പൃഥ്വിക്കു മുന്നേ മെലിഞ്ഞ് ഫഹദ്; കുറച്ചത് 20 കിലോ
Mail This Article
അഭിനയിക്കാൻ പറഞ്ഞാൽ കഥാപാത്രമായി ജീവിച്ചുകാണിക്കുന്ന താരമാണ് ഫഹദ് ഫാസിൽ. ഓരോ കഥാപാത്രങ്ങളിലൂടെയും മലയാളികളെ വിസ്മയിപ്പിക്കുന്ന താരം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഞെട്ടിക്കുന്ന മേക്കോവർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക് സിനിമയ്ക്കു വേണ്ടിയാണ് ഈ അതിഗംഭീര മേക്കോവർ.
ചിത്രത്തിനു വേണ്ടി 20 കിലോ ഭാരമാണ് താരം കുറച്ചത്. പല കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. സിനിമയ്ക്കു വേണ്ടി ശരീരത്തിൽ ഇങ്ങനെയൊരു പരീക്ഷണം ഫഹദ് നടത്തുന്നതും ഇതാദ്യമായാണ്. മെലിഞ്ഞ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിലും വലിയ ചർച്ചയായി കഴിഞ്ഞു.
ജനപ്രീതിയും നിരൂപകശ്രദ്ധയും നേടിയ േടക്ക് ഓഫിനു ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാലിക്. 25 കോടി ബജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം വിഷുവിന് പ്രദർശനത്തിനെത്തും.
ആന്റോ ജോസഫ് ആണ് നിർമാണം. ഫഹദ് ഫാസിലിനൊപ്പം വിനയ് ഫോർട്ട്, ജോജു ജോർജ്, ദിലീഷ് പോത്തൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന. ഒരിടവേളയ്ക്കു ശേഷം ജലജ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് മാലിക്.
ഹോളിവുഡ് ആക്‌ഷൻ കൊറിയോഗ്രഫർ ലീ വിറ്റാക്കർ ആണ് ആക്‌ഷന്‍ കൊറിയോഗ്രാഫർ. ബാഹുബലി, സൈറാ നരസിംഹ റെഡ്ഡി തുടങ്ങിയ വമ്പൻ സിനിമകൾക്കു ശേഷം ലീ വിറ്റാക്കർ ആക്‌ഷൻ നിർവഹിക്കുന്ന ദക്ഷിണേന്ത്യൻ ചിത്രമാകും മാലിക്.