മാടമ്പിയും ഗാനഗന്ധർവനും ചെയ്ത പണമാണ് സ്റ്റാൻഡ് അപ്പിന് മൂലധനം: ബി. ഉണ്ണികൃഷ്ണൻ
Mail This Article
മാടമ്പിയും ഗാനഗന്ധര്‍വനും പോലുള്ള തട്ടുപൊളിപ്പന്‍ സിനിമകള്‍ ചെയ്തതുകൊണ്ടാണ് സ്റ്റാന്‍ഡ് അപ്പ് പോലുള്ള സിനിമകള്‍ ഇവിടെയുണ്ടാകുന്നതെന്ന് സംവിധായകനും നിർമാതാവും ഫെഫ്ക പ്രസിഡന്‍റുമായ ബി. ഉണ്ണികൃഷ്ണന്‍. പ്രത്യയശാസ്ത്ര വൈരുധ്യങ്ങള്‍ക്കപ്പുറം സിനിമയ്ക്കു വേണ്ടത് മൂലധനമാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
വിധു വിന്‍സന്‍റ് സംവിധാനം ചെയ്യുന്ന 'സ്റ്റാന്‍ഡ് അപ്പ്' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലാണ് ബി. ഉണ്ണികൃഷ്ണൻ ഇത് പറഞ്ഞത്. ബി. ഉണ്ണികൃഷ്ണനും ആന്‍റോ ജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്..
‘നിർമാതാവിനെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് വിധു എന്റെ അരികിൽ എത്തുന്നത്. ഞാനൊരു കോർപറേറ്റ് കമ്പനിയെ വിധുവിന് പരിചയപ്പെടുത്തി കൊടുത്തു. കഥ ഇഷ്ടപ്പെട്ടെങ്കിലും പ്രോജക്ട് നടക്കാൻ കാലതാമസം ഉണ്ടാകുമായിരുന്നു. അങ്ങനെയാണ് ഞാൻ ആന്റോയെ വിളിക്കുന്നത്. കഥ പോലും ചോദിക്കാതെ അദ്ദേഹം എനിക്കൊപ്പം നിർമാണം ഏറ്റെടുക്കുകയായിരുന്നു.’
‘കച്ചവടസിനിമകൾ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്യുന്ന ആളുകളാണ് ഞങ്ങൾ. മലയാള സിനിമയില്‍ സ്ത്രീകളുടേതായ ഒരു ബദല്‍ രാഷ്ട്രീയം ഡബ്ലുസിസി സംഘടന വഴി മുന്നോട്ട് വയ്ക്കുന്നതില്‍ പ്രമുഖയായിട്ടുള്ളയാളാണ് സംവിധായികയായ വിധു വിന്‍സന്‍റ്. അര്‍ത്ഥവത്തായുള്ള സംവാദവും സൗഹൃദവും വഴിയാണ് സിനിമയ്ക്കുള്ളിലുള്ള രാഷ്ട്രീയ കൂട്ടായ്മകള്‍ക്ക് ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന ബോധം. എനിക്കും വിധുവിനുമുണ്ട്. അതിന്‍റെ തുടര്‍ച്ചയായാണ് ഞങ്ങള്‍ സ്റ്റാന്‍ഡ് അപ്പ് നിർമിക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനം അംഗീകരിച്ച വിധുവിനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. കാരണം ഞങ്ങളുടെ കരിയറിലെ പ്രധാനപ്പെട്ട സിനിമയാകും സ്റ്റാൻഡ് അപ്പ്. ’ –ബി. ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ വ്യക്തമാക്കി.
‘നമുക്കൊരിക്കലും പൊളിറ്റക്കലി കറക്ട് ആകാൻ കഴിയില്ല. തെറ്റുകളിലൂടെ അതിലേയ്ക്ക് യാത്ര ചെയ്യുകയാണ്. തെറ്റുകള്‍ തിരുത്തി തിരുത്തി മുന്നോട്ട് പോകുന്നത് സാര്‍ത്ഥകമായ രാഷ്ട്രീയം. അങ്ങനെ ആന്റോ ജോസഫും ഉണ്ണികൃഷ്ണനും മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നിന്ന് ചെയ്ത ചില െതറ്റുകളുടെ തിരുത്തലുകൾ കൂടിയാണ് സ്റ്റാൻഡ് അപ്പ്.’
‘രണ്ടറ്റവും കൂട്ടി മുട്ടണമെങ്കിൽ ഒരാൾ വളഞ്ഞുകൊടുക്കണമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. ഇവിടെ വളഞ്ഞത് ഞങ്ങൾ തന്നെയാണ്. വളയാതെ അവർ നിൽക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു എന്നതാണ് സത്യം.’
‘ഈ സിനിമയുടെ തിരക്കഥ വിധു എനിക്ക് നൽകിയിരുന്നു. എന്നാൽ ഞാൻ ഒരക്ഷരം പറഞ്ഞിട്ടില്ല. കാരണം ഒരു മെയ്ൽ സെൻസറിങ് അതിൽ ഉണ്ടാകരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചു. മൂന്ന് ദിവസം മുമ്പ് ഈ സിനിമ ഞങ്ങളെ കാണിച്ചു. അതിലും ഒരഭിപ്രായം പറഞ്ഞില്ല. ഇത് വിധുവിന്റെ സിനിമയാണ്. ഇതിനകത്തുള്ള വൈരുധ്യം ഞങ്ങളെപ്പോലെ വിധുവും ഉൾക്കൊള്ളും എന്നു പ്രതീക്ഷിക്കുന്നു.’
‘ഇത്തരം സംരംഭകൾക്കെല്ലാം അടിത്തറ മൂലധനമാണ്. ഈ മൂലധനം എന്നുപറയുന്നത് അനിവാര്യമായ ഈവിൾ ആണ്. ഞാൻ മാടമ്പിയും പ്രമാണിയും ചെയ്താണ് പൈസ ഉണ്ടാക്കുന്നത്. മമ്മൂക്കയെ വച്ചുള്ള ഗാനഗന്ധർവനിൽ നിന്നുളള പൈസയാകും ആന്റോ ഇതിൽ മുടക്കുക. അതിനെ ഒന്നും ചെയ്യാനാകില്ല. അത്തരത്തിലുള്ള പ്രത്യയശാസ്ത്ര വൈരുദ്ധ്യവും തിരിച്ചറിയണം.’
‘സിനിമയിൽ മാത്രമല്ല വലിയ രീതിയിൽ സാമൂഹികമായ ചില തിരിച്ചറിവുകൾ നമുക്ക് ആവശ്യമാണ്. മാധ്യമങ്ങളിൽ മുഴുവൻ ആഘോഷം കൂടത്തായി കൊലക്കേസ് ആണ്. എന്നോട് പലരും ചോദിച്ചു, ഞാനാണോ അത് സംവിധാനം ചെയ്യുന്നതെന്ന്. എനിക്ക് അങ്ങനെ യാതൊരു പരിപാടിയുമില്ല. ഈ ജോളി എന്നു പറയുന്നത്, എല്ലാ ഈവിളിന്റെയും പ്രഭവസ്ഥാനമായിട്ടുള്ള സ്ത്രീയെന്ന വർഷങ്ങളായുളള, ദശാബ്ദങ്ങളായിട്ടുള്ള പുരുഷന്റെ ഫാന്റസിക്കു കിട്ടിയ രൂപമാണ്. ’
!ജോളി എന്ന സ്ത്രീ പറയുന്നത്, ഇടയ്ക്ക് അവരിൽ പിശാച് കയറുമെന്നാണ്. ഈ പിശാച് എന്നു പറയുന്നത് കുടുംബം എന്ന സ്ഥാപനത്തിന്റെ പ്രത്യയശാസ്ത്ര ബാധ തന്നെയാണ്. ഇത്തരത്തിലൊരു സിനിമ കെ.ജി. ജോർജ് സാർ നേരത്തെ ചെയ്തിട്ടുണ്ട്. ഇരകൾ എന്ന സിനിമ ഇതിന്റെയൊരു മെയ്ൽ വേർഷനായിരുന്നു.’
‘ജലമർമരം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് ഞാൻ സിനിമാ രംഗത്തുകടന്നുവരുന്നത്. അത് ഒരു തിയറ്ററിലും റിലീസ് ആയില്ല. വലിയ രീതിയിലുള്ള പാരിസ്ഥിതിക രാഷ്ട്രീയം മുന്നോട്ടുവച്ച സിനിമയായിരുന്നു. 8 ലക്ഷം രൂപയായിരുന്നു ബജറ്റ്. മൂന്നര ലക്ഷം രൂപ കൈയ്യിൽ വച്ച് ആ സിനിമ നിന്നുപോകുമ്പോൾ ബാക്കി സിനിമ തന്ന് സഹായിച്ചത് സുരേഷ് ഗോപിയാണ്. അന്ന് അദ്ദേഹം പത്രം സിനിമ ചെയ്യുന്ന സമയമാണ്.’
‘സ്റ്റാൻഡ് അപ്പ് സിനിമയുടെ ജയപരാജയങ്ങളെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല. ഇത് മലയാള സിനിമയുടെ പുതിയ ഉണർവാകും. ’–ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
‘മമ്മൂക്കയോടും രഞ്ജി പണിക്കറിനോടും ഈ സിനിമ ചെയ്യുന്ന കാര്യം ഞാൻ പറഞ്ഞിരുന്നു. ഹീറോയല്ല, രണ്ട് സ്ത്രീകഥാപാത്രങ്ങളാണ് ചിത്രത്തിലെന്ന് മമ്മൂക്കയോട് പറയുകയുണ്ടായി. മമ്മൂക്ക പറഞ്ഞു, ‘കഥയാടാ ഹീറോ, അല്ലാതെ ഞാനും മോഹൻലാലും ഒന്നുമല്ല.’ കഥ തന്നെയാണ് ഹീറോ. ഇതിന്റെ കഥ മനോഹരമാണ്. ഈ സിനിമയുടെ ഫൈനൽ എഡിറ്റഡ് വേർഷൻ ഉണ്ണികൃഷ്ണൻ കണ്ടു. സിനിമയുടെ ക്ലൈമാക്സില്‍ പ്രേക്ഷകർ കൈയ്യടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ പ്രൊഡക്‌ഷൻ ഹൗസിന്‍റെ വാതിൽ എന്നും വിധുവിനായി തുറന്നിട്ടിരിക്കുന്നു.’– നിർമാതാവ് ആന്‍റോ ജോസഫ് പറഞ്ഞു.