ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ദക്ഷിണേന്ത്യയില്‍ ‘ജയിലര്‍’ തരംഗം ആഞ്ഞടിക്കുമ്പോള്‍ എങ്ങും ചര്‍ച്ച രജനികാന്ത് മാത്രമാണ്. 28 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രേക്ഷകരെ കോരിത്തരിപ്പിച്ച ‘ബാഷ’യുടെ ചിത്രീകരണ വിശേഷങ്ങള്‍ സംവിധായകന്‍ സുരേഷ് കൃഷ്ണ പങ്കുവച്ച ഒരു അഭിമുഖമാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. ബാഷയുടെ പോസ്റ്റര്‍ മുതല്‍, പാട്ടുകള്‍ വരെയുള്ള ഓരോ ഘട്ടത്തിലും തനിക്കൊപ്പം നിന്ന പ്രിയപ്പെട്ട സുഹൃത്തിനെക്കൂടിയാണ് സംവിധായകന് പരിചയപ്പെടുത്താനുള്ളത്. ‘ബാഷ’യിലെ പഞ്ചു ഡയലോഗുകളുടെ പിറവിയും പാട്ടുകള്‍ക്കു പിന്നിലെ കൗതുകവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.

 

രജനിക്കൊപ്പം നായ ഇരിക്കുന്ന ‘ബാഷ’യുടെ പോസ്റ്റര്‍

basha-4

 

‘ബാഷാ പാര്’ പാട്ടിന്റെ ചിത്രീകരണം ഹൈദരാബാദില്‍ നടക്കുകയാണ്. ഡോണ്‍ സ്റ്റൈലില്‍ രജനി സര്‍ ഇരിക്കുന്നു. അവിടുത്തെ ലോക്കല്‍ ഡോണുകളൊക്കെ വന്ന് അദ്ദേഹത്തിന്റെ കയ്യില്‍ ചുംബിച്ചുപോകുന്ന രംഗമാണ് ചിത്രികീരിക്കാന്‍ പോകുന്നത്. എല്ലാം സെറ്റായെങ്കിലും എന്തോ ഒരു കുറവുണ്ടെന്ന് എല്ലാവര്‍ക്കും ഒരു തോന്നല്‍. രജനി സാറിനൊപ്പം ഒരു നായ കൂടി ഉണ്ടായാല്‍ കുറച്ചുകൂടി നന്നാകുമൊന്നൊരു അഭിപ്രായം അപ്പോഴാണ് വന്നത്. പെട്ടെന്ന് നായയെ എവിടുന്ന് കിട്ടാനാണ്. തിരക്കിയപ്പോഴാണ് അറിയുന്നത് ഷൂട്ട് നടക്കുന്ന കെട്ടിടത്തില്‍ ഒരു നായയെ വളര്‍ത്തുന്നുണ്ടെന്ന്. പക്ഷേ അതൊരു വലിയ നായയാണ്. 'എന്തായാലും കുഴപ്പമില്ല, ആ നായയെ കൊണ്ടുവരാന്‍' രജനി സാറും പറഞ്ഞു.

 

വൈകാതെ നായ എത്തി. കണ്ടാല്‍ തന്നെ പേടി തോന്നും. രൂപത്തില്‍ അതൊരു കുതിരയാണ്. ഉടമസ്ഥന്‍ അതിനെ കൊണ്ടുവന്ന് രജനി സാറിനെ കാണിച്ചു. എന്താണെന്നറിയില്ല രജനി സര്‍ സ്‌നേഹത്തോടെ താലോലിച്ച ഉടനെ ആ നായ ഇണക്കത്തോടെ അദ്ദേഹത്തിന്റെ അടുത്തിരുന്നു. 'ഇപ്പോള്‍ എങ്ങനെ ഉണ്ട്?' എന്നായി രജനി സര്‍. ഇതിനേക്കാള്‍ നല്ലൊരു നായയെ കിട്ടാനില്ലെന്ന ഭാവത്തിലാണ് അതിന്റെ ഇരിപ്പ്. ആ ഷോട്ട് തീരുന്നതുവരെ അനുസരണയോടെ അതവിടെ ഇരുന്നു എന്നതാണ് അദ്ഭുതം. അതും ഒരു ഡോണിന്റെ അടുത്ത് മറ്റൊരു ഡോണിരിക്കുന്ന സ്‌റ്റൈലിലായിരുന്നു അന്ന് ആ നായ ഇരുന്നത്. അതൊരു ഗംഭീര ഫ്രെയിമായിരുന്നു. പിന്നീടത് പോസ്റ്ററിലേക്കുമെത്തി.

 

ബാഷയുടെ പിറവി

 

'അണ്ണാമലൈ'യുടെ ചിത്രീകരണം നടക്കുന്ന സമയം. ഇതേ സമയം രജനി സാറിന് ഊട്ടിയില്‍ 'ഹം' എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ്ങും നടക്കുന്നുണ്ട്. അവിടെ വച്ച് അമിതാഭ് ബച്ചനും ഗോവിന്ദയും രജനി സാറും തമ്മില്‍ ഒരു സീനിനെ പറ്റി ചര്‍ച്ച നടന്നു. ഗോവിന്ദയുടെ കഥാപാത്രത്തിന് കോളജില്‍ അഡ്മിഷന്‍ കിട്ടിയില്ല. അമിതാഭ് ബച്ചന്‍ ഉള്ളില്‍ ചെന്ന് മാനേജറുമായി എന്തോ സംസാരിക്കുന്നു. അത് കേട്ടതും മാനേജര്‍ ഭയന്ന് സീറ്റ് നല്‍കാം എന്ന് സമ്മതിക്കുന്നു. അമിതാഭിന്റെ കഥാപാത്രം എന്തായിരിക്കും മാനേജരോട് പറഞ്ഞത് എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷ ഉണ്ടാവുമല്ലോ... ഇങ്ങനെയൊരു സീന്‍ പ്ലാന്‍ ചെയ്ത് മൂവരും സംവിധായകന്‍ മുകുള്‍ ആനന്ദിനോട് സംസാരിച്ചു. 'സംഭവം നന്നായിട്ടുണ്ട്, പക്ഷേ എന്റെ ചിത്രത്തിന് അത് ചേരില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

അങ്ങനെയിരിക്കെ 'അണ്ണാമലൈ' ചിത്രീകരണം നടക്കുന്ന ഒരു ദിവസം രജനി സാര്‍ ഈ സീനിനെപ്പറ്റി എന്നോട് പറഞ്ഞു. 'എങ്ങനെയുണ്ട് സുരേഷ് ഇത് ?’ എന്ന് ചോദിച്ചു. കേട്ടപ്പോള്‍ എനിക്കും രസം തോന്നി. കാണുന്നവരില്‍ ആകാംക്ഷ ഉണ്ടാക്കുന്ന ഒരു ടീസര്‍ പോലെയുണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഉള്ളില്‍ എന്തായിരിക്കും നടന്നത്, എന്തായിരിക്കും അദ്ദേഹം പറഞ്ഞത് എന്നൊക്കെ അറിയാന്‍ തോന്നുമല്ലോ. പക്ഷേ ആ സംസാരം അന്ന് അവിടെ അവസാനിച്ചു. പിന്നീട് 'അണ്ണാമലൈ' സൂപ്പര്‍ഹിറ്റ് ആയതിനു ശേഷം അടുത്ത ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. 'വീര' എന്ന ചിത്രത്തിന്റെ തിരക്കഥ അന്നേ ചെയ്യാന്‍ പദ്ധതിയുണ്ട്. മുന്‍പ് പറഞ്ഞ ആ പ്ലോട്ട് വികസിപ്പിച്ച് ഒരു സിനിമ ആദ്യം ഇറക്കിയാലോ എന്ന് ഞാന്‍ രജനി സാറിനോടു ചോദിച്ചു. എന്നാല്‍ 'അണ്ണാമലൈ വന്‍ ഹിറ്റായിരുന്നില്ലേ, അതിന്റെ പിറകെ അടുത്ത സൂപ്പര്‍ ഹിറ്റ് വേണ്ട, അല്‍പ്പം ഒന്ന് താഴ്ന്നാലും കുഴപ്പമില്ല, മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ‘വീര’ തന്നെ ചെയ്യാം' എന്ന് അദ്ദേഹം പറഞ്ഞു. ഹീറോയിസം ഒന്നും ഇല്ലാതെ കോമഡി എന്റര്‍ടെയിന്‍മെന്റായി വന്ന വീരയും ഹിറ്റായി.

 

പിന്നീട് രജനി സാര്‍ പറഞ്ഞ പ്ലോട്ട് വികസിപ്പിക്കാനായി ഞങ്ങള്‍ ഹൈദരാബാദിലേക്ക് പോയി. 'ഹം' എന്ന ഹിന്ദി ചിത്രത്തിലെ ചില എലമെന്റുകള്‍ എടുത്ത് ഒരു കഥ രൂപപ്പെടുത്തിയെടുത്തു. അതിലേക്ക് രജനി സര്‍ പറഞ്ഞ പ്ലോട്ടും കൊണ്ടു വന്നു. അനിയത്തിക്ക് കോളജില്‍ അഡ്മിഷന്‍ എടുക്കാനായി എത്തുന്ന സഹോദരന്‍ എന്ന നിലയിലാണ് അതിനെ മാറ്റിയത്. അതിന് മുന്‍പും ശേഷവും എന്തായിരിക്കും എന്ന നിലയിലായി പിന്നീടുള്ള ഞങ്ങളുടെ ചര്‍ച്ച. രജനി സര്‍ ഒരുപാട് നല്ല നിര്‍ദേശങ്ങള്‍ പറഞ്ഞു. അങ്ങനെയാണ് ആ തിരക്കഥ രൂപപ്പെടുത്തി എടുക്കുന്നത്. ‘ബാഷ’ സിനിമ ഉണ്ടായത് അങ്ങനെയാണ്.

 

ആദ്യ പകുതിയില്‍ വലിയ ഫൈറ്റ് സീനുകള്‍ ഒന്നും ഇല്ല. നായകന്‍ ശരിക്കും ആരാണ് എന്നൊരു സസ്പെന്‍സ് നിലനിര്‍ത്തി. രണ്ടാം പകുതി എത്തിയപ്പോഴേക്കും അതൊക്കെ മാറി. ഹമ്മില്‍ നിന്ന് ഇങ്ങനെയൊരു തിരക്കഥ രൂപപ്പെടുത്തിയപ്പോഴും ഇത്രയും നന്നായി വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. 28 വര്‍ഷത്തിന് ശേഷവും ആ തിരക്കഥയെക്കുറിച്ച് നമ്മള്‍ സംസാരിക്കുന്നത് തന്നെ അത് അത്രത്തോളം ഗംഭീരമായതുകൊണ്ടാണ്. അതില്‍ ഒരു നടനും അപ്പുറം രജനി സാറിനുള്ള പങ്ക് വളരെ വലുതാണ്. ആ കഥയെ രൂപപ്പെടുത്തി എടുത്തത് അദ്ദേഹത്തിന്റെകൂടി പരിശ്രമത്തിന്റെ ഭാഗമായാണ്.

 

'ഒരു തടവ് സൊന്നാ, അത് നൂറുതടവ് സൊന്ന മാതിരി'

 

സിനിമയിലൊരു പഞ്ചു ഡയലോഗു വേണം. രജനി സാറും സംഭാഷണം എഴുതുന്ന ബാലകുമരനുമൊക്കെ തല പുകഞ്ഞിരുന്ന് ആലോചിച്ചു. ഷോട്ട് റെഡിയായപ്പോഴും പ്രതീക്ഷിച്ച ഡയലോഗു കിട്ടിയില്ല. പെട്ടെന്ന് രജനി സര്‍ ഒരു ഡയലോഗ് പറഞ്ഞു, 'ഒരു വാട്ടി സൊന്നാ, നൂറുവാട്ടി സൊന്നമാതിരി,' കേട്ടപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ രജനി സര്‍ ഷോട്ടിന് റെഡിയായി ചെന്നു നിന്നു. പെട്ടെന്ന് രജനി സാറിന്റെ മറ്റൊരു ചോദ്യം രഹസ്യമായി വന്നു, 'സുരേഷ്, ഒരു വാട്ടി ബെറ്ററാ, ഒരു തടവ് ബെറ്ററാ...?' തടവ് എന്ന് പറയുമ്പോള്‍ ആ വാക്കിനൊരു പഞ്ചുണ്ട്. അങ്ങനെ മതിയെന്നു ഞാനും പറഞ്ഞു. 'മറ്റാരോടും പറയേണ്ട ഷോട്ടില്‍ നമുക്ക് സര്‍പ്രൈസായി ഈ ഡയലോഗ് പറയാം' എന്ന് രജനി സാര്‍ തന്നെ പറഞ്ഞു.

 

അങ്ങനെ ഷോട്ടില്‍ അദ്ദേഹം ഈ ഡയലോഗു പറഞ്ഞു. എല്ലാവരും പിന്നെയത് ഏറ്റു പറയാന്‍ തുടങ്ങി. ചായ കൊണ്ടുവരാന്‍ വൈകിയപ്പോള്‍ അസിസ്റ്റന്റ് ക്യാമറമാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു, 'ഡേയ് ടീ കൊണ്ടുവാ, ഒരു തടവ് സൊന്നാ...' അങ്ങനെ ഷോട്ട് കഴിഞ്ഞ് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായി ഈ ഡയലോഗ് സൂപ്പര്‍ ഹിറ്റാകുമെന്ന്. അങ്ങനെ കുറേ നല്ല ഡയലോഗുകള്‍ ഈ സിനിമയിലുണ്ട്.

 

നീ നടന്താല്‍ നട അഴക്...

 

'അണ്ണാമലൈ'യില്‍ ദേവ ഒരുക്കിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. അതുകൊണ്ടുതന്നെ ബാഷയിലെ പാട്ടുകള്‍ അതിനേക്കാള്‍ ഹിറ്റാകണമെന്ന നിര്‍ബന്ധം എല്ലാവര്‍ക്കുമുണ്ടായിരുന്നു. 'ഓട്ടോക്കാരന്‍' എന്ന പാട്ടൊക്കെ അതിവേഗത്തില്‍ ഉണ്ടായതാണ്. വൈരമുത്തു എത്ര പെട്ടന്നാണ് ആ ട്യൂണിന് അനുസരിച്ച് പാട്ടുകള്‍ എഴുതിയത്!

 

ചിത്രത്തില്‍ 'സ്‌റ്റൈല് സ്‌റ്റൈല്' എന്ന ഡ്യുവറ്റ് ഗാനം ആദ്യം തന്നെ ചിത്രീകരിച്ചു. അതിനുശേഷമാണ് 'നീ നടന്താല്‍ നടയഴക്' എന്ന ഗാനം റെക്കോര്‍ഡ് ചെയ്യ്തത്. ഈ പാട്ടും കേട്ടവര്‍ക്കൊക്കെ ഇഷ്ടമായി. എങ്കിലും ചിത്രത്തില്‍ രണ്ട് ഡ്യുവറ്റ് ഗാനം വേണോ എന്നായി ചിന്ത. രജനി സാറും അതേ അഭിപ്രായം പറഞ്ഞതോടെ ദേവയുടെ മുഖം മാറി. ഈ ഗാനം കാസറ്റില്‍ മാത്രം ഉള്‍പ്പെടുത്താം എന്നായിരുന്നു തീരുമാനം.

 

പക്ഷേ പിന്നീട് എന്റെ ആലോചന മുഴുവന്‍ ആ ഗാനം സിനിമയില്‍ എങ്ങനെ ഉള്‍പ്പെടുത്താം എന്നതായിരുന്നു. അത്രയ്ക്ക് നല്ലൊരു പാട്ടാണ് അത്. ചിത്രത്തിലെ ഫൈറ്റ് സീനുകള്‍ ചിത്രീകരിക്കുന്ന ദിവസം,  അന്നെന്റെ ചിന്ത മുഴുവന്‍ ഇതാണ്. ഞാനന്ന് മാറി നടന്ന് ആലോചിക്കുന്നത് കണ്ടപ്പോഴേ രജനി സാറിന് കാര്യം മനസ്സിലായി.

 

ഞാനൊരു ഐഡിയ ഉണ്ടാക്കി രജനി സാറിനോട് പറഞ്ഞു, നഗ്മയുടെ കഥാപാത്രം നോക്കുന്നിടത്തൊക്കെയും മാണിക്യത്തെ കാണുന്നു. ജിമ്മില്‍, പുറത്തേക്കിറങ്ങുമ്പോള്‍ സെക്യൂരിറ്റിയായി, വഴിപോക്കനായി, ട്രാഫിക്ക് പൊലീസായി... ഞാനിങ്ങനെ പറയാന്‍ തുടങ്ങിയപ്പോള്‍ പിന്നെ അദ്ദേഹവും ഏറ്റുപിടിച്ചു. ബസ് കണ്ടക്ടറുടെ വേഷം ഇതുവരേ അഭിനയിച്ചിട്ടേ ഇല്ല. ആ വേഷവും ഇടാം എന്ന് അദ്ദേഹം തന്നെ പറഞ്ഞു. പാട്ട് വേണ്ട എന്നു പറഞ്ഞ ആളുതന്നെ എന്നേക്കാള്‍ വേഗത്തില്‍ സീനുകള്‍ പറയാന്‍ തുടങ്ങി. അങ്ങനെ രണ്ട് ദിവസം കൊണ്ട് എല്ലാ സെറ്റപ്പുകളും റെഡിയാക്കിയാണ് ആ  പാട്ട് ചിത്രീകരിച്ചത്.

 

'ബാഷാ പാര്' പശ്ചാത്തല സംഗീതമാകുമ്പോള്‍

 

രജനി സാറിനെ ആനന്ദ്‌രാജ് കെട്ടിയിട്ട് അടിക്കുന്ന ഒരു രംഗമുണ്ട്. അതിന് ഈ ഗാനം പശ്ചാത്തല സംഗീതമായി വന്നതിനു പിന്നിലും പറയാന്‍ ഏറെയുണ്ട്. ആ രംഗം ചിത്രീകരിക്കുന്ന ദിവസം, നിര്‍മാതാവായ ആര്‍. എം. വീരപ്പന്‍ സാറിന്റെ മരുമകന്‍ അവിടെയുണ്ട്. അദ്ദേഹം വഴി വീരപ്പന്‍ സര്‍ ഇത് അറിഞ്ഞു. ഉടനെ തന്നെ ഷൂട്ട് നിര്‍ത്തി സംവിധായകന്‍ തന്നെ വന്നു കാണണമെന്ന വീരപ്പന്‍ സര്‍ അറിയിച്ചു. പാക്കപ്പ് വിളിച്ച ഉടനെ തന്നെ ഞാനദ്ദേഹത്തെ കാണാന്‍ ചെന്നു.

 

രജനി സാറിനെ തല്ലുന്ന രംഗമുണ്ടെന്ന് അറിഞ്ഞ് വിളിപ്പിച്ചതാണെന്ന് പറഞ്ഞു. അത് വേണ്ട എന്ന് അദ്ദേഹം കര്‍ശനമായി പറഞ്ഞു. 'നിലവില്‍ അദ്ദേഹത്തിനുള്ള ഇമേജ് നോക്കുമ്പോള്‍ ഇത്തരമൊരു രംഗം ചിത്രത്തെ ബാധിക്കും. അദ്ദേഹത്തിന്റെ ആരാധകര്‍ എങ്ങനെ എടുക്കും എന്നു തന്നെ അറിയില്ല, തിയറ്ററിലെ സീറ്റുപോലും ആരാധകര്‍ വലിച്ചു കീറും,' വീരപ്പന്‍ സാര്‍ ആ സീനൊഴിവാക്കാനുള്ള വാദങ്ങള്‍ ഒരോന്നായി നിരത്തി.

 

ഞാന്‍ പുറത്തേക്കിറങ്ങി അടുത്ത ബൂത്തില്‍ നിന്ന് രജനി സാറിനെ വിളിച്ചു. വിവരം അറിഞ്ഞതോടെ അദ്ദേഹം അവിടേക്ക് നേരിട്ടെത്തി. വീരപ്പന്‍ സാറിനെ ഞങ്ങള്‍ ഒന്നിച്ചു കാണുമ്പോഴും ഈ സീന്‍ വേണ്ട എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ രജനി സര്‍ വഴങ്ങി കൊടുത്തില്ല. തിരക്കഥയിലും സംവിധായകനിലും വിശ്വാസമുണ്ടെന്ന് വാദിച്ചു. എന്തായാലും സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് പ്രിവ്യു കാണാമെന്നും അപ്പോള്‍ ഈ രംഗം പ്രശ്നമാണെന്നു തോന്നിയ റീഷൂട്ട് ചെയ്യാമെന്നും അദ്ദേഹം ഉറപ്പു നല്‍കി. രജനി സാര്‍ പറഞ്ഞതുകൊണ്ടായിരിക്കാം, വീരപ്പന്‍ സാര്‍ അതിന് സമ്മതം മൂളി.

 

എന്തായാലും വീരപ്പന്‍ സാറിന്റെ ചിന്ത എന്നെയും അസ്വസ്ഥനാക്കാതെ ഇരുന്നില്ല. കാരണം അദ്ദേഹം അത്രത്തോളം അനുഭവങ്ങളുള്ള വലിയ നിര്‍മാതാവാണ്. പിന്നീടുള്ള ചിന്ത ഇതിനെയൊക്കെ മറികടന്നുകൊണ്ട് എങ്ങനെ ആ രംഗം പ്രേക്ഷകരിലേക്ക് എത്തിക്കാം എന്നതായിരുന്നു. നായകനായ മാണിക്യന് അടി കൊള്ളുമ്പോള്‍ പ്രകൃതിപോലും വേദനിക്കുന്ന പ്രതീതി ഉണ്ടാക്കുന്ന ഷോട്ടുകള്‍ ചേര്‍ത്തുവച്ചു. അങ്ങനെ മഴയും ഇടിയും മിന്നലും കാറ്റുമൊക്കെ വന്നു പോയി. എന്നിട്ടും തൃപ്തി വരാതെ വന്നപ്പോള്‍ വൈരമുത്തു സാറിനെ വിളിച്ചു. പശ്ചാത്തലത്തിലൊരു പാട്ടുകൂടി ചേര്‍ക്കാമെന്നു പറഞ്ഞു. പാട്ടുകൂടി വരുമ്പോള്‍ സീനിന്റെ ആസ്വാദനതലം മാറും. അങ്ങനെയാണ് 'ബാഷാ പാര്' എന്ന പാട്ടിന്റെ ഈണത്തില്‍ പുതിയ വരികള്‍ ഇവിടെ ചേര്‍ത്തത്. അതോടെ ആ സീന്‍ ഗംഭീരമായി. പിന്നീട് 'ബാഷ പാര്' എന്ന പാട്ടിന്റെ പല ഭാഗങ്ങള്‍ സിനിമയില്‍ പലയിടങ്ങളിലായി ചേര്‍ത്തു. അങ്ങനെ പ്രിവ്യു കാണാന്‍ വന്ന വീരപ്പന്‍ സാറിനും ആ സീന്‍ ഇഷ്ടമായി. പറഞ്ഞ വാക്കുകളെല്ലാം തിരിച്ചെടുക്കുന്നുവെന്നും ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. അദ്ദേഹമാണ് സത്യത്തില്‍ ഞങ്ങളെ ഇങ്ങനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com