണം എന്നാണ് ആഗ്രഹം. 

English Summary:

Chat with twin actors Jivil and Jivin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com