ADVERTISEMENT

‘ജലോത്സവം’ സിനിമയിലെ ദുബായ് ജോസ് എന്ന കഥാപാത്രം ‘അടിച്ചു കയറി’ വന്നതിൽ സന്തോഷമുണ്ടെന്ന് നടൻ റിയാസ് ഖാൻ. ഇരുപതു വർഷങ്ങൾക്ക് മുൻപ് ചെയ്ത കഥാപാത്രം ഇപ്പോൾ വീണ്ടും ആളുകൾ ഓർത്തെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും ഒരുപാട് ആളുകൾ തന്നെ ഇതു കണ്ട് വിളിക്കുന്നുണ്ടെന്നും റിയാസ് പറയുന്നു. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ വളരെ ചെറിയ കഥാപാത്രമായിരുന്നു ദുബായ് ജോസെന്നും പിന്നീട് കൂടുതൽ സീനുകൾ എഴുതിച്ചേർക്കുകയായിരുന്നുവെന്നും റിയാസ് കൂട്ടിച്ചേർത്തു.  

‘ഇരുപതു വർഷങ്ങൾക്ക് മുൻപ് സിബി മലയിൽ സാറിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ജലോത്സവം. അതിലെ എന്റെ കഥാപാത്രമാണ് ദുബായ് ജോസ്. ആ കഥാപാത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് കാണുമ്പൊൾ സന്തോഷമുണ്ട്.  നമ്മൾ അഭിനയിച്ച ഒരു കഥാപത്രം വർഷങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. അന്ന് ആ കഥാപാത്രം നന്നായി ചെയ്തത് കൊണ്ടാണല്ലോ ഇപ്പോഴും ആളുകൾ അത് ഓർക്കുന്നത്. സ്നേഹപൂർവ്വം ആണ് എല്ലാവരും ആ കഥാപാത്രത്തെപ്പറ്റി പറയുന്നത്.’   

‘വളരെ നല്ലൊരു കഥാപാത്രമായിരുന്നു അത്. ആളുകൾ ചർച്ച ചെയ്യുകയും ഏറ്റെടുക്കുകയും ചെയ്യണമെന്നു കരുതിയാണ് സിബി സാർ അന്ന് ആ കഥാപാത്രത്തെ എഴുതിയതെങ്കിലും ‍ഇത്രയും വർഷങ്ങൾ കഴിഞ്ഞാണ് അങ്ങനെ സംഭവിച്ചതെന്നു മാത്രം. അന്നത്തെ സിനിമാ പബ്ലിസിറ്റി ഒക്കെ വേറെ തരത്തിൽ അല്ലേ.  ഇപ്പോഴാണല്ലോ സോഷ്യൽ മീഡിയ വഴി എല്ലാം കൂടുതൽ ആളുകളിലേക്ക് എത്തുന്നത്. ആ സിനിമയിൽ ആ കഥാപാത്രം ആദ്യം വളരെ ചെറുതായിരുന്നു. ഞാൻ നന്നായി ചെയുന്നത് കണ്ടിട്ട് പിന്നെ സിബി സാർ സെറ്റിൽ ഇരുന്ന് എഴുതി ആ കഥാപാത്രത്തെ വലുതാക്കുകയായിരുന്നു. എന്റെ കൂടെ നിൽക്കുന്ന എല്ലാവരും ഏറ്റവും മികച്ച താരങ്ങൾ ആയിരുന്നു. ഒരു സീൻ കൊടുത്താൽ അടിച്ചു കേറി വരുന്ന ആളുകളാണ് എല്ലാവരും. ആ കഥാപാത്രത്തിന്റെ ഡബ്ബിങ്ങും ഞാൻ ആണ് ചെയ്തത്. സിബി സാർ കൂടെ വന്നിരുന്നാണ് ഡബ്ബ് ചെയ്യിച്ചത്. ഈ കഥാപാത്രത്തിന് റിയാസ് അല്ലാതെ ആര് ഡബ്ബ് ചെയ്താലും ആ ഫീൽ കിട്ടില്ല എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. എനിക്ക് മലയാളം വായിക്കാൻ അറിയില്ലെന്നു പറഞ്ഞപ്പോൾ ഞാൻ പറയുന്നതു പോലെ പറഞ്ഞാൽ മതി എന്ന് സിബി സാർ പറഞ്ഞു.’ 

‘ഞാൻ അഭിനയിച്ച വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിൻ ഇന്ന് റിലീസ് ആയി. അടുത്ത മാസം ഡി എൻ എ റിലീസ് ആകുന്നു, അത് കഴിഞ്ഞിട്ടും രണ്ടു പടങ്ങൾ ഉണ്ട്.  തമിഴിൽ സുന്ദർ സി അനുരാഗ് കശ്യപ് എന്നിവരോടൊപ്പം ചെയ്ത വൺ ടു വൺ, പ്രഭുദേവയോടൊപ്പം ചെയ്ത പേട്ട റാപ്പ്, എന്നിവ റിലീസിന് തയ്യാറെടുക്കുന്നു, ഫഹദ് ഫാസിലിന്റെ പടം ഷൂട്ടിങ് തുടങ്ങാൻ പോകുന്നു അങ്ങനെ കുറെ പ്രോജക്ടുകൾ ഉണ്ട് .  ഇതിനിടയിൽ ദുബായ് ജോസ് അടിച്ചു കയറി വന്നതിൽ സന്തോഷം .’ റിയാസ് ഖാൻ പറയുഞ്ഞു. .

കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ നിറയെ വൈറലാണ് ദുബായ് ജോസ്. ടർബോയിലെ ടർബോ ജോസിനൊപ്പമാണ് ദുബായ് ജോസും സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മലയാളത്തിലും തമിഴിലും കൈ നിറയെ ചിത്രങ്ങളുമായി അടിച്ചു കയറുന്ന റിയാസ് ഖാന് നിനച്ചിരിക്കാതെ അടിച്ച ലോട്ടറിയായി ഇൗ കഥാപാത്രം. 

English Summary:

Riyaz says that he is happy that people are remembering the character he did twenty years ago and many people are calling him after seeing this. Riaz added that Dubai Jose had a very small role in the film directed by CB Malail and later he wrote more scenes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com