ADVERTISEMENT

മഹേഷ് നാരായണൻ–ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘മാലിക്കി’ലെ രാഷ്ട്രീയത്തെ വിമർശിച്ച് സംവിധായകൻ ഒമർ ലുലു. ‘മാലിക്ക് സിനിമ കണ്ടു തീർന്നു, മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം’.–ഇതായിരുന്നു ചിത്രത്തെക്കുറിച്ച് ഒമറിന്റെ പ്രതികരണം.

 

അതേസമയം മാലിക്കിനെ വിമർശിച്ച ഒമർലുലുവിനു നേരെയും കടുത്ത സൈബർ ആക്രമണങ്ങൾ ഉണ്ടായി. ചങ്ക്സ്, ധമാക്ക പോലുള്ള പടങ്ങളുടെ സംവിധായകന് ഈ ചിത്രത്തെ വിമർശിക്കാൻ എന്ത് യോഗ്യതയെന്നായിരുന്നു കമന്റുകൾ. ഇതിനും ഒമർ മറുപടിയായി എത്തി.

 

omar-ksu

‘ഇവിടേക്ക് ചങ്ക്‌സും ധമാക്കയുമൊക്കെ താരതമ്യം ചെയ്യാൻ, അതൊക്കെ യഥാർഥസമൂഹത്തിൽ നടന്നിട്ടുള്ള എന്തെങ്കിലും സംഭവങ്ങളെ ആസ്പദമാക്കിയുള്ളവ ആയിരുന്നോ.. പിന്നെ വലിയ താരങ്ങൾ ഒന്നും ഇല്ലാതെ കുഞ്ഞു ബഡ്ജറ്റിൽ എന്റർടെയ്ൻമെന്റിന് മാത്രം പിടിച്ച സിനിമ ഇന്നും നിങ്ങൾ ചർച്ചകളിൽ ഓർത്ത് എടുക്കുന്നതിന് നന്ദി.’–ഒമർ പറഞ്ഞു.

 

ഒരു കാലഘട്ടത്തിലെ കലാലയ രാഷ്ട്രീയ കഥ പറഞ്ഞ ചിത്രമായിരുന്നു 'ഒരു മെക്സിക്കൻ അപാരത'.  മഹാരാജാസ് കോളജില്‍ കെഎസ്​യു  വര്‍ഷങ്ങളായി ആധിപത്യം തുടരുന്നതും‍ ഇവരെ തറപറ്റിച്ച് എസ്എഫ്ഐ മുന്നേറുന്നതിനെക്കുറിച്ചാണ് ചിത്രം പറ​ഞ്ഞത്. എന്നാല്‍ 2011-ല്‍ എസ്എഫ്ഐയെ തറപറ്റിച്ച് കെഎസ്​യു മഹാരാജാസ് കോളജില്‍ നേടിയ വിജയവും, ചെയർമാൻ ജിനോ ജോണ്‍ നടത്തിയ പ്രസംഗവും ഇടത് സംഘടനയുടേതാക്കി സിനിമയിൽ കാണിച്ചതാണെന്ന് അന്ന് വിമർ‌ശങ്ങൾ ഉയര്‍ന്നിരുന്നു. അന്നത്തെ പത്രവാർത്തകളും യുട്യൂബ് ക്ലിപ്പുകളുമടക്കം കെഎസ്​യു ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.  

 

‘പോസ്റ്റ് മനസിലാകാത്തവർക്കായി’ എന്ന വിശദീകരണത്തോടെ പത്രവാർത്തയുടെ കട്ടിങ്ങും ഒമർ ലുലു കമന്റ് ബോക്സിൽ പങ്കുവെച്ചിട്ടുണ്ട്.  ഇതേ ചിത്രം പോലെ തന്നെ ഇടതുപക്ഷത്തെ വെള്ളപൂശാനായി എടുത്ത മറ്റൊരു ചിത്രമാണ് മാലിക് എന്ന വിമർശനവും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാണ്.

 

2009-ൽ തിരുവനന്തപുരത്തെ ബീമാപ്പള്ളിയിൽ നടന്ന വെടിവയ്പുമായും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ടാണ് മാലിക്കിനു നേരേ ഉയരുന്ന പ്രധാന വിമർശനങ്ങൾ. അന്ന് ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്ന ആരോപണങ്ങളാണ് ഉയരുന്നത്. 

 

സംഭവം നടന്ന സമയത്ത് വി.എസ്. അച്യുതാനന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയും ആയിരുന്നു. എന്നാൽ ബീമാപ്പള്ളി വെടിവെയ്പിനു പിന്നിലുള്ള രാഷ്ട്രീയ ഇടപെടലുകളെ ഒട്ടും പരാമർശിക്കാതെ അന്നത്തെ അധികാരവൃത്തങ്ങളെ വെള്ള പൂശുകയാണ് സിനിമയെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം. അതേസമയം, ചിത്രത്തിന്റെ മേക്കിങ്ങിനും അഭിനേതാക്കളുടെ പ്രകടനത്തിനും നിരവധി അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com