‘മകൻ’ മാത്യുവിനൊപ്പം തൃഷ; ‘ലിയോ’ ബിടിഎസ് വിഡിയോ പങ്കുവച്ച് നടി

Mail This Article
‘ലിയോ’ സിനിമയുടെ സെറ്റിൽ നിന്നുള്ള മനോഹര നിമിഷങ്ങൾ പങ്കുവച്ച് തൃഷ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള സ്റ്റില്ലുകളും വിഡിയോയും ആരാധകർക്കായി പങ്കുവച്ചത്. ചിത്രത്തിൽ തൃഷയുടെ മകനായി എത്തിയ മാത്യൂസിനൊപ്പമുള്ള നിമിഷങ്ങളും വിഡിയോയിൽ കാണാം.
സത്യ എന്ന കഥാപാത്രത്തെയാണ് ലിയോയിൽ തൃഷ അവതരിപ്പിച്ചത്. തമിഴില്‍ നിരവധി ആരാധകരുള്ള വിജയ്-തൃഷ താരജോഡി നീണ്ട 14 വര്‍ഷത്തിന് ശേഷം വീണ്ടും സ്ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നു.
ചിത്രത്തിൽ വിജയ്‌യുമൊത്തുള്ള ഇമോഷനൽ രംഗങ്ങളൊക്കെ പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു. മാത്യു തോമസും തമിഴ് ബാലതാരം ഇയലുമാണ് സിനിമയില്‍ വിജയുടെയും തൃഷയുടെയും മക്കളായി അഭിനയിച്ചത്. മാത്യുവിന്‍റെ തമിഴിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ലിയോ.
സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് ലിയോയിലെ മറ്റു താരങ്ങൾ.
അതേസമയം, തൃഷ മലയാളത്തിലും സജീവമാകാൻ ഒരുങ്ങുകയാണ്. മോഹൻലാലിന്റെ റാം, ടൊവിനോ തോമസിന്റെ ഐഡന്റിറ്റി എന്നീ ചിത്രങ്ങളിൽ തൃഷയാണ് നായികയായി എത്തുന്നത്.