യൂസഫലിക്ക് അബുദാബിയുടെ ഉന്നത പുരസ്കാരം; ഡോക്ടർ ഷംസീറിന്റെ വിഡിയോ ഏറ്റെടുത്ത് താരങ്ങളും
Mail This Article
പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ അബുദാബി സർക്കാർ ഉന്നത പുരസ്കാരം നൽകി ആദരിക്കുന്ന വിഡിയോ ഏറ്റെടുത്ത് കേരളത്തിലെ താരങ്ങളും. യൂസഫലിയുടെ മരുമകനായ ഡോക്ടർ ഷംസീർ വയലിൽ പങ്കുവെച്ച വിഡിയോ മോഹൻലാൽ അടക്കമുള്ള താരങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. മഞ്ജുവാരിയര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി തുടങ്ങിയവരും വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
യുഎഇയുടെ പ്രത്യേകിച്ച്, അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്തു നൽകുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് യൂസഫലിയെ അർഹനാക്കിയത്. അബുദാബി അൽ ഹൊസൻ പൈതൃക മന്ദിരത്തിൽനടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യുഎഇ. സായുധ സേനാ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം യൂസഫലിക്ക് സമ്മാനിച്ചു.
ഇൗ പുരസ്കാരം പ്രവാസി സമൂഹത്തിന്: എം.എ.യൂസഫലി
ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണു അബുദാബി സർക്കാറിന്റെ ഈ ബഹുമതിയെ കാണുന്നതെന്ന് അവാർഡ് സ്വീകരിച്ചതിനുശേഷം യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വർഷമായി അബുദാബിയിലാണ് താമസം. 1973 ഡിസംബർ 31-ാനാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായും യുഎഇയിൽ എത്തിയത്. ഏറെ വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടു. ഈ രാജ്യത്തിന്റെ ദീർഘദർശികളും സ്ഥിരോത്സാഹികളുമായ ഭരണാധികാരികളോടും പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നു.
ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് യുഎഇ എന്ന മഹത്തായ രാജ്യത്തിന്റെ ഭരണാധികാരികളുടെയും ഇവിടെ വസിക്കുന്ന സ്വദേശികളും മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിന്റെയും പിന്തുണയും പ്രാർഥനകളും കൊണ്ടാണ്. തനിക്ക് ലഭിച്ച ബഹുമതി പ്രവാസി സമൂഹത്തിനു സമർപ്പിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.
യൂസഫലിയെ കൂടാതെ മൂന്നു വനിതകൾ ഉൾപ്പെടെ 11 പേർക്കാണു വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കു രണ്ടു വർഷത്തിലൊരിക്കൽ നൽകുന്ന ബഹുമതി ലഭിച്ചത്. ഈ വർഷം പുരസ്കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്.
2005-ൽ പ്രവാസി ഭാരതീയ സമ്മാൻ, 2008-ൽ പത്മശ്രീ പുരസ്കാരം, 2014-ൽ ബഹ്റൈൻ രാജാവിന്റെ ഓർഡർ ഓഫ് ബഹ്റൈൻ, 2017-ൽ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം എന്നിങ്ങനെ യൂസഫലിക്ക് ലഭിച്ച പുരസ്കാരങ്ങൾ നിരവധിയാണ്. ഇത് കൂടാതെ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പ്രവാസികൾക്കു നൽകുന്ന ആദ്യത്തെ ആജീവനാന്ത താമസ വീസയ്ക്ക് അർഹനായതും യൂസഫലിയാണ്.
അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി യൂസഫലിക്കുള്ള ആത്മബന്ധം മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ വകയുള്ളതാണ്. അബുദാബി നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്വന്തമായി വീട് നിർമ്മിക്കുവാനുള്ള സ്ഥലം വർഷങ്ങൾക്കു മുൻപ് ഷെയ്ഖ് മുഹമ്മദ് യൂസഫലിക്ക് നൽകിയത്. ഇതു കൂടാതെ അബുദാബി നഗരത്തിലുള്ള ലുലു ഗ്രൂപ്പിന്റെ മുഷ്റിഫ് മാൾ നിലനിൽക്കുന്ന 40 ഏക്കർ സ്ഥലം അബുദാബി സർക്കാർ നൽകിയതാണ്.
28,000-ലധികം മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 58,000 പേരാണു ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനീഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 207 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇത് കൂടാതെ യുഎസ്എ, യുകെ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈൻസ്, തായിലാൻഡ് മുതലായ രാജ്യങ്ങൾ ഉൾപ്പെടെ 14 രാജ്യങ്ങളിൽ ലോജിസ്റ്റിസ്ക് കേന്ദ്രങ്ങളുമുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച് 250 ഹൈപ്പർമാർക്കറ്റ് എന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയാണ് ലുലു ഗ്രൂപ്പ്.
യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ലഫ്. ജനറൽ (റിട്ടയേർഡ്) ഒബൈദ് മുഹമ്മദ് അൽ കാബി (സായുധസേന), ഡോ. ഫാത്തിമ അൽ റിഫാഇ (നഴ്സിങ്), മുഹമ്മദ് ബിൻ അഹ്മദ് അൽ മുർ (സാംസ്കാരികം, സാഹിത്യം), ഡോ. എസ്സാം എൽ ഷമ്മാ (ആരോഗ്യസംരക്ഷണം), സഫ്റാനാ അഹ്മദ് ഖാമിസ് (ഭിന്നശേഷി സംരക്ഷണം), ഹുസൈൻ അബ്ദുൽറഹ്മാൻ ഖാൻസാഹെബ് (സംരംഭകത്വം, ജീവകാരുണ്യം), ഡോ. അബ്ദുൽമജീദ് അൽ സുബൈദി (മെഡിക്കൽ സർവീസ്), ഫറാജ് ബിൻ ഹമൂദ അൽ ദാഹിരി (സാമൂഹികസേവനം), ഗുബൈഷ റുബായ അൽ കെത്ബി (വൊളന്റിയർ, ജീവകാരുണ്യം), മുഹമ്മദ് ബിൻ ബഖിത് അൽ കെത്ബി (സായുധസേന – മരണാനന്തര ബഹുമതി), ജാക്വിസ് റെനോഡ് (ഹുബാറ പക്ഷി സംരക്ഷണം).