മലയാളത്തിൽ പുതിയൊരു കാഴ്ചാനുഭവം ആകും ‘ആട്ടം’: വിനയ് ഫോർട്ട് അഭിമുഖം
Mail This Article
‘ആട്ടം’ മലയാള സിനിമ ചരിത്രത്തിൽ ഒരു പുതിയ കാഴ്ചയായിരിക്കുമെന്ന് നടൻ വിനയ് ഫോർട്ട്. ഇന്ത്യൻ പനോരമയിൽ ‘ആട്ടം’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നതിന്റെ സന്തോഷം മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയായിരുന്നു വിനയ്. കുട്ടിക്കാലം മുതൽ ബാലസംഘത്തിൽ നാടകം കളിച്ചു വളർന്ന വിനയ് അഭിനയത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ആളാണ്. ഡിഗ്രിക്ക് പഠിക്കുമ്പോൾ ലോകധർമി എന്ന തിയറ്ററിൽ നാടകപരിശീലനത്തിനായി പോകുമായിരുന്നു. ലോകധർമിയിൽ ഒപ്പമുണ്ടായിരുന്ന നാടക നടന്മാരുമായി സഹകരിച്ചാണ് ‘ആട്ടം’ എന്ന സിനിമ ചെയ്തിരിക്കുന്നത്. ലോകധർമിയിലെ ആര്‍ടിസ്റ്റായിരുന്ന ആനന്ദ് ഏകർഷിയാണ് ആട്ടത്തിന്റെ കഥ എഴുതി സംവിധാനം ചെയ്തത്. വിനയ് ഫോർട്ടിനോടൊപ്പം കർണ്ണഭാരം ചുമക്കുന്നവർ എന്ന കൂട്ടായ്മയിൽ ഉണ്ടായിരുന്ന പത്ത് നാടക കലാകാരന്മാരുടെ ജീവിതമാണ് 'ആട്ടം' പറയുന്നത്. ആട്ടത്തിന് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസാഞ്ചലസിൽ ഗ്രാൻഡ് ജൂറി അവാർഡ് ലഭിച്ചിരുന്നു, മുംബൈ ഫിലിം ഫെസ്റ്റിവലിലും ഐഎഫ്എഫ്കെയിലും ആട്ടം പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യൻ പനോരമയിലേക്ക് ആട്ടം തിരഞ്ഞെടുക്കപ്പെട്ടതും ഉദ്ഘാടന ചിത്രമായതും ഈ ചിത്രത്തിന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അംഗീകാരമായി കാണുന്നു എന്ന് വിനയ് ഫോർട്ട് പറയുന്നു.
‘‘ഞാൻ ബാലസംഘത്തിനു വേണ്ടി നാലാം ക്ലാസ്സിൽ നാടകം കളിച്ചു തുടങ്ങിയ ആളാണ്. പത്താം ക്ലാസ് വരെ ബാലസംഘവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. പത്താംക്ലാസ് കഴിഞ്ഞപ്പോൾ ബാലസംഘത്തിൽ നിന്ന് ഔട്ട് ആയി. അതിനു ശേഷം ഞാൻ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരട്ടെ എന്ന് വീട്ടിൽ ചോദിച്ചപ്പോൾ തത്ക്കാലം മോൻ ഡിഗ്രിക്ക് പോകു, അതിനു ശേഷം ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറഞ്ഞു. ഫോർട്ട് കൊച്ചിയിൽ തിയറ്ററുമായി ബന്ധപ്പെട്ട പരിപാടികൾ ഒന്നുമില്ല. നാലാം ക്ലാസ് മുതൽ ആഗ്രഹിച്ചത് അഭിനയമാണ്. പക്ഷേ അതിനുള്ള സാഹചര്യമില്ലാത്തത് എന്നെ പിന്നോട്ടടിക്കുന്നത് പോലെ തോന്നി. പ്ലസ് വൺ, പ്ലസ് ടൂ പഠിച്ച സ്കൂളിൽ കലയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനങ്ങളും ഉണ്ടായില്ല. എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ ഞാൻ എന്റെ ഒരു സുഹൃത്തിനെ കണ്ടുമുട്ടി അവൻ എന്നോട് 'ലോകധർമി' എന്ന തിയറ്ററിനെക്കുറിച്ച് പറഞ്ഞു. ഞാൻ ഡിഗ്രിക്ക് ചേർന്നതിനൊപ്പം ലോകധർമിയിൽ പോയി. അതൊരു സൺഡേ തിയറ്റർ ആണ്. ആഴ്ച മുഴുവൻ ഓരോ ജോലിക്ക് പോകുന്നവർ ഞായറാഴ്ച ഒരുമിച്ച് കൂടുന്ന സ്ഥലമാണ്. ജീവിതത്തിലെ പല തലങ്ങളിൽ ജോലിയെടുക്കുന്ന ചേട്ടന്മാരാണ് അവിടെയുള്ളത്. ഞാനും കോളജിനോടൊപ്പം മെഡിക്കൽ ഷോപ്പിൽ ഒക്കെ ജോലി ചെയ്യാൻ പോകാറുണ്ടായിരുന്നു. അങ്ങനെയൊക്കെയാണ് നാടകസംഘത്തിൽ പോകാനുള്ള ബസ് കാശ് ഒപ്പിച്ചിരുന്നത്. ലോകധർമിയിൽ ഞങ്ങൾ ഏറ്റവും കൂടുതൽ കളിച്ച നാടകമാണ് 'കർണ്ണഭാരം'. കർണ്ണഭാരം കളിച്ച പത്തുപേര് ചേർന്ന കർണ്ണഭാരം ചുമന്നവർ എന്നൊരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. പത്തിരുപതു വർഷമായി ഇവരുമായി ദൃഢമായ ബന്ധമുണ്ട്. പൂണൈയിൽ പോയപ്പോഴും അവധിക്ക് വരുമ്പോൾ തിയറ്റർ ഗ്രൂപ്പിൽ പോവുകയും വർക്ക് ഷോപ്പ് ചെയ്യുകയും ചെയ്യും. ഞങ്ങളുടെ ഗ്രൂപ്പിൽ ഉള്ള ഏറ്റവും മുതിർന്ന ചേട്ടന് 68 വയസ്സുണ്ട് അദ്ദേഹം ഒരു ലോഡിങ് തൊഴിലാളി ആണ്. പെയിന്റ് പണി, ടൈൽ പണി അമ്പലത്തിൽ കൊട്ടുന്നവർ അങ്ങനെ പല ജോലി ചെയ്യുന്നവർ ഉണ്ട് ഇവരുടെ ആത്യന്തിക ലക്‌ഷ്യം സിനിമയിൽ നല്ല ഒരു വേഷം ചെയ്യുക എന്നുള്ളതാണ്.
ലോക്ഡൗൺ കഴിഞ്ഞപ്പോൾ വാട്സാപ്പ് ഗ്രൂപ്പിൽ ഉള്ള ഞങ്ങൾ എല്ലാം കൂടി ഒരു യാത്ര പോയി. ഞങ്ങളുടെ കലയെ പ്രതിനിധീകരിക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന് അവിടെ വച്ച് തീരുമാനിച്ചു. ഒരു സിനിമ ആയാൽ കൊള്ളാം എന്ന് അവർക്കൊക്കെ ആഗ്രഹമുണ്ടായിരുന്നു. ഒരു സിനിമ എത്രത്തോളം നടക്കും എന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ഒരു മിടുക്കൻ പയ്യൻ ഉണ്ട് ആനന്ദ് ഏകർഷി. അവൻ സിനിമയെ വളരെ സീരിയസ് ആയിട്ട് കാണുന്ന പയ്യനാണ്. നന്നായി എഴുതാറുണ്ട്. അവന്റെ ടാലന്റിൽ എനിക്ക് വിശ്വാസമുണ്ട്. ഞാൻ അവനോടു പറഞ്ഞു എടാ നീ ഒരു സാധനം എഴുത് നമുക്ക് കയ്യിന്നു പണം ഇട്ടിട്ടെങ്കിലും എന്തെങ്കിലും ചെയ്യാം. ഞാൻ സിനിമയിൽ എത്തിയിട്ട് ഇവർക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ ഒരിക്കൽ ഒരു സിനിമയുടെ വൺ ലൈൻ അവൻ എനിക്ക് അയച്ചു തന്നു. അതിൽ ഉള്ളത് ഞങ്ങൾ തന്നെ ആയിരുന്നു. ഞങ്ങൾ പത്തുപേരും അതെ പേരിൽ ഉണ്ട് ജോലി മാത്രം വ്യത്യാസം. ഞാൻ അതിൽ ഒരു നടനും ഷെഫും ആണ്.
പക്ഷേ ഞങ്ങളുടെ ബന്ധങ്ങൾ ഇതുപോലെ ആണ്. സിനിമയുടെ കഥ ഒരു നാടക സംഘത്തിന്റെ കഥയാണ്. ഞങ്ങൾക്ക് ഒരുപാട് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയായിരുന്നു. പതിനാറു മിനിറ്റിന്റെ ഒരു പൈലറ്റ് എപ്പിസോഡ് അവൻ എഴുതി. അവൻ ഒരു ഗംഭീര എഴുത്തുകാരനാണ്. പൈലറ്റിൽ തന്നെ ഞാൻ സ്റ്റക്ക് ആയി. ഞങ്ങൾ ആദ്യം പൈലറ്റ് ഷൂട്ട് ചെയ്തു. പ്രേമം ഒക്കെ ചെയ്ത ആനന്ദ് സി. ചന്ദ്രൻ എന്ന സിനിമാട്ടോഗ്രാഫർ ആണ് അത് ഷൂട്ട് ചെയ്തത്. അത് നല്ല രസമായി ഷൂട്ട് ചെയ്തു. ഒരു പത്തുപതിനഞ്ച് ദിവസം സൂം കോളിൽ വന്നു റിഹേഴ്സൽ ചെയ്തിട്ടാണ് അത് ഷൂട്ട് ചെയ്തത്. ഞാൻ ഇതിനിടെ വേറൊരു സിനിമയിൽ അഭിനയിച്ചു. ആ സിനിമയുടെ പ്രൊഡ്യൂസർ വളരെ നന്നായി കലയെ പ്രൊമോട്ട് ചെയ്യുന്ന ആളാണ്. ജോയ് മൂവി പ്രൊഡക്‌ഷൻസിന്റെ ഡോക്ടർ അജിത്ത് ജോയ് ആയിരുന്നു അദ്ദേഹം. ഞാൻ അദ്ദേഹത്തോട് ചോദിച്ചു ഞങ്ങൾ ഒരു പ്രൊജക്ടിൽ വർക്ക് ചെയ്യുന്നുണ്ട് അതൊന്നു കാണാമോ എന്ന് . ഞാനും ആനന്ദും കൂടി അദ്ദേഹത്തെ പോയി കണ്ടു പൈലറ്റ് കാണിച്ചപ്പോൾ അദ്ദേഹം ചോദിച്ചു ഇതിന്റെ ബജറ്റ് എത്രയാണ്. ഞങ്ങൾ ഒരു ബജറ്റ് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചത് എപ്പോ ഷൂട്ട് ചെയ്യണം എന്നാണ്. ഞങ്ങൾ പറഞ്ഞു സർ ഞങ്ങൾക്ക് ഏറ്റവും എക്സ്പെൻസിവ് ആയ സിങ്ക് സൗണ്ട് വേണം, രണ്ടു ക്യാമറ വേണം, നാല്പത് ദിവസം റിഹേഴ്സൽ ചെയ്യണം, ബാക്കി ഒന്നും പ്രശ്നമല്ല. അദ്ദേഹത്തിന് എല്ലാം സമ്മതമായിരുന്നു. ഞാനും ആനന്ദും കൂടി നാൽപതു ദിവസം റിഹേഴ്സലിനു മറ്റ് കലാകാരന്മാരെ മുഴുവൻ സ്ക്രിപ്റ്റ് പഠിപ്പിച്ചു. എല്ലാ സീനുകളും റിഹേഴ്സൽ ചെയ്തു. ഏഴു ദിവസം ലൊക്കേഷനിൽ റിഹേഴ്സൽ ചെയ്തു. അങ്ങനെ സിനിമ തുടങ്ങുന്നതിനു മുൻപ് എല്ലാ പരിപാടിയും സെറ്റ് ചെയ്തു. അങ്ങനെയാണ് "ആട്ടം" ഉണ്ടാകുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഫെസ്റ്റിവൽ ആയ ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമായി ആട്ടം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഏറ്റവും വലിയ അംഗീകാരമാണ് നമുക്ക് കിട്ടിയിരിക്കുന്നത്. ആട്ടത്തിന് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസാഞ്ചലസിൽ ഗ്രാൻഡ് ജൂറി അവാർഡ് ലഭിച്ചു, മുംബൈ ഫിലിം ഫെസ്റ്റിവലിൽ എൻട്രി കിട്ടി, ഐഎഫ്എഫ്കെയിലും ഉണ്ട്. ഞങ്ങൾക്കെല്ലാം വലിയ സന്തോഷമാണ്. മഹേഷ് നാരായണനെയും മറ്റു കുറെ ഫിലിം മേക്കേഴ്സിനെ സിനിമ കാണിച്ചു അവർക്കൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു.
ഈ സിനിമ ഒരു ഫെസ്റ്റിവൽ സിനിമയല്ല. ഭയങ്കര ഇന്റെൻസ് ആയിട്ടുള്ള ഒരു സസ്പെൻസ് ഡ്രാമയാണ് ആട്ടം. എല്ലാവരെയും പിടിച്ചിരുത്തുന്ന സ്പീഡ് ഉള്ള പടമാണ്. സിനിമ പകുതിയാകുമ്പോൾ ഒരു ത്രില്ലർ മൂഡിലേക്ക് പോകും. തിയറ്ററിൽ റിലീസ് ചെയ്യാൻ വേണ്ടി തന്നെ ചെയ്തിട്ടുളളതാണ് . അത്യാവശ്യം നല്ല ടെക്നിഷ്യൻസ് ആണ് സിനിമയിൽ വർക്ക് ചെയ്തിട്ടുള്ളത്. രംഗനാഥ് രവി എന്ന സൗണ്ട് ഡിസൈനർ ആണ് സൗണ്ട് ചെയ്തിരിക്കുന്നത്. പടം ജനുവരിയിൽ തിയറ്ററിൽ റിലീസ് ചെയ്യാം എന്ന് കരുതുന്നു. ആത്യന്തികമായി സിനിമ ഒരു ബിസിനസ്സ് ആണ്. ഒരു പ്രൊഡ്യൂസർ പണം മുടക്കുമ്പോൾ ആ പണം തിരികെ നേടിക്കൊടുക്കുക എന്നത് അത്യാവശ്യമാണ്. സിനിമ വില്‍ക്കപ്പെടുക എന്നത് പ്രധാനമാണ്. ആട്ടത്തിൽ അഞ്ചു ദിവസം ഷാജോൺ ചേട്ടൻ ഷൂട്ട് ചെയ്തിട്ടുണ്ട്. ബാക്കി പത്തു താരങ്ങളും തിയറ്റർ ആർട്ടിസ്റ്റുകളാണ്. ഷെറിൻ എന്നൊരു പെൺകുട്ടി ആണ് നായിക. ആ കുട്ടിയും തിയറ്റർ ആര്‍ടിസ്റ്റാണ്. അവരെ ഓഡിഷൻ ചെയ്തു എടുത്തതാണ്. നന്ദൻ ഉണ്ണി എന്നൊരു ആക്ടർ ഉണ്ട്. നന്ദൻ നമ്മുടെ കൂടെ ചില സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ബാക്കി എല്ലാവരും സിനിമയിൽ പുതിയതാണ്. നാടകത്തിൽ ചെണ്ട കൊട്ടുന്ന ആൾ, ലൈറ്റ് ചെയ്യുന്ന ആൾ ഒക്കെ അഭിനയിച്ചിട്ടുണ്ട്. അമച്വർ നാടകക്കാരെ ആസ്പദമാക്കി സിനിമകൾ വന്നിട്ടില്ല. നാൽപതു ദിവസം റിഹേഴ്സൽ ചെയ്തു ചെയ്യുന്ന ആദ്യത്തെ സിനിമയായിരിക്കും ആട്ടം. അതിനു ശേഷം മുപ്പത് ദിവസം ഷൂട്ട് ചെയ്തു. അങ്ങനെ ഒരുപാട് തരത്തിൽ പുതുമയുള്ള സിനിമയാണ്. മലയാളത്തിൽ ഇതൊരു പുതിയ സിനിമ കാഴ്ച ആയിരിക്കും. ഈ സിനിമയ്ക്ക് ഇത്തരത്തിലുള്ള അംഗീകാരം ലഭിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ സന്തോഷം ആണ്.’’–വിനയ് ഫോർട്ട് പറഞ്ഞു