മലയാളത്തിലെ 7ാമത്തെ പണംവാരിപ്പടം; ‘കണ്ണൂർ സ്ക്വാഡ്’ 75 കോടിയിൽ
Mail This Article
മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ 75 കോടി ക്ലബ്ബിൽ. 18 ദിവസം കൊണ്ടാണ് ഈ സുവർണ നേട്ടം. ഇതോടെ ഏറ്റവും കലക്‌ഷൻ നേടിയ മലയാള സിനിമകളിൽ ഏഴാം സ്ഥാനത്തെത്തിയിരിക്കുകയാണ് റോബി വർഗീസ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ. കേരളത്തില്‍ നിന്ന് 37 കോടിയിലേറെ ചിത്രം കലക്ട് ചെയ്തപ്പോള്‍ കേരളത്തിനു പുറത്ത് നിന്ന് ആറ് കോടിയോളം നേടി. ഓവര്‍സീസില്‍ സമാനതകളില്ലാത്ത നേട്ടം കൂടിയായതോടെയാണ് കണ്ണൂർ സ്‌ക്വാഡിന്റെ കുതിപ്പ്.
മൂന്നാം വാരത്തിലും മുന്നൂറില്‍പരം സ്‌ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ മൂന്നാം ആഴ്‍ചയിലും മികച്ച സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. അതേസമയം വിജയ് ചിത്രം ലിയോ ഒക്ടോബർ 19-ാം തിയതി റിലീസ് ചെയ്യുന്നത് കണ്ണൂര്‍ സ്‌ക്വാഡിന് തിരിച്ചടിയാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
2018, പുലിമുരുകൻ, ലൂസിഫര്‍, ഭീഷ്മപർവം, ആർഡിഎക്സ്, കുറുപ്പ് എന്നിവയാണ് മലയാള സിനിമയിലെ ഉയർന്ന കലക്‌ഷനുള്ള മറ്റു സിനിമകൾ. ഭീഷ്മപർവത്തിനുശേഷം 75 കോടി നേടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം െചയ്ത ചിത്രം കൂടിയാണിത്.
തിരക്കഥ ഒരുക്കിയിരിക്കുന്നത് റോണി രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’.