തീയറ്ററുകൾ വേഗം തുറക്കട്ടെ, ഒപ്പം ഒടിടിയും ആവോളം ഒാടട്ടെ !

Mail This Article
ദീർഘകാലത്തേക്ക് നീണ്ട ലോക്ക് ഡൗണും അതിന് ശേഷവും തുടരുന്ന നിയന്ത്രണങ്ങളും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത തരം പ്രതിസന്ധിയിലേക്കാണ് സിനിമാ വ്യവസായത്തെ നയിച്ചത്. പ്രമേയത്തിലും പരിചരണത്തിലും വരുമാന മാർഗ്ഗങ്ങളിലും പുതിയ വഴികൾ കണ്ടുപിടിച്ചാണ് ഇതിനിടെ സിനിമ കാലുകൾ ഉറപ്പിച്ച് നിർത്താൻ ശ്രമിക്കുന്നത്. ഈ പ്രതിസന്ധിയെ ഇന്ധനമാക്കി ഒടിടി പ്ലാറ്റ്‌ഫോമുകൾ, പ്രവചിക്കപ്പെട്ടിരുന്നതിലും എത്രയോ മുൻപ് പ്രേക്ഷകരിൽ സ്വാധീനമുറപ്പിക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധി വിനോദ വ്യവസായത്തിന്റെ 'ന്യൂ നോർമൽ' ആയി ഒടിടി പ്ലാറ്റ്‌ഫോമുകളെ പ്രതിഷ്ഠിച്ചു എന്നു പറയുന്നതാകും കൂടുതൽ ശരി. വലിയ മുതൽമുടക്കിന് മടിയില്ലാത്ത ആഗോള ഭീമൻമാരും ചാനലുകളുടെ പിന്തുണയുള്ള ഇന്ത്യൻ ഒടിടികളും വിനോദവ്യവസായത്തെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിനെ സിനിമാ മേഖല എങ്ങനെയാകും നേരിടുക എന്ന ചോദ്യം എങ്ങും കേൾക്കാം. വലുതും തിളങ്ങുന്നതുമായ വെള്ളിത്തിരയെ പേഴ്‌സണൽ കാഴ്ചകളുടെ സൗകര്യങ്ങളും പ്രമേയത്തിലെ പുതുമകളും സൃഷ്ടിച്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ അഴിച്ചുമാറ്റുമോ? ആ ചോദ്യമാണ് പ്രധാനമായും ഉത്തരം തേടുന്നത്.

സിനിമ വളരുകയാണ്


പതിനായിരത്തോളം സ്‌ക്രീനുകളാണ് ഇന്ത്യയിലാകമാനം ഉള്ളത്. അവയുടെ എണ്ണം കുറയുന്ന പ്രവണത അവസാനിച്ചു എന്നു മാത്രമല്ല, അതിപ്പോൾ നാൾക്കുനാൾ വർദ്ധിക്കുകയുമാണ്. നിയന്ത്രണങ്ങൾ മാറി തിയേറ്ററുകൾ തുറന്നാൽ പത്തിലധികം പുതിയ തിയേറ്ററുകളെങ്കിലും കേരളത്തിലും തുറക്കപ്പെടും. 2019ൽ ഇന്ത്യൻ സിനിമാ വ്യവസായം വലിയൊരു കുതിച്ചുചാട്ടത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. 12,500 കോടി രൂപയുടെ വരുമാനം രാജ്യത്തിന് അകത്തു നിന്നും 1800 കോടിയോളം രൂപ വിദേശ രാജ്യങ്ങ്‌ളിൽ നിന്നും നേടാൻ ഈ മേഖലയ്ക്കായെന്ന് 2020ലെ കെ.പി.എം.ജി മീഡിയ ആൻഡ് എന്റർടെയിൻമെന്റ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ശരാശരി 10000 കോടി രൂപയ്ക്ക് താഴെ നേടുന്നിടത്തായിരുന്നു ഇത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വലിയ തോതിലുള്ള മുതൽമുടക്ക് ഈ വരുമാന വർദ്ധനവിന്റെ കാരണങ്ങളിലൊന്നാണ്. മൾട്ടിപ്ലെക്‌സ് സ്‌ക്രീനുകളുടെ രണ്ടാംഘട്ട വികസനം ഇന്ത്യയിൽ സാധ്യമായതോടെ ടയർ ത്രീ നഗരങ്ങളിൽ പോലും സാങ്കേതികത്തികവുള്ളതും ആധുനികവുമായ തിയേറ്ററുകൾ വന്നുകഴിഞ്ഞു. കൂടുതൽ സൗകര്യങ്ങളുള്ള തിയേറ്ററുകളിലേക്ക് പ്രേക്ഷകർ വരാൻ താൽപര്യം കാണിക്കുന്നതും ഈ വളർച്ചയുടെ കാരണമായി പറയപ്പെടുന്നുണ്ട്. ചൈന, സൗദി അറേബ്യ തുടങ്ങിയ പുതിയ വിദേശ മാർക്കറ്റുകളിലേക്ക് ഇന്ത്യൻ സിനിമയ്ക്ക് കടന്നുചെല്ലാനായതും പെട്ടെന്നുള്ള വളർച്ചയ്ക്ക് സഹായകരമായിട്ടുണ്ട്.
പക്ഷേ 2020 എല്ലാ മേഖലകളെയുമെന്നത് പോലെ സിനിമാ വ്യവസായത്തെയും പാടെ തകർത്തു. 10 മാസമായി തുടരുന്ന നിയന്ത്രണങ്ങളിൽ തിയേറ്ററുകൾക അടഞ്ഞും നിർമാണ സംവിധാനങ്ങൾ ഭാഗികമായി മാത്രം പ്രവർത്തിപ്പിച്ചും തുടരേണ്ട ഗതികേടിലാണ് ഇൻഡസ്ട്രി. 3000 കോടി രൂപയുടെ പ്രത്യക്ഷ നഷ്ടം ഈ മേഖലയ്ക്ക് നേരിട്ടതായി വിദഗ്ദ്ധർ കണക്കാക്കുന്നു. സിനിമയുടെ റിലീസ് മാത്രമല്ല, അതുമായി ബന്ധപ്പെട്ട ലൈവ് പരിപാടികൾ മുതൽ മറ്റു ബ്രാൻഡിംഗ് ഷോകളിലുമെല്ലാമായി വലിയ നഷ്ടം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ബോളിവുഡിലും പ്രാദേശിക ഭാഷകളിലുമായി പ്രതിവാരം 35ലധികം സിനിമകളാണ് ഇന്ത്യയിൽ ശരാശരി റിലീസ് ആയിക്കൊണ്ടിരുന്നത്. പക്ഷേ മാർച്ചിന് ശേഷം വിരലിലെണ്ണാവുന്ന ചിത്രങ്ങളേ റിലീസായുള്ളു. അവയിൽ ഭൂരിപക്ഷവും നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ പ്രൈം, ഡിസ്‌നി-ഹോട്ട്‌സ്റ്റാർ പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രേക്ഷകരിലെത്തിയത്. മുച്ചൂടും തകർന്ന വ്യവസായത്തിന് കച്ചിത്തുരുമ്പാവുകയായിരുന്നു ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ സിനിമയുടെ നിലവിലുള്ള എല്ലാ വഴികളെയും അടച്ചുകളയുന്ന ധൃതരാഷ്ട്രാലിംഗനമാണ് അതെന്ന് മറ്റു ചിലർ ആരോപിക്കുന്നു. ഒടിടി പ്രീമിയർ റിലീസിന് എതിരായ എക്‌സിബിറ്റേഴ്‌സിന്റെ പ്രതിഷേധങ്ങൾക്ക് രണ്ടാമത്തെ ആരോപണമാണ് കാരണമായത്.

ഒടിടി: കാഴ്ചാശീലങ്ങളുടെ പുതുവഴി
ഒടിടിയില്‍ സിനിമയുണ്ട് എന്നേയുള്ളു. അവർ കണ്ടന്റ് എന്ന് വിളിക്കുന്ന സകലതും അടങ്ങിയ പാക്കേജിലാണ് ശ്രദ്ധ. ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ഒറിജിനൽ കണ്ടന്റുകൾ കാഴ്ചയെ പുതിയ വഴികളിലേക്കാണ് കൊണ്ടുപോകുന്നത്. 120 മിനിറ്റിന്റെ ആദിമധ്യാന്തമുള്ള സ്റ്റോറി ലൈനുകളല്ല, കാണ്ഡം കാണ്ഡമായി തുടരുന്ന, സീസണുകളുടെ പെരുക്കങ്ങൾ കൊണ്ട് ഉറക്കം നഷ്ടപ്പെടുത്തുന്ന ലോംഗ് നരേറ്റീവുകളാണ് 'അവരുടെ മെയിൻ'. ആഗോള നിലവാരമുള്ള ഇത്തരം വെബ് സീരീസുകൾ ഇന്ത്യൻ സിനിമയുടെ പ്രമേയത്തെയും പരിചരണത്തെയും പുതുക്കാൻ പ്രേരണ നൽകിത്തുടങ്ങിയിരിക്കുന്നു.

തുടക്കത്തിൽ നഗരങ്ങളിലെ ഒരു വിഭാഗം പ്രേക്ഷകരുടെ അഭിരുചികൾക്ക് വഴങ്ങുന്ന പ്രമേയങ്ങളായിരുന്നു ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സിനിമകളുടെ മുഖമുദ്ര. ഒറിജിനൽ വെബ് സീരീസുകളും ഏതാണ്ട് ഇതേ മാതൃകയിലായിരുന്നു കണ്ടിരുന്നത്. ഇന്റർനെറ്റിന്റെ ചെലവ് കുറഞ്ഞതും, അത് ഗ്രാമങ്ങളിൽ പോലും ലഭ്യമായതും ഈ രീതി മാറാൻ പ്രേരകമായി. മില്ലെനിയൽസും ജനറേഷൻ Z ഉം മാത്രമല്ല ഒടിടികളുടെ കാഴ്ചക്കാരെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. 2020ൽ ഇന്ത്യയിൽ നെറ്റ്ഫ്‌ളിക്‌സിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട 10 സിനിമകളിൽ നവാഗതനായ മലയാളി സംവിധായകൻ മുസ്തഫയുടെ കപ്പേളയുമുണ്ട്. വയനാട്ടിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയുടെ കഥ പറയുന്ന കപ്പേള ഇന്ത്യയിൽ ആകമാനമുള്ള ദശലക്ഷങ്ങളാണ് ആസ്വദിച്ചത്. ചെറുനഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വ്യാപനം നമുക്കിന്ന് ദൃശ്യമാണ്. അത്തരക്കാർക്കു കൂടി മനസിലാകുന്ന മാസ് പ്രമേയങ്ങളിലേക്ക് ഒടിടികൾ ചുവടുവെയ്ക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ലിറ്റിൽ തിംഗ്‌സ്-2 ഇത്തരം പരിശ്രമങ്ങൾക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കോമഡി, ഡ്രാമ, റൊമാൻസ്, ത്രില്ലർ-ഈ നാല് ജോനറുകളാണ് ഇന്ത്യയിൽ നിർമിക്കുന്ന ഒറിജിനൽ കണ്ടന്റുകളുടെ 80 ശതമാനവും നിറയ്ക്കുന്നത്.
റോക്കറ്റ് വേഗത്തില്‍ ഒടിടി

സബ്‌സ്‌ക്രിപ്ഷൻ മോഡലിലാണ് ഭാവി. ആളുകളുടെ ഡിജിറ്റൽ ബിഹേവിയർ ലോകമെമ്പാടും പഠനവിധേയമാക്കിയതിന് ശേഷമുള്ള നിഗമനമാണിത്. ഇത് ശരിവെക്കുന്ന വിധമാണ് ലോകമെങ്ങും പ്രീമിയം കണ്ടന്റ് ഇൻഡസ്ട്രിയുടെ വളർച്ച. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. 2019ൽ 43.4 ശതമാനം വളർച്ചയാണ് ഒടിടി വ്യവസായം രാജ്യത്ത് നേടിയത്. സിനിമ 15.1 ശതമാനവും ടെലിവിഷൻ 9.5 ശതമാനവും വളർച്ച നേടിയപ്പോളാണിത്. മറ്റൊരു കണക്ക് നോക്കാം. 2020ൽ നെറ്റ്ഫ്‌ളിക്‌സിന്റെ ലോകമെങ്ങുമുള്ള വരിക്കാരിൽ ഏറ്റവും കൂടുതൽ സിനിമ കണ്ടത് ഇന്ത്യക്കാരാണ്. ഇതിൽ അത്ഭുതപ്പെടാനൊന്നും ഇല്ലെന്നാണ് നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ പറയുന്നത്. അതിലും വലുതാണ് അവർ ഇന്ത്യൻ മാർക്കറ്റിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് വ്യക്തം. 2030ൽ 100 കോടി ഇന്ത്യക്കാർ അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാകും എന്ന പ്രവചനം അവർക്കു മുന്നിലുണ്ട്. ഇന്ന് അതിന്റെ നാലിലൊന്ന് ആളുകളേ ആ ഗണത്തിലുള്ളു. സ്മാർട്ട് ഡിവൈസുകളുടെ എണ്ണത്തിലും രാജ്യം കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ്. ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് എന്ന മാർക്കറ്റ് റിസർച്ച് ഏജൻസി പറയുന്നത് മറ്റൊരു കണക്കാണ്. 3600 കോടി രൂപയുടെ ബിസിനസാണ് ഇന്ത്യയിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ പ്രതിവർഷം ഇപ്പോൾ നടത്തുന്നത്. അത് പത്തിരട്ടി വളർന്ന് 36,000 കോടിയിലെത്താൻ 2023 വരെ കാത്തിരുന്നാൽ മതിയെന്നാണ് അവരുടെ പ്രവചനം. അതിനിടയിലും തളരാതെ പിടിച്ചുനിൽക്കുക എന്നതാണ് ഇന്ത്യൻ സിനിമാ വ്യവസായം നേരിടുന്ന വെല്ലുവിളി.
അതിർത്തി വലുതാക്കുന്ന പ്രാദേശിക സിനിമ
സീ യൂ സൂണിലെ ഫഹദ് ഫാസിലിന്റെ പ്രകടനം കണ്ട് കയ്യടിക്കുന്ന മറാത്തിയും, അതിന്റെ സംവിധായകൻ മഹേഷ് നാരായണനോട് നിങ്ങളെങ്ങനെയാണ് ഇത്തരം പ്രമേയം കൺസീവ് ചെയ്യുന്നതെന്ന് ആദരവോടെ ചോദിക്കുന്ന അനുപമ ചോപ്രയേപ്പോലൊരു ബോളിവുഡ് നിരൂപകയും മലയാള സിനിമാ പ്രേക്ഷകന് അഭിമാനകരമായ കാഴ്ചകളാണ്. സൂര്യയുടെ സുരറൈ പോട്ര് ഒടിടി പ്രീമിയറായി റിലീസ് ചെയ്തപ്പോൾ തമിഴ് ഇൻഡസ്ട്രിയിലെ പലരും പടവാളെടുത്തു. അതേ സിനിമ തിയേറ്ററിലെ ബിഗ് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് പരിതപിച്ചവരിൽ ഇന്ത്യയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള പ്രേക്ഷകരുമുണ്ടായിരുന്നു. തെലുഗുവിൽ ഇറങ്ങിയ പെൻഗ്വിനും കന്നഡയിൽ നിന്നും ആമസോൺ പ്രൈമിൽ റിലീസായ ഫ്രഞ്ച് ബിരിയാണിയും പാൻ ഇന്ത്യൻ പ്രേക്ഷകരുടെ ശ്രദ്ധയാണ് നേടിയത്. ഈ വിധം പ്രാദേശിക സിനിമകൾ അവരുടെ അതിർത്തി വിപുലമാക്കി വളരുന്നത് ഈ വ്യവസായ മേഖലയ്ക്ക് ആകമാനം ഗുണകരമാണ്. പ്രാദേശിക സിനിമയിലെ താരങ്ങൾ പാൻ ഇന്ത്യൻ ആരാധകരുടെ മനംകവരുന്നത് തിയേറ്ററുകൾ തുറക്കുമ്പോൾ ബോക്‌സോഫീസിലും പ്രതിഫലിച്ചേക്കാം. മൾട്ടിപ്ലെക്‌സുകളുടെ ആവിർഭാവത്തോടെ ഇന്ത്യയിലെ ഇടത്തരം നഗരങ്ങളിൽ പോലും പ്രാദേശിക ഭാഷാ സിനിമകൾ റിലീസ് ചെയ്യാൻ കഴിയുന്നുണ്ട്. അതാത് ഭാഷാ പ്രേക്ഷകരെ മാത്രമേ ഇത്തരം സിനിമകൾ ആകർഷിച്ചിരുന്നുള്ളു. ഇനിയത് ഇതര ഭാഷാ പ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് കൊണ്ടുവന്നേക്കാം.
ഒടിടികളുടെ നട്ടെല്ല് അവർ നിർമിക്കുന്ന ഒറിജിനൽസ് ആണ്. വരും നാളുകളിലും അത് അങ്ങനെതന്നെയാകും. കൂടുതൽ പ്രാദേശിക ഭാഷാ സീരീസുകളിലേക്ക് ഒടിടി പ്ലാറ്റ്‌ഫോമുകൾ എത്തുമെന്നാണ് ചിലർ പ്രവചിക്കുന്നത്. 20 മിനിറ്റുള്ള ഒരു എപ്പിസോഡ് ഹിന്ദിയിൽ നിർമിക്കാൻ ഒരു കോടി രൂപ വരെ ഒടിടി പ്ലാറ്റ്‌ഫോമുകൾ ചെലവഴിക്കുന്നുവെന്നാണ് കണക്ക്. പ്രാദേശിക ഭാഷകളിൽ ഇത് 20-30 ലക്ഷമാണ്. ടെലിവിഷൻ പ്രൊഡക്ഷന്റെ ചെലവിനേക്കാൾ പത്തിരട്ടി വലിയ തുകയാണ് ഇത്. സബ്‌സ്‌ക്രിപ്ഷൻ മാതൃക മാത്രം നിലനിർത്തി ഇത് ലാഭകരമാക്കാൻ കഴിയുമോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. 2005ന് ശേഷം ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തിലുണ്ടായ വലിയ വളർച്ച സിനിമകളുടെ സാറ്റലൈറ്റ് സംപ്രേഷണാവകാശത്തിൽ നിരക്ക് വർദ്ധനവിന് കാരണമായി. ഒരു ഘട്ടത്തിൽ സിനിമയുടെ പ്രധാന വരുമാനം ടെലിവിഷൻ സംപ്രേഷണാവകാശം ആകുന്ന സ്ഥിതിപോലുമുണ്ടായി. ആ മത്സരം സാവകാശം അവസാനിച്ചു. വലിയ തുകയ്ക്ക് മത്സരിച്ചു വാങ്ങുന്ന സിനിമകൾ ലാഭകരമായി മാർക്കറ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് ചാനലുകൾ തുറന്നു പറഞ്ഞു. വീണ്ടും കാര്യങ്ങൾ പഴയപടിയായി. സിനിമയുടെ വരുമാനത്തിന്റെ സിംഹഭാഗം തിയേറ്ററുകൾ തന്നെ നൽകുന്ന സ്ഥിതിയുണ്ടായി. ഇതുതന്നെയാകും ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കാര്യത്തിലും സംഭവിക്കുകയെന്ന് ചില മാർക്കറ്റ് അനലിസ്റ്റുകൾ പറയുന്നുണ്ട്. ഇപ്പോഴത്തെ ഈ ചെലവെല്ലാം കുറയ്‌ക്കേണ്ടി വരുമെന്ന് സാരം.
വെള്ളിത്തിരയോളമാകുമോ ഡിജിറ്റൽ തിര
പ്രേക്ഷകന് തിയേറ്റർ നൽകുന്ന അനുഭവം മറ്റൊരു സാങ്കേതിക സംവിധാനത്തിനും പുനരാവിഷ്‌കരിക്കാൻ കഴിയില്ലയെന്നതാണ് സത്യം. തിയേറ്റർ ഹാളിൽ കാഴ്ചക്കാരൻ ഒരു സമൂഹത്തിന്റെ ഭാഗമാണ്. ശബ്ദവും വെളിച്ചവും സ്ഥലവും ചേർന്ന് സൃഷ്ടിക്കുന്ന ഒരു മാസ് അനുഭവമാണത്. സാങ്കേതികവിദ്യകളുടെ സഹായത്തോടെ അത് നിരന്തരമായി പുതുക്കപ്പെടുന്നുമുണ്ട്. സ്‌ക്രീനുകളുടെ വലിപ്പത്തിലും പ്രൊജക്ടറുകളുടെ മിഴിവിലും ശബ്ദത്തിന്റെ സൂക്ഷ്മതയിലും കാഴ്ചയുടെ അനുഭവം മാറുന്നുണ്ട്. വൃത്തിയും വെടിപ്പുമുള്ള സിനിമാ ഹാളുകൾ എമ്പാടും ഉയർന്നു വരികയുമാണ്. ഈവിധമൊക്കയാകും ഒടിടി പ്ലാറ്റ്‌ഫോമുകളെ പ്രദർശനശാലകൾ അതിജയിക്കാൻ പോകുന്നത്.
സംവിധായകൻ ഇംതിയാസ് അലി ഒരു അഭിമുഖത്തിൽ പറയുന്നതുപോലെ ഒരു ആവിഷ്‌കാര രൂപവും മറ്റൊന്നിനെ ഇല്ലാതാക്കില്ല. എല്ലാം പരസ്പരാശ്രിതങ്ങളായി നിലനിൽക്കുകയാണ് ചെയ്യുക. സിനിമ നാടക കലയെ ഇല്ലാതാക്കുമെന്ന് ചിലർ വിശ്വസിച്ചിരുന്നു. പക്ഷേ നാടകം അതിന്റെ മാർഗ്ഗത്തിൽ മുന്നോട്ടു പോയി. ടെലിവിഷൻ വന്നപ്പോളും ഇത്തരം ചർച്ചകളുണ്ടായി. ഇപ്പോൾ നോക്കൂ, പല പ്രമുഖ സംവിധായകരും ഒടിടികൾക്ക് വേണ്ടി സിനിമകളുണ്ടാക്കുന്നത് നമ്മൾ കാണുന്നുണ്ട്. അതിന്റെ സ്വഭാവം വ്യത്യസ്തമാണ്. പ്രമേയത്തിൽ പോലും വ്യത്യാസമുണ്ട്. തിയേറ്ററുകൾക്കായി വലിയ ക്യാൻവാസിലുള്ള സിനിമകൾ മാറ്റിവെയ്ക്കപ്പെടുകയാണെന്ന് ഇംതിയാസ് അലി കൂട്ടിച്ചേർക്കുന്നു. മലയാളത്തിൽ പ്രിയദർശന്റെ മരക്കാർ തിയേറ്ററുകളിൽ കാണാനായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണല്ലോ.
മനുഷ്യർ വീടുകളിൽ കെട്ടിയിടപ്പെടാൻ ആഗ്രഹിക്കുന്നവരല്ല എന്നാണ് പിവിആറിന്റെ ചെയർമാൻ അജയ് ബിജിലി പറയുന്നത്. നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ, വാക്‌സീൻ എത്തിക്കഴിയുമ്പോൾ, പുതിയ ചിത്രങ്ങളുമായി തിയേറ്ററുകൾ ഒരുങ്ങുമ്പോൾ എല്ലാം പഴയതുപോലെ ആകുമെന്ന് അദ്ദേഹം പ്രതീക്ഷയോടെ പറയുന്നു. വിസിലടിക്കുകയും ആരവം മുഴക്കുകയും ചെയ്യുന്ന പ്രേക്ഷകരാൽ തിയേറ്ററുകൾ നിറയുന്ന വലിയ സ്‌ക്രീൻ സ്വപ്നം തന്നെയാണ് ഈ പുതുവർഷം നമുക്കായി പങ്കുവെയ്ക്കുന്നത്. വെള്ളിത്തിരയുടെ മായികമായ ആ അനുഭവത്തിനായി നമുക്ക് കാത്തിരിക്കാം. വീണുകിട്ടുന്ന സമയങ്ങളിലെല്ലാം മതിവരുവോളം വെബ് സീരീസുകൾ കണ്ടുകൊണ്ടു തന്നെ.