ഒരു െതക്കൻ വീരഗാഥ; ബോളിവുഡിന്റെ അപ്രമാദിത്വം പൊളിഞ്ഞു വീഴുന്നു

Mail This Article
മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ സലിം കുമാർ പതിവു സ്റ്റൈലിൽ പറഞ്ഞു: ‘മുൻവിധികളുടെ മതിലുകൾ ഇടിച്ചു കളഞ്ഞിട്ടുണ്ട്. ആർക്കും ധൈര്യമായി കടന്നുവരാം.’
സലിം കുമാർ പരാമർശിച്ച സാഹചര്യം വ്യത്യസ്തമാണെങ്കിലും, ചില മുൻവിധികളുടെ തെക്ക് – വടക്കു മതിൽ ഇടിച്ചു പൊളിച്ചു ധൈര്യപൂർവം മുന്നേറുകയാണ് തെന്നിന്ത്യൻ സിനിമ. ശിവാജിയും യന്തിരനും ചെറുതായി വിറപ്പിച്ച മതിൽ പൊളിച്ചടുക്കി ഒന്നും രണ്ടും ബാഹുബലിമാരും പുഷ്പരാജും റോക്കി ഭായിയും തെക്കു നിന്നു പട നയിക്കുകയാണ്; ബോളിവുഡ് സാമ്രാജ്യം കീഴടക്കാൻ. ഇന്ത്യൻ ചലച്ചിത്ര ലോകത്തു ദക്ഷിണേന്ത്യൻ സിനിമയോടുള്ള അവഗണന കൂടിയാണു പുതുതലമുറ തകർത്തെറിയുന്നത്.
കന്നഡ സൂപ്പർ താരം യഷ് നായകനായ ബഹുഭാഷാ ചിത്രം കെജിഎഫ് 2 റിലീസ് ചെയ്തത് ഏപ്രിൽ 14 ന്. വെറും 14 ദിവസം കൊണ്ട് ആഗോള തലത്തിൽ ചിത്രം നേടിയ ഗ്രോസ് കലക്‌ഷൻ ഏകദേശം 1000 കോടി രൂപ! സിനിമകളുടെ വരുമാനക്കണക്കുകൾ സൂക്ഷ്മതയോടെ പിന്തുടരുന്ന ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്റെ വിലയിരുത്തൽ പ്രകാരം ആദ്യ ആഴ്ച തന്നെ ചിത്രം 720.31 കോടി രൂപ വരുമാനം നേടി.
ഇതിനകം കെജിഎഫ് പൊളിച്ചിട്ട റെക്കോർഡുകൾ ഒരുപിടി. കെജിഎഫ് 2 ന്റെ ഹിന്ദി പതിപ്പ് മാത്രം 18 ദിവസം കൊണ്ടു നേടിയത് 400 കോടി രൂപ. ദംഗൽ, പികെ, ടൈഗർ സിന്ദാ ഹേ എന്നിവയെ വരുമാനത്തിൽ മറികടന്നു. ഇനി മുന്നിലുള്ളതു ബജ്‌രംഗി ഭായ്ജാൻ മാത്രം.
ബോളിവുഡ് Vs സൗത്ത്‌വുഡ്
ഇന്ത്യയിലെ എക്കാലത്തെയും വൻ ചിത്രങ്ങളുടെ പട്ടിക പരിശോധിച്ചാൽ ശരാശരി സിനിമാ പ്രേമികൾ ഞെട്ടും. ആദ്യ 7 ചിത്രങ്ങളിൽ അഞ്ചും തെക്കേ ഇന്ത്യയുടെ സംഭാവന.
അവിടെയും ബോളിവുഡിനെക്കാൾ പണം മുടക്കിയതു ദക്ഷിണേന്ത്യൻ ചിത്രങ്ങളാണ്. ദംഗൽ – 70 കോടിയും പികെ – 85 കോടിയും മുടക്കി. ‘സഞ്ജു’വിനായി മുടക്കിയതു 100 കോടി. തെക്കോട്ടു വരുമ്പോൾ കാശിന്റെ കളി മാറും. ബാഹുബലി ആദ്യ ഭാഗത്തിന് 180 കോടിയും രണ്ടാം ഭാഗത്തിന് 250 കോടിയുമാണു പൊടിച്ചത്. കെജിഎഫ് ടുവിനായി നിർമാതാക്കളായ ഹൊംബാളെ ഫിലിംസ് ചെലവിട്ടത് 100 കോടി. ആർആർആർ നിർമാണച്ചെലവിൽ ഇന്ത്യൻ റെക്കോർഡാണ്; 550 കോടി (ഏകദേശ കണക്കുകളാണിവ). വിവിധ ഭാഷകളിലെ കിടയറ്റ മൊഴിമാറ്റവും അവയുടെ വിജയം എളുപ്പമാക്കി.
തമിഴിൽ ഷങ്കർ, തെലുങ്കിൽ രാജമൗലി, കന്നഡയിൽ നീൽ
താരപ്രഭയിലായിരുന്നു പണ്ടു മുതലേ ബോളിവുഡിന്റെ കുതിപ്പ്. അമിതാഭ് ബച്ചനും രാജേഷ് – വിനോദ് ഖന്നമാരും മിഥുൻ ചക്രവർത്തിയും പിന്നീട് ഖാൻ ത്രയവും ഋതിക് റോഷനുമൊക്കെ സൃഷ്ടിച്ച താരപ്രഭ സമീപകാലത്ത് ഇടിയുകയാണെന്നതു നിസ്തർക്കം. പുതിയ ബോളിവുഡ് താരങ്ങൾക്ക് ഇന്ത്യയൊട്ടുക്കു സ്വീകാര്യത കുറവാണ്. അതേസമയം, താരപ്രഭ നിലനിൽക്കുമ്പോൾ തന്നെ മികച്ച സംവിധായകരുടെ അവതരിക്കലാണു തെക്കൻ സിനിമകൾക്ക് ആഗോളശ്രദ്ധ നൽകിയത്. സൂപ്പർഹിറ്റ് തമിഴ് സംവിധായകൻ ഷങ്കറിന്റെ വരവോടെയാണു തമിഴ് സിനിമയുടെ ബിസിനസ് കാഴ്ചപ്പാടിൽ മാറ്റം തുടങ്ങിയത്.
ശിവാജി, യന്തിരൻ, 2.0 തുടങ്ങിയ ഷങ്കർ – രജനി ചിത്രങ്ങൾ പരമ്പരാഗത ഹിന്ദി പ്രേക്ഷകരും ഇഷ്ടപ്പെട്ടു. എസ്.എസ്.രാജമൗലിയെന്ന മാന്ത്രികന്റെ വരവോടെയാണു തെലുങ്ക് സിനിമ സടകുടഞ്ഞെഴുന്നേറ്റത്. മുൻപ്, ഇതര തെക്കൻ സിനിമാ വ്യവസായങ്ങളുമായി തുലനം ചെയ്താൽ അത്ര ഗ്ലാമർ ഇല്ലായിരുന്നു, കന്നഡ സിനിമയ്ക്ക്. പക്ഷേ, പ്രശാന്ത് നീൽ എന്ന സംവിധായകൻ കെജിഎഫ് സീരീസിലൂടെ, യഷ് എന്ന ക്ഷോഭിക്കുന്ന യുവാവിലൂടെ ആ മതിലും പൊളിച്ചു.
കലക്‌ഷൻ റെക്കോർഡ്
7. ബാഹുബലി 1 – 650 കോടി
6. യന്തിരൻ–744.78 കോടി
5. പികെ– 792 കോടി
4. കെജിഎഫ്2–1000 ( ഇതുവരെ)
3. ആർആർആർ– 1100.5 കോടി (ഇതുവരെ)
2. ബാഹുബലി രണ്ട്– 1788.06 കോടി
1. ദംഗൽ– 2070.3 കോടി