മമ്മൂട്ടിയെ കാണാൻ മധുരരാജയിൽ ജൂനിയർ ആർടിസ്റ്റായ നസ്ലിൻ; പരിചയപ്പെട്ടത് ‘വൺ’ ലൊക്കേഷനിൽ
Mail This Article
‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മാത്യു തോമസും തണ്ണീർ മത്തൻ എന്ന സിനിമയിൽ മാത്യുവിനൊപ്പം ആംഗ്യങ്ങൾ കൊണ്ട് അഭിനയിച്ച പ്രേക്ഷകരെ ചിരിപ്പിച്ച നസ്‌ലിൻ കെ. ഗഫൂറും ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് ‘നെയ്മർ’. അഭിനയിക്കുന്ന സിനിമകളിൽ അടുത്ത സുഹൃത്തുക്കളായി പ്രത്യക്ഷപ്പെടാറുള്ള ഇരുവരും ജീവിതത്തിലും അടുത്ത കൂട്ടുകാരാണ്.സിനിമയിലും സമൂഹത്തിലും നടക്കുന്ന പ്രശ്നങ്ങളെപ്പറ്റി വ്യക്തമായ ധാരണയോടെയാണ് ഇരുവരും സംസാരിക്കുന്നതും. ‘നെയ്മറി’ന്റെ വിശേഷങ്ങളുമായി ഇരുവരും മനോരമ ഓണ്‍ലൈനിൽ...
‘‘നെയ്മർ എന്ന ചിത്രത്തിൽ ഒരു നായയാണ് നായകൻ. അവൻ ഞങ്ങളുടെ ജീവിതത്തിൽ വരുന്നതും അതിനെച്ചുറ്റിപ്പറ്റി നടക്കുന്നതുമായ കാര്യങ്ങളാണ് സിനിമ. നായയോടൊപ്പം അഭിനയിക്കുന്നത് വർക്ക്ഔട്ട് ആകുമോ എന്ന് ഞങ്ങൾ രണ്ടു പേർക്കും സംശയം ഉണ്ടായിരുന്നു. പക്ഷേ ആകെ മൊത്തം ഫൺ ആയിരുന്നു. ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, പക്ഷേ നല്ലൊരു ട്രെയിനർ ഉണ്ടായിരുന്നത് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കി. എന്തുകൊണ്ട് ഇങ്ങനെയൊരു സിനിമ ചെയ്യാമെന്നു കരുതിയെന്നു ചോദിച്ചാൽ ഉത്തരം സിമ്പിൾ, ഞങ്ങളെ വിശ്വസിച്ച് സിനിമ ചെയ്യാൻ എല്ലാവരും ധൈര്യപ്പെട്ടന്നു വരില്ല. നല്ലൊരു അവസരം കിട്ടി, അത് കളഞ്ഞില്ല എന്നു വേണം പറയാൻ.’’–മാത്യുവും നസ്‌ലിനും പറയുന്നു.
അന്ന് അങ്ങനെ പറയണ്ടായിരുന്നു
മാത്യു: എനിക്ക് സിനിമ മാത്രമേ അറിയൂ എന്ന് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് ഞാൻ സത്യസന്ധമായി പറഞ്ഞതായിരുന്നു. പക്ഷേ ഇപ്പോൾ അതോര്‍ത്ത് പശ്ചാത്തപമുണ്ട്. ‘‘ഇവൻ ചെറുതല്ലേ, കുറേ ജീവിക്കാൻ ഉള്ളതല്ലേ, ഇതൊക്കെ മാറിക്കോളും’’ എന്നൊക്കെയായിരുന്നു വിഡിയോയ്ക്കു താഴെയുള്ള കമന്റുകൾ. അങ്ങനെ ഞാൻ പറയേണ്ടിയിരുന്നില്ലെന്നു തോന്നി. ഞാൻ വേറൊരു ജോലിയും നോക്കില്ല, ഇതു മാത്രമാണ് എനിക്ക് അറിയാവുന്നത് എന്നൊരു സ്റ്റേറ്റ്മെന്റ് ആയിരുന്നില്ല അത്. ഞാൻ നിലവിൽ സിനിമയാണ് ചെയ്യുന്നത്, അതുകൊണ്ട് അങ്ങനെ പറഞ്ഞതാണ്. അല്ലാതെ മറ്റൊന്നും ചെയ്യില്ലെന്നുള്ള തീരുമാനമൊന്നുമല്ല. ആളുകൾ ഇപ്പോഴും കുട്ടിത്തമുള്ളൊരു കുട്ടി എന്ന രീതിയിൽ കാണുന്നത് എന്നെ പുറകോട്ട് വലിച്ചിട്ടില്ല. ഏതെങ്കിലും കഥാപാത്രം എന്നെക്കൊണ്ട് പറ്റില്ല എന്ന ചിന്തയും ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ തോന്നിയാൽ തന്നെ അത് ബ്രേക്ക് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്– മാത്യു പറഞ്ഞു
മനുഷ്യനുള്ള കാലത്തോളം ഉള്ള പ്രശ്നം
നസ്‌ലിൻ ഇൻസ്റ്റഗ്രാമിൽ 1 മില്യൻ ഫോളോവേഴ്സ് ഉള്ള താരമാണ്. എങ്കിലും സമൂഹമാധ്യമത്തിൽ അത്ര ആക്ടീവല്ല. ‘‘ സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് പൈസയുണ്ടാക്കുന്നവരൊക്കെയുണ്ട്. പക്ഷേ അത് നല്ല രീതിയിൽ ഉപയോഗിക്കണം. എല്ലാ കാര്യങ്ങളെയും പോലെ ഇവിടെയും പോസിറ്റീവും നെഗറ്റീവും ഉണ്ട്.’’–നസ്‌ലിൻ പറയുന്നു. കുറച്ചു നാളുകൾക്കു മുൻപ് നസ്‌ലിന്റെ ഫേക്ക് പ്രൊഫൈലിലൂടെ പ്രധാനമന്ത്രിക്ക് എതിരെ കമന്റ് ഇട്ടു എന്ന വിവാദവും ഉയർന്നു കേട്ടിരുന്നു. എന്നാൽ അതിൽ കാര്യമായി പ്രതികരിക്കാൻ നസ്‌ലിനു താൽപര്യമില്ല. ഇത്തരത്തിലെ പ്രശ്നങ്ങൾ നേരിടുന്ന ധാരാളം പേരുണ്ട്. എല്ലാം ഇതിന്റെയൊരു ഭാഗമായി മാത്രമേ കാണുന്നുള്ളു എന്നാണ് നസ്‍ലിൻ അഭിപ്രായപ്പെടുന്നത്. മനുഷ്യനുള്ള കാലത്തോളം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുമെന്നാണ് മാത്യുവിന്റെ കാഴ്ചപ്പാട്.
മമ്മൂട്ടിയെ കാണാൻ ജൂനിയർ ആർടിസ്റ്റ് ആയി
മധുരരാജ സിനിമ ഷൂട്ട് ചെയ്യുന്നതിനിടയിൽ മമ്മൂട്ടിയെ കാണാനുള്ള കടുത്ത ആഗ്രഹവുമായി നസ്‍ലിൻ സെറ്റിൽ ചെന്നിരുന്നു, ജൂനിയർ ആർടിസ്റ്റ് ആയി അഭിനയിക്കുകയും ചെയ്തു. ആൾക്കൂട്ടത്തിൽ നിൽക്കുന്നതാണ് രംഗം. ഒരുതരത്തിൽ പറഞ്ഞാൻ നസ്‌ലിന്റെ ആദ്യ സിനിമ മധുരരാജയാണ്. പിന്നീട് മാത്യു അഭിനയിച്ച ‘വൺ’ എന്ന സിനിമാ ഷൂട്ടിങ്ങിനിടെ നസ്‌ലിനെ കാണാൻ മമ്മൂട്ടി വിളിപ്പിച്ചിരുന്നു. ഇതെല്ലാം ഓർക്കാൻ ഇഷ്ടമുള്ള ഓർമകൾ. ആൾക്കൂട്ടത്തിൽ നിൽക്കുന്ന രംഗത്തിൽ നിന്നും ഒരു സിനിമയിലെ പ്രധാന കഥാപാത്രത്തിലേക്ക് ഉയരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമെന്നാണ് നസ്‌ലിനു പറയാനുള്ളത്.
ഇത് സിനിമയാണ്, അച്ചടക്കം വേണം
ചെറിയ സിനിമകളാണ് മലയാളം ഇൻഡസ്ട്രിയിൽ കൂടുതലുമുള്ളത്. ബജറ്റും അത്ര തന്നെ ചെറുതായിരിക്കും. ഒരു സ്റ്റാറിനെ ചുറ്റിപ്പറ്റിയല്ല ഒരു സിനിമയും. വളരെ ലിമിറ്റഡ് ബജറ്റിലാണ് മലയാളം സിനിമകൾ വരുന്നത്. ലൊക്കേഷനുകളിൽ കാശ് കൊടുത്തായിരിക്കും ഷൂട്ട് ചെയ്യുന്നത്. അതിൽ ഒരുപാട് പേരുടെ അധ്വാനവും സമയവുമൊക്കെയുണ്ട്. അപ്പോൾ അച്ചടക്കം ഉണ്ടാവണം എന്നതാണ് ഞങ്ങൾ പഠിച്ച കാര്യം. സിനിമയിലെ വിലക്കുകളെപ്പറ്റി കേട്ടപ്പോഴും കൂടുതൽ വിവരങ്ങൾ അറിയില്ല, പക്ഷേ ഡിസിപ്ലിൻ ഫോളോ ചെയ്യണം എന്ന് ബോധ്യമായി.
സ്വന്തം കുറവുകളെപ്പറ്റി നന്നായി അറിയാം
നസ്‌ലിൻ: സ്വന്തം അഭിനയത്തിലെ കുറവുകളെക്കുറിച്ച് ബോധമുണ്ട്. അത് മാറ്റാൻ ശ്രമിക്കുന്നുമുണ്ട്. പക്ഷേ എന്തൊക്കെയാണ് നെഗറ്റീവുകൾ എന്ന് ഇന്റർവ്യുവിൽ പറയില്ല. എന്റെ കുറച്ച് ലിമിറ്റേഷനുകളുണ്ട് അത് ബ്രേക്ക് ചെയ്യാൻ ഞാൻ ശ്രമിക്കുന്നുമുണ്ട്.
മാത്യു: കയ്യില്‍ നിന്നു പോയല്ലോ എന്നു തോന്നിയ സീനുകളൊക്കെയുണ്ട്. എല്ലാ സിനിമ കഴിയുമ്പോഴും മികച്ചതാക്കാനാണ് തോന്നുന്നത്. തെറ്റ് വരുത്താതിരിക്കാൻ നമുക്ക് പറ്റിയെന്നു വരില്ല, പക്ഷേ തെറ്റുകളിൽ നിന്നു പഠിച്ച് മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്.
പ്രശ്നത്തിന്റെ ആഴം അറിയാതെ സംസാരിച്ചിട്ട് കാര്യമില്ല
മാത്യു: പെൺകുട്ടികളുടെ പ്രശ്നങ്ങൾ അവർക്കാണ് കൂടുതൽ അറിയുക. ഞാൻ ഈ പ്രിവിലേജുകൾ ഒക്കെ വച്ചിട്ട് അവര്‍ക്ക് ഇങ്ങനെ ചെയ്യാമല്ലോ, അങ്ങനെ ചെയ്തൂടെ എന്ന് ചോദിക്കുന്നത് തെറ്റാണ്. അവരുടെ പ്രശ്നങ്ങളുടെ ആഴം അറിയാതെ സംസാരിച്ചിട്ട് കാര്യമില്ല. ജോ ആൻഡ് ജോ സിനിമ വന്നപ്പോഴൊക്കെ ഈ വിഷയങ്ങളെപ്പറ്റി സംസാരം വന്നിട്ടുണ്ട്. ഒറ്റയടിക്ക് ഞങ്ങൾക്ക് മാറ്റം കൊണ്ടു വരാൻ പറ്റില്ല. പക്ഷേ ഇങ്ങനെയുള്ള സിനിമകളിലൂടെ ആളുകൾ പ്രശ്നങ്ങൾ മനസ്സിലാക്കുന്നുണ്ട്.