സിനിമ പൂർത്തിയാക്കാൻ സുഹൃത്തുക്കൾ സ്വർണം പണയംവച്ചു വരെ സഹായിച്ചു; ഫാസിൽ റസാഖിന്റെ കഥ
Mail This Article
മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഫാസിൽ റസാഖ് മലയാള സിനിമയുടെ പുതിയ വാഗ്ദാനമാണ്. ഒരു സിനിമയിൽ പോലും അസിസ്റ്റന്റ് ചെയ്തിട്ടില്ല, ഒരു ഫിലിം സ്കൂളിൽ നിന്ന് സിനിമ പഠിച്ചിട്ടുമില്ല ഈ പട്ടാമ്പിക്കാരൻ. സിനിമ കണ്ടും കേട്ടും ഹ്രസ്വ സിനിമകൾ എടുത്തുമാണ് ഫാസിലിന്റെ ചലച്ചിത്ര യാത്ര. ആലുവ യുസി കോളജിലെ ഡിഗ്രി പഠനകാലത്ത് ബാച്ച്മേറ്റ്സിനൊപ്പം ഷോർട്ട് ഫിലിം എടുത്തു തുടങ്ങിയതാണ് ഫാസിൽ.
കോളജിലെ രാഷ്ട്രീയ പാർട്ടികൾക്കായി ഇലക്‌ഷൻ സമയത്ത് ചിത്രീകരിച്ചിരുന്ന ഹ്രസ്വ വിഡിയോകളിലൂടെയും ക്യാംപസ് പ്രണയ സിനിമയിലൂടെയുമായിരുന്നു തുടക്കം. പിന്നീട് ഉൾകാമ്പുള്ള രാഷ്ട്രീയം പറയുന്ന സിനിമകളിലൂടെ ഫാസിലിലെ സംവിധായകൻ ഗ്രാഫ് ഉയർത്തി കൊണ്ടിരുന്നു. ക്യാംപസ് ഫിലിം ഫെസ്റ്റുകളിലും ഐഡിഎഫ്എസ്കെ പോലെയുള്ള മേളകളിലും ഒട്ടേറെ പുരസ്കാരങ്ങൾ വാരികൂട്ടിയിട്ടുണ്ട് ഫാസിലിന്റെ ഹ്രസ്വചിത്രങ്ങൾ. ഫാസിലിന്റെ 'അതിരും' 'പിറയും' ഏറെ ചർച്ചചെയ്യപ്പെട്ട ഹ്രസ്വചിത്രങ്ങളാണ്. സംസ്ഥാന ടെലിവിഷൻ അവാർഡ് വേദിയിൽ ഒരേ വർഷം മികച്ച സംവിധായകൻ, മികച്ച സൗണ്ട് ഡിസൈനിങ്, മികച്ച അഭിനേതാവ്, മികച്ച അഭിനേത്രി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ഫാസിലിന്റെ ചിത്രം നേടിയിട്ടുണ്ട്.
ഓരോ സിനിമ കഴിയുമ്പോഴും ഫാസിൽ സംവിധായകനെന്ന നിലയിൽ സ്വയം നവീകരിച്ചുകൊണ്ടിരുന്നു. യൂസി കോളജിലെ സമാനമനസ്കരായ ചലച്ചിത്ര പ്രേമികളായ സുഹൃത്തുകളാണ് ഫാസിലിന്റെ ചലച്ചിത്ര യാത്രയിലെ നെടുംതൂണുകൾ. ടെക്നിഷ്യൻമാരുടെയും അഭിനേതാക്കളുടെയും വേഷങ്ങൾ ഇവർ ഏറ്റെടുക്കുകയായിരുന്നു. തടവിന്റെ ഉൾപ്പടെ ഫാസിൽ റസാഖ് ചിത്രങ്ങളുടെ സ്ഥിരം ക്യാമറമാൻ മൃദുൽ, ശബ്ദവിഭാഗത്തിന്റെ മേൽനേട്ടം വഹിക്കുന്ന വിനായക് സുതൻ, അഭിനേതാവായും അണിയറ പ്രവർത്തകയായും റോളുകൾ മാറി മാറി ചെയ്യുന്ന അമൃത ഇ.കെ., ഇസഹാക് മുസാഫിർ എന്നിവരാണ് ഫാസിലിന്റെ സിനിമക്കമ്പനികാരിൽ പ്രധാനികൾ. അമ്യത വെബ് സീരിയസിലും ഫീച്ചർ സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. ഫാസിൽ ഉൾപ്പടെ ബാക്കി എല്ലാവരുടെയും ആദ്യത്തെ ഫീച്ചർ സിനിമയാണ് 'തടവ്'. ഫെസ്റ്റിവലുകളിൽ നിന്നു ലഭിക്കുന്ന അവാർഡ് തുക അടുത്ത സിനിമകളിലേക്ക് നിക്ഷേപിക്കുകയാണ് ഫാസിലിന്റെ സിനിമാക്കൂട്ടമായ കൾട്ട് കമ്പനി ചെയ്യാറുള്ളത്. ആദ്യ കാലങ്ങളിൽ ലാപ്ടോപ്പ് ഉൾപ്പടെ കടം വാങ്ങിയായിരുന്നു സിനിമാ നിർമ്മാണം.
ഫാസിലിന്റെ തന്നെ ഹ്രസ്വസിനിമകളിൽ അഭിനയിച്ചിട്ടുള്ള സിനിമയിൽ മുൻപരിചയമില്ലാത്ത സാധാരണക്കാരണ് തടവിലെ പ്രധാനവേഷങ്ങളൊക്കെ ചെയ്തിരിക്കുന്നത്. അഭിനേതാക്കളായും അണിയറപ്രവർത്തകരായും പ്രവർത്തിച്ചവരെല്ലാം ഒരു ലാഭേച്ഛയും ഇല്ലാതെയാണ് സിനിമയുടെ ഭാഗമായത്. പരിമിതികൾക്കിടയിലും മേക്കിങിൽ ഫാസിലും സംഘവും വീട്ടുവീഴ്ച ചെയ്തിട്ടില്ല. ഒടിടി പ്ലാറ്റ്ഫോമുകൾ നിഷ്കർഷിക്കുന്ന മികച്ച സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഷൂട്ടിങ്. ഷൂട്ടിങ് വഴിമുട്ടിയപ്പോൾ യുസി കോളജിലെ അധ്യാപിക സുഹൃത്ത് ട്രീസ ദിവ്യ ഉൾപ്പടെയുള്ള സുഹൃത്തുക്കൾ സ്വർണ്ണം പണയംവച്ചുവരെ ഫാസിലിന്റെ ഫീച്ചർ സിനിമ പൂർത്തിയാക്കാൻ ഒപ്പം നിന്നു.
ജയിലിലെ അന്തേവാസികൾക്ക് സൗജന്യ ചിക്തസ എന്ന പത്ര വാർത്തയിൽ നിന്നാണ് ഫാസിൽ തടവിന്റെ പ്ലോട്ട് രൂപപ്പെടുത്തുന്നത്. രണ്ട് വിവാഹ മോചനകളിലൂടെ കടന്നു പോയ മാനസികമായും ശാരീരികമായുള്ള ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ഗീതയായിരുന്നു തടവിലെ പ്രധാന കഥാപാത്രം. സൗജന്യ ചിക്തസ ലഭിക്കാൻ കുറ്റകൃത്യത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്ന പ്രധാന പ്ലോട്ടിലൂടെ ഗീതയുടെ ജീവിതത്തെ പകർത്താനാണ് ഫാസിൽ ശ്രമിച്ചത്. കുറ്റവും ശിക്ഷയുമെന്ന യൂണിവേഴ്സൽ പ്ലോട്ടിനു തന്റേതായ ആഖ്യാനം നൽകുകയാണ് ഫാസിൽ.
തിരുവനന്തപുരം രാജ്യന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരവും പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരവും തടവ് സ്വന്തമാക്കിയിരുന്നു. വിദേശ ചലച്ചിത്ര പ്രവർത്തകരായ ജൂറി അംഗങ്ങളെല്ലാം ചിത്രത്തെ വാനോളം പുകഴ്ത്തിയിരുന്നു. ഒട്ടേറെ രാജ്യന്തര ചലച്ചിത്ര മേളകളിൽ ഇതിനോടകം തടവ് പ്രദർശിപ്പിച്ചു കഴിഞ്ഞു. തടവിന്റെ പുരസ്കാര നേട്ടത്തിലൂടെ വലിയ ക്യാൻവാസിൽ കൊമെഴ്സ്യൽ ഫ്ലാറ്റ്ഫോമിൽ പുതിയ പ്രൊജക്റ്റുകൾ പിച്ച് ചെയ്യാനുള്ള ശ്രമത്തിലാണ് ഫാസിലും കൂട്ടുകാരും. സിനിമയെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഫാസിലിന്റെയും കൂട്ടുകാരുടെയും പ്രായം 25നും 30നും ഇടയിൽ മാത്രമാണെന്നതാണ് മറ്റൊരു കൗതുകം.