നടൻ മേള രഘു ഗുരുതരാവസ്ഥയിൽ

Mail This Article
മമ്മൂട്ടിയുമൊന്നിച്ച് സിനിമാ ജീവിതത്തിനു തുടക്കമിട്ട നടൻ മേള രഘു ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിൽ. കഴിഞ്ഞ 16ന് രഘു വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴ് ദിവസമായി അബോധാവസ്ഥയിലാണ്.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രഘുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇതിനകം ഒരുപാട് തുക ചിലവായെന്നും സാമ്പത്തികമായി തകർച്ച നേരിടുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ബന്ധുക്കൾ പറയുന്നു. സിനിമാ മേഖലയിലുള്ളവർ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
മോഹൻലാൽ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും രഘു അഭിനയിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരന്റെ വേഷമാണ് രഘു ചെയ്തത്. 35ലധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
മമ്മൂട്ടിക്ക് ആദ്യമായി ലീഡ് റോൾ ലഭിച്ചത് 1980–ൽ പുറത്തിറങ്ങിയ മേളയിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ ചിത്രങ്ങളിലൊന്നായ മേളയിലാണ് അദ്ദേഹത്തിന് ആദ്യമായി മുഴുനീള സ്ക്രീൻസ്പേസ് ലഭിക്കുന്നത്. ശക്തമായ കഥാപശ്ചാത്തലവും പ്രകടനങ്ങളും ഒക്കെ ചേർന്ന് അക്കാലത്തെ ഒരു ന്യൂ വേവ് സിനിമ തന്നെ ആയിരുന്നു മേള. ആ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകനായ പൊക്കമില്ലാത്ത രഘു അക്കാലത്ത് വലിയ ശ്രദ്ധ പിടിച്ചു പറ്റി. കമൽഹാസന്റെ അപൂർവ സഹോരങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.