ഓർമച്ചിത്രമായി ശരത്ചന്ദ്രൻ; ഗാന്ധിജിയെ പോസ്റ്ററുകളിൽ ആവാഹിച്ച കലാകാരൻ

Mail This Article
‘മോനേ..’ എന്നൊരു നീട്ടിവിളി, ശൈശവ നിഷ്ളങ്കതയോടെ പുഞ്ചിരിച്ച് വിഡിയോ കോളിൽ വന്നിരുന്ന വിഖ്യാത ചിത്രകാരൻ ശരത്ചന്ദ്രൻ നിശബ്ദമായൊരു ഓർമച്ചിത്രമായി. ചായം പുരണ്ട ബ്രഷ് എപ്പോൾ കയ്യിലെടുത്താലും കേരള സ്കൂൾ ഓഫ് ആർട്ട്സ് സ്ഥാപകൻ ഗുരു തലശേരി വി.ബാലൻ നായരെ സ്മരിക്കുന്ന ഗുരുത്വം. ജലച്ചായത്തിന്റെ സൂഷ്മതയിൽ ലോകോത്തര നിലവാരം കാത്ത ഈ പ്രതിഭയെ ചിത്ര കലാലോകം അർഹിക്കുന്ന ആദരവ് നൽകാൻ മടിച്ചു നിന്നു. ഡിസൈനർ, ചിത്രകാരൻ എന്നീ നിലകളിൽ വടക്കൻ കേരളത്തിന്റെ തലയെടുപ്പായിരുന്നു ശരത്ചന്ദ്രൻ.

കാലം ഒരു കണ്ണിന്റെ പ്രകാശത്തെ കടമെടുത്തിട്ടും അർക്കൈവൽ നിലവാരമുള്ള പേപ്പറിൽ മാത്രമേ വരയ്ക്കൂ എന്ന് ശഠിച്ചയാൾ. ഞാൻ പോയാലും ചിത്രങ്ങൾ കാലം വരുത്തുന്ന മങ്ങലിനെ അതിജീവിക്കണം എന്നു മുൻകൂട്ടി കണ്ട ക്രാന്തദർശി. അതിനായി അദ്ദേഹം പാരിസിൽ നിന്നും പേപ്പറും മഷിയും പ്രത്യേകം വരുത്തി.

അതിനാൽ തന്നെ അദ്ദേഹം വരച്ച ചിത്രങ്ങളിൽ പലതും അരനൂറ്റാണ്ട് പിന്നിട്ടിട്ടും കണ്ണുകൾക്ക് ഇമ്പമേകുന്നു, പുതു തലമുയ്ക്ക് പാഠപുസ്തകങ്ങളാകുന്നു. 1965ൽ ജർമൻ ഇങ്കിലും പേപ്പറിലും വരച്ച അറബിക്കഥകളിലെ നായകൻ സിൻബാദിന്റെ ചിത്രങ്ങൾക്ക് എത്രയോ ബാല്യങ്ങളെ വിസ്മയിപ്പിച്ച യൗവനമാണുളളത്. മുംബൈയിൽ നിന്നിറങ്ങുന്ന ഫാന്റസി കോമിക് മാസികയ്ക്കായി വരച്ച ചിത്രങ്ങൾ ‘സിൻബാദിന്റെ സാഹസിക യാത്രകൾ’ പോലെ അനശ്വരമായി.


ലോക്‌ഡൗൺ കാലത്ത് സഹായിയെ കൊണ്ട് തട്ടിൻപുറത്തിരുന്ന പഴയ സ്യൂട്ട്കേസ് തുറന്നു നോക്കിയപ്പോഴാണ് ഓർമയിൽ നിറം മങ്ങിയ ചിത്രങ്ങൾ കണ്ടെത്തിയത്. കംപ്യൂട്ടറോ മറ്റ് റഫറൻസ് സംവിധാനങ്ങളോ അപൂർവമായിരുന്ന കാലത്താണ് ഭാവനയുടെ കരുത്തിൽ ഇതെല്ലാം വരച്ചത്. ഗരുഡന്റെ കാലിൽ നിന്നു പറക്കുന്ന സിൻബാദ്, മുക്കുവനും ഭൂതവും, വ്യാപാരിയെ വിഴുങ്ങാനൊരുങ്ങുന്ന ഭീകര സർപ്പം ഇതെല്ലാം ത്രിമാന സങ്കേതത്തെ വെല്ലുന്ന വരകളായിരുന്നു.
ഇന്ത്യൻ ദേശീയതയുടെ ഐതിഹാസിക ബിംബമായ മഹാത്മാവിന്റെ ജിവിത കഥ 1982 ൽ സംവിധാനം ചെയ്ത് റിച്ചാർഡ് ആറ്റൻബറോയും വേഷമിട്ട് ബെൻ കിങ്സ്‍ലിയും അനശ്വരമാക്കിയപ്പോൾ ജനം തിയറ്ററിലേക്ക് ഒഴുകിയത് ചുവരിൽ പതിച്ച പോസ്റ്ററുകളിലൂടെ സിനിമയെപറ്റി അറിഞ്ഞായിരുന്നു. ഗാന്ധി സിനിമയുടെ പോസ്റ്റർ കൈ കൊണ്ട് വരച്ച പ്രതിഭയാണ് ശരത്ചന്ദ്രൻ എന്നത് പക്ഷേ ചരിത്രത്തിൽ അധികം ആരും അറിയാതെ അറിയാതെ പോയി.
പോസ്റ്ററിൽ ഉപയോഗിച്ചത് കഥാപാത്രങ്ങളുടെ ഫൊട്ടോഗ്രാഫുകളല്ലായിരുന്നു എന്നതും ലോകം മറന്നു, അതും ഏതാനും ബ്ലാക് ആർഡ് വൈറ്റ് ഫോട്ടോകൾ കൊടുത്തിട്ട് ‘ഷോലെ’ സിനിമയുടെതു പോലെ കളർഫുൾ ഫോട്ടോകൾ വേണമെന്ന ആവശ്യത്തെ അദ്ദേഹം മന്ദഹാസത്തോടെ സ്വീകരിച്ചു. നിറപ്പകിട്ടില്ലാത്ത ആ ജീവിതമാണല്ലോ നിറമുള്ള സ്വപ്നങ്ങൾ കാണാൻ ഒരോ ഭാരതീയനെയും പ്രേരിപ്പിച്ചത്. ഗാന്ധി സിനിമയുടെ പോസ്റ്ററിലുള്ള ഗാന്ധിജിയും കസ്തൂർബയും ജിന്നയും എല്ലാം സിനിമയുടെ വർകിങ് സ്റ്റിൽ നോക്കി വരച്ചതായിരുന്നു.
രണ്ട് ഓസ്കർ നേടിയ ചലച്ചിത്രത്തിനു പോസ്റ്ററുകൾ ഒരുക്കിയിട്ടും പിന്നെയും സിഗററ്റ് കൂട് ഒരുക്കുന്ന ജോലി തന്നെ എന്തു കൊണ്ട് തുടർന്നു എന്നു ചോദിച്ചപ്പോൾ ‘‘വില്ലൻവേഷത്തിൽ ശോഭിച്ച നടനെ പിന്നെ ആരെങ്കിലും നായകനാക്കുമോ’’ എന്ന നിഷ്കളങ്കമായ ചിരിയായിരുന്നു മറുപടി.
34 വർഷത്തിനു ശേഷം 2016ൽ ഇതേ പോസ്റ്ററുകൾ അദ്ദേഹം വീണ്ടും വരച്ചു. അതും ഗാന്ധി സിനിമയുടെ ഒരു പോസ്റ്റർ പോലും കാണാനില്ലോയെന്ന ആരാധകരുടെ അഭ്യർത്ഥനയെ തുടർന്ന്. ഗാന്ധി സിനിമ പോസ്റ്റർ എന്ന പേരിൽ വിന്റേജ് സൈറ്റുകളിൽ കാണുന്ന പോസ്റ്ററുകൾ ഒന്നും തന്നെ യഥാർത്ഥ സിനിമയ്ക്കായി ചെയ്തതല്ല.
ജലച്ചായ ചിത്രത്തിലെ സൂക്ഷ്മത തന്നെയാണ് ആർട്ടിസ്റ്റ് ശരത്ചന്ദ്രന്റെ തലപ്പൊക്കം. ഫൊട്ടോഗ്രാഫുകൾ നാണിക്കും വർണ്ണവും നിഴലും വെളിച്ചവും ഇഴ ചേർന്ന ചിത്രങ്ങളുടെ ഭാവ തീവ്രത കണ്ടാൽ. ഏപ്രിൽ 9ന് ആലക്കോട് സദു അലിയൂർ അർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രപ്രദർശനത്തിന്റെ കാര്യം പറയാനാണ് അദ്ദേഹം ഒടുവിൽ വിളിച്ചത്. ഏതു വാർത്തയായാലും അത് നാട്ടിൽ കൂടി വരില്ലേ എന്നു ചോദിക്കുന്ന തലശേരിക്കാരൻ. ഓർമക്കുറവ് രോഗമുള്ള ഭാര്യ വിമലയെ പരിചരിക്കാൻ കാഴ്ച പരിമിതിയിലും അദ്ദേഹം ബന്ധശ്രദ്ധനായിരുന്നു. മെട്രോമാൻ ഇ.ശ്രീധരന്റെ പഴ്സനൽ സെക്രട്ടറിയായിരുന്നു വിമല. മകൻ ആദിത്യ ശരത്ചന്ദ്രൻ മൗറീഷ്യസിൽ ഡിസൈനിങ് സ്ഥാപനം നടത്തുന്നു.
കാഴ്ചകളെ പ്രതിബിംബമെന്ന പോൽ പകർത്തുന്ന ഫൊട്ടൊഗ്രഫർമാർ ലജ്ജിക്കും, ജലച്ചായത്തിന്റെ സെല്ലുലോയ്ഡിൽ ശരത്ചന്ദ്രൻ വരച്ച ജീവനുള്ള ചിത്രങ്ങളുടെ സൂക്ഷ്മത കണ്ടാൽ. ആ സൂക്ഷ്മതയുടെ തലം ശരത്ചന്ദ്രൻ പോലും അറിയാതെ പകർന്നു വീണതാകുമോ ഗാന്ധി പോസ്റ്ററുകളെ ചൈതന്യവത്താക്കിയത്! ശരത്ചന്ദ്രന്റെ ചിത്രങ്ങളിൽ കണ്ണുകളാണ് സംസാരിക്കുന്നത്, കൃഷ്ണമണികൾ തിളങ്ങും. ശരീരഭാഷയും അഴകളവുകളും ഇത്ര കൃത്യമായി എങ്ങനെ പേപ്പറിലേക്ക് പകർത്തുന്നു എന്നു ചോദിച്ചാൽ അദ്ദേഹം പറയും ‘‘എല്ലാം എന്റെ ഗുരു പഠിപ്പിച്ചത്.’’