‘വണ്ടി തടഞ്ഞ് പ്രമോഷൻ എന്ന് കേട്ടിട്ടുണ്ടോ?’; വിദ്യാർഥികൾക്ക് സിജു വിൽസന്റെ സർപ്രൈസ്
Mail This Article
വിനോദയാത്രയ്ക്ക് പോകുകയായിരുന്ന വിദ്യാർഥികൾക്ക് സർപ്രൈസ് നൽകി നടൻ സിജു വിൽസൺ. പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പ്രമോഷൻ കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് തിരികെ പോകുമ്പോഴാണ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് തടഞ്ഞ് നിർത്തി സിജു അവർക്ക് സർപ്രൈസ് നൽകിയത്. ‘വണ്ടി തടഞ്ഞ് പ്രമോഷൻ എന്ന് കേട്ടിട്ടുണ്ടോ? എന്നാ കണ്ടോളു’ എന്ന അടിക്കുറിപ്പോടെ രസകരമായ വിഡിയോയും സിജു പങ്കുവച്ചു. രാത്രി സമയത്ത് ബസിനുള്ളിലേക്ക് പെട്ടെന്ന് കയറി വന്ന അതിഥിയെ കണ്ട് എല്ലാവരും ഞെട്ടി. അൽപ നേരം വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം സമയം ചിലവിട്ട ശേഷം അവർക്കൊപ്പം സെൽഫിയും എടുത്ത ശേഷമാണ് സിജു വിൽസൺ മടങ്ങിയത്
സിജു വിൽസന്റെ വാക്കുകൾ:
‘‘വണ്ടി തടഞ്ഞ് പ്രമോഷൻ എന്ന് കേട്ടിട്ടുണ്ടോ? എന്നാ കണ്ടോളു
സുഹൃത്തുക്കളുമൊത്തുള്ള യാത്ര എപ്പോഴും സ്പെഷലാണ്. നിവിൻ പോളിക്കും അൽഫോൻസ് പുത്രനുമൊപ്പമുള്ള ഞങ്ങളുടെ പള്ളിക്കാലത്തെ യാത്രയാണ് എന്റെ ആദ്യത്തെ അവിസ്മരണീയ യാത്ര. ഇന്നലെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രമോഷൻ കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് മടങ്ങുമ്പോൾ ഒരു കൂട്ടം വിദ്യാർഥികൾ ബസിൽ യാത്ര ചെയ്യുന്നത് കണ്ടു. എനിക്ക് അവരോട് അസൂയ തോന്നി. അവർക്ക് ഒരു സർപ്രൈസ് നൽകാൻ തീരുമാനിച്ചു. അവരോടൊപ്പമുള്ളത് മനോഹരമായ നിമിഷങ്ങളായിരുന്നു. അവരുടെ സന്തോഷം കണ്ടപ്പോൾ എനിക്കും വളരെ സന്തോഷം തോന്നി.’’
സിജു വിൽസൺ നായകനായെത്തുന്ന പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബർ എട്ടിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. പണ്ട് കാലത്ത് നിലനിന്നിരുന്ന ജാതി വ്യവസ്ഥകളോട് പൊരുതിയ വേലായുധ ചേകവരുടെ കഥയാണ് ചിത്രം പറയുന്നത്. ചആറാട്ടുപുഴ വേലായുധ ചേകവരായാണ് സിജു ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രം ഒരു പാൻ ഇന്ത്യ റിലീസ് ആയിരിക്കുമെന്നും മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനയൻ നേരത്തെ അറിയിച്ചിരുന്നു.