തമിഴ് താരങ്ങളും മലയാളി നക്ഷത്രങ്ങളും

Mail This Article
ചില നേരങ്ങളിൽ ചില മനുഷ്യർ എന്നു പറയുന്നതു പോലെയാണ് ചില സമയങ്ങളിൽ എന്റെ മനസ്സിലേക്ക് ചില വ്യക്തികളും അവരുടെ സ്വഭാവവിശേഷതകളുമൊക്കെ കടന്നു വരുന്നത്. എല്ലാവരെയും നമ്മളിങ്ങനെ ഓർക്കാറില്ലല്ലോ. നമ്മെ ഏറെ സ്വാധീനിച്ചവരെക്കുറിച്ചുള്ള ഓർമകളാണല്ലോ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത്. മനസ്സ് ഒരു മാന്ത്രികക്കുതിരയെ പോലെ, ചോദ്യവും ചൊല്ലുമില്ലാതെ ഇടിച്ചു കയറിവന്ന് ഒരുനിമിഷം നമ്മളിൽ അനുരണനങ്ങൾ സൃഷ്ടിക്കാറുള്ളത് അതുകൊണ്ടാണല്ലോ. ഞാൻ പല ചിന്തകളുമായി ഇരിക്കുമ്പോൾ എന്റെ മനസ്സിലേക്ക് കടന്നു വന്നത് നമ്മുടെ തൊട്ടയൽപക്കമായ തമിഴ്നാട്ടിലെ ചലച്ചിത്ര പ്രവർത്തകരിൽ പലരുടെയും രൂപമാണ്. മറ്റൊരു ഭാഷയിലും കാണാത്ത ഒരു പ്രത്യേക സ്വഭാവവിശേഷം അവരുടെ തമിഴ് സംസ്കാരത്തിന്റെ പ്രകടമായ ഉദാഹരണമായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
തമിഴിലെ ആദ്യകാല താരങ്ങളായ എംജിആർ, ശിവാജി, ജെമിനി, ജയശങ്കർ, മുത്തുരാമൻ, എ.വി.എൻ.രാജൻ, ശിവകുമാർ, സാവിത്രി, അഞ്ജലി ദേവി, സരോജ ദേവി, ജമുന, ദേവിക തുടങ്ങി ഇപ്പോഴത്തെ ന്യൂജൻ കുട്ടികൾ വരെ ദ്രാവിഡ സംസ്കാരത്തിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്നവരാണെന്ന് പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. സഹജീവികളോടും മറ്റ് ഭാഷയിലുള്ള ചലച്ചിത്രകാരന്മാരോടും അവർ കാണിക്കുന്ന സ്നേഹവും വിനയവും ആദരവുമെല്ലാം കാണുമ്പോൾ നമ്മുടെ വെള്ളിത്തിരയിലെ മിന്നുംനക്ഷത്രങ്ങൾ കാണിക്കുന്ന അഹങ്കാരവും ധാർഷ്ട്യവുമൊക്കെ മലയാളിമനസ്സിൽ സ്ഥായിയായ ഒരു വികല വികാരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
നമ്മുടെ ആർട്ടിസ്റ്റുകളും തമിഴിലെ താരങ്ങളും തമ്മിലുള്ള സ്വഭാവ വ്യത്യാസത്തിന്റെ ഒന്നുരണ്ട് ഉദാഹരണങ്ങൾ ഞാനിവിടെ കുറിക്കാം.
1995 ന്റെ അവസാനം. ഞാൻ ഒരു സിനിമയുടെ ജോലിയുമായി മദ്രാസിൽ ചെന്നപ്പോൾ എഡിറ്റർ ശങ്കുണ്ണിച്ചേട്ടന്റെ, എവിഎം സ്റ്റുഡിയോയ്ക്കകത്തുള്ള എഡിറ്റിങ് റൂമിൽ പോകേണ്ടി വന്നു. ശങ്കുണ്ണിച്ചേട്ടനുമായി സംസാരിക്കുന്നതിനിടയിലാണ് സിൽക്ക് സ്മിത എവിഎം സ്റ്റുഡിയോയിൽ ഉണ്ടെന്നു ഞാനറിഞ്ഞത്. സ്മിതയെ ഒന്നു കണ്ടിട്ട് പോകാമെന്നു കരുതി. ഞാൻ തിരക്കഥ എഴുതിയ ‘തുമ്പോളി കടപ്പുറ’ത്തിലെ രണ്ടു നായികമാരിൽ ഒരാളായ ക്ലാര എന്ന നല്ലൊരു കഥാപാത്രം കൊടുത്തതുകൊണ്ട് വലിയ സന്തോഷത്തോടെ എന്നെ പലപ്രാവശ്യം വിളിച്ച് നന്ദി പ്രകടിപ്പിക്കുകയും മദ്രാസിൽ വരുമ്പോൾ തന്നെ കാണാൻ നിർബന്ധമായും വരണമെന്നുമൊക്കെ പറഞ്ഞതു കൊണ്ട് ഞാൻ എവിഎമ്മിലെ ഷൂട്ടിങ് ഫ്ലോറിൽ ചെന്നു.

ഞാൻ ഫ്ലോറിലേക്ക് കയറിച്ചെല്ലുമ്പോൾ ആദ്യം കണ്ടത് സ്റ്റൈൽ മന്നൻ രജനീകാന്തിനെയാണ്. കക്ഷി ഒരു കസേരയിൽ ഇരുന്ന് അവിടെ നിൽക്കുന്ന ഒരാളോട് സംസാരിക്കുകയാണ്. രജനിയുടെ തൊട്ടടുത്തിരിക്കുന്നത് മോഡേൺ വേഷം ധരിച്ച ഏതോ ഒരു നടിയാണെന്നാണ് എനിക്കാദ്യം തോന്നിയത്. അവരുടെ അടുത്തു ചെന്നപ്പോഴാണ് സിൽക്ക് സ്മിതയാണതെന്ന് എനിക്ക് മനസ്സിലായത്. എന്നെ കണ്ടപാടെ ചാടി എഴുന്നേറ്റ് ‘സാർ’ എന്നു വിളിച്ചുകൊണ്ട് സ്മിത എന്റടുത്തേക്ക് ഓടിവന്നു. അതുകണ്ട് രജനീകാന്തും മറ്റുള്ളവരുമൊക്കെ എന്നെത്തന്നെ ശ്രദ്ധിക്കുകയാണ്. സ്മിത ആരോടാണ് ഇത്രയും ബഹുമാനം കാണിക്കുന്നതെന്ന ഭാവമായിരുന്നു അവരുടെ മുഖത്ത്.
എന്നോട് കുശലം പറഞ്ഞശേഷം സ്മിത എന്നെ രജനീകാന്തിനു പരിചയപ്പെടുത്തി.
‘‘രജനി സാർ, ഇത് കലൂർ ഡെന്നിസ് സാർ, കേരളാവിലെ പെരിയ സ്ക്രിപ്റ്റ് റൈറ്റർ. എൻ മുതല്‍ പടത്തിന്റെ ഓൾ ഇൻ ഓൾ ആയിരുന്നു ഡെന്നിസ് സാർ."

"ഓ അപ്പടിയാ" എന്നുപറഞ്ഞുകൊണ്ട് രജനീകാന്ത് എഴുന്നേറ്റ് എനിക്ക് കൈ തന്നുകൊണ്ട് സ്നേഹപുരസ്സരം പറഞ്ഞു. ‘‘ഉക്കാരുങ്കോ സാർ.’’
ഞാൻ ഇരിക്കാതെ ഭവ്യതയോടെ ഒതുങ്ങി നിൽക്കുന്നതു കണ്ട് "ഉക്കാരുങ്കോ സാർ" എന്നു പറഞ്ഞ് എന്നെ നിർബന്ധിച്ച് അദ്ദേഹത്തിന്റെ അടുത്തുള്ള കസേരയിൽ ഇരുത്തി. പിന്നെ ചെറിയ വാക്കുകളിൽ എന്നെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.

ഇങ്ങനെ ഇത്രയ്ക്ക് വിനയാന്വിതനായി പെരുമാറുന്ന ഒരു സൂപ്പർ സ്റ്റാറിനെ ഞാൻ ആദ്യമായി കാണുകയാണ്. അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് ഞാൻ ശരിക്കും അന്തംവിട്ടു പോയി എന്നു പറയുന്നതായിരിക്കും ഏറെ ശരി.
അൽപം കഴിഞ്ഞപ്പോൾ രജനികാന്തിന്റെ അടുത്തേക്ക് അസോഷ്യേറ്റ് ഡയറക്ടർ വന്നു ഷോട്ട് റെഡിയായി സാർ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ നോക്കി ചിരിച്ചു കൊണ്ട് ഫ്ലോറിലേക്കു പോയി. പിന്നെ തെല്ലു നേരം കൂടി സ്മിതയോടു സംസാരിച്ചിരുന്ന ശേഷം യാത്ര പറഞ്ഞു പോരുകയും ചെയ്തു.
ഇതേപോലെ തന്നെയാണ് അന്നത്തെ തെലുങ്കിലെയും തമിഴിലെയും ലേഡി സൂപ്പർ സ്റ്റാറായ വിജയശാന്തിയുമായുണ്ടായ അനുഭവവും.
മമ്മൂട്ടിയെയും വിജയശാന്തിയെയും വച്ച് ഐഎഎസ് v/s ഐപിഎസ് എന്ന പേരിൽ ഒരു ചിത്രം ചെയ്യാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്ന സമയം. സിംന ഹമീദായിരുന്നു നിർമാതാവ്. ജോഷി ആയിരുന്നു സംവിധായകൻ. പിന്നെ മമ്മൂട്ടിയുടെയും വിജയശാന്തിയുടെയും തിരക്കുകൾ മൂലവും മറ്റു പല പല കാരണങ്ങള്‍ കൊണ്ടും അന്ന് ആ പ്രോജക്ട് മുന്നോട്ടു കൊണ്ടു പോകാൻ കഴിഞ്ഞില്ല. ഐഎഎസ്, ഐപിഎസ് ക്ലാഷായിരുന്നു വിഷയം. നല്ലൊരു കൊമേഴ്സ്യൽ സിനിമയ്ക്കു പറ്റിയ വിഷയമായിരുന്നത്.
അങ്ങനെയിരിക്കെ ഒരു വർഷം കഴിഞ്ഞ് ഒരു ദിവസം ജോഷി വിളിച്ച് ഈ കഥ തമിഴിൽ സിനിമയാക്കുന്ന കാര്യം എന്നോടു പറഞ്ഞു. ‘ജനുവരി ഒരു ഓർമ’ എടുത്ത തരംഗിണി ശശിയായിരുന്നു ഈ തമിഴ് പ്രോജക്ടുമായി ഞങ്ങളുടെ അടുത്ത് വരുന്നത്. സത്യരാജിന്റെ മാനേജരും നിർമാതാവുമായ രാമനാഥനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. മദ്രാസിലുള്ള സത്യരാജിനോടും വിജയശാന്തിയോടും പോയി കഥ പറയണമെന്ന് ശശി പറഞ്ഞു. മമ്മൂട്ടിയെ വച്ച് സിനിമ െചയ്യാൻ തീരുമാനിച്ചപ്പോൾ ഞാൻ മദ്രാസിൽ പോയി വിജയശാന്തിയോട് കഥ പറഞ്ഞിരുന്ന കാര്യം ശശിക്ക് അറിയില്ലായിരുന്നു. ഞാൻ പറഞ്ഞപ്പോഴാണ് ശശി ഈ വിവരം അറിയുന്നത്.
വിജയശാന്തിക്ക് അന്ന് തെലുങ്കിലും തമിഴിലും തിരക്കുള്ള സമയം. അവരോട് പോയി കഥ പറയാൻ അവരുമായി കൂടുതൽ അടുപ്പമുള്ള ആരെങ്കിലുമുണ്ടെങ്കിൽ എളുപ്പമാകുമെന്ന് തോന്നിയപ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് ക്യാപ്റ്റൻ രാജുവിന്റെ മുഖമായിരുന്നു. ക്യാപ്റ്റന്‍ ഞങ്ങളുടെ ‘രക്ത'ത്തിലൂടെയാണ് ആദ്യമായി സിനിമയിലേക്ക് വരുന്നത്. അതുമാത്രമല്ല ഞാനുമായി നല്ലൊരു ആത്മബന്ധമുണ്ടായിരുന്നു. ഞാൻ ക്യാപ്റ്റനെ വിളിച്ചു വിവരം പറഞ്ഞു. അപ്പോൾ ക്യാപ്റ്റൻ പറഞ്ഞു.
‘‘ഡെന്നിച്ചായൻ വിളിച്ചത് നല്ല സമയത്താണ്. ഞാനിപ്പോൾ വിജയശാന്തിയുടെ ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഡെന്നിച്ചായൻ നാളെ വന്നോളൂ. ഞാൻ അവരെക്കാണാനുള്ള എല്ലാ ഏർപ്പാടും ചെയ്യാം.’’
ക്യാപ്റ്റന്റെ മറുപടി ആശാവഹമായി തോന്നിയപ്പോൾ ഞാനും സിംന ഹമീദും ഞങ്ങളുടെ സുഹൃത്തും നിർമാതാവുമായ ഹരികുമാരൻ തമ്പിയുമായി പിറ്റേന്നു തന്നെ മദ്രാസിലേക്കു തിരിച്ചു. അവിടെ അണ്ണാ നഗറിലാണ് ഷൂട്ടിങ്. ഞങ്ങൾ രാവിലെ പതിനൊന്നു മണിക്ക് ലൊക്കേഷനിലെത്തി. അപ്പോൾ ക്യാപ്റ്റൻ ഞങ്ങളെ കാത്ത് അവിടെ നിൽപുണ്ടായിരുന്നു.
‘‘എടുത്തുകൊണ്ടിരിക്കുന്ന ഈ സീൻ കഴിഞ്ഞ് കഥ കേൾക്കാമെന്നാണ് വിജയശാന്തി പറഞ്ഞിരിക്കുന്നത്.’’ ക്യാപ്റ്റൻ പറഞ്ഞു.
ആ സീൻ കഴിഞ്ഞപ്പോൾ ക്യാപ്റ്റൻ വിജയശാന്തിയേയും കൂട്ടി ഞങ്ങളുടെ അടുത്തേക്കു വന്നു. സിനിമയിൽ കാണുന്ന ആക്‌ഷൻ ക്വീനെയല്ല ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞത്. അത്ര ഉയരമൊന്നും ഇല്ലാത്ത, നീണ്ടു മെലിഞ്ഞ ഒരു സ്ത്രീ രൂപം. സാരിയും ബ്ലൗസും നെറ്റിയിൽ ചന്ദനക്കുറിയുമൊക്കെയിട്ട് ഒരു സാധാരണ കഥാപാത്രമാണ് ഈ സിനിമയിലേതെന്ന് ക്യാപ്റ്റൻ പറയുകയും ചെയ്തു.
ക്യാപ്റ്റൻ ഞങ്ങളെ പരിചയപ്പെടുത്തി. വളരെ ഹൃദ്യമായി മന്ദഹസിച്ചുകൊണ്ടാണ് അവർ എന്റെ മുൻപിൽ കഥ കേൾക്കാൻ ഇരുന്നത്. കഥ പറയുന്ന കാര്യത്തിൽ ഞാൻ വളരെ പുറകിലാണ്. ആലങ്കാരികതയോടും ഡീറ്റേയിലായിട്ടും കഥ പറയാനൊന്നും എനിക്കു കഴിയില്ല. സ്ക്രിപ്റ്റിലാണ് എല്ലാ ഡീറ്റെയ്ൽസും ഞാൻ എഴുതുന്നത്.
പത്തു മിനിറ്റു കൊണ്ട് ഞാൻ കഥ പറഞ്ഞു തീർത്തു. വിജയശാന്തി ഇംപ്രസായിട്ടുണ്ടാവുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു.
അപ്പോൾ അവർ വളരെ കൂളായിട്ട് എന്നോടു പറഞ്ഞതിങ്ങനെയാണ്.
‘‘സ്റ്റോറി റൊമ്പ നല്ലാര്ക്ക് സാർ’’
ആ വാക്കുകൾ കേട്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്.
രജനികാന്തിനെയും വിജയശാന്തിയെയും കണ്ടപ്പോഴുണ്ടായ അതേ അനുഭവം തന്നെയാണ് ഞാൻ സത്യരാജിനോട് കഥ പറയാൻ പോയപ്പോഴും ഉണ്ടായത്.
ഞാനും തരംഗിണി ശശിയും കൂടിയാണ് സത്യരാജിനെ കാണാനായി മദ്രാസിൽ പോയത്. ഞങ്ങൾ പാംഗ്രോവ് ഹോട്ടലിലാണ് റൂമെടുത്തിരുന്നത്. എത്രമണിക്കാണ് സത്യരാജിനോടു കഥ പറയാൻ ചെല്ലേണ്ടതെന്ന് ശശി വിളിച്ചു ചോദിച്ചപ്പോൾ സത്യരാജ് പറഞ്ഞു: ‘‘ഞാൻ നിങ്ങൾ താമസിക്കുന്ന പാംഗ്രോവ് ഹോട്ടലിൽ വരാം.’’
അപ്പോഴും ഞാൻ വിസ്മയം കൂറുകയായിരുന്നു.
പറഞ്ഞതു പോലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സത്യരാജ് ഞങ്ങളുടെ ഹോട്ടല്‍ മുറിയിലെത്തി. സാധാരണ ഒരു സ്ലാക്ക് ഷർട്ടും മുണ്ടും ധരിച്ച് വളരെ ലളിതമായ വേഷത്തിലാണ് കക്ഷി എത്തിയിരിക്കുന്നത്. കണ്ടാൽ ഒരു നായക നടനാണെന്നൊന്നും തോന്നുകയേയില്ല.
അദ്ദേഹത്തിനോട് ഞങ്ങൾ ഇരിക്കാൻ പറഞ്ഞിട്ട് കക്ഷി ഇരിക്കുന്നില്ല.
‘‘പറവായില്ല സാർ നീങ്കൾ സ്റ്റോറി ശൊല്ലുങ്കോ.’’ അത് പറഞ്ഞ് വീണ്ടും ഭവ്യതയോടെ നിൽക്കുകയാണ് സത്യരാജ്. പിന്നെ ഞങ്ങൾ ഒത്തിരി നിർബന്ധിച്ചാണ് ബെഡ്ഡിൽ പിടിച്ചിരുത്തിയത്.
തമിഴിലെ ആർട്ടിസ്റ്റുകളുടെയൊക്കെ പെരുമാറ്റം തമിഴ് ദ്രാവിഡ സംസ്കാരത്തിന്റെ ഒരു മുഖമുദ്രയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ വിജയശാന്തിയോട് പറഞ്ഞതിന്റെ ഒരാവർത്തനം തന്നെയായിരുന്നു സത്യരാജിന്റെ മുൻപിലും ആവർത്തിച്ചത്.
കഥ കേട്ടുകൊണ്ടിരുന്ന സത്യരാജ് പറഞ്ഞു.
‘‘റൊമ്പ പ്രമാദമായിറുക്കേ സാർ. എനക്കു കിടച്ച സൂപ്പർ വേഷംതാൻ. നാൻ, ജോഷി സാറിനെ വിളിച്ച് ഇപ്പോ തന്നെ പേശറെ.’’
നമ്മുടെ നക്ഷത്രങ്ങളുടെയും തമിഴിലെ സൂപ്പർ താരങ്ങളുടെയും പെരുമാറ്റത്തെക്കുറിച്ച് ഒരു നിമിഷം ഞാൻ ഓർത്തുപോയി. ഇതേപോലെ തന്നെയാണ് തമിഴിലെ നായികമാരായ സരിതയുടേയും സ്വപ്നയുടേയും ഗീതയുടേയുമൊക്കെ പെരുമാറ്റം. ഈ താരങ്ങളുടെയെല്ലാം മാന്യമായ പെരുമാറ്റ രീതി നമ്മുടെ ന്യൂജൻ പിള്ളേര് ഒന്ന് കണ്ടുപഠിക്കുന്നത് നല്ലതായിരിക്കുമെന്നും എന്റെ മനസ്സ് പറഞ്ഞു.
(തുടരും...)