ദുരന്തത്തിന്റെ മുന്നറിയിപ്പു പോലെ പെരുമഴ

Mail This Article
ആ ദിവസത്തെക്കുറിച്ചോർക്കുമ്പോൾ ആർത്തുപെയ്യുന്ന മഴയാണു മനസ്സിലേക്കു വരുന്നത്. ഹിന്ദിയിൽ യാഷ് ചോപ്ര സംവിധാനം ചെയ്ത വക്ത് എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു കോളിളക്കം. വക്ത് എന്ന ഹിന്ദി വാക്കിന്റെ അർഥം സമയമെന്നാണ്. മലയാള സിനിമയുടെ ഏറ്റവും മോശം സമയമായിരുന്നല്ലോ അതിന്റെ ക്ലൈമാക്സിൽ കാത്തിരുന്നത്. എണ്ണം പറഞ്ഞ നടന്മാരെയാണു സംവിധായകൻ പി.എൻ.സുന്ദരവും നിർമാതാവ് സി.വി.ഹരിഹരനും അണിനിരത്തിയത്. ക്ഷണിക്കപ്പെടാത്ത അതിഥിയായി മരണവും ക്ലൈമാക്സിൽ കടന്നുവരുമെന്ന് ആരറിഞ്ഞു?
‘വക്തിന്റെ’ ക്ലൈമാക്സിൽ ഹെലികോപ്റ്റർ സംഘട്ടനരംഗമില്ല. പ്രമുഖ നടന്മാരെല്ലാം ഒന്നിക്കുമ്പോൾ വ്യത്യസ്ത ക്ലൈമാക്സ് വേണമെന്ന ആലോചനയാണു ഹെലികോപ്റ്ററിലെത്തിച്ചത്. അക്കാലത്തിറങ്ങിയ ഹിന്ദി ചിത്രമായ സുഹാഗും പ്രചോദനമായിക്കാണണം. ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ ഹെലികോപ്റ്ററിൽ തൂങ്ങിപ്പോകുന്ന സീനുണ്ട്. സംഘട്ടനത്തിനു ശേഷം ശുഭാന്ത്യമാണു കോളിളക്കത്തിന്റെ ക്ലൈമാക്സായി എഴുതിവച്ചിരുന്നത്. വിധി പക്ഷേ, ക്ലൈമാക്സ് നേരത്തേ എഴുതിക്കഴിഞ്ഞിരുന്നല്ലോ!
രാവിലെ 7ന് എല്ലാവരും ഷോളവാരത്തെ എയർ സ്ട്രിപ്പിലെത്താനായിരുന്നു പ്ലാൻ. മഴ കാരണം അതു നീണ്ടു. പാംഗ്രോവ് ഹോട്ടലിന്റെ മുറികളിലും മുറ്റത്തുമൊക്കെയായി അണിയറ പ്രവർത്തകരുണ്ട്. ഞാൻ ബാലൻ കെ.നായരുടെ മുറിയിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ, യൂണിറ്റിലൊരാൾ വന്നു പറഞ്ഞു. ‘സ്റ്റണ്ട് പാർട്ടിയുടെ ജീപ്പ് അപകടത്തിൽപെട്ടു. സാരമായ പരുക്കില്ലെന്നറിഞ്ഞതോടെ ആശ്വാസം. വരാൻ പോകുന്ന വലിയ ദുരന്തത്തിന്റെ സൂചനയായിരുന്നോ അത്?
ഒൻപതു മണിയോടെ മഴയൊന്നു കുറഞ്ഞു. മേക്കപ്പിലായിരുന്ന ജയൻ ഇറങ്ങിവന്ന് സ്വന്തം ഫിയറ്റ് കാറിൽ ലൊക്കേഷനിലേക്കു തിരിച്ചു. തൊട്ടുപിന്നാലെ, ഞാനും ബാലൻ കെ.നായരും മറ്റൊരു കാറിൽ പുറപ്പെട്ടു. പത്തരയോടെ ഷോളവാരത്തെത്തിയപ്പോഴേക്കും മഴ നന്നായി കുറഞ്ഞു. ഷൂട്ടിങ്ങിനായി തിരക്കിട്ട ഒരുക്കങ്ങൾ തുടങ്ങി. ചിത്രീകരണം നടക്കേണ്ട റൺവേയിൽ നിന്നു മാറി ഗെസ്റ്റ് ഹൗസിൽ സഹസംവിധായകരായ സോമൻ അമ്പാട്ടിനും മേലാറ്റൂർ രവിവർമയ്ക്കുമൊപ്പം ഞാൻ ക്ലൈമാക്സ് രംഗത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിനിടെയാണ്, ഭക്ഷണവുമായി പ്രൊഡക്‌ഷൻ ബോയ് സെൽവമണിയെത്തിയത്. ‘ഞാനും ഒന്നും കഴിച്ചില്ല’ എന്നു പറഞ്ഞ് ജയനും വന്നു. എന്റെ ഭക്ഷണപ്പൊതി ജയനു നീട്ടി. ഇഡ്ഡലിയും ഉഴുന്നുവടയും കഴിക്കുന്നതിനിടെ, ആയിടെ പുറത്തിറങ്ങിയ ദീപം എന്ന സിനിമയെക്കുറിച്ചു ചോദിച്ചു. ‘ഇറ്റ് ഈസ് എ ഗുഡ് ഫിലിം, ഹൗസ്ഫുള്ളാണ്. സംവിധായകൻ പി.ചന്ദ്രകുമാർ വിളിച്ചിരുന്നു’- ജയൻ എന്നോടു നേരിട്ടു പറഞ്ഞ അവസാന ഡയലോഗ്!