ചേട്ടനു കൂട്ടുപോയി നടനായി, മയിൽപ്പീലിക്കാവിലെ ‘കുട്ടി’ തിലകൻ അഭിമുഖം

Mail This Article
പുനർജന്മത്തിലൂടെ പൂർവജന്മ ശത്രുവിനോട് പ്രതികാരം ചെയ്യുന്ന പ്രണയിതാക്കളുടെ കഥ പറയുന്ന ചിത്രമാണ് 1998ൽ പുറത്തിറങ്ങിയ ‘മയിൽപ്പീലിക്കാവ്’. കുഞ്ചാക്കോ ബോബനും ജോമോളും നായികാ നായകന്മാരായെത്തിയപ്പോൾ വില്ലനായെത്തിയത് തിലകനായിരുന്നു. ചിത്രത്തിൽ തിലകന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് വിധു കൃഷ്ണനും. ‘ഉണ്ണികളെ ഒരു കഥപറയാം’, ‘നീലക്കുറിഞ്ഞി പൂത്തപ്പോൾ’, ‘പ്രാദേശിക വാർത്തകൾ’, ‘എഴുന്നള്ളത്ത്’ തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച വിധു കൃഷ്ണൻ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ‘മയിൽപ്പീലീക്കാവ്’. സിനിമാ സീരിയൽ താരം യദുകൃഷ്ണന്റെ സഹോദരനാണ് വിധു. ‘വിവാഹിതരെ ഇതിലെ’ എന്ന ചിത്രത്തിലൂടെ ഇരുവരും ഒരുമിച്ച് സിനിമയിലേക്ക് എത്തിയെങ്കിലും വിധു അഭിനയം വിട്ട് ബിസിനസ്സിലേക്ക് തിരിഞ്ഞു. കണ്ണൂർ സ്വദേശിനി നീതു ലക്ഷ്മിയാണ് ഭാര്യ. ഇരുവരും ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. മനോരമ ഓൺലൈന്റെ ‘ഓർമയുണ്ടോ ഈ മുഖം’ എന്ന പരിപാടിയിലൂടെ സിനിമാ ഓർമകൾ പങ്കുവെക്കുകയാണ് വിധു കൃഷ്ണൻ.
അഭിനയം വിട്ട് 27 വർഷം
27 വർഷമായി ഞാൻ അഭിനയം നിർത്തിയിട്ട്. അതിനുശേഷം എംബിഎ ചെയ്തു. ഇപ്പോൾ തിരുവനന്തപുരത്ത് ബിസിനസ് നടത്തുകയാണ്. ചേട്ടൻ സിനിമയിലും സീരിയലിലുമൊക്കെ തിളങ്ങി നിൽക്കുമ്പോൾ ഞാൻ സിനിമയിൽ നിന്നും മാറിയത് എന്തിനാണെന്നു പലരും ചോദിക്കാറുണ്ട്. പക്ഷേ, ഒന്നും മനഃപൂർവം സംഭവിച്ചതല്ല. ബിസിനസ് മാറ്റിവെച്ച് സിനിമയിലേക്കു വരാൻ പറ്റുന്ന സാഹചര്യമില്ലാത്തതാണ് അതിനു കാരണം.

ചേട്ടന് കൂട്ട് പോയി, ഞാനും നടനായി
ഞാനും ചേട്ടനും കഥകളി പഠിച്ചിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിലൊക്കെ പങ്കെടുത്ത് സമ്മാനവും കിട്ടിയിട്ടുണ്ട്. ഒരു കലോത്സവത്തിന് ചേട്ടന് സമ്മാനം കൊടുക്കാൻ വന്നത് ബാലചന്ദ്രമേനോൻ സാറായിരുന്നു. അന്ന് ചേട്ടനെ കണ്ടപ്പോൾ സാറിനിഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് അതുപോലെ ഒരു പയ്യനെ ആവശ്യമുണ്ടെന്നും ഒരു ദിവസം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ചെന്നു കാണണമെന്നും പറഞ്ഞു. അന്ന് ചേട്ടന്റെ കൂടെ വെറുതെ ഞാനും പോയി. അപ്പോൾ സിനിമയിൽ രണ്ടു പേരെയാണ് ആവശ്യം. ‘ഇയാളും കൂടി പോരൂ’ എന്നു പറഞ്ഞ് എന്നെയും അഭിനയിപ്പിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ‘വിവാഹിതരെ ഇതിലെ’ ചെയ്യുന്നത്. പിന്നീട് കുറേ സിനിമകളിൽ അഭിനയിച്ചു. തിലകൻ, പപ്പു, ഇന്നസെന്റ്, കെപിഎസി ലളിത, നെടുമുടി വേണു തുടങ്ങിയ ഇതിഹാസ കലാകാരന്മാർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. അന്ന് അതൊക്കെ എത്ര വലിയ സൗഭാഗ്യമാണെന്ന തിരിച്ചറിവ് ഇല്ലായിരുന്നു. ‘നീലക്കുറിഞ്ഞി പൂത്തപ്പോൾ’, ‘ഉണ്ണികളെ ഒരു കഥപറയാം’, ‘പ്രാദേശിക വാർത്തകൾ’, ‘മറുപുറം’, ‘തനിയാവർത്തനം’, ‘എഴുന്നള്ളത്ത്’ തുടങ്ങിയചിത്രങ്ങൾ കുട്ടിയായിരുന്നപ്പോഴാണ് ചെയ്തത്. കുറച്ചു മുതിർന്നതിനു ശേഷമാണ് ‘മയിൽപ്പീലിക്കാവ്’, ‘മീനത്തിൽ താലികെട്ട്’ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചത്.

ഉണ്ണികളെ ഒരു കഥപറയാം റീയൂണിയൻ
മനോരമ ഓൺലൈൻ സംഘടിപ്പിച്ച ഉണ്ണികളെ ഒരു കഥപറയാം റീയൂണിയൻ വല്ലാത്തൊരനുഭവമായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമയിലെ ആളുകളെയെല്ലാം കണ്ടെത്തി ഒരുമിപ്പിച്ചു കൊണ്ടുള്ള പരിപാടി നടക്കുന്നത്. ലാലേട്ടൻ പോലും അതിശയിച്ചു പോയി. ലാലേട്ടനും കാർത്തിക ചേച്ചിയും വീണ്ടും ഞങ്ങളെ ആ കുട്ടിക്കാലത്തേക്കു തിരിച്ചു കൊണ്ടു പോയതു പോലെ തോന്നി. 30 വർഷങ്ങൾക്കു ശേഷമാണ് ഞങ്ങളെല്ലാവരും വീണ്ടും കാണുന്നത്. കണ്ടിട്ട് തിരിച്ചറിയാൻ പോലും പറ്റാത്ത മാറ്റങ്ങൾ വന്നിരുന്നു എല്ലാവർക്കും. ഞാനും ഒരുപാട് മാറിയിട്ടുണ്ട്. യദു–വിധു എന്ന പേര് അറിയാമെങ്കിലും ഇപ്പോൾ ആളുകൾക്ക് എന്നെ തിരിച്ചറിയാൻ േലശം ബുദ്ധിമുട്ടാണ്. റീയൂണിയനുശേഷമാണ് പലരും എന്നെ തിരിച്ചറിയുന്നത്. ഞങ്ങൾക്കൊരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ട്. അതിലാണ് ഇപ്പോൾ വിശേഷങ്ങൾ പറയുന്നത്. ലാലേട്ടന്റെ പിറന്നാളിന് ഞങ്ങളെല്ലാവരും അദ്ദേഹത്തിന് വിഡിയോയിലൂടെ ആശംസകൾ അയച്ചിരുന്നു. വിശേഷ ദിവസങ്ങളിൽ അദ്ദേഹം ഞങ്ങൾക്കും ആശംസകൾ അറിയിക്കും. ഓരോരുത്തരുടെയും ജന്മദിനം ഓർത്തിരുന്ന് ആശംസകൾ അറിയിക്കുന്നത് കാർത്തിക ചേച്ചിയാണ്. എന്റെ മക്കളുടെ ജന്മദിനം പോലും ചേച്ചി ഓർത്തുവച്ചിട്ടുണ്ട്.
തിരിച്ചു വരണം
അവസരം കിട്ടിയാൽ സിനിമയിലേക്കു തിരിച്ചു വരണമെന്നാണ് ആഗ്രഹം. അഭിനയിക്കുന്നതുപോലെ തന്നെ സിനിമയുടെ സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്യാനും ഇഷ്ടമാണ്. ഞാൻ സിനിമയിലേക്കു തിരിച്ചു വരണം എന്ന ആഗ്രഹം ഭാര്യയ്ക്കുമുണ്ട്.