ADVERTISEMENT

‘ദേവദൂതൻ’ 4 കെ പതിപ്പിൽ ജഗതിയുെട സീനുകൾ കട്ട് ചെയ്ത് മാറ്റാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞ് സിബി മലയിൽ. അന്നെടുത്ത തെറ്റായ തീരുമാനമായിരുന്നു ആ കഥാപാത്രമെന്നും മോഹൻലാലിന്റെ സ്റ്റാർഡം പരിഗണിച്ചാണ് അങ്ങനെയൊരു കഥാപാത്രത്തെ കൊണ്ടുവന്നതെന്നും സിബി മലയിൽ പറയുന്നു.

‘‘ഞങ്ങളുടെ തെറ്റുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുക്കുന്നത്. അന്ന് ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. അന്നത്തെ മോഹൻലാലിന്റെ സ്റ്റാർഡം പരിഗണിക്കുമ്പോൾ അദ്ദേഹത്തിന്റെ സിനിമ കാണാൻ വരുന്ന പ്രേക്ഷകർക്കൊരു പ്രതീക്ഷയുണ്ട്. നമ്മുടെ കഥയിൽ നോക്കിയാൽ അറിയാം, അങ്ങനെയുളള ഭാഗങ്ങൾ കുറവാണ്. മാത്രമല്ല മോഹൻലാൽ ഒരു സൂപ്പർഹീറോയുമല്ല. അത്തരത്തിലുള്ള പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്തുന്ന ചില ഭാഗങ്ങള്‍ ചേർക്കാമെന്ന് വിചാരിച്ചു.

ഒരു ഫൈറ്റ് സീക്വൻസ് ആദ്യമുണ്ടായിരുന്നു. കഥയുമായി യാതൊരു ബന്ധവുമില്ലാത്തൊരു സീൻ ആയിരുന്നു അത്. മോഹൻലാലിന്റെ കഥാപാത്രത്തെ ബൂസ്റ്റ് ചെയ്യുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അമ്പിളിച്ചേട്ടന്റെ കഥാപാത്രവും ഹ്യൂമർ കണ്ടന്റിനു മാത്രമായിരുന്നു. അതു പ്രധാന കഥയെ പിന്തുണയ്ക്കുന്നുമില്ല. എന്നാൽ അമ്പിളി ചേട്ടൻ അത് ഗംഭീരമായി ചെയ്തു. ചിലർ ആ സീൻസ് ആസ്വദിക്കുകയും ചെയ്തു. പക്ഷേ ഈ കഥയ്ക്ക് അത് ആവശ്യമില്ല. അമ്പിളിച്ചേട്ടൻ എന്റെ കൂടെയും അല്ലാതെയും ഗംഭീരമായ പല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

ഇവിടെ സംഭവിച്ചത് അദ്ദേഹത്തിന്റെ കുഴപ്പമല്ല, ഞങ്ങൾ അന്നെടുത്ത തെറ്റായ തീരുമാനം ഇവിടെ കറക്ട് ചെയ്തതാണ്. ഈ സിനിമയ്ക്ക് ഏറ്റവും ആവശ്യമായ കാര്യം, കഥ മാത്രം പറഞ്ഞുപോകുക എന്നതാണ്. 34 മിനിറ്റാണ് എഡിറ്റ് ചെയ്ത് ഒഴിവാക്കിയത്. 2 മണിക്കൂർ 46 മിനിറ്റുണ്ടായിരുന്ന സിനിമ ഇപ്പോൾ രണ്ട് മണിക്കൂർ 12 മിനിറ്റാണ്. 

അമ്പിളിച്ചേട്ടനെ മിസ് ആയെന്ന് പടം കഴിയുന്നതുവരെ ആരും പറഞ്ഞുകേട്ടില്ല. പടം കഴിഞ്ഞാണ് അങ്ങനെയൊരു സീൻ ഉണ്ടായിരുന്നല്ലോ എന്ന് ഓർത്തത്. മോഹൻലാലിന്റെ ആദ്യ ഫൈറ്റ് സീനും കട്ട് ചെയ്ത് കളഞ്ഞു. രണ്ടാമതൊരു ഫൈറ്റ് സീനും കൃത്യമായി കട്ട് ചെയ്ത് കളഞ്ഞു. ഇത് രണ്ടാമത് എഡിറ്റ് ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ്. മിക്സഡ് സൗണ്ട് ട്രാക്ക് ആണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ഡയലോഗുമായി മിക്സ് ചെയ്ത സീൻസ് കട്ട് ചെയ്താൽ മ്യൂസിക്കും നഷ്ടമാകും. അതുകൊണ്ട് ഭയങ്കര ബുദ്ധിമുട്ടായിരുന്നു റി എഡിറ്റിങ്. ചില ട്രിക്കുകൾ ഉപയോഗിച്ചാണ് അതൊക്കെ കട്ട് ചെയ്തു കളഞ്ഞത്.

അമ്പിളി ചേട്ടന്റെ സീക്വൻസ് അതുപോലെ തന്നെ നീക്കി. എന്നാല്‍ മോഹൻലാലിന്റെ ഫൈറ്റ് സീക്വൻസിൽ രണ്ട് ഭാഗങ്ങൾ കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട്. ഇതൊന്നും മനുഷ്യസാധ്യമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനു ദൈവികമായ ഇടപെടൽ ഉണ്ട്. എങ്ങനെയാണ് കുപ്പത്തൊട്ടിയിൽ കിടന്ന സിനിമ മാണിക്യമായി മാറുന്നത്. അതൊരിക്കലും മനുഷ്യനെകൊണ്ട് സാധിക്കില്ല. ദൈവം ഇതിനായി ഒരു സമയം നിശ്ചയിച്ചിരുന്നു, അത് ഇപ്പോഴാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സിനിമ 24 വർഷം മുമ്പ് മരിച്ചുപോയതാണ്. മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവമുണ്ട്, ആ ഉയർത്തെഴുന്നേൽപ്പ് ആണ് ഈ സിനിമയ്ക്കും സംഭവിച്ചത്.’’–സിബി മലയിലിന്റെ വാക്കുകൾ.

English Summary:

Siby Malayil Opens Up About Jagathy's Removed Scenes in 'Devadoothan' 4K Version

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com