ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി ‘ഗാനഗന്ധർവൻ’; കൈയ്യടിച്ച് പ്രേക്ഷകർ
Mail This Article
മമ്മൂട്ടി നായകാനാകുന്ന രമേഷ് പിഷാരടി ചിത്രമായ ‘ഗാനഗന്ധര്‍വ്വന്റെ’ പുതിയ തീരുമാനത്തിന് കൈയ്യടിച്ച് സിനിമാലോകം. ചിത്രത്തിന്റെ പ്രമോഷനായി ഫ്‌ളക്‌സ് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്ന തീരുമാനമാണ് അണിയറപ്രവര്‍ത്തകര്‍ എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഫ്ലെക്‌സ് ബോർഡ് വീണുണ്ടായ അപകടത്തിൽ ശുഭശ്രീ എന്ന യുവതി മരിക്കാനിടയായ സംഭവമാണ് പതിവു പരസ്യ രീതി വെടിയാൻ കാരണം.
മമ്മൂട്ടി, സംവിധായകന്‍ രമേഷ് പിഷാരടി, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്. അതിനാല്‍ ചിത്രത്തിന്റെ പ്രെമോഷനായി പോസ്റ്ററുകള്‍ മാത്രമാണ് ഉപയോഗിക്കുക.
ഈ തീരുമാനവുമായി ബന്ധപ്പെട്ട് ഗാനഗന്ധർവൻ സിനിമയുടെ അണിയറ പ്രവർത്തകരെ പ്രശംസിച്ച് അരുൺ സദാനന്ദൻ എഴുതിയ കുറിപ്പ് വായിക്കാം:
ഇതൊരു കേസ് സ്റ്റഡിയാണ്
ഫ്ലെക്സ് പ്രിന്റ് ചെയ്യുന്നതിന് വലിയ പൈസയാവില്ല, ഏതൊരു ബിസിനസ്സ് പോലെയും പ്രിന്റ് ഏരിയ കൂടുന്തോറും ചിലവ് വളരെ കുറയും. ഒന്നോ രണ്ടോ മാസം മാത്രം മങ്ങാതെ നിക്കുന്ന തരത്തിലാണ് അച്ചടി. ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടിയാവുമ്പോൾ അത് മതി.
കെട്ടുന്നതിന് പ്രത്യേകം ചിലവില്ല, ഒരു മാസം കഴിയുമ്പോൾ ഫ്ലെക്സ് കെട്ടിയവർ തന്നെ അഴിച്ചെടുക്കും, അതാണ് കൂലി. ക്വാളിറ്റി അനുസരിച്ച് അവർ അത് ചിലപ്പോൾ ടാർപ്പായ്ക്ക് പകരമായി വിൽക്കും, അല്ലെങ്കിൽ റീ സൈക്കിൾ ചെയ്യും.
ചിലവ് വരുന്നത് മുഴുവനും ബോർഡിന്റെ റെന്റൽ ആണ്. അതും ഊഹിക്കാവുന്നതല്ലേ ഉള്ളൂ, നഗരം അനുസരിച്ച് റെന്റൽ മാറും. കുണ്ടന്നൂര് (ഇപ്പൊ ഉണ്ടോയെന്നറിയില്ല) ആലപ്പുഴയിൽ നിന്നും വരുമ്പോൾ കാണാൻ കഴിയുന്ന തരത്തിൽ ഇടത് വശത്ത് ഒരു ഫ്ലെക്സ് ഉണ്ടായിരുന്നു, അതായിരുന്നു പോലും കേരളത്തിലെ ഏറ്റവും കൂടുതൽ വാടകയുള്ള ബോർഡ്. പിന്നെ അത് മാറി നെടുമ്പാശ്ശേരി എയർ പോർട്ടിനടുത്ത് വലത് വശത്തുള്ള ഒരു ബോർഡായി. (സോഴ്സ് : ഫ്ലെക്സും വയ്ക്കും ഷോർട്ട് ഫിലിമിലും അഭിനയിക്കും എന്ന മട്ടിൽ ജീവിക്കുന്ന ഒരു പാവം കലാകാരൻ) മാസം ഒന്നിന്, സ്ക്വയർ ഫീറ്റിന് എന്ന രീതിയിലാണ് വാടക.
കേരളത്തിൽ, ഒരു വർഷം ഏറ്റവും കൂടുതൽ ഫ്ലെക്സ് 'കൺസ്യൂം' ചെയ്യുന്ന താരമാണ് ശ്രീ മമ്മൂട്ടി. (എന്റെ ഒബ്സർവേഷൻ, ഡാറ്റ അല്ല). അദ്ദേഹത്തിന്റെ ഒരു പടത്തിനും പബ്ലിസിറ്റിക്ക് ഒരു കുറവും വരുത്താറില്ല, ഒരു വർഷം മൂന്നിലേറെ റിലീസ് ഉണ്ടാവാറുമുണ്ട്, കുറച്ചു വർഷങ്ങളായി. കേരളത്തിലെ കൊച്ചു പടങ്ങൾ ഒരു തരത്തിൽ പബ്ലിസിറ്റിക്ക് വേണ്ടി മൽസരിച്ചു തോൽക്കുന്നത് മമ്മൂട്ടി പടങ്ങളോടാണ്, കാരണം അവയാണ് യാർഡ്സ്റ്റിക്ക്. ഒരു സ്റ്റാർ പടത്തിനു ഏറ്റവും കുറഞ്ഞത് ഒന്നര ലക്ഷം സ്ക്വയർ ഫീറ്റ് ഫ്ലെക്സ് അടിക്കുമ്പോൾ മറു വശത്ത് ഇരുപത്തിയയ്യായിരം സ്ക്വയർ ഫീറ്റ് - സംഭവം ആ പടത്തിന്റെ ബജറ്റ് വെച്ചു നോക്കുമ്പോൾ വലിയ കാര്യം ആണെങ്കിലും - ചെമ്മനത്തിന്റെ കവിതയിലെ 'ഒരു തേങ്ങ' ഉടയ്ക്കാൻ പോയവന്റെ അവസ്‌ഥയാണ് നെറ്റ് റിസൽട്ട്. പബ്ലിസിറ്റി കുറഞ്ഞു പോയി എന്ന് പറയാൻ എളുപ്പമെങ്കിലും, കൂടെ കിടക്കുന്നവനറിയാം രാപ്പനി - ഒരു സാധാരണക്കാരൻ തന്റെ പടത്തിന് ആകെ മൊത്തം എറണാകുളത്ത് നാല് ഫ്ലെക്സ് വയ്ക്കും, ആകെ അത് കാണുന്നത് അവൻ മാത്രവും!
ഇവിടെയാണ് തന്റെ പുതിയ പടത്തിന് ഫ്ലെക്സ് വേണ്ട എന്ന് മമ്മൂട്ടി പറയുന്നത്, കാറ്റലിസ്റ്റ് വേറെയാണെങ്കിലും. ശ്രീ ആന്റോ ജോസഫിന്റെ മറ്റ് മാർഗങ്ങൾ വിജയം കണ്ടാൽ, ശ്രീ മമ്മൂട്ടി സർ, ഒരു കടുത്ത ഫാൻ പറയുന്നതിലും ഒച്ചത്തിൽ ഞാൻ വിളിച്ചു പറയും, "അങ്ങ്, പുത്തൻ മലയാള സിനിമയുടെ എക്കണോമിക്‌സ് മാറ്റിയെഴുതിയെന്ന്!" ശ്രമം വിജയിക്കട്ടെ.
(ശുഭശ്രീയ്ക്ക് ആദരാഞ്ജലികൾ)