ADVERTISEMENT

കരിയറിന്റെ തുടക്കത്തിൽ ആദ്യമായി അഭിനയിച്ച പരസ്യ ചിത്രത്തിൽ നായകനായിരുന്ന മനോജ് കുമാറിനെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ. മാളികപ്പുറം എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് ഉണ്ണി മുകുന്ദൻ അപ്രതീക്ഷിതമായി മനോജിനെ കണ്ടുമുട്ടിയത്. മാളികപ്പുറം ഒരുപാട് സന്തോഷ നിമിഷങ്ങൾക്ക് നിമിത്തമാകുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഉണ്ണി മുകുന്ദൻ ആദ്യം അഭിനയിച്ച പരസ്യചിത്രത്തിൽ നായകനായിരുന്ന തനിക്ക് ഉണ്ണി വലിയൊരു താരമായതിനു ശേഷം വീണ്ടും കണ്ടുമുട്ടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മനോജ് കുമാർ പറഞ്ഞു. ചെന്നൈ ആസ്ഥാനമായുള്ള എം സ്റ്റുഡിയോ എന്ന ഹെയർ ആൻഡ് ബ്യൂട്ടി മേക്കോവർ സ്റ്റുഡിയോയുടെ ഉടമയായ മനോജ് ആര്യ, വിശാൽ, സന്താനം, മാധവൻ, സിദ്ധാർഥ്, ജയറാം, പൃഥ്വിരാജ്, മമ്മൂട്ടി തുടങ്ങി നിരവധി താരങ്ങളുടെ സ്റ്റൈലിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പ്രീസ്റ്റ്, വിജയ്‌യുടെ വാരിസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മനോജ് കുമാർ ഇപ്പോൾ ഷാറുഖ് ഖാന്റെ ജവാൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്.

‘‘ഞാനും ഉണ്ണി മുകുന്ദനും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു നടക്കുന്ന സമയത്താണ് ആ പരസ്യം ചിത്രീകരിക്കുന്നത്. ഞാൻ അന്ന് ചില പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. എഴുന്നൂറിൽ കൂടുതൽ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് ഭീമ ഗോൾഡിന്റെ പരസ്യത്തിൽ നായകനായി അഭിനയിക്കുമ്പോൾ ഒപ്പം അഭിനയിക്കാൻ ഒരു പയ്യൻ വന്നു. ഉണ്ണി എന്നായിരുന്നു പേര്. ഉണ്ണി ആദ്യമായി അഭിനയിക്കുന്ന പരസ്യ ചിത്രമാണ് അത്. അഭിനയിച്ചിട്ട് തിരിച്ചു പോകുമ്പോൾ ‘‘ചേട്ടാ എന്തെങ്കിലും ചാൻസ് വരുന്നെങ്കിൽ പറയണേ’’ എന്ന് പറഞ്ഞിട്ടാണ് ഉണ്ണി പോയത്.

അതിനു ശേഷം സംഭവിച്ചത് എല്ലാവർക്കും അറിയാം. ഉണ്ണി തിരക്കുള്ള നടനായി മാറി. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടർന്നിട്ട് കാര്യമില്ല എന്നു തോന്നിയ ഞാൻ ഹെയർ സ്റ്റൈലിങ് ആൻഡ് കോസ്മറ്റോളജി പഠിക്കാനായി സിംഗപ്പൂരിലേക്ക് പോയി. തിരിച്ചു വന്ന് ചെന്നൈയിൽ സ്വന്തമായി ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ തുടങ്ങി. സിനിമാ താരങ്ങളായ ആര്യ, വിശാൽ, സന്താനം, മാധവൻ, സിദ്ധാർഥ്, ജയറാം, പൃഥ്വിരാജ്, മമ്മൂക്ക, ദിലീപ്, കാവ്യാ മാധവൻ തുടങ്ങിയവർക്കെല്ലാം സിനിമയ്ക്ക് വേണ്ടിയുള്ള മേക്കോവർ ചെയ്തിട്ടുണ്ട്, ജയറാമിന്റെ സ്റ്റൈൽ സ്ഥിരമായി ഞങ്ങളുടെ എം സ്റ്റുഡിയോ ആണ് ചെയ്യുന്നത്. ഹെയർ, സ്കിൻ, ന്യൂട്രീഷൻ എല്ലാം ഞങ്ങൾ ചെയ്യാറുണ്ട്. കൂടാതെ എന്റെ പാഷനായ അഭിനയവും പിന്തുടരുന്നുണ്ട്. പ്രീസ്റ്റ് എന്ന സിനിമയിലെ വില്ലൻ ആയി അഭിനയിച്ചിരുന്നു. വിജയ് സാറിന്റെ വാരിസിൽ അഭിനയിച്ചു, അത് പൊങ്കൽ റിലീസ് ആണ്. ഹിന്ദിയിൽ ഷാറുഖ്ഖാൻ സാറിന്റെ ജവാൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ്.

നിർമാതാവ് ആന്റോ ചേട്ടൻ ചെന്നൈയിലെ എന്റെ സ്റ്റുഡിയോയിൽ സ്ഥിരമായി വരാറുണ്ട്. ഇന്ന് തലശ്ശേരി ലിബർട്ടി തിയറ്ററിൽ മാളികപ്പുറം എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി വന്നപ്പോൾ ആന്റോ ചേട്ടൻ ഉണ്ണിയെ വിശ്രമിക്കാനായി എന്റെ സ്റ്റുഡിയോയിൽ കൊണ്ടു വന്നു. എന്നെ കണ്ടിട്ട് ഉണ്ണിക്ക് എന്തോ പരിചയം തോന്നി. സംസാരത്തിനൊടുവിലാണ് പണ്ട് ഒരുമിച്ച് പരസ്യത്തിൽ അഭിനയിച്ച കാര്യം ഞാൻ ഓർമിപ്പിച്ചത്. ഉണ്ണിക്ക് വലിയ സന്തോഷമായി എന്നെ കെട്ടിപ്പിടിച്ചു. അന്ന് കണ്ടപ്പോഴത്തെപ്പോലെ സ്നേഹത്തോടെയും എളിമയോടെയുമാണ് ഇന്നും ഉണ്ണി എന്നോട് ഇടപെട്ടത്. ഞങ്ങളുടെ ആ പഴയ പരസ്യചിത്രം കാണിച്ചപ്പോൾ, ‘‘മനോജേട്ടാ ഞാൻ ഇത് തിരയുകയായിരുന്നു. ഇത് ഒന്നുകൂടി കാണണം എന്ന് വലിയ ആഗ്രഹമായിരുന്നു’’ എന്ന് പറഞ്ഞു. ഞാനും ഉണ്ണിയും പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് കയ്യിൽ ഒന്നുമില്ലാതെ അഭിനയരംഗത്ത് എത്തിയതാണ്. അഭിനയത്തിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു കരിയർ പടുത്തുയർത്താൻ കഴിഞ്ഞു. ഉണ്ണി കരിയറിന്റെ ഏറ്റവും നല്ല സമയത്ത് നിൽക്കുമ്പോൾ തമ്മിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമായി.’’– മനോജ് കുമാർ പറയുന്നു.

manoj-kumar-unni-mukundan

‘‘മനോജ് ചേട്ടനെ വീണ്ടും കണ്ടുമുട്ടാൻ കഴിഞ്ഞത് സന്തോഷമായി. മാളികപ്പുറം പല സന്തോഷ നിമിഷങ്ങൾക്കും നിമിത്തമാകുന്നു. എന്റെ കരിയറിന്റെ ഏറ്റവും ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയത്ത് ഏറ്റവും സന്തോഷം തരുന്ന കാര്യങ്ങളാണ് ജീവിതത്തിൽ സംഭവിക്കുന്നത്. ആദ്യമായി അഭിനയിച്ച പരസ്യ ചിത്രത്തിൽ നായകനായിരുന്ന മനോജേട്ടനെ അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടിയത് ഒരു സന്തോഷനിമിഷമായിരുന്നു. അന്ന് കണ്ടു പിരിഞ്ഞതിൽ പിന്നെ ഇന്നാണ് കാണാൻ കഴിഞ്ഞത്. അദ്ദേഹത്തെ കണ്ടു സംസാരിച്ച് സൗഹൃദം പുതുക്കാൻ കഴിഞ്ഞതും ഒരു നിമിത്തമായി കരുതുന്നു.’’– ഉണ്ണി മുകുന്ദൻ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com